ഉപ്പ കോണ്‍ഗ്രസ്സുകാരനായ മുജാഹിദ് പണ്ഡിതനായിരുന്നു
കോണ്‍ഗ്രസ്സുകാരനായിരുന്നു എന്റെ പിതാവ് എ. അലവി മൗലവി. വെറുമൊരു സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നില്ല ഉപ്പ. കോണ്‍ഗ്രസ്സിന്റെ കീഴിലുണ്ടായിരുന്ന മജ്‌ലിസ് എന്ന കൂട്ടായ്മയുടെ നേതൃരംഗത്ത് അദ്ദേഹമുണ്ടായിരുന്നു. മജ്‌ലിസിന്റെ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ അവരുടെ ഉര്‍ദു പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്തിരുന്നത് ഉപ്പയായിരുന്നു. ഉപ്പ മരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ അനുശോചനം അറിയിക്കുകയും വീക്ഷണം പത്രത്തില്‍ അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ദയൂബന്ദില്‍ പഠിച്ചതിനാല്‍ ഉപ്പാക്ക് ഉര്‍ദു നല്ല വശമായിരുന്നു. അറബിയും പേര്‍ഷ്യയും ഉപ്പാക്ക് അനായാസം അറിയാമായിരുന്നു. ഉപ്പയുടെ മലയാളമാവട്ടെ ശുദ്ധമായ അച്ചടി ഭാഷയും. മജ്‌ലിസിന്റെ വേദിയിലെ ഉപ്പയുടെ പ്രഭാഷണങ്ങള്‍ കേട്ട് മുസ്‌ലിംകള്‍ക്ക് ഇത്ര ശുദ്ധമായ മലയാളം വഴങ്ങുമോ എന്ന് ഹിന്ദുക്കള്‍ പോലും ആശ്ചര്യപ്പെട്ടിരുന്നു. വീട്ടില്‍ ഞങ്ങള്‍ കുട്ടികളോട് പോലും ഉപ്പ ശുദ്ധ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്. മജ്‌ലിസിന്റെ കേന്ദ്ര നേതാക്കള്‍ പ്രസംഗത്തില്‍ ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളുമെല്ലാം എഴുതിക്കൊണ്ട് വന്നത് നോക്കി വായിക്കലായിരുന്നു പതിവ്. തര്‍ജമ ചെയ്യുമ്പോള്‍ ഉപ്പ അതൊക്കെ ഓര്‍മയില്‍ നിന്ന് കൃത്യമായി ഉദ്ധരിക്കുമ്പോള്‍ അവര്‍ ആശ്ചര്യപ്പെടുമായിരുന്നു. ഇങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കെ തന്നെയാണ് ഉപ്പ ഇസ്വ്‌ലാഹി രംഗത്തേക്കും വാദപ്രതിവാദ വേദികളിലേക്കും പ്രവേശിക്കുന്നത്. തൊടികപ്പുലത്ത് മമ്മു മൗലവിയാണ് ഉപ്പയെ സജീവമായി ഈ രംഗത്തേക്കിറക്കിയത്.
സി.എന്‍ അഹ്മദ് മൗലവിയായിരുന്നു അന്ന് വാദപ്രതിവാദ രംഗത്തുണ്ടായിരുന്ന പ്രധാന പണ്ഡിതന്മാരിലൊരാള്‍. സി.എന്‍ ക്രാന്തദര്‍ശിയായ എഴുത്തുകാരനായിരുന്നെങ്കിലും വാചാലമായ പ്രസംഗ പാടവമുണ്ടായിരുന്നില്ല. ഇത് മുതലാക്കി പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരടക്കമുള്ളവര്‍ വാചകക്കസര്‍ത്തിലൂടെ അദ്ദേഹത്തിന്റെ വാദങ്ങളെ നിശ്ശബ്ദമാക്കുമായിരുന്നു. അപ്പോഴാണ് ശുദ്ധ മലയാളഭാഷയും ആവശ്യത്തിന് നര്‍മവുമെല്ലാം ചേര്‍ത്ത് ഉജ്ജ്വല വാഗ്വിലാസവുമായി ഉപ്പ ഈ രംഗത്തെത്തുന്നത്. അതോടെ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മുഖ്യ എതിരാളി ഉപ്പയായി മാറി. സി.എന്‍ അഹ്മദ് മൗലവിയെ, ശബ്ദമുയര്‍ത്തി പിന്നിലാക്കിക്കളഞ്ഞ കരുവാരക്കുണ്ടില്‍, ഉപ്പ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ക്ക് മറുപടി നല്‍കി. അത് ഇസ്വ്‌ലാഹീ കേരളത്തിലുടനീളം പ്രശസ്തമായതോടെ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നിടത്തെല്ലാം ഇസ്വ്‌ലാഹി പ്രവര്‍ത്തകര്‍ ഉപ്പയുടെ പരിപാടി വെച്ചു. അവിടങ്ങളിലെല്ലാം ഇസ്വ്‌ലാഹി പ്രവര്‍ത്തനം സജീവമാവുകയും ചെയ്തു. പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയായിരുന്നു ഈ രംഗത്ത് പലപ്പോഴും ഉപ്പയുടെ കൂടെയുണ്ടായിരുന്നത്. പൂനൂര്‍ വാദപ്രതിവാദമായിരുന്നു ഇതിലേറ്റവും പ്രശസ്തമായത്.
വാദപ്രതിവാദ രംഗത്ത് ഉപ്പ സജീവമായതോടെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര പോവുക എന്നത് പതിവായി. അതോടെ ഉപ്പ വീട്ടിലേക്ക് വരുന്നത് കുറഞ്ഞു. പലപ്പോഴും ആഴ്ചകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ മക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കിട്ടിയിരുന്നത്. ഇതിനിടക്ക് എതിരാളികള്‍ വ്യക്തിപരമായി ഉപ്പയോട് ശത്രുത പുലര്‍ത്തിയ സംഭവങ്ങളുമുണ്ടായി. അതിന്റെ ഭാഗമായാണ് ഉപ്പയെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായത്. അല്ലാഹുവിന്റെ അനുഗ്രഹത്താലാണ് അതില്‍ നിന്ന് ഉപ്പ രക്ഷപ്പെട്ടത്. പക്ഷേ, അതൊന്നും ആദര്‍ശരംഗത്ത് നിന്ന് ഉപ്പയെ ഒരിഞ്ച് പോലും അകറ്റിയില്ല.
പ്രഭാഷണം പോലെതന്നെ ഉപ്പയുടെ എഴുത്ത് ഭാഷയും ശുദ്ധ മലയാളത്തിലായിരുന്നു. അന്ന് ആ ഭാഷ വഴങ്ങുന്നവര്‍ മുസ്‌ലിം വായനക്കാരില്‍ കുറവായിരുന്നു. അതിനാല്‍ എഴുത്ത് രംഗത്ത് കൂടുതല്‍ തുടരാന്‍ ഉപ്പാക്ക് സാധിച്ചില്ല. പ്രഭാഷണ രംഗത്തെയും അധ്യാപന മേഖലയിലെയും തിരക്കും എഴുത്തിന് തടസ്സം നിന്ന മറ്റു കാരണങ്ങളാണ്. അമാനി മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ആയത്തുകളുടെ പരിഭാഷ ആദ്യം നിര്‍വഹിച്ചത് ഉപ്പയായിരുന്നു. അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആനായിരുന്നു ഉപ്പ അതിന് അവലംബമാക്കിയിരുന്നത്. ഉപ്പയുടെ പരിഭാഷ ശുദ്ധ മലയാളത്തിലായിരുന്നു. ഇത് കാരണമാവാം ആ തര്‍ജമയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് അമാനി മൗലവിയുടെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയത്. എങ്കിലും അമാനി മൗലവിയുടെ വ്യാഖ്യാനത്തിന്റെ ആദ്യ വാള്യത്തില്‍ ഉപ്പയുടെ പേരും എഴുതിച്ചേര്‍ത്തിരുന്നു.
ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ ഒരു വിഷയത്തിലും ഉപ്പ ശാഠ്യം പിടിക്കുകയോ നിര്‍ബന്ധബുദ്ധി കാണിക്കുകയോ ചെയ്തിരുന്നില്ല. സംഘടനാ ആക്ടിവിസത്തിലും വിദ്യാഭ്യാസം നേടുന്ന വിഷയത്തിലും ഇതായിരുന്നു നിലപാട്. അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസവും സംഘടനാ ബന്ധവുമെല്ലാം ഞങ്ങള്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സുല്ലമുസ്സലാം അറബിക് കോളേജില്‍ പഠിക്കുകയെന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. ഉപ്പ അതിലിടപെട്ടിരുന്നില്ല. ഇത് തന്നെയാണ് മറ്റു മക്കളുടെ കാര്യത്തിലും സംഭവിച്ചത്. അതുകൊണ്ട് തന്നെയാണ് ഞങ്ങളില്‍ പലരും വ്യത്യസ്ത സംഘടനകളില്‍ ആകൃഷ്ടരായതും. ഉപ്പയുടെ ആദ്യ ഭാര്യ മരിച്ചതിന് ശേഷമാണ് എന്റെ ഉമ്മയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയിലുള്ള മക്കളായ മുഹമ്മദ് അമീനും അബൂബക്കറും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളോടാണ് ആഭിമുഖ്യം പുലര്‍ത്തിയത്. എന്റെ അനിയന്‍ എ. സഈദ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാവാണ്. ഇസ്വ്‌ലാഹി രംഗത്ത് സജീവയായ എ. ജമീല ടീച്ചറാണ് മറ്റൊരു സഹോദരി. അബ്ദുല്ല നദ്‌വി, റഹ്മാബി, മുജീബ്, മുബാറക് തുടങ്ങിയവരാണ് അലവി മൗലവിയുടെ മറ്റു മക്കള്‍.
മത പ്രഭാഷണ രംഗത്ത് മാത്രമല്ല, അധ്യാപന രംഗത്തും ഉപ്പ ഒട്ടേറെ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. എടവണ്ണ ജാമിഅ നദ്‌വിയ്യ തുടങ്ങിയപ്പോള്‍ ഉപ്പ അവിടെ അധ്യാപകനായി ഉണ്ടായിരുന്നു. പല വിദ്യാര്‍ഥികളും ഉപ്പയുടെ ക്ലാസ് കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് അവിടെ ചേര്‍ന്നിരുന്നത്. ജാമിഅ സാമ്പത്തിക പ്രയാസത്തില്‍ നട്ടം തിരിയുന്ന കാലമായിരുന്നു അത്. ഉപ്പയടക്കമുള്ള അധ്യാപകര്‍ക്കൊന്നും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. വളരെ കഷ്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം അന്ന് കഴിഞ്ഞിരുന്നത്. ശമ്പളം കിട്ടാതെ മാസങ്ങള്‍ നീണ്ടുപോയപ്പോള്‍ ഞങ്ങള്‍ പട്ടിണി കിടന്ന സന്ദര്‍ഭം പോലുമുണ്ടായിട്ടുണ്ട്. ഉപ്പാക്ക് പക്ഷേ, ജാമിഅ ഒരു വികാരമായിരുന്നു. അദ്ദേഹമത് തന്റെ ആദര്‍ശ ജീവിതത്തിന്റെ ഭാഗമായി കണ്ടു. അതിനാല്‍ തന്നെ ശമ്പളമോ കുടുംബത്തിന്റെ പരിതാവസ്ഥയോ ഒന്നും ജാമിഅയുടെ വിഷയത്തില്‍ അലംഭാവം കാണിക്കാന്‍ ഉപ്പയെ പ്രേരിപ്പിച്ചില്ല. ഞങ്ങളുടെ കുടുംബത്തിന്റെ പ്രയാസം കണ്ട ഉമര്‍ ഹാജി ഉപ്പയെ എടത്തനാട്ടുകരയിലേക്ക് നിര്‍ബന്ധിച്ചു ക്ഷണിച്ചു. അവിടെ പള്ളിക്കും മറ്റു ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാനായിരുന്നു ക്ഷണം. അങ്ങനെ ഒടുവില്‍ ഉപ്പ വഴങ്ങി. ഞങ്ങള്‍ കുടുംബമൊന്നടങ്കം എടവണ്ണ വിട്ട് മൂന്ന് വര്‍ഷത്തോളം എടത്തനാട്ടുകരയില്‍ താമസിച്ചു. പിന്നീട് തിരിച്ചുവന്ന് ജാമിഅയില്‍ വീണ്ടും ഉത്തരവാദിത്തമേറ്റെടുത്തു. പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ആ കൂടുമാറ്റം. കരഞ്ഞുകൊണ്ടാണ് ഉപ്പയോടൊപ്പം അന്ന് ഞങ്ങള്‍ എടവണ്ണ വിട്ടത്. ആദ്യകാല ഇസ്വ്‌ലാഹി പ്രവര്‍ത്തനവും, ഉപ്പയടക്കം അതിന് നേതൃത്വം നല്‍കിയവരുടെ ജീവിതവും ഇങ്ങനെയൊക്കെയായിരുന്നു.
Comments