Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

അറവ്

മുഹമ്മദ് കുട്ടി പൊന്മുണ്ടം /കഥ

         ഉച്ചയുറക്ക് ശീലമില്ലെങ്കിലും ഊണിനു ശേഷം വരാന്തയിലെ ചാരുകസേരയില്‍ ഒന്നു നീണ്ടുനിവര്‍ന്ന് കിടന്നു. തലക്കുള്ളിലേക്ക് എന്തെങ്കിലും കടത്തിവിട്ട് ചേറിയെടുക്കല്‍ ബാപ്പുഹാജിയുടെ പതിവു ശൈലിയാണ്. മണ്ട കാലിയാകാതിരിക്കാനും മണ്ടക്കുള്ളില്‍ കയറിയത് ചേറി നെല്ലും പതിരും വേര്‍തിരിക്കാനും ഇതു നല്ല മാര്‍ഗമാണെന്ന് അദ്ദേഹം കുറച്ചുകാലമായി ശീലിച്ചതാണ്. പതിവു തെറ്റിക്കാതെ ഇത് തുടരുന്നതിനിടയിലാണ് അടുത്ത വീട്ടിലെ കുഞ്ഞിമോന്‍ എന്ന എട്ടുവയസ്സുകാരന്‍ റോഡിലേക്കോടുന്നത് ശ്രദ്ധയില്‍ പെട്ടത്. 'എന്താടാ കുഞ്ഞിമോനേ മണ്ടുന്നത്?' കിതപ്പ് തള്ളിയ ശ്വാസത്തിനിടയിലൂടെ കുഞ്ഞിമോന്‍ ഒപ്പിച്ചെടുത്തു; ഉമ്മാമാക്ക് മുട്ടലാണ്, ഉപ്പ പറഞ്ഞു വേഗം ഒരോട്ടോറിക്ഷ ബിളിച്ചിട്ടുവാന്ന്.

കുഞ്ഞിമോന്‍ അടുത്ത വീട്ടിലെ ബാപ്പുട്ടി എന്ന ഹംസക്കുട്ടിയുടെ മകനാണ്. ബാപ്പുട്ടിയുടെ ഉമ്മ ആയിശുമ്മുതാത്ത. തൊണ്ണൂറിന്റെ കരകൗശലങ്ങള്‍ കുറച്ചൊക്കെ ആയിശുമ്മു താത്തായെ തല്ലിയുടച്ചിട്ടുണ്ടെങ്കിലും നീണ്ട എഴുപതാണ്ടിലധികം ഏറനാട്ടിലെ പാടത്തും പറമ്പത്തും തല്ലിയും തലോടിയും അവര്‍ ജീവിച്ചു. മറ്റുള്ളവരുടെ പാടത്തും പറമ്പത്തുമാണെങ്കിലും ഏതു ജോലിയും സ്വന്തം എന്നതില്‍ അപ്പുറം അവര്‍ ചിന്തിച്ചിരുന്നില്ല. ആയിശുമ്മു താത്ത ഇപ്പഴും ദൃഢഗാത്രയാണ്. അതുകൊണ്ടുതന്നെ ഏറനാടന്‍ മണ്ണ് ഇനിയും അവരെ ഏറ്റുവാങ്ങിയിട്ടില്ല. ബാപ്പു ഹാജിയുടെ ഉമ്മയും ആയിശുമ്മു താത്തയും ഉറ്റ ചാങ്ങാതികളായിരുന്നു. ഇരുവരും കൊയ്യാനും മെതിക്കാനും മറ്റും പോവുമ്പം ആറു മാസക്കാരനായ തന്നെയും എടുത്തുകൊണ്ടു പോവാറുണ്ട്. പാടത്ത് വെയിലേറ്റ് ഉമ്മ തളരുമ്പോള്‍ തളര്‍ച്ച ഏല്‍ക്കാത്ത ആയിശുമ്മു താത്ത തന്നെ വാങ്ങി അവരുടെ അമ്മിഞ്ഞ തനിക്ക് നുകരാന്‍ തന്നിരുന്നത് ഉമ്മ പലപ്പോഴും ബാപ്പുഹാജിയോടു പറഞ്ഞിട്ടുണ്ട്. മുലകുടി മാറുംവരെ ഇതായിരുന്നുവത്രേ പതിവ്. അതുകൊണ്ടുതന്നെ ആയിശുമ്മുതാത്ത നിയമപരമായി തന്റെ ഉമ്മയാണെന്നു ദൃഢബോധ്യം ബാപ്പുഹാജിക്കുണ്ട്.

പക്ഷേ, സാങ്കേതികത്വങ്ങള്‍ക്കപ്പുറം ആ ബന്ധത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ വരുമ്പോഴും ആയിശുമ്മു താത്ത ഇക്കാര്യം ബാപ്പുഹാജിയെ ഓര്‍മിപ്പിച്ചിരുന്നു. ചിന്തകള്‍ക്കിടയില്‍ കുഞ്ഞിമോനെ തെല്ലൊന്നാശ്വസിപ്പിച്ച് ബാപ്പുഹാജി പറഞ്ഞു: 'എടാ മോനേ ഫോര്‍ച്യൂണര്‍ ഞാന്‍ ഒന്നു കോഴിക്കോട്ടുവരെ പോവാന്‍ നിര്‍ത്തിയിട്ടതാണ്. സ്‌ക്വോഡ റഊഫും കുട്ട്യാളും ഫാന്റസി പാര്‍ക്കില്‍ പോണമെന്ന് പറഞ്ഞിരുന്നു. സ്വിഫ്റ്റ് ലിജു മോളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ എര്‍പ്പാടാക്കിയതാണ്.' കുഞ്ഞിമോന്‍ കുഞ്ഞു മനസ്സുകൊണ്ട് തെല്ലൊന്നന്ധാളിച്ചെങ്കിലും കാറുകളെക്കുറിച്ചൊന്നും ചോദിക്കാതെ തന്നെ തന്നോട് ഇത്രയും സൗമ്യമായി സംസാരിച്ച ബാപ്പുഹാജിയെ തെല്ലൊന്നുമല്ല മനസ്സുകൊണ്ട് അഭിനന്ദിച്ചത്. ശരംവിട്ട പോലെ ഓട്ടോ റിക്ഷക്കു പോയ കുഞ്ഞിമോന്‍ ക്ഷിപ്രവേഗം കാര്യം സാധിച്ചു. വല്യുമ്മയെ കയറ്റി ഉപ്പാക്കൊപ്പം ഓട്ടോയില്‍ പോകും വഴിക്ക് ബാപ്പുഹാജിക്കൊരു ടാറ്റാ കൊടുക്കാന്‍ മറന്നില്ല.

ഇങ്ങനെ വേണം കുട്ടികളായാല്‍. മനസ്സുകൊണ്ട് ഹാജി കുഞ്ഞിമോനെ അഭിനന്ദിച്ചു. ബാപ്പു ഹാജി ഇന്നു ഗ്രാമത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം നമ്പറുകാരനാണ്. എതിരെ മത്സരിക്കാന്‍ ഗള്‍ഫ്‌നാട്ടിലെ ചായക്കടകളും കഫ്‌ത്തേരിയകളുമൊക്കെ കൈയടക്കിയ ചിലര്‍ രംഗത്ത് വന്നെങ്കിലും അവരൊക്കെ കലക്കു വെള്ളത്തിലെ കുമിളകളായിരുന്നു എന്നു നാട്ടുകാര്‍ ചിലരെങ്കിലും വിധിയെഴുതിയിട്ടുണ്ട്. നാലോ അഞ്ചോ കെട്ടിടങ്ങള്‍ ചെറുതും വലുതുമായി പലയിടങ്ങളിലായി ഹാജിക്കുണ്ട്. ഏക്കറു കണക്കില്‍ റബര്‍ തോട്ടം, രണ്ട് കല്യാണ മണ്ഡപങ്ങള്‍ എന്നിവ കറവപ്പശുവിനെ പോലെ പണം ചുരത്തുന്നുണ്ട് ഹാജിക്ക്. കഷ്ടപ്പാടുകളില്‍ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും കുളിച്ചുകയറി ഒരു ദിവസം നട്ടുച്ച നേരത്ത് തിരൂരില്‍ നിന്നും നിസാമുദ്ദീന്‍ ട്രെയിനിന്നു മുംബൈയിലേക്ക് വണ്ടികയറുമ്പോള്‍ കൈവന്ന സൗഭാഗ്യങ്ങളുടെ മിന്നല്‍ സങ്കല്‍പം പോലും മനസ്സിലൂടെ കടന്നുപോയിട്ടില്ല.

ഗള്‍ഫില്‍ കയറിപ്പറ്റി വെന്തുരുകുന്ന മണല്‍ തിട്ടകളെ വകഞ്ഞുമാറ്റി നഗ്ന പാദനായി മരുഭൂമിയോട് മല്ലിട്ടതിന്റെ ഫലം ചൂടും ചോരയും ഇടകലര്‍ന്ന ഒരസഹ്യതയായിരുന്നു. ബിന്യാമിന്റെ ആടുജീവിതം ഹാജി നയിച്ചിട്ടില്ലെങ്കിലും ഒരു 'കഴുത ജീവിതം' തനിക്കുമുണ്ടായിരുന്നെന്ന് ഹാജി എപ്പോഴും അനുസ്മരിക്കും. ഹോര്‍ഫുക്കാനിലെ നീണ്ടു നിവര്‍ന്ന ഹൈവേയുടെ ഒരു ജംഗ്ഷനില്‍ തകരപ്പാളികള്‍ അടിച്ചുണ്ടാക്കിയ ഒരു കഫ്‌ത്തേരിയ തന്റെ ജീവിത സൗഭാഗ്യത്തിന്റെ കതക് തുറന്നത് ഹാജി മറക്കില്ല. നാട്ടില്‍ തേങ്ങ പൊതിക്കാന്‍ നടന്നതും വെറ്റില കൊടി നുള്ളിയെടുത്ത് ചായ്ചുകെട്ടാന്‍ നടന്നതും പോയ കാലത്തിന്റെ ചവര്‍ക്കുന്ന ഓര്‍മകളില്‍ നിന്നും ചിലപ്പോഴൊക്കെ തികട്ടിവരാറുണ്ട്. നാട്ടില്‍ നിന്നും കെട്ടിയവളയക്കുന്ന കത്തിന്റെ സ്വകാര്യത സൂക്ഷിക്കാന്‍ മലയാള അക്ഷരങ്ങള്‍ വശമില്ലാത്തതിനാല്‍ ഹാജിക്കു കഴിഞ്ഞിരുന്നു. ഇടക്കാലത്ത് നാട്ടില്‍ വരുമ്പോള്‍ ഒരു വയോജന ക്ലാസ്സിലൂടെയാണ് മലയാള അക്ഷരമാലയില്‍ ബിരുദമെടുത്തത്.

കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഗ്രാമത്തിന്റെ സജീവ സാന്നിധ്യമാണ് ഹാജി. ഗള്‍ഫ് പ്രവാസത്തിന് വിട ചൊല്ലി വീട്ടുകാര്യവും നാട്ടുകാര്യവും നോക്കി നാട്ടിലെ കവല യോഗങ്ങളിലും വഅ്‌ള് സ്റ്റഡി ക്ലാസ്സുകളിലും സാന്നിധ്യമുറപ്പിച്ച് പള്ളിക്കമ്മിറ്റിയിലെ സ്ഥിരാംഗത്വമെടുത്തു കഴിയുന്നു. ആര്‍ദ്രത, ദയ, കാരുണ്യം എന്നീ വികാരങ്ങള്‍ തനിക്ക് മറ്റാരേക്കാളും ഉണ്ടെന്ന് ഹാജിക്ക് ദൃഢബോധ്യമുണ്ട്. അതുകൊണ്ടുതന്നെ തന്റെ ഔദാര്യത്തിന്റെ കഥകള്‍ ഹാജി പലപ്പോഴും പറയാറുണ്ട്.

ഇപ്പോള്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന ബാപ്പുട്ടിയുടെ ഉമ്മാക്ക് ഷുഗര്‍ ലവല്‍ കുറഞ്ഞതു പരിശോധിക്കാന്‍ ഹാജി മുപ്പത് രൂപ കൊടുത്ത വിവരം നടപ്പു വര്‍ത്തമാനങ്ങളിലും ഹാജി കാച്ചി.

എനിക്ക് ഒരാള്‍ക്ക് കഷ്ടപ്പാടുണ്ടെന്ന് കേക്കുമ്പം വലിയ വിഷമമാണ്. കൈയിലുള്ളത് എടുത്തു കൊടുക്കും. അതിനല്ലേ പടച്ചതമ്പുരാന്‍ നമുക്ക് സമ്പത്ത് നല്‍കിയത്. അവിടെ പിശുക്ക് പിടിച്ചാല്‍ പടച്ചോന്‍ നമ്മെ വിടുമോ എന്ന് ചിലരോടൊക്കെ ഹാജി കാച്ചി. 

ആശുപത്രിക്കിടക്കയില്‍ ദിവസങ്ങളോളം കിടന്ന ബാപ്പുട്ടിയുടെ ഉമ്മ ആഇശുമ്മു താത്തയെ കാണാന്‍ ബാപ്പുഹാജിയും വീട്ടുകാരും പലകുറി പോവാന്‍ ശ്രമിച്ചിട്ടും കാര്യം നടന്നില്ലെന്നു വീട്ടിലേക്ക് കയറിവന്ന ബാപ്പുട്ടിയോട് ഒരു മുന്‍കൂര്‍ ക്ഷമാപണം നടത്തി. 'ഉമ്മാനെ കൊണ്ടുവന്നോ ബാപ്പുട്ടിയേ?' 'ഇല്ല. ഇന്നു കൊണ്ടുവരും. അഞ്ചു ദിവസം കിടന്നപ്പോള്‍ ഇരുപതായിരം ഉറുപ്പികയായി. അഞ്ചുപത്തായിരം ഉറുപ്പിക ഞങ്ങള്‍ ഒപ്പിച്ചിട്ടുണ്ട്. ഹാജ്യാര് ഒരു പതിനായിരം ഉറുപ്പിക കടം തരണം. ഞാന്‍ കൊറച്ചു ദിവസം കഴിഞ്ഞിട്ട് തിരിച്ചുതരാം.' ബാപ്പുട്ടി അല്‍പ്പം ജാള്യതയോടെ കാര്യം പറഞ്ഞൊപ്പിച്ചു. ''ന്റെ ബാപ്പുട്ടിയേ എന്താപ്പം കാട്ട്ണ്ട്. അഞ്ചു നയാ പൈസ ഇവിടെ ഇല്ലല്ലോ. മരുമോളു നദീറ പത്തു ദിവസം മുമ്പ് പെറ്റല്ലോ. ജ്ജി അറിഞ്ഞില്ലേ, സിസേറിയനായിരുന്നു. ഇപ്പം ആസ്പത്രിന്ന് പോന്നിട്ട് നാലു ദിവസമായി. അപ്പോഴേക്കും കുട്ടിനെ കാണല്‍ കഴിക്കാന്‍ പെരക്കാര്‍ക്ക് നിര്‍ബന്ധം- ഞാന്‍ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞിട്ട് മതീന്ന്. പെരക്കാര് സമ്മദിക്കിണില്ല. അതിനൊന്നും ചില്ലറ കായ് പോരല്ലോ. പോത്തറക്കണം. രണ്ടെണ്ണം തന്നെ വേണംന്നു പെരക്കാര്‍ക്ക് വാശി. അന്യ ഒരു തറവാട്ടുക്ക് പോണതല്ലേ. ഞാനും അതു സമ്മതിച്ചു. രണ്ടെണ്ണത്തിനും ഒരു ലക്ഷം ഉറുപ്പിക ആയി. എന്നാലും കാണാനുണ്ട്. ഒരു മൂന്നു കിന്റലുണ്ടാവുംന്നാ അറവുകാരന്‍ പറഞ്ഞത്. പിന്നെ രാവിലത്തെ ചായക്ക് രണ്ട് ആട്ടിന്‍കുട്ടിയും. ആ കാശൊക്കെ ഇന്നലെ കൊടുത്ത് പോത്തും ആടും വാങ്ങി. അതാണ് ഇവടെ ഇങ്ങനെ കാലിയായയത്.'' ഹാജി നെടുവീര്‍പ്പിട്ടു. ബാപ്പുട്ടി തള്ളിയ കണ്ണുകള്‍ ഉള്ളിലേക്ക് തന്നെ വലിച്ചിട്ട് സലാം പറഞ്ഞു. ഹാജി ബാപ്പുട്ടിയേ ആശ്വസിപ്പിക്കാന്‍ ഒട്ടും മറന്നില്ല. ''ജ്ജി ആരോടെങ്കിലും ചോദിക്ക്, എല്ലാം ശരിയാവും. മേലെ ഒരുത്തന്‍ ഉണ്ടല്ലോ. ഇവടെ ഇങ്ങനെ കാലിയായവണത് ഇതാദ്യാ...'' ഹാജി ബാപ്പുട്ടിയെ ആശ്വസിപ്പിച്ചു. ബാപ്പുട്ടി പടിയിറങ്ങി വീട്ടിലെത്തിയപ്പോഴേക്കും ആഇശുമ്മാക്ക് രോഗം മൂര്‍ഛിച്ചതായി വീട്ടില്‍ വിവരം എത്തിയിരുന്നു.

ഹാജിയുടെ പേരക്കുട്ടിയുടെ കുട്ടിനെ കാണല്‍ ചടങ്ങ് കേമമായി. ധാരാളം ആളുകള്‍ അതില്‍ പങ്കെടുത്തു. പോത്തറുക്കാന്‍ ആളുകള്‍ വട്ടം കൂടി. ബാപ്പു ഹാജി പലരോടും പോത്തിന്റെ മഹിമകള്‍ വിളമ്പിക്കൊണ്ടിരുന്നു. കൂടി നിന്ന ആരോ വിളിച്ചു പറഞ്ഞു. അള്ളാന്റെ റസൂല് ഒന്നേ സുന്നത്താക്കിയിട്ടുള്ളൂ. നിങ്ങള് ഇപ്പം നാലെണ്ണം? ഹാജിക്ക് മറുപടിയുണ്ടായിരുന്നു. ആള്‍ക്കാര്‍ക്ക് തിന്നാന്‍ കൊടുക്കാനല്ലേ. നമ്മക്ക് മോശമാക്കാന്‍ പറ്റോ. അറവു പോത്തുകളെ കാലില്‍ കയറു ചുറ്റി ഏറെ നേരത്തെ പരിശ്രമത്തിനിടയില്‍ അറവുകാര്‍ കീഴടക്കി. മൂര്‍ച്ചയുള്ള കത്തി വീണ്ടും അണച്ചു മൊല്ലാക്ക എല്ലാവരോടും തക്ബീര്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടു. ആളുകള്‍ വട്ടം കൂടി ഉച്ചത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി. ആദ്യത്തെ പോത്തിനെ അറുത്തു, രണ്ടാമത്തെ പോത്തിന്റെ കഴുത്തിലും കത്തി വെച്ചപ്പോള്‍ ഹാജിയുടെ  പോക്കറ്റിലെ സെല്‍ഫോണ്‍ കിണി, കിണി അടിക്കുന്നുണ്ടായിരുന്നു. ഹാജിയാര്‍ ഫോണെടുത്ത് ബട്ടണ്‍ അമര്‍ത്തി പതുക്കെ ചെവിയില്‍ വെച്ചു. ഹാജി ഉറക്കെ പറഞ്ഞു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. എല്ലാവരും ഹാജിയുടെ മുഖത്ത് അമ്പരപ്പോടെ നോക്കി. ഹാജി ഉറക്കെ പറഞ്ഞു. ഞമ്മളെ ആഇശുമ്മു താത്ത മരിച്ചു. ആസ്പത്രീന്നാ. ന്റ ഉമ്മ കൂടി ആയിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍