ഈ വിളക്ക് നന്മയുടെ വഴികളില്‍ ജ്വലിച്ചുനില്‍ക്കട്ടെ
പ്രബോധകനോടും പ്രബോധിതനോടും ഇസ്‌ലാം ആദ്യമായി ചെയ്ത ആഹ്വാനം വായിക്കുക എന്നായിരുന്നു. വായനയിലൂടെ ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാമിന്റെ സമകാലിക വായനയും സാധ്യമാക്കി എന്നതാണ് കേരളത്തിന് പ്രബോധനം വാരിക ചെയ്ത ഏറ്റവും വലിയ സംഭാവന. ഇതിന് പ്രബോധനത്തിന്റെ പൂര്‍വ കാല പേജുകള്‍ സാക്ഷി നില്‍ക്കും.
തെളിമയാര്‍ന്ന ഒരു ഇസ്‌ലാമിക വ്യക്തിത്വം രൂപപ്പെടുത്തുന്നതിനാവശ്യമായ എല്ലാ വിഭവങ്ങളും നല്‍കിയെന്ന് പ്രബോധനത്തിന്റെ സേവനത്തെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കാം. അതില്‍ ജീവിതമുണ്ട്, മരണമുണ്ട്, വിപ്ലവവും ആത്മീയതയുമുണ്ട്, വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും അതവഗണിച്ചില്ല. കലയും സാഹിത്യവും അത് വിഷയമാക്കി. കണ്ണീരും വിയര്‍പ്പും അത് ഇതിവൃത്തമാക്കി.
സ്വയം പരിമിതപ്പെടുത്തിയ കര്‍മശാസ്ത്രത്തിന്റെ കൊച്ചു വൃത്തത്തിനുള്ളില്‍ ഇസ്‌ലാമിനെ അനുഭവിക്കാന്‍ വിധിക്കപ്പെട്ട കേരള മുസ്‌ലിം സമുദായത്തെ ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാക്കിയതും വിമോചനത്തിന്റെ പാതയോട് അവരെ ചേര്‍ത്തു നിര്‍ത്തിയതും പ്രബോധനമാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതാവസ്ഥകളും ലോക ഇസ്‌ലാമിക സമൂഹത്തിന്റെ നാഡിസ്പന്ദനങ്ങളും ആദ്യ കാലം മുതലേ മലയാളത്തിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ പ്രബോധനം ശ്രദ്ധിച്ചു. മലയാളത്തിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും അക്കാലത്ത് അത്തരമൊരു ഉള്ളടക്കമുണ്ടായിരുന്നില്ല.
ഇസ്‌ലാമികാദര്‍ശത്തിന്റെ നിര്‍മലമായ പ്രതിനിധാനം കേരളീയ പൊതുസമൂഹത്തിന് അവരുടെ തന്നെ ഭാഷയില്‍ ലഭ്യമാക്കുകയായിരുന്നു പ്രബോധനം. ഇസ്‌ലാമികാദര്‍ശത്തെ പോലെതന്നെ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമെല്ലാം പ്രശ്‌നങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യാന്‍ അത് ശ്രദ്ധിച്ചു. വ്യക്തി, കുടുംബ സംസ്‌കരണത്തിന്റെ പാഠങ്ങള്‍, ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രയോഗക്ഷമത, സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ നിരൂപണങ്ങളും പരിഹാരങ്ങളും- എല്ലാം വൈവിധ്യങ്ങളോടെ ഒരേ അച്ചുതണ്ടില്‍ കറങ്ങി.
പരലോക പുണ്യം മാത്രം കാംക്ഷിച്ച് നിര്‍വഹിച്ചിരുന്ന ഖുര്‍ആന്‍ പാരായണത്തെ, ജീവിതത്തെ മനസ്സിലാക്കാനും വഴി നടത്താനുമുള്ള 'തഫ്ഹീമാ'ക്കി കേരളത്തിനു മുന്നില്‍ സമര്‍പ്പിച്ചു; ലോകോത്തര പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. മലയാളികളുടെ ജീവിത യാഥാര്‍ഥ്യങ്ങളോട് സൈദ്ധാന്തികമായും പ്രായോഗികമായും സംവദിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന ആലോചനയില്‍ നിന്നാണ് ഇപ്പോള്‍ ഖുര്‍ആന്‍ ബോധനം പ്രസിദ്ധീകരണം തുടരുന്നത്.
പരസ്പരം തര്‍ക്കിക്കാനും തള്ളാനും കൊള്ളാനുമുള്ള ഉരുപ്പടിയായല്ല, ജീവിതത്തെ ചിട്ടപ്പെടുത്തുന്ന മൗലികാടിത്തറയായാണ് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമായ പ്രവാചക വചനങ്ങളെ പ്രബോധനം പരിചയപ്പെടുത്തിയത്.
വൈജ്ഞാനിക മുന്നേറ്റങ്ങളുടെ കാലമാണിത്. വൈജ്ഞാനിക മൂലധനമില്ലാതെ ഇസ്‌ലാമിക സമൂഹത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല. നവീനമായ ഏതിനോടും പുറം തിരിഞ്ഞു നിന്നും, പഴയതിനെ മാറോടു ചേര്‍ത്തും നിര്‍ത്തുന്ന സാമൂഹിക മനശാസ്ത്രത്തോട് യുദ്ധം തന്നെ ചെയ്യേണ്ടി വന്നിട്ടുണ്ട്, പ്രബോധനത്തിന്. പതിയെ, സമൂഹം പ്രബോധനം പരിചയപ്പെടുത്തിയ ആശയലോകത്തെ പുണരുന്നത് ആഹ്ലാദകരമായ കാഴ്ചയുമാണ്. വിവരങ്ങളുടെ മലവെള്ളത്തെ സമൂഹത്തിലേക്ക് തുറന്നുവിട്ട് അവരെ അനിശ്ചിതത്വത്തില്‍ ശ്വാസം മുട്ടിക്കലാണ് സാമൂഹിക പരിവര്‍ത്തനത്തിലെ അക്ഷര ദൗത്യമെന്ന് പ്രബോധനം മനസ്സിലാക്കിയിട്ടില്ല. സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടും, സമൂഹത്തിന്റെ സംവാദ ശീലങ്ങളെ പരിഗണിച്ചു കൊണ്ടും മാത്രമേ പ്രബോധനം അതിന്റെ ഉള്ളടക്കം നിര്‍ണയിച്ചിട്ടുള്ളൂ.
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ക്കും ശത്രുക്കള്‍ക്കും മുന്നില്‍ പ്രതിരോധത്തിന്റെ കിടങ്ങുകള്‍ തീര്‍ക്കാന്‍ പ്രബോധനത്തിന് സാധിച്ചിട്ടുണ്ടെന്നത് അവര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ശരീഅത്ത് വിവാദ കാലത്തും അള്‍ട്രാ സെക്യുലറിസ്റ്റുകള്‍ അഴിഞ്ഞാടിയപ്പോഴും ഇസ്‌ലാം വിരുദ്ധര്‍ പ്രബോധനത്തിന്റെ താഡനമേറ്റു പുളഞ്ഞിട്ടുണ്ട്. ഇന്നും അതിന്റെ ഞെരക്കങ്ങള്‍ അങ്ങിങ്ങായി കേള്‍ക്കാനാവും.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജിഹ്വ എന്ന നിലക്ക് ഇസ്‌ലാമിക നവോത്ഥാനത്തെ ജനകീയമാക്കുന്നതില്‍ പ്രബോധനത്തിന്റെ പങ്ക് നിലസ്തുലമാണ്. പുതിയ കാലത്ത് ഏറെ ദൗത്യങ്ങള്‍ ഇനിയും അതിന് നിര്‍വഹിക്കാനുമുണ്ട്. ഇനിയും പ്രബോധനത്തിന്റെ ശീതളഛായയിലേക്ക് കടന്നു വന്നിട്ടില്ലാത്ത എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. 2015 ഡിസംബര്‍ 15 മുതല്‍ 31 വരെ വരെ പ്രബോധനം പ്രചാരണ കാലയളവാണ്. പ്രബോധനം പുതിയ കൈകളിലെത്തിക്കാന്‍ തിരക്കുകള്‍ മാറ്റി വെച്ച് നാം രംഗത്തിറങ്ങുക. നമ്മുടെ സഹോദരങ്ങളുടെ അകതാരില്‍, വീടകങ്ങളില്‍, സമൂഹത്തിന്റെ ഇടവഴികളില്‍, കാലത്തിന്റെ ഇടനാഴികകളില്‍ വിശുദ്ധ ഖുര്‍ആന്റെ, പരിശുദ്ധ ദീനിന്റെ, ദൈവിക ഹിദായത്തിന്റെ വഴിവിളക്കായി പ്രബോധനം ജ്വലിച്ചു നില്‍ക്കട്ടെ.
Comments