Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

ചോദ്യോത്തരം

മുജീബ്

ലിംഗ നീതി എന്നാല്‍

എന്താണ് ലിംഗ നീതി? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബെഞ്ചില്‍ തൊട്ടുരുമ്മി ഇരിക്കുന്നത് ലിംഗ നീതിയാണോ?

എ.ആര്‍ ചെറിയമുണ്ടം

സ്ത്രീ-പുരുഷന്മാര്‍ക്ക് മൗലികാവകാശങ്ങളിലും ജീവിത വ്യവഹാരങ്ങളിലും വിവേചനമില്ലാതെ തുല്യ പരിഗണന നല്‍കുന്നതാണ് ലിംഗ നീതി എന്ന് സാമാന്യമായി പറയാം. ജീവിക്കാനുള്ള അവകാശം ഇരു വര്‍ഗങ്ങള്‍ക്കും തുല്യമാണ്. അതിനാല്‍ നിയമത്തിന് മുമ്പില്‍ അവര്‍ തുല്യരായിരിക്കും. സ്ത്രീയെ കൊന്നാല്‍ പുരുഷനോ പുരുഷനെ കൊന്നാല്‍ സ്ത്രീക്കോ ശിക്ഷയില്‍ വിവേചനം കല്‍പിക്കപ്പെട്ടുകൂടാ. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്ത്രീക്കും പുരുഷനും തുല്യമായി ലഭിച്ചിരിക്കണം. സ്ത്രീ പുരുഷന്റെയോ നേരെ മറിച്ചോ ദാക്ഷിണ്യത്തിന് വിധേയമായി ജീവിക്കേണ്ടവരല്ല.

എന്നാല്‍ പ്രകൃതിപരമായി സ്ത്രീയും പുരുഷനും ഒരേ വാര്‍പ്പില്‍ സൃഷ്ടിക്കപ്പെട്ടവരല്ല. സ്രഷ്ടാവ് തന്നെ യുക്തിപൂര്‍വം ഇരു വര്‍ഗങ്ങളെയും പരസ്പരാശ്രയം അനിവാര്യമാക്കുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാതൃത്വം എന്ന അതിവിശിഷ്ട പദവി ദൈവം സ്ത്രീക്കേ നല്‍കിയിട്ടുള്ളൂ. എന്നാല്‍ പുരുഷന്റെ പിതൃത്വ പദവി സ്ത്രീക്ക് നല്‍കപ്പെട്ടിട്ടില്ല. രണ്ടിന്റെയും താല്‍പര്യങ്ങള്‍ ഭിന്നമായത് കൊണ്ട് ഉത്തരവാദിത്തങ്ങളും വ്യത്യസ്തമാണ്. ബുദ്ധിശക്തിയിലും സര്‍ഗശേഷിയിലും പെരുമാറ്റങ്ങളിലുമെല്ലാം ഈ പ്രകൃതിപരമായ വ്യത്യസ്തത പ്രകടമാണ്. ഈ വ്യത്യസ്തത നിഷേധിച്ച് സ്ത്രീയുടെയും പുരുഷന്റെയും സവിശേഷതകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കൃത്രിമമായ സമത്വത്തിനു വേണ്ടി വാദിക്കുന്നതും പണിയെടുക്കുന്നതും പ്രകൃതിവിരുദ്ധമാണ്. അതിന് ലിംഗനീതി എന്ന പേരില്ല. കുഞ്ഞിനെ പ്രസവിച്ച്, മുലപ്പാല്‍ കൊടുത്ത് വാത്സല്യപൂര്‍വം വളര്‍ത്താനുള്ള സിദ്ധിയും ശേഷിയും തരളിത ഹൃദയവും ദൈവം സ്ത്രീക്കേ നല്‍കിയിട്ടുള്ളൂ. അതിനു പകരം നില്‍ക്കാന്‍ എത്ര ശ്രമിച്ചാലും പുരുഷന്നാവില്ല. പ്രകൃതിപരമായി ഈ പ്രക്രിയയക്ക് താങ്ങും തണലുമായ വര്‍ത്തിക്കുകയാണ് പുരുഷന്റെ ചുമതല. മറിച്ച്, കഠിനമായ ശാരീരികാധ്വാനമോ നിരന്തര യാത്രകളോ ഉറക്കമിളച്ചുള്ള സമയ വിനിയോഗമോ കൂടുതല്‍ ആജ്ഞാശക്തിയോ ആവശ്യപ്പെടുന്ന ജോലികള്‍ പുരുഷന്മാരെ ഏല്‍പിക്കുന്നതാണ് സാമാന്യ നീതി. എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും ചില അപവാദങ്ങള്‍ ഉണ്ടാവാമെന്നത് സാമാന്യ തത്ത്വമായിക്കൂടാ.

ക്ലാസ് റൂമുകളിലും വാഹനങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലുമൊക്കെ ആണ്‍-പെണ്‍ ഇരിപ്പിടങ്ങള്‍ വേര്‍പെടുത്തുന്നതില്‍ ലിംഗ വിവേചനത്തിന്റെ പ്രശ്‌നമില്ല. സൗകര്യവും അച്ചടക്കവുമൊക്കെയാണ് അതില്‍ പരിഗണിക്കപ്പെടുന്നത്. ഇതേ ചൊല്ലി ഇന്നേവരെ എവിടെയും പ്രതിഷേധമോ എതിര്‍പ്പോ ആരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുമില്ല. സ്ത്രീ പീഡനം സാര്‍വത്രികമായി പരാതിക്കിടം നല്‍കുന്ന ഇക്കാലത്ത് അതിനവസരങ്ങള്‍ കുറക്കുക എന്നതും ബുദ്ധിപൂര്‍വകമാണ്. കൗമാര ചാപല്യങ്ങള്‍ ആണ്‍കുട്ടികളെ അരുതായ്മകള്‍ക്ക് പ്രേരിപ്പിക്കുക പ്രകൃതി സഹജമാണ് എന്നിരിക്കെ അതിന് സൗകര്യമൊരുക്കാതിരിക്കുന്നതല്ലേ യുക്തിസഹം! ഒരേ ക്ലാസ്സില്‍ തുല്യമായ രണ്ട് നിരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന് പഠിക്കുന്നതില്‍ എന്ത് ലിംഗ വിവേചനമാണുള്ളത്? എല്ലാ മര്യാദകളും കാറ്റില്‍ പറത്തി അരാജകത്വം വളര്‍ത്താന്‍ യത്‌നിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ വിക്ഷോഭങ്ങള്‍ അവഗണിക്കുന്നതാണ് ആരോഗ്യകരം. ഇസ്‌ലാമിന്റെ ധാര്‍മികവും സദാചാരപരവുമായ സമീപനം എല്ലാ കാര്യങ്ങളും പ്രകൃതിയുക്തവും, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ഗുണപാഠം അടിസ്ഥാനമാക്കിയുമാണ്. 

മതത്തിന്റെ 
തെറ്റായ വായന

''പ്രാര്‍ഥനയും ബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണ് വേണ്ടതെന്നും, മരുന്നും ചികിത്സയും നിഷിദ്ധമാണെന്നും വിശ്വാസം ശഠിച്ചു. രക്തപര്യയന വ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ 'സര്‍വീറ്റസിനെ' വധിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ പിതാവ് എന്നറിയപ്പെട്ട 'വസേലിയസ്സിനെ' നാടു കടത്തി, സ്ത്രീകള്‍ക്ക് ഒരു വാരിയെല്ല് കുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം. വേദന, ദൈവസൃഷ്ടിയായതിനാല്‍ വേദനസംഹാര ഔഷധങ്ങള്‍ ദൈവവിരുദ്ധമായി. 'സ്ത്രീയേ നീ വേദനയോടെ പ്രസവിക്കും' എന്ന വെളിപാട് കല്പനക്കു വിരുദ്ധമായതിനാല്‍ വേദന സംഹാരികള്‍ ഉപയോഗിച്ചുള്ള സുഖ പ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനന നിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്‍ക്കുന്നു.'' പ്രതികരണം?

കെ.എം പുതുപൊന്നാനി

ഭൗതിക കാര്യകാരണ ബന്ധങ്ങളിലൂടെ വിശകലനം ചെയ്യപ്പെടേണ്ടതോ പരിഹാരം കണ്ടെത്തേണ്ടതോ മാത്രമായ കാര്യങ്ങളല്ല മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്നതെന്നും അഭൗതികമായ വിധിക്കും നിയന്ത്രണത്തിനും പ്രപഞ്ചത്തില്‍ അനിഷേധ്യ പങ്കുണ്ടെന്നും യുക്തിയും അനുഭവവും ഒരുപോലെ തെളിയിക്കുന്നു. ഏതാണ്ട് മുഴുവന്‍ യാത്രക്കാരുടെയും ജീവന്‍ അപഹരിക്കുന്ന വാഹനാപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ശിശുക്കള്‍ മാത്രം രക്ഷപ്പെടുന്ന അത്ഭുതങ്ങള്‍ ഒരുദാഹരണമാണ്. സാമാന്യ കാര്യകാരണാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ശിശുക്കളാണ് ആദ്യം ഇരകളാവേണ്ടത്. അതേസമയം എല്ലാം ദൈവത്തിലര്‍പ്പിച്ച് പ്രാര്‍ഥനയില്‍ അഭയം പ്രാപിക്കാന്‍ മതം അനുശാസിക്കുന്നില്ല. പരമാവധി ചെയ്യാന്‍ കഴിയുന്നതൊക്കെ മനുഷ്യന്‍ ചെയ്തിരിക്കണം, ഒപ്പം ദൈവത്തോട് പ്രാര്‍ഥിക്കുകയും വേണം. 'ഒട്ടകത്തെ കെട്ടുക, ദൈവത്തില്‍ ഭരമേല്‍പിക്കുക' എന്ന്, ഒട്ടകത്തെ കയറൂരി വിട്ട ശേഷം ദൈവം നോക്കിക്കൊള്ളും എന്ന വിശ്വാസം പ്രകടിപ്പിച്ച അനുചരനോട് പ്രവാചകന്‍ പ്രതിവചിച്ചത് സുവിദിതമാണല്ലോ.

മതത്തെ അതിന്റെ യഥാര്‍ഥ അധ്യാപനങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുകയും അന്ധവിശ്വാസജടിലമാക്കുകയും ചെയ്ത പുരോഹിതന്മാര്‍ കാലാകാലങ്ങളില്‍ പറഞ്ഞതും എഴുതിയതുമൊന്നും പ്രാമാണികമോ യുക്തിഭദ്രമോ അല്ല. അതിനുള്ള ഉദാഹരണങ്ങളാണ് ചോദ്യത്തില്‍ ഉദ്ധരിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ മതത്തെ തന്നെ പാടേ നിരാകരിക്കുന്ന കേവല ഭൗതികവാദികളും ഇരുട്ടില്‍ അമ്പെയ്യുകയാണ്.

ജനന നിയന്ത്രണത്തിന് പ്രകൃതിതന്നെ വ്യവസ്ഥ ചെയ്തിരിക്കെ കൃത്രിമമായി മനുഷ്യരുടെ എണ്ണം കുറക്കുന്നത് പ്രകൃതി വിരുദ്ധമാണ്. ആരോഗ്യപരവും മറ്റുമായ അനുപേക്ഷ്യ കാരണങ്ങളാല്‍ ദമ്പതികള്‍ പ്രസവം നിയന്ത്രിക്കുന്നത് ഇപ്പറഞ്ഞതിനെതിരല്ല. അത് പാപവുമല്ല. എന്നാല്‍, ഒരോ കുടുംബത്തിലും ഒരു കുട്ടി മതി എന്ന് തിട്ടൂരമിറക്കിയ കമ്യൂണിസ്റ്റ് ചൈന പ്രത്യാഘാതങ്ങള്‍ മുമ്പില്‍ വന്നപ്പോള്‍ തെറ്റ് തിരുത്താന്‍ നടത്തുന്ന ശ്രമം വിജയിക്കുന്നില്ലെന്ന വാര്‍ത്ത പാഠമാവേണ്ടതാണ്. 

ഭര്‍ത്താവിന്റെ 
പേര്‍ ചേര്‍ത്തുവിളിക്കല്‍

ഖുത്വ്ബയില്‍ സൂറത്തുല്‍ അഹ്‌സാബിലെ 5-ാമത്തെ ആയത്ത് വിശദീകരിച്ചുകൊണ്ട് ഖത്വീബ് പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ പേരുകള്‍ പിതാക്കളിലേക്ക് മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ. വേറെ ആരിലേക്കും ചേര്‍ക്കരുത്. ഇന്ന് നമ്മുടെ നാട്ടില്‍ ധാരാളമായി സ്ത്രീകള്‍ സ്വന്തം പേരുകള്‍ ഭര്‍ത്താവിന്റെ പേരിനോട് ചേര്‍ത്തതായി കാണാം. ഇത് കുറ്റകരമാണ്. ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍, ഇങ്ങനെ പേര്‍ ചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല.'' കല്യാണത്തിനു ശേഷം പിതാവിനോടുള്ള ആദരവും ബഹുമാനവും ഒട്ടും ചോര്‍ന്നുപോകാതെ പിതാവിന്റെ എല്ലാ അധികാരങ്ങളും വകവെച്ച് കൊടുത്ത്, സ്ത്രീ തന്റെ പേര് ഭര്‍ത്താവിന്റെ പേരിനോട് ചേര്‍ക്കുന്നത് കുറ്റകരമാണോ?

 അബ്ദുറശീദ് ടി.സി തലശ്ശേരി

 ദത്തു പുത്രന്‍/പുത്രി സമ്പ്രദായം നിരോധിച്ചുകൊണ്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളുടെ ഭാഗമാണ് പ്രസ്തുത ആയത്ത്. 'നിങ്ങള്‍ അവരുടെ (ദത്തെടുത്തവരുടെ) പിതാക്കളിലേക്ക് ചേര്‍ത്ത് അവരെ വിളിക്കുക. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത് അതാണ്' എന്നാണ് സൂക്തത്തിന്റെ തുടക്കം. നബി(സ)യുടെ ദത്തു പുത്രന്‍ സൈദിനെ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ പുത്രന്‍ സൈദ്) എന്ന് ആളുകള്‍ വിളിക്കാറുണ്ടായിരുന്ന പശ്ചാത്തലമാണ് ഇതില്‍ സൂചിപ്പിക്കുന്നത്. സ്വന്തം പിതാവിന്റെ പേരോട് ചേര്‍ത്ത് ആളുകളെ വിളിക്കുന്നതാണ് ഇസ്‌ലാമിക സംസ്‌കാരം. വിവാഹിതരായ ശേഷവും സ്ത്രീകളെ പിതാക്കളുടെ പേരോട് ചേര്‍ത്തു വിളിക്കുന്നതാണ് ഇന്നും അറബികളുടെ രീതി. ഭര്‍ത്താവ് വിവാഹമോചനം ചെയ്താല്‍ പേര് മാറ്റേണ്ടിവരുന്ന ദുരവസ്ഥ കൂടി കണക്കിലെടുത്താല്‍ ഇതിന്റെ പ്രസക്തി വ്യക്തമാവും. എന്നാല്‍ ഭര്‍ത്താവിന്റെ പേരില്‍ സ്ത്രീ വിളിക്കപ്പെടുന്നത് ഹറാമാണെന്ന് പറയാന്‍ തെളിവുകളില്ല. അങ്ങനെയൊരു ഹദീസ് ഉദ്ധരിക്കപ്പെടാനും വഴിയില്ല. കാരണം അറബികളില്‍ ഒരുകാലത്തും ഇല്ലാതിരുന്ന ഒരു സമ്പ്രദായം ഹദീസുകളില്‍ കടന്നുവരുന്നതെങ്ങനെ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍