'യുദ്ധക്കുറ്റത്തിന് പാശ്ചാത്യ ശക്തികളെ വിചാരണ ചെയ്യണം'
കേരള ഹൈക്കോടതിയില്‍ ന്യായാധിപനായിരുന്ന (1986-'93) ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സവിശേഷ സാന്നിധ്യമാണ്. എം.ഇ.എസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, കെ.എം.ഇ.എ, കേരള ഇസ്‌ലാമിക് സെമിനാര്‍ തുടങ്ങിയവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അന്തര്‍ദേശീയ മതാന്തര സംവാദത്തിന്റെ നേതാക്കളിലൊരാളാണ്. നിരവധി അന്തര്‍ദേശീയ വേദികളില്‍ പ്രഭാഷകനായി പങ്കെടുത്ത അദ്ദേഹത്തിന് ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ആണ്ടുതോറും ഡിസംബര്‍ പത്ത് മനുഷ്യാവകാശ ദിനമായി ആചരിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ലോകത്തെമ്പാടും മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു?
അതെ, യുദ്ധത്തിന് ഒരറുതിയുമുണ്ടായിട്ടില്ല. ഇപ്പോള്‍ സിറിയയില്‍ നിന്നും മറ്റുമൊക്കെ അഭയാര്‍ഥി പ്രവാഹമാണ്.ലോക വ്യാപകമായി സ്ത്രീകളും കുട്ടികളും ന്യൂനപക്ഷങ്ങളും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. 1948-ല്‍ ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ നിയമം പാസ്സാക്കിയതിന് പുറമെ ഓരോ രാജ്യത്തിനും മനുഷ്യാവകാശ നിയമങ്ങളുണ്ട്. അവരവരുടെ ഭരണഘടനകളില്‍ മൗലികാവകാശങ്ങളും മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളും എഴുതിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെയും ലംഘിക്കപ്പെടുകയാണ്. എന്തിനാണ് ഐക്യരാഷ്ട്രസഭയുണ്ടാക്കിയതെന്ന് ആലോചിച്ചു നോക്കൂ, യുദ്ധമില്ലാതിരിക്കാന്‍ വേണ്ടിയാണ് ഐക്യരാഷ്ട്രസഭ രൂപീകൃതമായത്. എന്നിട്ട് യുദ്ധങ്ങള്‍ക്ക് വല്ല കുറവുമുണ്ടായോ? ഐക്യരാഷ്ട്രസഭയില്‍ തന്നെ മനുഷ്യാവകാശ ലംഘനമുണ്ട്. ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യാന്‍ ചില രാഷ്ട്രങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നു. ആദ്യം അതെടുത്ത് കളയണം.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള വന്‍ശക്തികളാണ് ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും കൂടുതലായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളിലും അവര്‍ തന്നെയാണല്ലോ മുന്നില്‍?
പാശ്ചാത്യര്‍ക്ക് ഒരഹങ്കാരമുണ്ട്. അതായത്, മനുഷ്യാവകാശങ്ങള്‍ എന്ന സങ്കല്‍പം തന്നെ തങ്ങളുടെ ബുദ്ധിയില്‍ നിന്നുദിച്ചതാണെന്ന്. വാസ്തവത്തില്‍ യുഗാന്തരങ്ങളിലൂടെ മതങ്ങള്‍ മനുഷ്യന് നല്‍കിയ മൗലികാധ്യാപനങ്ങളിലൊന്ന് മനുഷ്യാവകാശങ്ങളെപ്പറ്റിയാണല്ലോ. ഒടുവിലത്തെ വേദഗ്രന്ഥമായ ഖുര്‍ആനും അന്ത്യപ്രവാചകനും മൂര്‍ത്തമായി അത് പ്രഖ്യാപിക്കുകയും ചെയ്തു. മാനുഷിക മൂല്യ പ്രഖ്യാപനമെന്നാണല്ലോ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗം അറിയപ്പെടുന്നത്. ലോക കോടതിയുടെ ഉപാധ്യക്ഷനും സിലോണ്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന സി.ജി വീരമന്ത്രി അദ്ദേഹത്തിന്റെ ഇസ്‌ലാമിക് ജൂറിസ്പ്രുഡന്‍സ്: ആന്‍ ഇന്റര്‍നാഷ്‌നല്‍ പെര്‍സ്‌പെക്ടീവ് എന്ന കൃതിയില്‍ പറയുന്നത്, ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നേ ആധുനിക മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ക്കനുസൃതമായ നിയമനിര്‍മാണം സാധ്യമാകൂ എന്നാണ്. അപ്പോള്‍ മനുഷ്യാവകാശമെന്നത് പാശ്ചാത്യരുടെ തലയിലുദിച്ചതൊന്നുമല്ല. ഇവര്‍ മനുഷ്യാവകാശ ലംഘകരാണ്. ന്യൂക്ലിയര്‍ ബോംബുണ്ടാക്കുന്നുവെന്ന് കള്ള റിപ്പോര്‍ട്ടുണ്ടാക്കിയാണ് അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെ ആക്രമിച്ചത്. ആണവായുധം നിര്‍മിക്കുന്നുവെന്നാരോപിച്ചാണ് ഇറാനെതിരെ നീണ്ടകാല ഉപരോധങ്ങളേര്‍പ്പെടുത്തിയത്. ഇവരുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുദ്ധം നടത്തുകയാണ്. ഇവര്‍ യുദ്ധക്കുറ്റവാളികളാണ്. കാരണം, പ്രതിരോധത്തിന് വേണ്ടിയോ അല്ലെങ്കില്‍ മറ്റൊരു രാജ്യം ഉടന്‍ തങ്ങളെ ആക്രമിക്കുമെന്ന കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലോ മാത്രമേ യുദ്ധത്തിന് ആര്‍ക്കും അനുവാദമുള്ളൂ. ഇപ്പറഞ്ഞ രണ്ടു കാരണങ്ങളുമില്ലാതെയാണ് ഇവര്‍ ഇറാഖിലും അഫ്ഗാനിസ്താനിലും യുദ്ധം നടത്തിയത്. ഇസ്‌ലാമിന്റെ പേരും പറഞ്ഞ് ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഐ.എസിനെ തകര്‍ക്കാന്‍ ഇവര്‍ ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, എന്തുകൊണ്ടിവര്‍ ഫലസ്ത്വീനില്‍ പിഞ്ചുകുട്ടികളെയും നിരപരാധികളെയും കൊന്നുകൊണ്ടിരിക്കുന്ന ഇസ്രയേലിനെതിരെ തിരിയുന്നില്ല? ഇസ്രയേല്‍ രാഷ്ട്ര രൂപീകരണം തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നില്ലേ? അമേരിക്കയും ബ്രിട്ടനും റഷ്യയും ചേര്‍ന്നാണ് ഫലസ്ത്വീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിച്ചത്. ഐക്യരാഷ്ട്രസഭയെക്കൊണ്ട് അതംഗീകരിപ്പിക്കുകയായിരുന്നു. 1967-ല്‍ ഇസ്രയേല്‍ യുദ്ധം ചെയ്ത് പിടിച്ചെടുത്ത ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് പലവട്ടം ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതാണ്. കേട്ടഭാവം പോലും നടിക്കുന്നില്ല ഇസ്രയേല്‍. ഐക്യരാഷ്ട്രസഭ നോക്കുകുത്തിയാവുകയാണ്. ഇതു മാറണം. ഐക്യരാഷ്ട്രസഭക്ക് സ്വന്തം തീരുമാനങ്ങള്‍ രാഷ്ട്രങ്ങളെക്കൊണ്ട് അനുസരിപ്പിക്കാന്‍ കഴിയണം. അതിന് ഒരു പൊളിച്ചെഴുത്ത് വേണ്ടിവരും. ഐക്യരാഷ്ട്രസഭയുടെ ചാപ്റ്റര്‍ പുതുക്കി എഴുതണം. യുദ്ധത്തിനെതിരെ എല്ലാ രാഷ്ട്രങ്ങളെയും അണിനിരത്തണം. ലംഘിക്കുന്നവര്‍ക്കെതിരെ ഐക്യരാഷ്ട്രസഭ നടപടിയെടുക്കണം. അങ്ങനെ ലോക സമാധാനത്തിന് നേതൃത്വം നല്‍കണം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണ കൊറിയയില്‍ നടന്ന ഒരു സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഒരു കാരണവശാലും യുദ്ധം പാടില്ലെന്ന ആഹ്വാനമായിരുന്നു ആ കോണ്‍ഫറന്‍സിന്റേത്. ഒരു സന്നദ്ധ സംഘടനയാണത് സംഘടിപ്പിച്ചത്. ഇന്റര്‍നാഷ്‌നല്‍ ലോ ഫോര്‍ ഡിസിഷന്‍ ഓഫ് വാര്‍ എന്നാണതിന്റെ പേര്. ഞാനതിന്റെ അഡൈ്വസറി ബോര്‍ഡ് മെമ്പറാണ്.
വ്യാജ ഭീകരാക്രമണ കേസുകളിലും മറ്റുമായി നിരവധി പേര്‍ വിചാരണ തടവുകാരായി നമ്മുടെ ജയിലറകളിലുണ്ട്. കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമല്ലേ ഇവര്‍ നേരിടുന്നത്?
തീര്‍ച്ചയായും. ഇത്തരം കേസുകള്‍ ദ്രുതഗതിയില്‍ കോടതികള്‍ സ്ഥാപിച്ച് ഒരു വര്‍ഷത്തിനകം തീര്‍പ്പുകല്‍പിക്കണം. വര്‍ഷങ്ങളോളം തടവറകളില്‍ കിടന്നതിനു ശേഷം നിരപരാധികളാണെന്ന് തെളിഞ്ഞ് മോചിതരാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. എത്ര തന്നെ നഷ്ടപരിഹാരം നല്‍കിയാലും ജയിലറകളില്‍ കഴിഞ്ഞ നാളുകള്‍ക്ക് അത് പകരമാവുകയില്ല. നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസ, കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ക്കെങ്ങനെ പരിഹാരമാവും? അബ്ദുന്നാസിര്‍ മഅ്ദനി ഒമ്പത് വര്‍ഷക്കാലം തമിഴ്‌നാട്ടില്‍ തടവറയില്‍ കിടന്നു. നിരപരാധിയാണെന്ന കോടതി വിധിയെത്തുടര്‍ന്ന് പുറത്തുവന്ന ഉടനെയാണ് കര്‍ണാടക ജയിലില്‍ വിചാരണ തടവുകാരനായി വീണ്ടും അടക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുപോവുകയാണ്. ഇദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് നീതി ലഭിക്കേണ്ടേ? അമേരിക്കയിലേതുപോലെ ഗ്വാണ്ടനാമോ പോലുള്ള തടവറകള്‍ ഇന്ത്യയിലില്ലെന്നത് ചെറിയൊരാശ്വാസം!
യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വളം വെക്കുകയല്ലേ? അവ പിന്‍വലിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മേല്‍ എങ്ങനെ സമ്മര്‍ദം ചെലുത്താനാകും?
കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വളം വെക്കാനാണ് സഹായിച്ചിട്ടുള്ളത്. മാത്രമല്ല, യു.എ.പി.എ കുറ്റത്തെ സംബന്ധിച്ച സങ്കല്‍പത്തിന് വിരുദ്ധമാണ്. കുറ്റം ആരോപിക്കുന്നവര്‍ അത് തെളിയിക്കുന്നതിന് പകരം യു.എ.പി.എ പ്രകാരം കുറ്റാരോപിതനാണ് അത് തെളിയിക്കേണ്ടത്. കരിനിയമങ്ങള്‍ പിന്‍വലിപ്പിക്കാന്‍ ജനകീയ സമ്മര്‍ദം ശക്തമാകണം. കരിനിയമത്തിനെതിരെ ഇറോം ശര്‍മിള വര്‍ഷങ്ങളായി പൊരുതുകയാണ്.
ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെ തീര്‍പ്പാകാതെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളുണ്ട്. നീതി നിര്‍വഹണത്തിലെ ഈ കാല വിളംബം നീതിനിഷേധമല്ലേ? ഇതും മനുഷ്യാവകാശ ലംഘനമല്ലേ?
സിവില്‍, ക്രിമിനല്‍ കേസുകളില്‍ വിധി തീര്‍പ്പിലെ കാലതാമസം തീര്‍ച്ചയായും നീതിനിഷേധത്തിന് തുല്യമാണ്. നമ്മുടെ കോടതികളില്‍ കേസുകള്‍ നീണ്ടുപോവുകയാണ്. വിദേശ രാജ്യങ്ങളില്‍ സിവില്‍ കേസുകള്‍ വളരെ അപൂര്‍വമായി മാത്രമേ കോടതികളിലെത്തുകയുള്ളൂ. അവിടങ്ങളില്‍ ലോ ഫേം കൈകാര്യം ചെയ്ത കേസുകള്‍ക്ക് തീര്‍പ്പുണ്ടാകും. വക്കീല്‍മാരുടേതാണ് ഈ ലോ ഫേം. വാദിയുടെയും പ്രതിയുടെയും വിഷയങ്ങള്‍ പഠിച്ച് അവര്‍ ഒത്തുതീര്‍പ്പുണ്ടാക്കും. അവിടെ അവസാനിച്ചില്ലെങ്കില്‍ മാത്രമേ കേസ് കോടതിയിലെത്തുകയുള്ളൂ. നമ്മുടെ കോടതികളില്‍ സിവില്‍ കേസുകളിലെ വിധിയും അപ്പീലുമായി ഒരു തലമുറയുടെ ആയുസ്സ് തന്നെ ഒരുപക്ഷേ അവസാനിച്ചേക്കും. നമ്മുടെ വക്കീല്‍മാര്‍ തങ്ങള്‍ വാദിച്ചുകൊണ്ടിരിക്കുന്ന കേസുകള്‍ നീട്ടിക്കൊണ്ടുപോയി നാളുകള്‍ കഴിച്ചുകൂട്ടുകയാണ്. അതേ സമയം ലോ ഫേം പോലുള്ള സംവിധാനങ്ങള്‍ വഴി വിദേശ വക്കീല്‍മാര്‍ പുതിയ പുതിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സമയം ഉപയോഗപ്പെടുത്തുകയാണ്. ക്രിമിനല്‍ കേസുകള്‍ക്ക് ഇത്തരം സംവിധാനം പറ്റില്ല. പ്രത്യേക കോടതികള്‍, നീതി അദാലത്തുകള്‍ തുടങ്ങിയവയിലൂടെ വേണം വിധിതീര്‍പ്പിലെ കാലതാമസം ഒഴിവാക്കാന്‍.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളില്‍ അധിക പങ്കും ഇന്ന് സ്ത്രീകളും കുട്ടികളുമാണ്. ഇവര്‍ക്കെതിരായ പീഡനങ്ങളെ നിയമപരമായി എങ്ങനെ നേരിടാനാവും?
ശക്തമായ നടപടിയാണ് ഇവക്കെതിരെ വേണ്ടത്. നിയമവും ശിക്ഷയും എത്ര ശക്തമായിരുന്നാലും മൂല്യബോധത്തിന്റെ അഭാവത്തില്‍ ജീര്‍ണത തുടച്ചുമാറ്റാനാവില്ല. നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഇടമില്ലല്ലോ. കോത്താരി കമീഷനും വിദ്യാഭ്യാസ വിചക്ഷണന്മാരുമൊക്കെ ധാര്‍മിക മൂല്യങ്ങള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. നല്ല സ്വഭാവ രൂപീകരണത്തിന് ഉതകാത്ത വിദ്യാഭ്യാസത്തെ മഹാത്മാ ഗാന്ധിയും തള്ളിപ്പറഞ്ഞതല്ലേ? പൗരന്മാരില്‍ മൂല്യബോധം സൃഷ്ടിക്കുകയും ഇരള്‍ക്ക് സാമൂഹികവും നിയമപരവുമായ പരിരക്ഷ നല്‍കുകയും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇന്ത്യയില്‍ 1975-ലെ അടിയന്തരാവസ്ഥയേക്കാള്‍ സ്ഥിതി വഷളായിരിക്കുന്നുവെന്ന് ചിലര്‍ പറയുന്നു?
അന്ന് അടിയന്തരാവസ്ഥയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ തുടങ്ങിയവക്ക് ഭരണകൂടം വിലങ്ങിടുകയായിരുന്നു. എന്നാല്‍, ഇന്ന് ചരിത്രം, സാംസ്‌കാരിക രേഖകള്‍ തുടങ്ങിയവ വളച്ചൊടിക്കുകയാണ്. ഇത് മുമ്പ് വാജ്‌പേയിയുടെ ഭരണകാലത്തും നടന്നിട്ടുണ്ട്. ഇപ്പോള്‍ പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യം പോലും ക്രൂരമായി തടയുകയാണ്. അന്നത്തെ അടിയന്തരാവസ്ഥയെക്കാള്‍ ഇന്നത്തെ അവസ്ഥയാണ് കൂടുതല്‍ അപകടകരം.
എതിരഭിപ്രായങ്ങള്‍ പറയുമ്പോള്‍ കൈയേറ്റം ചെയ്യപ്പെടുകയാണിന്ന്?
കമ്യൂണിസ്റ്റ് റഷ്യയില്‍ മുമ്പ് സ്റ്റാലിനിന്റെ ഭീകര ഭരണത്തിലും ഇത് നാം കണ്ടതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. തിരുവായക്ക് മറുവായ് പാടില്ലായിരുന്നു. എന്തിനാണിവര്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ടിപ്പുസുല്‍ത്താന്‍ ജയന്തിയാഘോഷത്തിനെതിരെ കുഴപ്പമുണ്ടാക്കിയത്? ടിപ്പുവിനെപ്പോലെ ശക്തനായ രാജ്യസ്‌നേഹിയും ബ്രിട്ടീഷ് വിരോധിയുമായിരുന്ന ഭരണാധികാരി വേറെ ആരുണ്ട്? ഇന്ത്യയിലെ വേറെ ഏതെങ്കിലും ഭരണാധികാരി ടിപ്പുവിനെപ്പോലെ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ടോ? അദ്ദേഹത്തിന്റെ മതസഹിഷ്ണുത പ്രസിദ്ധമല്ലേ? ഗുരുവായൂര്‍ അമ്പലത്തിനുള്‍പ്പെടെ പല ക്ഷേത്രങ്ങള്‍ക്കും അദ്ദേഹം ഭൂമി നല്‍കിയില്ലേ? ആദ്യമായി ഭൂപരിഷ്‌കരണം ഏര്‍പ്പെടുത്തിയതും ടിപ്പു തന്നെ. അദ്ദേഹം മുസ്‌ലിമാണ് എന്നതുകൊണ്ട് മാത്രമാണ് മാതൃകാ ഭരണാധികാരിയായി ലോകത്ത് അംഗീകരിക്കപ്പെടാതെ പോയതെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടില്ലേ? സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ന്യൂനപക്ഷങ്ങളാണ് കൈയേറ്റങ്ങള്‍ക്കും അരുംകൊലകള്‍ക്കും വിധേയരാകുന്നത്. ഒരു രാജ്യത്തെ നല്ലതെന്ന് വിലയിരുത്തേണ്ടത് ആ രാജ്യത്തിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണോ എന്നത് നോക്കിയാവണമെന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ വരികള്‍ ഭരണാധികാരികള്‍ ഒന്ന് വായിച്ചുനോക്കുന്നത് നന്ന്.
അസഹിഷ്ണുതക്കും വര്‍ഗീയതക്കുമെതിരെ ബുദ്ധിജീവികള്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുകയാണ്. ഇതേപ്പറ്റി എന്തു പറയുന്നു?
ശക്തമായിത്തന്നെ പ്രതിഷേധിക്കണം. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയോ അല്ലാതെയോ ആവാം-ഓരോരുത്തരുടെയും രീതിയനുസരിച്ച്.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി വേണ്ടത്ര അവബോധമില്ല?
ഈ ബോധമില്ലായ്മയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാണ്. വ്യാപകമായ ബോധവത്കരണം വേണം. രാജ്യത്ത് അതിനുള്ള സംവിധാനമില്ല. എന്‍.ജി.ഒകളാണ് ഇപ്പോള്‍ അത് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ അത് വ്യാപകമാക്കണം. ഹ്യൂമന്‍ റൈറ്റ് എജുക്കേഷന്‍ പ്രത്യേക പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇതുള്‍പ്പെടുത്തുകയും സ്‌കൂള്‍ തലം മുതല്‍ തന്നെ പഠിപ്പിക്കപ്പെടുകയും വേണം. ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് മൗലികാവകാശമെന്നത് ഭരണഘടനയിലെ അക്ഷരങ്ങളില്‍ മാത്രമാണ്. അവര്‍ക്കവരുടെ അവകാശങ്ങള്‍ ലഭിക്കുന്നില്ല. അതേപ്പറ്റി അവര്‍ക്ക് ബോധവുമില്ല.
ഡോ. ടി.വി മുഹമ്മദലി
Comments