'ആടിനെ മേയ്ക്കുക'
ഉമര്‍(റ) കൂട്ടുകാരോടൊത്തിരിക്കവെ സദസ്സില്‍ കടന്നുവന്ന ഒരാള്‍: ''ഉമറേ, നരകത്തെ സൂക്ഷിച്ചുകൊള്ളുക.''
സദസ്സിലെ ഒരാള്‍: ''അമീറുല്‍ മുഅ്മിനീന്‍! ഒരടി അങ്ങു കൊടുത്താലോ?''
മറ്റെയാള്‍: ''അയാള്‍ അങ്ങനെ പറയാന്‍ കാരണമെന്തെന്ന് അന്വേഷിച്ചു നോക്കിയാലോ?''
ഉമര്‍: ''അയാളോട് വരാന്‍ പറയൂ.''
ആഗതനോട് ഉമര്‍: ''എന്താണ് നിങ്ങള്‍ അങ്ങനെ പറയാന്‍ കാരണം?''
അയാള്‍: ''ഈജിപ്തിലെ നിങ്ങളുടെ ഉദ്യോഗസ്ഥന്‍ നിങ്ങളുടെ ഉത്തരവുകള്‍ നടപ്പാക്കുന്നില്ല. തന്നെയുമല്ല, തനിക്ക് തോന്നിയതുപോലെയൊക്കെയാണ് കാര്യങ്ങള്‍ നടത്തുന്നത്.''
അന്വേഷണത്തിന് ഉമര്‍ രണ്ട് ദൂതരെ അയച്ചു. ''ഇയാള്‍ പറയുന്നത് കളവാണെങ്കില്‍ എന്നെ അറിയിക്കണം. സത്യമാണെങ്കില്‍ ഉദ്യോഗസ്ഥനെ താമസം വിനാ ഇവിടെ എത്തിക്കണം.''
അന്വേഷണത്തില്‍ ആരോപണം സത്യമാണെന്ന് ബോധ്യമായി. ''ഞങ്ങള്‍ ഉമറിന്റെ ദൂതരാണ്. നിങ്ങളെ മദീനയിലേക്ക് കൊണ്ടുപോകാന്‍ വന്നതാണ്.'' മൂവരും മദീനയിലെത്തി.
ഉമര്‍: ''ആരാണ് നിങ്ങള്‍?''
''മദീനയില്‍ അങ്ങയുടെ ഉദ്യോഗസ്ഥന്‍ ഇയാദുബ്‌നു ഗനം.''
ഗ്രാമീണനായ അദ്ദേഹം ഈജിപ്തിലെ കാലാവസ്ഥയില്‍ ഒന്ന് തടിച്ചുകൊഴുത്തു മിനുങ്ങിയത് ഉമറിന്റെ ശ്രദ്ധയില്‍ പെട്ടു.
ഉമര്‍: ''നിങ്ങളെ ഞാന്‍ ഈജിപ്തിലേക്കയക്കുമ്പോള്‍ ചില നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടായിരുന്നു. അവ അവഗണിച്ചുഎന്നു മാത്രമല്ല, അരുതാത്തത് പ്രവര്‍ത്തിക്കുകയും ചെയ്തു താങ്കള്‍. നിങ്ങളെ ഞാന്‍ ശിക്ഷിക്കാന്‍ പോവുകയാണ്.'' ഉമര്‍ ഉത്തരവിട്ടു. ''കമ്പിളി പുതപ്പും ഒരു വടിയും മുന്നൂറ് ആടുകളെയും കൊണ്ടുവരൂ.''
ഉമര്‍ തുടര്‍ന്നു: ''ഈ കമ്പിളി ധരിക്കുക. നിന്റെ പിതാവിന്റെ കമ്പിളി പണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് അതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. പിതാവ് ഉപയോഗിച്ച വടിയെക്കാള്‍ മേത്തരം വടിയുമാണിത്. ഈ ആടുകളെ മരുഭൂമിയിലേക്ക് തെളിച്ചുകൊണ്ടുപോയി മേയ്ക്കുക. പാല്‍ ചോദിച്ചുവരുന്ന ആര്‍ക്കും അത് കൊടുക്കാതിരിക്കരുത്. ഉമറിന്റെ കുടുംബത്തിന് പൊതുമുതലില്‍ പെട്ട ആടുകളുടെ മാംസവും വേണ്ട, പാലും വേണ്ട.''
ഉദ്യോഗസ്ഥന്‍ മടിച്ചു നിന്നപ്പോള്‍ ഉമര്‍: ''നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ല?''
ഉമര്‍ ശഠിച്ചപ്പോള്‍ ശക്തിയായി നിലത്ത് ചവിട്ടി അയാള്‍: ''എനിക്ക് കഴിയില്ല. വേണമെങ്കില്‍ എന്റെ കഴുത്ത് വെട്ടിക്കൊള്ളൂ.''
ഉമര്‍: ''ശരി. നിങ്ങളെ ഞാന്‍ ഈജിപ്തിലേക്ക് വീണ്ടും ഉദ്യോഗസ്ഥനായി തിരിച്ചയച്ചാല്‍ എങ്ങനെയുള്ള വ്യക്തിയായിരിക്കും നിങ്ങള്‍?''
അയാള്‍: ''അമീറുല്‍ മുഅ്മിനീന്‍! അങ്ങ് ഇഷ്ടപ്പെടുന്നതേ കാണൂ.''
അയാളെ ഉമര്‍ ഉദ്യോഗത്തില്‍ തിരികെ പ്രവേശിപ്പിച്ചു. എന്നിട്ടയാള്‍ നല്ല ഉദ്യോഗസ്ഥനായിത്തീര്‍ന്നു.
Comments