Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

ഉപ്പ എന്റെ ഗുരു കൂടിയായിരുന്നു

ബശീര്‍ മുഹ്‌യിദ്ദീന്‍ /കവര്‍‌സ്റ്റോറി

         പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പയെ രേഖപ്പെടുത്തുമ്പോള്‍ ആ സുവര്‍ണ കാലത്തെ തപ്ത സ്മരണകള്‍ കണ്ണിനെ ഈറനണിയിക്കുന്നു. ഉപ്പ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന തീര്‍ത്തും അസംഭവ്യമായ ചില മോഹങ്ങള്‍ മനസ്സിലേക്ക് പിന്നെയും പിന്നെയും തികട്ടി വരുന്നു. 
വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോള്‍ ഉപ്പ എവിടെ നിന്നോ കൊണ്ട് വന്ന് നട്ടുമുളപ്പിച്ച കുടമ്പുളി പോലെ തോന്നിക്കുന്ന തെനമ്പുളി മരം മുറ്റത്ത് തന്നെ കാണാം. ഇന്ന് അത് ഒരു വന്മരം ആയിരിക്കുന്നു. അതില്‍ ഉരുണ്ട് ചുവന്ന കായകള്‍ ഉണ്ടായിരുന്നു. ചാമ്പമരവും ഇരുമ്പന്‍ പുളിയും അമ്പഴങ്ങയും സപ്പോട്ടയും നാട്ടില്‍ ആദ്യമെത്തിയത് ഞങ്ങളുടെ വീട്ടിലാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുമുളപ്പിക്കുവാനുള്ള യാത്രകളില്‍ വീട്ടിലേക്ക് കൊണ്ടുവന്ന സുകൃതങ്ങളായിരുന്നു അവ. സ്വയം പരിചരിച്ച് വളര്‍ത്തിയ തെങ്ങും മാവും ചെടികളും പൂക്കുകയും കായ്ക്കുകയും ചെയ്യുമ്പോള്‍ ആ മുഖത്ത് വിരിയുന്ന പൂനിലാപ്പുഞ്ചിരി ഇപ്പോഴും അകക്കണ്ണില്‍ തെളിയുന്നു. 
വാണിമേല്‍ പുഴയോരത്ത് പുഴയും തോടും സംഗമിക്കുന്നിടത്ത് ഉപ്പക്ക് ഒരു കൃഷിഭൂമിയുണ്ട്. അവിടത്തെ കൃഷിയും കാഴ്ചകളും ഉപ്പക്ക് ഏറെ ഇഷ്ടമായിരുന്നു. ഇന്ന് അവിടെ വാഴകള്‍ കുലച്ചിരിക്കുന്നു. പൂവനും മൈസൂരും കദളിയുമെല്ലാമുണ്ട്. 
പേരമക്കളായ സുഹൈലിനും മാജിക്കും അനീസിനും ഫൈറൂസിനും സഫീറക്കും സഹ്‌ലക്കും നാഹിദക്കുമെല്ലാം കൂടി പന്ത്രണ്ട് മക്കള്‍ ഉണ്ടായിരിക്കുന്നു. ഉപ്പ ഇച്ചാച്ചയെന്ന് വിളിച്ചിരുന്ന പിരിശപ്പെട്ട മൂത്ത പെങ്ങള്‍ മര്‍യം ഉപ്പയുടെ ലോകത്തേക്ക് ചെന്നുചേര്‍ന്നിരിക്കുന്നു.
ഉപ്പയുടെ രണ്ടാം തറവാടായ കുറ്റിയാടി ഇസ്‌ലാമിയ കോളേജ് വീണ്ടും പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. കുല്ലിയത്തുല്‍ ഖുര്‍ആനിലെ 'ഹില്‍തീത്' മരത്തില്‍ അറിവു തേടി വരുന്ന കിളികള്‍ പിന്നെയും കൂടുകൂട്ടിയിരിക്കുന്നു. കുല്ലിയത്തിന്റെ മക്കള്‍ പല സേവന മേഖലകളിലും മികവു തെളിയിച്ചിരിക്കുന്നു. 
ഇങ്ങനെയൊരാള്‍ ഇതുവഴി കടന്നുപോയിരിക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന 'അഥറുകള്‍' -ജീവിത കാല്‍പ്പാടുകള്‍ ബാക്കിയാക്കിയിട്ട് വേണം ഈ ലോകത്തോട് യാത്ര പറയാന്‍ എന്ന ഉപ്പയുടെ നിരന്തര വസ്വിയത്തുകള്‍ ഏറെ പുലര്‍ന്നിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍