മുദ്രകള്‍
റഷ്യ-തുര്‍ക്കി സംഘര്‍ഷം ബാക്കിവെക്കുന്നത്
തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വീഴ്ത്തിയതിനെ ചൊല്ലി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മിലുള്ള വാക്‌പോര് ഇതെഴുതുമ്പോഴും തുടരുകയാണ്. ഒരിഞ്ച് വിട്ടുകൊടുക്കാത്ത പ്രകൃതമാണ് രണ്ട് നേതാക്കള്‍ക്കും. ആരോപണങ്ങളും വെല്ലുവിളികളും ഇനിയും തുടരാന്‍ തന്നെയാണ് സാധ്യത. ഏറ്റവുമൊടുവില്‍ പുടിന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന ഭീകര സംഘവുമായി തുര്‍ക്കിക്ക് രഹസ്യ ഇടപാടുണ്ടെന്നും അവരുടെ നിയന്ത്രണത്തിലുള്ള ഇറാഖ് - സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് തുര്‍ക്കി എണ്ണ കടത്തുന്നുണ്ടെന്നും ആ കള്ളക്കടത്തിന് ഭീഷണിയാവുമെന്ന് കണ്ടാണ് തങ്ങളുടെ 'സ്യൂ 24' വിമാനം വെടിവെച്ച് വീഴ്ത്തിയതെന്നുമാണ് പുടിന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. പുടിന്‍ ആരോപണം ശരിയാണെന്ന് തെളിയിച്ചാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഉര്‍ദുഗാന്‍. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
വിമാനം വീഴ്ത്തല്‍ കേവലം യാദൃഛികമല്ല. നേരത്തെ ഉരുണ്ട് കൂടിക്കൊണ്ടിരുന്ന റഷ്യന്‍-തുര്‍ക്കി സംഘര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. റഷ്യ സിറിയയില്‍ നേരിട്ടിടപെടാനും ബോംബിടാനും തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ഐ.എസിനെ നേരിടാനാണെന്ന് പറഞ്ഞാണ് റഷ്യന്‍ വിമാനങ്ങളെത്തിയത്. ബോംബിടുന്നതോ സിറിയന്‍ സംയുക്ത പ്രതിപക്ഷത്തിന്റെ കേന്ദ്രങ്ങളിലും. ബശ്ശാറുല്‍ അസദിന്റെ നിലനില്‍പ്പ് പരോക്ഷമമായി ഉറപ്പ് വരുത്തുന്ന ഐ.എസിന്റെ സാന്നിധ്യം റഷ്യക്ക് വിഷയമല്ല. സിറിയന്‍ പ്രതിപക്ഷത്തിന്റെ മുന്‍ നിരയിലുണ്ട് തുര്‍ക്കി വംശജരായ തുര്‍ക്കുമാനുകള്‍. തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള അവരുടെ കേന്ദ്രങ്ങളിലാണ് റഷ്യന്‍ വിമാനങ്ങള്‍ കാര്യമായും ബോംബിടുന്നത്; ഇത് തുര്‍ക്കിയെ പ്രകോപിപ്പിക്കും എന്നറിഞ്ഞ് കൊണ്ട് തന്നെ. അതിര്‍ത്തി ഭേദിച്ച അതിലൊരു വിമാനമാണ് പലതവണ മുന്നറിയിപ്പ് നല്‍കിയ ശേഷം തുര്‍ക്കി വെടിവെച്ചിട്ടത്.
തുര്‍ക്കിയുടെ അതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന പുടിന്റെ വാദം കളവാണെന്ന് വ്യക്തമായിട്ടുണ്ട്. മുന്നറിയിപ്പ് കൊടുത്തതിന്റെ ശബ്ദരേഖയും തുര്‍ക്കി പുറത്തുവിട്ടു. കഴിഞ്ഞ ഒക്‌ടോബര്‍ 16 ന് റഷ്യയുടെതെന്ന് കരുതപ്പെടുന്ന ഒരു ആളില്ലാ വിമാനം തുര്‍ക്കി വെടിവെച്ചിട്ടിരുന്നു. എസ്‌തോണിയ, ലാത്വ്‌വിയ, ലിത്വാനിയ തുടങ്ങിയ നിരവധി അയല്‍ രാഷ്ട്രങ്ങളുടെ വ്യോമാതിര്‍ത്തികള്‍ റഷ്യ നിരന്തരം ലംഘിക്കാറുണ്ട്. 'നാറ്റോ' നല്‍കുന്ന മുന്നറിയിപ്പുകള്‍ക്കൊന്നും റഷ്യ പുല്ലുവില കല്‍പ്പിക്കാറുമില്ല. ഇതില്‍ ക്ഷുഭിതരാണ് 'നാറ്റോ' അംഗരാജ്യങ്ങള്‍. അതിനാല്‍ തന്നെ തുര്‍ക്കിക്ക് സര്‍വ പിന്തുണയുമായി 'നാറ്റോ' രംഗത്തുണ്ട്. അവസരം മുതലെടുത്ത് ബാള്‍ട്ടിക് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഒരു സൈന്യത്തെ അയക്കാനൊരുങ്ങുകയാണ് 'നാറ്റോ'.
പശ്ചിമേഷ്യയില്‍ തീകൊണ്ടുള്ള കളിക്കാണ് റഷ്യ തുടക്കം കുറിച്ചിരിക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും പാവ സര്‍ക്കാറുകളെ പിന്താങ്ങുകയെന്ന സോവിയറ്റ് യൂനിയന്റെ ശീതയുദ്ധകാല വിദേശ നയത്തെ ഹിംസാത്മകതയോടെ പുനഃസൃഷ്ടിക്കുകയാണ് പുടിന്‍. ഉക്രയിനിലും ക്രീമിയയിലും നാമത് കണ്ടു; സിറിയയില്‍ കണ്ടു കൊണ്ടിരിക്കുന്നു. ഒരു സ്വേഛാധിപതിയുടേതാണ് പുടിന്റെ സംസാരവും ശരീരഭാഷയുമെല്ലാം. വിമാനം വീഴ്ത്തിയതറിഞ്ഞപ്പോള്‍ പുടിന്റെ ആദ്യപ്രതികരണം 'തുര്‍ക്കി ഭീകരവാദികളുടെ സഹായികളാണ്' എന്നായിരുന്നു. പല മുനകളുള്ള പ്രയോഗമാണത്. 'ഐ.എസിന്റെ സഹായികള്‍' എന്നാണ് സന്ദര്‍ഭത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യക്ഷ അര്‍ഥം. ചെച്‌നിയയിലും ക്രീമിയയിലും മുസ്‌ലിം ന്യൂനപക്ഷങ്ങളെ റഷ്യ അടിച്ചമര്‍ത്തുന്നതിനെതിരെ തുര്‍ക്കി പ്രതികരിക്കാറുണ്ട്. റഷ്യന്‍ അധിനിവേശത്തെ മുസ്‌ലിംകള്‍ ചെറുത്താല്‍ അത് 'ഭീകരവാദ'മാകുമല്ലോ. അത്തരം 'ഭീകരവാദികളു'ടെ സഹായികള്‍ എന്നര്‍ഥത്തിലും എടുക്കാം. ഏതായാലും, ഇസ്‌ലാമിസ്റ്റ് പശ്ചാത്തലമുളളത് കൊണ്ട് ഉര്‍ദുഗാനെ വ്യക്തിഹത്യ ചെയ്യാനുളള പ്രൊപഗണ്ടാ യുദ്ധം റഷ്യന്‍ മീഡിയ തുടങ്ങിക്കഴിഞ്ഞു.
വിമാനം വീഴ്ത്തിയതിന് റഷ്യ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇനി സാധ്യതയില്ല. തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്ന് പുടിന്‍ പറയുന്നുണ്ടെങ്കിലും, പാശ്ചാത്യ നാടുകള്‍ മൊത്തം ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ അത് തുര്‍ക്കിയേക്കാളധികം റഷ്യയെ തന്നെയായിരിക്കും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. റഷ്യക്കാരുടെ രോഷം തണുപ്പിക്കാനുള്ള അടവായേ അതിനെ കാണേണ്ടതുള്ളൂ. അതേ സമയം, വീണ്ടും സായുധപ്പോരാട്ടത്തിലേക്ക് തിരിച്ച് പോകുന്ന തുര്‍ക്കിയിലെ കുര്‍ദു ഗ്രൂപ്പുകള്‍ക്ക് റഷ്യ നിര്‍ലോഭം ആയുധം നല്‍കാനുള്ള സാധ്യത കൂടുതലാണ്. സിറിയയിലെ തുര്‍ക്കുമാന്‍ പ്രതിപക്ഷ നിരയെയും റഷ്യ കൂടുതലായി ടാര്‍ഗറ്റ് ചെയ്‌തേക്കും. സിറിയന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവാനേ അത് വഴിവെക്കൂ. വിഷയം ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാമെന്ന ഉര്‍ദുഗാന്റെ ഓഫര്‍ പുടിന്‍ തള്ളിയതോടെ മറ്റൊരു വന്‍ശക്തിപ്പോരിന് വേദിയാവുകയാണ് പശ്ചിമേഷ്യ.
അസീസ് സന്‍കാര്‍
നോബല്‍ സമ്മാനം നേടിയ ശാസ്ത്രപ്രതിഭ
സമാധാനത്തിനുള്ള നോബല്‍ സമ്മാനം മുസ്‌ലിം നാടുകളിലെ കൂട്ടായ്മകള്‍ക്കോ വ്യക്തികള്‍ക്കോ ലഭിക്കുന്നത് ഇപ്പോള്‍ അപൂര്‍വമല്ല. ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് തുനീഷ്യയിലെ നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ കൂട്ടായ്മക്കാണ്. തുനീഷ്യന്‍ ജനറല്‍ ലേബര്‍ യൂനിയന്‍, തുനീഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി, തുനീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ്, തുനീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നീ സംഘടനകള്‍ ചേര്‍ന്ന ചതുഷ്‌കം (Quartet) ആണ് വേദി. ഓരോ വര്‍ഷവും ശാസ്ത്ര വിഷയങ്ങള്‍ക്കും മൂന്ന് നോബല്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും മുസ്‌ലിം ശാസ്ത്രജ്ഞര്‍ക്ക് അത് ലഭിക്കുന്നത് അത്യപൂര്‍വം എന്ന് തന്നെ പറയണം. ശാസ്ത്ര രംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥയെ അത് കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത്തവണത്തെ ശാസ്ത്ര പുരസ്‌കാര ജേതാക്കളില്‍ ഒരു മുസ്‌ലിം ശാസ്ത്രജ്ഞനുമുണ്ട്- അമേരിക്കയില്‍ ഗവേഷണം നടത്തുന്ന തുര്‍ക്കി വംശജനായ അസീസ് സന്‍കാര്‍. രസതന്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം സ്വീഡനിലെ തോമസ് ലിന്‍ഡാള്‍, അമേരിക്കയിലെ പോള്‍ മോഡറിക് എന്നിവരോടൊപ്പം അദ്ദേഹം പങ്കിടുകയായിരുന്നു. ഒര്‍ഹാന്‍ പാമുക്കിന് (2006-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം) ശേഷം നോബല്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ തുര്‍ക്കിക്കാരനാണ് അസീസ്.
കഠിനാധ്വാനത്തിനുള്ള സമ്മാനമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ബയോകെമിസ്ട്രി പ്രഫസറായ അസീസ് സന്‍കാര്‍ പറയുന്നു. യുവപ്രതിഭക്കുള്ള നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്റെയും (1984), അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഫോട്ടോ ബയോളജിയുടെയും (1990), ടര്‍ക്കിഷ് സയന്റിഫിക് റിസര്‍ച്ച് കൗണ്‍സിലിന്റെയും (1995) അവാര്‍ഡുകള്‍ ഈ 69 കാരനെ നേരത്തെ തേടിയെത്തിയിട്ടുണ്ട്. ഡി.എന്‍.എയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനെക്കുറിച്ച പഠനത്തിനാണ് നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു ശരീരകോശം എങ്ങനെ പ്രവര്‍ത്തന ക്ഷമമാകുമെന്നതിനെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നവയാണ് ഈ മൂന്ന് ശാസ്ത്രജ്ഞരും നടത്തിയ പഠനങ്ങളെന്ന് സ്വീഡിഷ് ശാസ്ത്ര അക്കാദമി വിലയിരുത്തി.
തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ സാവൂറില്‍ 1946-ലാണ് സന്‍കാറിന്റെ ജനനം. ''എന്റെ മാതാപിതാക്കള്‍ നിരക്ഷരരായിരുന്നു. പക്ഷെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കിയിരുന്നു. ഞങ്ങള്‍ എട്ടുമക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ പാടുപെട്ടു''- സന്‍കാര്‍ അനുസ്മരിക്കുന്നു.
'ദീനിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയാര്‍'
കഴിഞ്ഞ നവംബര്‍ 23ന് ബംഗ്ലാദേശിലെ ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റിയ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദിനെയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരിയെയും വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ട് മുമ്പ് പ്രസിഡന്റിന് ദയാ ഹരജി കൊടുക്കാന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രണ്ട് പേരും ദയാഹര്‍ജി കൊടുക്കാന്‍ വിസമ്മതിച്ചു. ''ഞങ്ങള്‍ 1971 ല്‍ പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് ബംഗാളി പൗരന്മാരെ കൂട്ടക്കൊല ചെയ്തു. അതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. അതിനാല്‍ പ്രസിഡന്റ് അബ്ദുല്‍ ഹാമിദിന് ഞങ്ങള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്നു.'' ഇത്രയുമാണ് ദയാഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ദയാ ഹരജിയുമായി ഹസീനാ വാജിദ് കാബിനറ്റിലെ രണ്ട് മന്ത്രിമാര്‍ തന്നെയാണ് അലി അഹ്‌സന്‍ മുജാഹിദിനെ കാണാനെത്തിയത്. ഹരജിയില്‍ ഒപ്പിട്ടാല്‍ രക്ഷപ്പെടുത്താമെന്നും അവര്‍ വാഗ്ദാനം ചെയ്തത്രെ. മന്ത്രിമാര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. വാര്‍ത്ത വന്നതോ, ഇരുവരും സമര്‍പ്പിച്ച ദയാഹരജി പ്രസിഡന്റ് തള്ളി എന്നും!
തന്നെ അവസാനമായി സന്ദര്‍ശിക്കാനെത്തിയ മകനോട് ശഹീദ് അലി അഹ്‌സന്‍ മുജാഹിദ് പറഞ്ഞു: ''വധശിക്ഷ ഞാന്‍ പ്രശ്‌നമാക്കുന്നേയില്ല; എന്നെയത് ആകുലപ്പെടുത്തുന്നുമില്ല. ഞാന്‍ എന്റെ ജീവിത കാലത്ത് ഒരു നിരപരാധിയുടെയും രക്തം ചിന്തിയിട്ടില്ല; അത്തരം അതിക്രമങ്ങളില്‍ പങ്കാളിയായിട്ടുമില്ല. ഇത് ഭരണകൂടം നടത്തുന്ന കള്ളപ്രചാരണമാണ്. അവര്‍ നീതിന്യായ സംവിധാനത്തെ കാറ്റില്‍ പറത്തി രാഷ്ട്രീയമായി പ്രതികാരം ചെയ്യുകയാണ്. അത്തരം ആരോപണങ്ങളെയത്രയും ഞാന്‍ തള്ളിക്കളയുന്നു. അല്ലാഹുവിന്റെ ദീനിനെ സേവിക്കാനും അതിന്റെ അഭ്യുന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഏത് നിമിഷവും എന്റെ ജീവന്‍ നല്‍കാന്‍ ഞാന്‍ തയാറായിരുന്നു; ഇപ്പോഴും തയാറുമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രയാണം ചെയ്യാനുള്ള ഉതവി അവന്‍ എനിക്ക് നല്‍കുമാറാകട്ടെ.''
Comments