അസ്ഹരി തങ്ങള്‍: ബഹുമുഖ പ്രതിഭ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുന്‍ പ്രസിഡന്റും മുശാവറ അംഗവുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഭൗതിക ജീവിതത്തോട് വിടവാങ്ങി. വളാഞ്ചേരി കുളമംഗലത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസ്ഹരി തങ്ങള്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉന്നത മതവിദ്യാഭ്യാസം നേടിയ അദ്ദേഹം അറബ് ദേശത്തും സുപരിചിതനായ അപൂര്‍വം മലയാളി പണ്ഡിതന്മാരില്‍ ഒരാളായിരുന്നു.
1930-ല്‍ കുന്ദംകുളത്തിനടുത്ത് മരത്തംകോട് പ്രദേശത്താണ് അസ്ഹരി തങ്ങള്‍ ജനിച്ചത്. യമനിലെ ഹദര്‍ മൗത്തില്‍ നിന്ന് 1800-കളില്‍ കേരളക്കരയിലെത്തിയ അല്‍ ഹൈദറൂസി കുടുംബത്തില്‍ പെട്ട റിഫാഇ ത്വരീഖത്തിന്റെ പണ്ഡിതനായിരുന്ന സയ്യിദ് മുഹമ്മദ് കൊച്ചു കോയ തങ്ങളാണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഫാത്വിമത്തു സുഹ്‌റ എന്ന പൂക്കുഞ്ഞി ബീവി.
അസ്ഹരി തങ്ങളുടെ പിതാവ് മുഹമ്മദ് കൊച്ചുകോയ തങ്ങളാണ് കേരളത്തിലെ സയ്യിദന്മാരില്‍ ആദ്യമായി വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ഉപരി പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്‍. പിതാവില്‍ നിന്ന് പ്രാഥമിക പഠനവും പിന്നീട് കല്ലൂര്‍, ചെലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദര്‍സ് പഠനത്തിനും ശേഷം അസ്ഹരി തങ്ങളും പിതാവിന്റെ വഴിയെ വെല്ലൂരില്‍ ഉപരി പഠനത്തിന് പോയി. അവിടെ നിന്നാണ് ശംസുല്‍ ഉലമയുടെ ശിഷ്യത്വം സ്വീകരിച്ചത്. 1951-ല്‍ ബാഖവി ബിരുദം നേടിയ ശേഷം കേരളത്തിലെത്തി. തലക്കടത്തൂരില്‍ ദര്‍സ് അധ്യാപകനായി. വീണ്ടും പഠിക്കണമെന്ന ചിന്താഗതിക്കാരനായ അദ്ദേഹം പിന്നീട് ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ഖാസിമി ബിരുദം കരസ്ഥമാക്കി. രണ്ട് വര്‍ഷത്തോളം തലക്കടത്തൂരില്‍ പിന്നെയും ദര്‍സ് നടത്തിയെങ്കിലും ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ കൂടുതല്‍ മുന്നേറാനായി കയ്‌റോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരി പഠനത്തിന് പുറപ്പെട്ടു. അവിടെ നിന്ന് (എം.എ ആലമിയ്യ) അസ്ഹരി ബിരുദം നേടിയതിന് ശേഷമാണ് അദ്ദേഹം അസ്ഹരി തങ്ങള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അല്‍ അസ്ഹറിലും കയ്‌റോ യൂനിവേഴ്‌സിറ്റിയിലുമായി ആറ് വര്‍ഷക്കാലം പഠന മേഖലയില്‍ ചെലവഴിച്ച അസ്ഹരി തങ്ങള്‍ മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള അക്കാലത്തെ ഹൃദ്യമായ ഈജിപ്ത് പഠനകാലം ജ്വലിക്കുന്ന ഓര്‍മകളായി കൊണ്ട് നടന്നിരുന്നു.
ദീര്‍ഘകാലത്തെ പഠനശേഷം അസ്ഹരി തങ്ങള്‍ അധ്യാപന മേഖലയിലേക്ക് പ്രവേശിച്ചു. ലിബിയയിലെ അല്‍ബൈളാം മുഹമ്മദ് സനൂസി യൂനിവേഴ്‌സിറ്റിയിലാണ് ആദ്യം അധ്യാപനം നടത്തിയത്. അവിടത്തെ രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഹജ്ജിനായി മക്കയിലെത്തിയ തങ്ങള്‍ റിയാദിലെ മഅ്ഹദുല്‍ മുഅല്ലിമീനിലും നജ്ദിലുമായി 23 വര്‍ഷത്തെ നീണ്ട അധ്യാപന സേവനമനുഷ്ഠിച്ചു. കേരളത്തിലും അറബി നാടുകളിലുമായി നിരവധി ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്.
അധ്യാപന രംഗത്തെന്ന പോലെ സാഹിത്യ ലോകത്തും അസ്ഹരി തങ്ങള്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. മലയാളിയാണെങ്കിലും അറബിയിലുള്ള രചനാ മികവും അറിവിന്റെ ആഴവും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അറബി ഭാഷയെക്കുറിച്ചും അറബികളെക്കുറിച്ചും എഴുതിയ അല്‍ അറബു വല്‍ അറബിയ്യഃ, കേരളത്തിലെ പണ്ഡിതന്മാരെപ്പറ്റിയും മദ്‌റസാ പഠനരീതിയെക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങിയവരെക്കുറിച്ചും പ്രതിപാദിക്കുന്ന മിന്‍ നവാബിഇ ഉലമാഇ മലൈബാര്‍, അറബിയില്‍ രചിച്ച മമ്പുറം തങ്ങളുടെ ചരിത്രം തുടങ്ങിയവ അദ്ദേഹത്തിന്റെ ഭാഷാ നൈപുണ്യവും രചനാ പാടവവും വിളിച്ചോതുന്ന ഗ്രന്ഥങ്ങളാണ്.
നാട്ടില്‍ മടങ്ങിയെത്തിയ അസ്ഹരി തങ്ങള്‍ സമസ്ത മുശാവറ അംഗവും പിന്നീട് വൈസ് പ്രസിഡന്റുമായി. 1995 ല്‍ കെ.കെ അബൂബക്കര്‍ ഹസ്‌റത്തിന്റെ വിയോഗാനന്തരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമായി. ഇക്കാലയളവില്‍ ജാമിഅ നൂരിയ അറബിയ, തൃശൂരിലെ മാലിക് ദിനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുന്നോട്ട് പോക്കിലും അദ്ദേഹം ഇടപെട്ടിരുന്നു.
ആത്മീയ വൈജ്ഞാനിക മണ്ഡലങ്ങളില്‍ അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വിജ്ഞാനാന്വേഷണത്തിനായി ജീവിതം ചെലവഴിച്ച അസ്ഹരി തങ്ങള്‍, അറബി സാഹിത്യത്തിലും മറ്റും അഗാധ അറിവുള്ള പണ്ഡിത പ്രതിഭയായിരുന്നു. വിജ്ഞാന രംഗത്ത് അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാവത്തതും വിദ്യാര്‍ഥി സമൂഹത്തിന് ഏറെ മാതൃകാ യോഗ്യവുമാണ്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം അല്ലാഹു ഏറെ ഹൃദ്യമാക്കിത്തീര്‍ക്കുമാറാകട്ടെ. ആമീന്‍.
Comments