Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

ഖുര്‍ആനിലെ ദൈവം: വിശ്വപ്രപഞ്ചത്തിലൂടെ അനുഭൂതമാകുന്ന മഹാവൈഭവം

സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി /ഖുര്‍ആന്‍ വായന

         ഒരു ട്രെയിന്‍ യാത്രയില്‍ സഹയാത്രികനായ ഒരാള്‍ എന്നോടു ചോദിച്ചു: ''ദൈവം ഉണ്ടോ?'' ഞാന്‍ അതിനു ഇങ്ങനെ മറുപടി പറഞ്ഞു: ''അതറിഞ്ഞു കൂടാ, പക്ഷേ ഞാന്‍ ഉണ്ട്.''

അയാള്‍ ആ ഹാസ്യം രസിച്ച് ഊറിച്ചിരിച്ചു. ചോദ്യകര്‍ത്താവ് സഹൃദയനാണെന്നു മനസ്സിലായതു കൊണ്ട് അല്‍പം സംസാരിക്കാമെന്നു ഞാനും നിശ്ചയിച്ചു. അയാള്‍ ചോദ്യം ഇങ്ങനെ വ്യക്തപ്പെടുത്തി: ''ഞാന്‍ ഉദ്ദേശിച്ചത് ദൈവം സത്യമാണെന്ന് സ്വാമി സമ്മതിക്കുന്നുണ്ടോ എന്നാണ്.'' ഞാന്‍ പറഞ്ഞു: ''സത്യമല്ലാത്തൊരു ദൈവത്തേയും ഞാന്‍ ആരാധിക്കുകയില്ല.'' ഉടനെ ഞാന്‍ പ്രതീക്ഷിച്ചിരുന്ന ചോദ്യം വന്നു: ''അപ്പോള്‍ എന്താണു സ്വാമീ സത്യം?'' ഞാന്‍ പറഞ്ഞു: ''നമുക്ക് അതൊന്നു അപഗ്രഥിച്ചു നോക്കാം. നിങ്ങളും ഞാനും സത്യമാണെന്ന് താങ്കള്‍ സമ്മതിക്കുന്നുണ്ടോ?'' അയാള്‍ പറഞ്ഞു: '' തീര്‍ച്ചയായും.'' അന്നേരം ഞാന്‍ ചോദിച്ചു: ''എന്തുകൊണ്ട്?'' അയാള്‍ പറഞ്ഞു: '' ഞാന്‍ കാണുന്നു, കേള്‍ക്കുന്നു, നിങ്ങളെ സ്പര്‍ശിക്കുന്നു; മണക്കുന്നു. അതുകൊണ്ട് ഞാനും നിങ്ങളും സത്യം തന്നെ.'' ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു: '' അനുഭവിക്കുന്നു; അതിനാല്‍ നമ്മള്‍ സത്യമാകുന്നു എന്ന് താങ്കള്‍ കരുതുന്നു, എന്ന് ഞാന്‍ മനസ്സിലാക്കിയാല്‍ ശരിയാകുമോ?'' അയാള്‍ വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു: ''അതേ, അനുഭവിക്കുന്നു; അതിനാല്‍ നാം സത്യമാണ്.'' ഞാന്‍ തുടര്‍ന്നു പറഞ്ഞു: ''പത്തു മിനിറ്റ് സംസാരം കൊണ്ട് നാം ഒരു ബോധ്യത്തിലെത്തി: സത്യമെന്നാല്‍ അനുഭവം എന്നതാണ്.'' അയാള്‍ അതേ അതേ എന്നര്‍ഥത്തില്‍ തലയാട്ടി. ഞാന്‍ വീണ്ടും തുടര്‍ന്നു: ''അനുഭവിക്കാനാകുന്നതാണ് സത്യം. എങ്കില്‍ ഈശ്വരനും അനുഭവമാണ്. അതിനാല്‍ അവിടുന്ന് സത്യമാണ്.'' അയാള്‍ ഏറക്കുറെ സമ്മതം എന്ന മട്ടില്‍ തലയാട്ടി. കുറച്ചു നേരം സജീവവും അഗാധവുമായ മൗനത്താല്‍ ഞങ്ങള്‍ പരസ്പരം സ്പര്‍ശിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് അയാള്‍ പതുക്കെ ചോദിച്ചു: '' ഈശ്വരനെ എങ്ങനെയാണ് സ്വാമിജീ, അനുഭവിക്കാനാവുക?'' ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ എങ്ങനെയാണ് എന്നെ അനുഭവിക്കുന്നത്, നിങ്ങളെ തന്നെയും അനുഭവിക്കുന്നത്?'' അയാള്‍ ബുദ്ധിമാനായിരുന്നു. അതിനാല്‍ ഉത്തരം പെട്ടെന്നു വന്നു: ''ഇന്ദ്രിയങ്ങളെ കൊണ്ടും ബോധത്തെ കൊണ്ടും.'' ഞാന്‍ ചിരിയോടെ പറഞ്ഞു: ''വളരെ ശരിയാണ്; ഇന്ദ്രിയങ്ങളെ കൊണ്ടും ബോധത്തെ കൊണ്ടും തന്നെയാണ് നിങ്ങള്‍ നിങ്ങളെയും എന്നെയും നമ്മള്‍ ഉള്‍പ്പെട്ട പ്രപഞ്ചത്തെയും ഒക്കെ അനുഭവിക്കുന്നത്. ദൈവത്തെയും അങ്ങനെത്തന്നെയാണ് അനുഭവിക്കാനാവുക.'' ഞാനൊന്നു നിര്‍ത്തി ഇത്രയും കൂടി ചേര്‍ത്തു: ''അനുഭവിക്കാനുള്ള കഴിവുള്ളവര്‍ക്കൊന്നും നിഷേധിക്കാനാകാത്ത അനുഭവമാണ് പ്രണയം എന്നതു പോലെ ഈശ്വരനും.'' അതു പറഞ്ഞപ്പോള്‍ അയാള്‍ ഒന്നിളകിയിരുന്നു. എന്നിട്ട് ചോദിച്ചു: ''സ്വാമിജീ, ദൈവത്തെ പ്രണയം പോലൊരനുഭവമായി കാണുന്നതു തെറ്റല്ലേ?'' ഞാന്‍ പറഞ്ഞു: ''തെറ്റല്ല; അതു നമ്മുടെ പരിമിതിയാണു സഹോദരാ. ദൈവത്തെ വേദഗ്രന്ഥങ്ങള്‍ 'അവന്‍' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അതിനര്‍ഥം ദൈവം എന്നെയും നിങ്ങളെയും പോലെ ജനിതകമായി ആണ്‍ലിംഗം ഉള്ളയാളാണെന്നല്ലല്ലോ. ഇതുപോലെയുള്ള വാക്കുകള്‍ ഉപയോഗിക്കാതെ ദൈവത്തെപ്പറ്റി നമുക്കൊന്നും പറയാനാവില്ല. അതാണു നമ്മുടെ പരിമിതി. ജിബ്‌രീല്‍ എന്ന മലക്ക് വഴി മുഹമ്മദ് നബിക്ക് അല്ലാഹുവില്‍ നിന്നു ലഭിച്ചതാണ് വിശുദ്ധ ഖുര്‍ആന്‍. ഇവിടെ ജിബ്‌രീല്‍ സംസാരിച്ചത് അറബി ഭാഷയിലാണ്. എന്തുകൊണ്ട്? മുഹമ്മദിന് ആ ഭാഷയേ അറിയൂ എന്നത് കൊണ്ടു തന്നെ. മുഹമ്മദിനോട് സംസാരിച്ചപ്പോള്‍ ദൈവം അറബി ഭാഷയിലേക്ക് വന്നു. മോസസ്സിനോടും യേശു ക്രിസ്തുവിനോടും സംസാരിച്ചപ്പോള്‍ അവരുടെ ഭാഷയിലാണ് അവര്‍ ദൈവത്തെ കേട്ടത്. ഇങ്ങനെ ദൈവം മനുഷ്യാനുഭവങ്ങളിലേക്ക് കാല-ദേശ- ഭാഷാ വിധേയമായി ഇറങ്ങി വന്നില്ലായിരുന്നെങ്കില്‍ നമ്മള്‍ക്ക് വായിച്ചനുഭവിക്കാന്‍ വേദഗ്രന്ഥങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ! ദൈവത്തിന്റെ കാരുണ്യം മനുഷ്യര്‍ക്കു മനസ്സിലാവാന്‍ ദൈവം മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിധിവിലക്കുകള്‍ പ്രകാശിപ്പിച്ചിരിക്കുന്നതാണ് വേദം. ഇതു മനസ്സിലാക്കിയാല്‍ മനുഷ്യന്റെ അനുഭവിക്കാനുള്ള കഴിവിന്റെ പരിമിതിയിലേ മനുഷ്യനു ദൈവത്തെ അനുഭവിക്കാനായിട്ടൂള്ളൂ എന്നും, അനുഭവിക്കാനാവൂ എന്നും മനസ്സിലാക്കാനാവും.''

ഇത്രയും കേട്ടപ്പോഴേക്കും അയാള്‍ വളരെ ചിന്താധീനനായി കാണപ്പെട്ടു. പിരിയുന്നതു വരെ അയാള്‍ പിന്നെയൊന്നും സംസാരിച്ചില്ല. പിരിയുവാന്‍ നേരത്ത് മാന്യമായി യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു. രണ്ടു നാള്‍ കഴിഞ്ഞ് ഒരു സന്ദേശം ആ സഹയാത്രികനില്‍ നിന്ന് എനിക്ക് കിട്ടി. അതിങ്ങനെയായിരുന്നു: ''ദൈവം വിവിധ പ്രവാചകന്മാരോട് അവരുടെ ഭാഷയില്‍ സംസാരിച്ചില്ലായിരുന്നെങ്കില്‍ മാനവരാശിക്ക് വായിച്ചനുഭവിക്കാന്‍ വേദഗ്രന്ഥങ്ങളേതും ഉണ്ടാകുമായിരുന്നില്ല എന്ന സ്വാമിയുടെ വാക്കുകള്‍ ഖുര്‍ആനിലൂടെ, ബൈബിളിലൂടെ, ഭഗവദ്ഗീതയിലൂടെയൊക്കെ ദൈവത്തെ അനുഭവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. നന്ദി.''

ഈ അനുഭവം ഇവിടെ ചുരുക്കി വിവരിച്ചത് മനുഷ്യന് ദൈവത്തെക്കുറിച്ച് ചിന്തിക്കാനും പറയാനും അറിയാനും മനുഷ്യന്റെ അനുഭവിക്കാനുള്ള കഴിവിന്റെ പരിമിതിക്കകത്തേ സാധ്യമാകൂ എന്നു വ്യക്തമാക്കാനാണ്. ദൈവം പരിമിതനല്ല; പക്ഷെ ദൈവത്തെ അറിയാനും അനുഭവിക്കാനുമുള്ള മനുഷ്യന്റെ കഴിവുകള്‍ക്ക് പരിമിതി ഉണ്ടെന്നര്‍ഥം. ഒരു മുക്കുവന്‍ കടലിനെ എപ്പോഴും അനുഭവിക്കുന്നുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം മുക്കുവന്‍ കടലിനെക്കുറിച്ച് എല്ലാം അറിയുന്ന-സര്‍വജ്ഞനായ-ആളാകുന്നില്ലല്ലോ. ഇതുപോലൊരു പരിമിതി സകല ദൈവഭക്തര്‍ക്കും ഉണ്ട്. ദൈവഭക്തര്‍ ദൈവത്തെ എപ്പോഴും അനുഭവിക്കുന്നുണ്ടാകാം; പക്ഷേ അവരൊരിക്കലും ദൈവത്തെ പൂര്‍ണമായി അറിയുന്നില്ല. പൂര്‍ണമായി അറിയാന്‍ കഴിയാത്തതൊന്നും ഇല്ലാത്തതല്ല. അറിയാന്‍ കഴിയാത്തതിനെ അനുഭവിക്കാനാവില്ലെന്നും പറയാനാവില്ല. ഉദാഹരണത്തിന് 'പ്രകാശ'ത്തെ എടുക്കുക. എല്ലാവരും പ്രകാശത്തെ അനുഭവിക്കുന്നുണ്ട്. പക്ഷേ പ്രകാശത്തെ കുറിച്ച് എല്ലാം അറിഞ്ഞു കഴിഞ്ഞു താനെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോ സ്റ്റീഫന്‍ ഹോക്കിങ്‌സോ ഉള്‍പ്പെടെ മഹാശാസ്ത്ര പ്രതിഭകള്‍ പോലും പറയുകയില്ല. ശാസ്ത്ര പ്രതിഭകള്‍ 'പ്രകാശ'ത്തോടു പുലര്‍ത്തി വരുന്ന സമീപനം തന്നെയാണ് ദൈവഭക്തര്‍ ദൈവത്തോടും പുലര്‍ത്തിവരുന്നത്; ദൈവഭക്തര്‍ ദൈവത്തെ അനുഭവിക്കുന്നു. അതേസമയം, ദൈവത്തെക്കുറിച്ച് എല്ലാം അറിയുന്നവരല്ലെന്നു സമ്മതിക്കുകയും ചെയ്യുന്നു. അനുഭവിക്കുന്നതിനെ നിഷേധിക്കാനാവില്ലെന്നതു പോലെ പൂര്‍ണമായി അറിയണമെന്നും ഇല്ല. ഇതു മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തവരാണ് മിക്ക നിരീശ്വര വാദികളും. അതു കൊണ്ടവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: ''അല്ലയോ വിശ്വാസികളേ നിങ്ങള്‍ക്ക് ദൈവം അനുഭവമാണെങ്കില്‍ അതെന്താണെന്ന് ഞങ്ങളെ അറിയിച്ചു തരിക'' എന്ന്. ഇത്തരം വാദഗതികള്‍ 'അനുഭവിക്കുന്നതെല്ലാം അറിയാന്‍ പറ്റുന്നതാകണം' എന്നതിലൂന്നി നില്‍ക്കുന്നു. പക്ഷേ അനുഭവിക്കുന്നതെല്ലാം അറിവുള്ളതായിരിക്കണമെന്നില്ല എന്നതിന് 'പ്രകാശം' തന്നെ തെളിവെന്നു ചൂണ്ടിക്കാണിച്ചല്ലോ. ഇതുവെച്ച് ചിന്തിച്ചാല്‍, ദൈവം അനുഭവമായിരിക്കെത്തന്നെ ദൈവത്തെ അറിയുക എന്നത് എന്തുകൊണ്ട് അസാധ്യമായിരിക്കുന്നു മനുഷ്യര്‍ക്ക് എന്നതിന് സമാധാനം കിട്ടും.

ഖുര്‍ആനിലെ ദൈവം മനുഷ്യന് ഇന്ദ്രിയങ്ങളിലൂടെയും ബോധത്തിലൂടെയും അനുഭവിക്കാവുന്ന അപരിമേയമായ മഹാശക്തിയാണ്. എങ്ങനെ ദൈവത്തെ അനുഭവിക്കാനാകുമെന്ന ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സമാധാനം ദൃഷ്ടാന്തങ്ങളിലൂടെ എന്നതാണ്. ഞാനും നിങ്ങളും പുല്ലും പുഴുവും പുഴയും പര്‍വതവും മഴയും കാറ്റും രാവും പകലും കടലും കപ്പലും ആദിത്യ ചന്ദ്രന്‍മാരും, മഹാകാശവും അതിലെ എണ്ണമറ്റ താരാപഥങ്ങളും എല്ലാം എല്ലാം സര്‍വശക്തനും സര്‍വജ്ഞനും സര്‍വവ്യാപിയും സര്‍വലോക നാഥനുമായ ദൈവത്തിന്റെ അഥവാ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും അതിലൂടെ അല്ലാഹുവിന്റെ അപാരമായ കാരുണ്യവും അതിശയനീയമായ വൈഭവവും അനുഭവിക്കുവാന്‍ ആലോചനാ ശക്തി ഉപയോഗിക്കണമെന്നുമാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നത്. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന ഉപമകളിലൂടെ, പുരാവൃത്തങ്ങളിലൂടെ, സംഭവങ്ങളിലൂടെ ഒക്കെയാണ് അക്കാര്യം ഖുര്‍ആന്‍ അവതിരിപ്പിച്ചിരിക്കുന്നതും.

ഒരു നല്ല ശില്‍പമോ, ചിത്രമോ, കവിതയോ കണ്ടോ കേട്ടോ ആസ്വദിക്കുന്നതിലൂടെ നമ്മള്‍ ആ സൃഷ്ടികളുടെ സ്രഷ്ടാവിന്റെ പ്രതിഭാ വൈഭവത്തെ തൊട്ടനുഭവിക്കുകയാണല്ലോ ചെയ്യുന്നത്. ഇതുപോലെ വിസ്മയനീയമായ വിശ്വപ്രപഞ്ചം എന്ന സൃഷ്ടിയിലൂടെ സ്രഷ്ടാവിന്റെ വിസ്മയനീയ പ്രതിഭയെ അനുഭവിക്കാം. ഇങ്ങനെ ദൈവാനുഭവം കൊള്ളുന്നവരാകാന്‍ കഴിയുമ്പോഴേ മനുഷ്യന്‍ ഭക്തനാകുന്നുള്ളൂ. പ്രപഞ്ചത്തിലൂടെ ദൈവത്തെ അനുഭവിക്കാനാകുമെന്നല്ലാതെ ദൈവം നാലോ ആറോ കൈകളോടെയും നാലോ പത്തോ ശിരസ്സുകളോടെയും പ്രത്യക്ഷപ്പെട്ടു മനുഷ്യനെ അനുഭവപ്പെടുത്തും എന്ന നിലപാട് ഖുര്‍ആനില്‍ ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തീര്‍ച്ചയായും അദൃശ്യങ്ങളെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് അദൃശ്യമായ പ്രതിഭാസങ്ങള്‍ മുഹമ്മദ് നബിയെ പോലെയും ഈസാ നബിയെ പോലെയും മൂസാ നബിയെ പോലെയും ഉള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവാചക വരിഷ്ഠര്‍ക്ക് ജിബ്‌രീല്‍ മലക്കിനെ പോലെയും പരിശുദ്ധാത്മാവിനെ പോലെയും അനുഭവ പ്രത്യക്ഷമായി തീരാം എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ദൈവഭക്തരെല്ലാം പ്രവാചകന്മാര്‍ അല്ലല്ലോ. അതിനാല്‍ ദൈവഭക്തരെ സംബന്ധിച്ചു ദൈവം അവര്‍ക്ക് അനുഭൂതമാകുന്നത് മനുഷ്യര്‍ ഉള്‍പ്പെടെയുള്ള വിശ്വപ്രപഞ്ചത്തിലൂടെയാണ് എന്നു പറയാം. അതിനാല്‍ വിശ്വപ്രഞ്ചത്തിലൂടെ മനുഷ്യന് അനുഭൂതമാകുന്ന മഹാ വൈഭവമാണ് ഖുര്‍ആനിലെ ദൈവമെന്ന് നിര്‍വചിച്ചാല്‍ അത് ഏറെ തെറ്റാകില്ലെന്നു വിശ്വസിക്കട്ടെ... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍