Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

ദൈവമേ, ഇനിയെങ്കിലും അനിഷ്ടങ്ങള്‍ കാണരുതേ, കേള്‍ക്കരുതേ

അബ്ദുന്നാസര്‍ പൂക്കാടംചേരി

ദൈവമേ, ഇനിയെങ്കിലും അനിഷ്ടങ്ങള്‍ കാണരുതേ, കേള്‍ക്കരുതേ

പ്രബോധനത്തിന്റെ മുഖക്കുറിപ്പുകള്‍ പലപ്പോഴും കണ്ണ് തുറപ്പിക്കുന്നതാണ്. ഒരു ഭാഗത്ത് സാമ്രാജ്യത്വ ശക്തികളുടെ ക്രൂര വിനോദങ്ങളും മറുഭാഗത്ത് തീവ്രവാദികളുടെ കൊടും ക്രൂരതകളും വായനക്കാരന്റെ മുന്നിലേക്ക് കൊണ്ടുവരുന്നു.

പ്രഭാത പ്രാര്‍ഥനയില്‍ 'രക്ഷിതാവേ, ഇന്നത്തെ ദിവസം അനിഷ്ടകരമായതൊന്നും കേള്‍ക്കരുതേ, കാണരുതേ' എന്ന് കേഴുമ്പോഴായിരിക്കും മാലിയും പാരീസും റഷ്യന്‍ വിമാനത്തിന്റെ തകര്‍ച്ചയുമൊക്കെയായി പത്രങ്ങള്‍ മുന്നിലേക്ക് വരുന്നത്. നിത്യവും ഇതൊക്കെ തന്നെയാണ് പ്രധാന വാര്‍ത്തകള്‍. ഭൂലോകത്ത് തീരെ വിലയില്ലാത്ത വര്‍ഗം മനുഷ്യനായിത്തീര്‍ന്നിരിക്കുന്നു.

ബിര്‍ലാ മന്ദിരത്തിന്റെ മുന്നില്‍ രാഷ്ട്ര പിതാവ് ഗാന്ധിജി വെടിയേറ്റ് വീണപ്പോള്‍, അബുല്‍ കലാം ആസാദ്, നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കള്‍ ആഗ്രഹിച്ചു 'കൊലയാളി ഒരു മുസ്‌ലിമാകരുതേ' എന്ന്. കാരണം സമുദായം അതിന് വലിയ വില നല്‍കേണ്ടിവരും. അവിവേകികള്‍ ഏല്‍പിക്കുന്ന മുറിവുകള്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളായി എന്നും നിലനില്‍ക്കും.

സമാധാനമാണ് ഏറ്റവും വലിയ അനിവാര്യത. അതിന് വിഘ്‌നം വന്നാല്‍ പ്രപഞ്ചത്തെയും മനുഷ്യനെയും മാത്രമല്ല, അണ്ഡകടാഹത്തെയാകെ അരാജകത്വം പിടികൂടും. ഭൂമിയെ നന്നാക്കിയ ശേഷം പിന്നെ അവിടെ കലാപം സൃഷ്ടിക്കരുതെന്ന് ഖുര്‍ആന്‍ ഹൃദയസ്പൃക്കായ ഭാഷയില്‍ ഉണര്‍ത്തുന്നു.

നിരപരാധിയായ ഒരു മനുഷ്യനെ, കാര്യകാരണം കൂടാതെ വധിക്കുന്നവന്‍ മാനവരാശിയെ ഒന്നടങ്കം കൊന്നവനെ പോലെയാണെന്ന ഖുര്‍ആന്റെ പ്രസ്താവന ഓരോ മുസല്‍മാന്റെയും ഹൃദയാന്തരാളങ്ങളില്‍ പ്രതിധ്വനി കൊള്ളട്ടെ. 'വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവനും അതില്‍ പേരില്‍ കലാപം സൃഷ്ടിച്ച് കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും എന്റെ കൂട്ടത്തില്‍ പെട്ടവനല്ല' എന്ന നബി(സ)യുടെ വചനവും ശ്രദ്ധേയമാണ്.

അബ്ദുന്നാസര്‍ പൂക്കാടംചേരി 

സ്വാതന്ത്ര്യ 
നിഷേധത്തിന്റെ ഈ കെട്ടകാലത്ത്

പ്രതിസന്ധിയിലൂടെയാണ് ഇന്ന് ഇന്ത്യാ രാജ്യം കടന്നുപോകുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക മാത്രമല്ല, കല്‍ബുര്‍ഗിയെ പോലെയുള്ള എഴുത്തുകാരും ചിന്തകരും വധിക്കപ്പെടുകയും ചെയ്യുന്നു. ദലിത് എഴുത്തുകാരനായ ഹുഛംഗി പ്രസാദും ചേതന തീര്‍ഥ ഹള്ളിയുമാണ് ഒടുവിലത്തെ ഇരകള്‍. രാജ്യത്ത് അധികരിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചതിന് വിഖ്യാത നടന്‍ ആമിര്‍ ഖാനെതിരെയും നാടുകടത്തല്‍ ഭീഷണി ഉയര്‍ന്നു. മതേതരത്വം, മതസൗഹാര്‍ദം എന്നിവ നമുക്ക് കൈമോശം വന്നുപോയിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പശുരാഷ്ട്രീയവും സ്വതന്ത്ര ചിന്തകള്‍ക്ക് നേരെയുള്ള ഭീഷണിയും. ഇതിനെതിരെ എഴുത്തുകാരടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചു എന്നത് ഏറെ അഭിമാനകരമാണ്.

എന്‍.പി നശ്‌വ കരീം 

ചേന്ദമംഗല്ലൂര്‍

ഇന്ത്യയില്‍ ഇരുട്ട് പടരാതിരിക്കട്ടെ

ബിഹാറില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ജനം കൊടുത്തത്. രാജ്യത്ത് അസഹിഷ്ണുത പടര്‍ത്തി മതേതര ഇന്ത്യയെ പിളര്‍ക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ നെഞ്ചിലേറ്റാത്ത ഫാഷിസ്റ്റുകള്‍ ശ്രമിക്കുകയാണ്. ഇന്ത്യയെ സ്‌നേഹിക്കുന്ന, ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത മത ഗുരുക്കന്മാര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമുന്നതര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, കലാ സാഹിത്യകാരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ഇന്ത്യന്‍ മണ്ണിനോട് ലയിച്ച് ചേര്‍ന്ന ഓരോരുത്തരും ഈ ദുഷ്ടശക്തികള്‍ക്കെതിരെ രംഗത്ത് വരണം.

നേമം താജുദ്ദീന്‍

സമുദായം ഗൗരവത്തില്‍ 
ചിന്തിക്കേണ്ട കാര്യങ്ങള്‍

ക്കം 2926-ല്‍ എന്‍. ഖാലിദ് എഴുതിയ 'വിലങ്ങുകള്‍ പണിയുന്നവര്‍' ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ സമുദായം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. സംഘടനകള്‍ കൈയടക്കി വെച്ചതാണ് കേരളത്തിലെ മഹാ ഭൂരിപക്ഷം പള്ളികളും. പഴയകാലത്തെ പോലെ ദിനങ്ങള്‍ നീണ്ട യാത്രകള്‍ ചെയ്യുന്നവരും, പട്ടണങ്ങളിലും മറ്റും ആവശ്യങ്ങള്‍ക്കായി വരുന്നവരും പ്രാഥമിക ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ആദ്യം അന്വേഷിക്കുക അടുത്തെങ്ങാനും പള്ളിയുണ്ടോ എന്നായിരിക്കും. ഇനി ഉണ്ടെങ്കില്‍ തന്നെ 'വഖ്ത്' കഴിഞ്ഞാല്‍ പൂട്ടി ഭദ്രമായി സൂക്ഷിക്കുന്ന ദൈവ ഭവനങ്ങളാണ് നാട്ടിലധികവും. മുന്‍ കാലങ്ങളില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളത്തിന് പെട്ടിക്കട മുതല്‍ പ്രമാണിമാരുടെ വീട്ടു പടിക്കല്‍ വരെ സൗകര്യമുണ്ടായിരുന്നു. സാമൂഹിക സാഹചര്യം മാറിയതോടെ കുത്തക മുതലാളിമാര്‍ ഹൈജീനെന്ന് പറഞ്ഞ് കുപ്പിയിലടച്ച ജീവജലത്തെ ആശ്രയിക്കേണ്ടി വന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി അരുവികളും ഉറവകളും ഊറ്റി കുത്തകകള്‍ ചീര്‍ത്ത് വളര്‍ന്നു. ഹൈജീനെന്ന് ലേബല്‍ ഒട്ടിച്ച് മലിന ജലവും ഇക്കൂട്ടര്‍ മനുഷ്യരെ കുടിപ്പിച്ചു. പള്ളികള്‍ക്ക് ഈ കാട്ടു നീതിയെ സുന്ദരമായി പ്രതിരോധിക്കാമായിരുന്നു; വഴിയോരങ്ങളിലെ പള്ളികളില്‍ ശുദ്ധ ജല സൗകര്യം ഒരുക്കിക്കൊണ്ട്. ദാഹിച്ച് വലഞ്ഞ നായക്ക് ഷൂവില്‍ വെള്ളം കോരിക്കൊടുത്തയാള്‍ സ്വര്‍ഗാവകാശിയായി എന്ന് വഅ്‌ളുകളില്‍ വീമ്പ് പറയുന്നത് ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തേക്ക് വിടുന്ന സമുദായം മുറ്റത്തെ മുല്ലക്ക് മണമുള്ളത് അറിയാതെ പോകുന്നു. ഏക്കര്‍ കണക്കിനു ഭൂമിയുള്ള ഖബ്‌റിസ്ഥാന്‍ വെറും 'പള്ളിക്കാട്' ആയി മാത്രം അവശേഷിക്കുന്നു. മറ്റു സമുദായങ്ങളുടെ ആരാധനാലയ പരിസരങ്ങള്‍ എത്രയോ മനോഹരമാണ്. വൃത്തിയെ കുറിച്ച് മതം പറഞ്ഞത് പള്ളിക്ക് ബാധകമാകാതെ പോകുന്നു. എത്രയോ സാധുക്കള്‍ക്ക് ഉപകാരപ്പെടാവുന്ന ഒന്നാണ് മയ്യിത്തിനോടൊപ്പം കൊണ്ട് പോകുന്ന പായ. സുന്ദരമായ മാര്‍ബിളും ടൈലും വിരിച്ച പള്ളികളില്‍ ഈ പായകള്‍ ചിതലരിക്കുന്നു. മദ്‌റസയിലെ ജോലി കഴിഞ്ഞ് പള്ളിമേടകളില്‍ വട്ടച്ചെലവും കാത്ത് 'ഇഅ്തികാഫ്' ഇരിക്കുന്നവരെ ഉത്തരവാദപ്പെട്ടവര്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരക്കാരെ പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ്, ദഅ്‌വ തുടങ്ങിയ മേഖലകളില്‍ ആവശ്യമായ പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ട് വരാം. 

പള്ളി പ്രാര്‍ഥിക്കാന്‍ മാത്രമായി ഒതുക്കുന്നത് പലപ്പോഴും അവിടത്തെ ജോലിക്കാരാണ്. നമസ്‌കാരവും വിവാഹവും മരണവും ഭംഗിയായി നടത്തല്‍ മാത്രമാണ് മഹല്ലിന്റെ ഉത്തരവാദിത്തമെന്ന് ധരിച്ചവരാണ് ഇന്ന് അധികവും. ഇതിനൊരു മാറ്റം വരാത്തേടത്തോളം കാലം സമുദായ പരിസരം  ആരും കയറാന്‍ മടിക്കുന്ന പള്ളിക്കാട് പോലെയൊക്കെ തന്നെയായിരിക്കും.

സലീം നൂര്‍ ഒരുമനയൂര്‍

പുതിയത് വാങ്ങിക്കൂട്ടുന്നു, 
അതേ വേഗത്തില്‍ കൈയൊഴിക്കുന്നു

വിപണിയുടെ ഗതിവേഗത്തിനൊത്ത് കുതിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എല്ലാവരും. വിപണിയെ അവഗണിച്ചാല്‍ നിങ്ങള്‍ പഴഞ്ചന്മാരാക്കപ്പെടുകയോ രംഗത്തു നിന്ന് നിഷ്‌കാസിതരാക്കപ്പെടുകയോ ചെയ്‌തേക്കാം. ഫ്‌ളാറ്റ്, കാര്‍, ഐപാഡ് തുടങ്ങിയ ഏതെങ്കിലുമൊരു ഉല്‍പന്നം സ്വന്തമാക്കിയാല്‍ അതിന്റെ സംതൃപ്തി ഏതാനും ആഴ്ചകള്‍ മാത്രമേ നിങ്ങളില്‍ തങ്ങിനില്‍ക്കുകയുള്ളൂ. നിങ്ങള്‍ ഉടമപ്പെടുത്തിയ ഉല്‍പന്നം അതേ കമ്പനിയുടെയോ സമാനമായ മറ്റേതെങ്കിലും കമ്പനിയുടെയോ പുതുതലമുറ ഉല്‍പന്നത്താല്‍ അപ്പോഴേക്കും പഴഞ്ചനാക്കപ്പെട്ടിരിക്കും. കൈയിലുള്ളത് കളഞ്ഞ് പുതിയത് വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെട്ടു പോവും. അതുകൊണ്ടുതന്നെ എന്തും സഹിച്ച് നിങ്ങള്‍ പുതിയത് സ്വന്തമാക്കിയിരിക്കും. വാങ്ങിക്കൂട്ടുകയും അതേ വേഗത്തില്‍ കൈയൊഴിക്കുകയും ചെയ്യുന്നു ഈ ഉത്തര-ഉത്തരാധുനിക തലമുറ.

കാര്‍, ഫ്‌ളാറ്റ്, ഐപാഡ് ഇവയിലേറ്റവും പുതിയ മോഡല്‍ സ്വന്തമാക്കാനുള്ള അന്വേഷണവും തത്രപ്പാടുമാണ് ആളുകളെ മദിക്കുന്നത്. ഇവയുടെയൊന്നും ഉപയോഗമല്ല, ഉടമസ്ഥതയാണ് എല്ലാവരെയും സംതൃപ്തരാക്കുന്നത്. അതുകൊണ്ടാണല്ലോ കേരളത്തില്‍ പന്ത്രണ്ട് ലക്ഷത്തോളം രമ്യഹര്‍മ്യങ്ങള്‍ ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്.

ഖാലിദ് എം, പൂക്കോട്ടൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍