Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

എസ്‌ജെ റോസിന്റെ മണമുള്ള ഓര്‍മകള്‍

അബൂ ത്വയ്യിബ /കവര്‍‌സ്റ്റോറി

         ഓര്‍ക്കുമ്പോഴൊക്കെ ഇപ്പോഴും എസ്‌ജെ റോസിന്റെ ആ സൗരഭ്യം ഒഴുകിയെത്തും. ഉപ്പ നിത്യവും ഉപയോഗിക്കുന്ന അത്തര്‍ എസ്‌ജെ റോസായിരുന്നു. കല്‍ക്കത്തയില്‍ നിന്ന് വരുത്തുന്ന മുന്തിയ ഇനം സുഗന്ധ ലേപിനി. സദസ്സില്‍ നിന്ന് പിരിഞ്ഞാലും അതിന്റ മണം മണിക്കൂറുകളോളം അവിടെ തങ്ങിനില്‍ക്കുമായിരുന്നു. സ്വന്തം സാന്നിധ്യത്തിന്റെ അടയാളം കൂടിയായിരുന്നു അത്. അലക്കാനിട്ടാലും അതിന്റെ മണം വസ്ത്രത്തില്‍ അങ്ങനെ തന്നെയുണ്ടാകും- മുന്തിയ വസ്തുക്കള്‍ക്ക് എപ്പോഴും വ്യാജനുണ്ടാകുമല്ലോ. വിലയും നിലയുമുള്ളതിനാല്‍ എസ്‌ജെ റോസിനും വിപണിയില്‍ വ്യാജന്‍ സുലഭമായിരുന്നു. കല്‍ക്കത്തയില്‍ നിന്നായാല്‍ ഏജന്റില്‍നിന്ന് ഒറിജിനല്‍ സ്വിസ് നിര്‍മിതി ലഭിക്കും. '70-ല്‍ ഹജ്ജിന് പോയപ്പോള്‍ പല അത്തര്‍ കടകളിലും അന്വേഷിച്ചപ്പോള്‍ മിക്കതും വ്യാജന്മാരായിരുന്നു. അസ്സലും നക്കലും തിരിച്ചറിയാന്‍ സൂക്ഷ്മമായ ചിലഅടയാളങ്ങളുണ്ട്. അത് മനസ്സിലാക്കിയാല്‍ ചതിയില്‍ പെടാതെ കഴിയാം. അക്കൊല്ലത്തെ തീര്‍ഥാടനത്തിന് ഞങ്ങളുടെ മുതവ്വിഫിന്റെ കീഴില്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. അദ്ദേഹവും എസ്‌ജെ റോസാണ് ഉപയോഗിച്ചിരുന്നത്. അത്തറല്ലാതെ ഇക്കാലത്ത് പരക്കെ ആളുകള്‍ ഉപയോഗിക്കുന്ന ഫ്രാഗ്‌റന്‍സ് സ്‌പ്രേകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. സ്‌പ്രേകളില്‍ ആള്‍ക്കഹോളിന്റെ അംശങ്ങളടങ്ങിയ സ്പിരിറ്റ് ഉള്ളത് കൊണ്ടായിരുന്നു അത്. കള്ള് നജ്‌സാണെന്ന മദ്ഹബുകാരനായിരുന്നു ബാഫഖി തങ്ങള്‍. അതിനാല്‍ സുഗന്ധം ചേര്‍ത്ത് നജ്‌സ് പൂശുന്ന വങ്കത്തത്തിന് അദ്ദേഹം മുതിര്‍ന്നില്ല. മിനായിലെ ഞങ്ങളുടെ തമ്പില്‍ വെച്ച് സ്പിരിറ്റ് വായുവില്‍ ആവിയായിപ്പോകുമെന്നും ആ നജ്‌സിന് മുസ്‌ലിയാന്മാര്‍ പറയുന്നതുപോലെ 'തടി' (ഭൗതികമായ നിലനില്‍പ്) ഇല്ലെന്നും ശാസ്ത്രം പറഞ്ഞ് തങ്ങളോട് ഒരാള്‍ തര്‍ക്കിക്കുന്നത് കണ്ടു. തങ്ങള്‍ അപ്പോള്‍ ഇങ്ങനെ വിവേകിയായി: ''ഞാന്‍ എന്റെ കാര്യമല്ലേ നിങ്ങളോട് പറഞ്ഞിട്ടുള്ളൂ. നിങ്ങളോട് സ്‌പ്രേ ഉപയോഗിക്കരുത് എന്ന് വിലക്കിയിട്ടില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ബോധ്യം. എനിക്ക് എന്റെ ബോധ്യം.''

ഉറച്ച സുന്നിയാണെങ്കിലും ബാഫഖി തങ്ങള്‍ മധ്യനിലപാടിന്റെ വക്താവായിരുന്നു. കെ.എം മൗലവിയുടെ മകന്‍ അബ്ദുസ്സമദ് മൗലവിയെയൊക്കെ ആ ഹജ്ജ് കാലത്ത് സന്ദര്‍ശിക്കാന്‍ തങ്ങള്‍ താല്‍പര്യമെടുത്തിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്നു അന്ന് അബ്ദുസ്സമദ് അല്‍ കാതിബ്. മിനായിലെ തമ്പില്‍ വെച്ച്, 'കെ.എം മൗലവിയുടെ മുജാഹിദിയ്യത്തിനോട് എനിക്ക് ഒരു വിരോധവുമില്ലെ'ന്ന് മറ്റൊരിക്കല്‍ ഒരാളോട് പറയുന്നത് കേട്ടിരുന്നു.

വിശാല മനസ്സ്

എസ്‌ജെ റോസിലെന്ന പോലെ വിഭാഗീയതകളില്‍ നിന്ന് അകലം പാലിക്കുന്ന കാര്യത്തിലും ബാഫഖി തങ്ങളുടെ അതേ നിലപാടുകാരനായിരുന്നു പഴയ തലമുറയിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കൊക്കെ സുപരിചിതനായ പി.സി മുഹമ്മദ് ഹാജി എന്ന പേരിലറിയപ്പെടുന്ന എന്റെ പിതാവ്. അദ്ദേഹം ഫോറം പൂരിപ്പിച്ച ഒരു മുത്തഫിഖ് പോലുമായിരുന്നില്ല. ഒരു ഹല്‍ഖാ യോഗത്തിലും പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാലും ജമാഅത്ത് വൃത്തങ്ങളിലൊക്കെ അറിയപ്പെട്ടിരുന്നത് ജമാഅത്തുകാരനായിട്ടായിരുന്നു. ജമാഅത്ത് സ്ഥാപനങ്ങളെ പോലെ തന്നെ സുന്നി-മുജാഹിദ് സ്ഥാപനങ്ങളെയും അദ്ദേഹം ഉദാരമായി സഹായിച്ചു. എല്ലാ മുസ്‌ലിം സംഘടനകളുടെയും പ്രസിദ്ധീകരണങ്ങള്‍ വരിസംഖ്യ അടച്ച് വീട്ടില്‍ വരുത്താറുണ്ടായിരുന്നു. അതൊക്കെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബയിന്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. പരപ്പനങ്ങാടിയില്‍ നിന്ന് ടി.കെ അബ്ദുല്ല മൗലവി പ്രസിദ്ധീകരിച്ചിരുന്ന അല്‍ബയാനും പെരുമ്പാവൂരില്‍ നിന്ന് മുജാഹിദ് വ്യവസായിയായ മജീദ് മരിക്കാര്‍ പ്രസിദ്ധീകരിച്ചിരുന്ന അന്‍സാരിയും മുജാഹിദ് പ്രസ്ഥാനത്തിന്റെ അല്‍മനാറുമെല്ലാം പ്രബോധനത്തോടൊപ്പം വീട്ടില്‍ വരാറുണ്ടായിരുന്നു. എം.സി.സിയുടെ കാലത്ത് പുറത്തിറങ്ങിയിരുന്ന അല്‍ മുര്‍ശിദ് അറബി മലയാളം മാസികയുടെ അനേകം ബയിന്റുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. എല്ലാ വിഭാഗക്കാരുടെയും ഖുര്‍ആന്‍ പരിഭാഷകള്‍ വാങ്ങിവെച്ചിരുന്നു. ആമിന ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച ഫത്ഹുല്‍ മുഈന്‍ പരിഭാഷയും കൂട്ടത്തിലുണ്ട്. മത വിഷയങ്ങളില്‍ കൂടുതല്‍ തല്‍പരനായതിനാല്‍ അലമാരക്ക് അലങ്കാരമായി അവശേഷിക്കാതെ അവ വായിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു. ഖുര്‍ആന്‍ ഓതും പോലെ ഈണത്തിലായിരുന്നു സി.എന്നിന്റെ ഖുര്‍ആന്‍ പരിഭാഷ വായിക്കാറുണ്ടായിരുന്നത് .സി.എന്നിന്റെ ഏത് പുസ്തകം പുറത്തിറങ്ങിയാലും അതിന്റെ ഒരു കോപ്പി വാങ്ങാതിരിക്കില്ല. മത പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ പണ്ഡിതന്മാര്‍ക്ക് നല്‍കുന്ന സ്‌നേഹവും ബഹുമാനവുമായാണ് അതിനെ കണ്ടിരുന്നത്. ശാന്തപുരത്ത് എന്റെ പ്രിയ അധ്യാപകനായിരുന്ന എം മുഹമ്മദ് മൗലവി (മര്‍ഹും) 'ഖുല്‍പൂച്ചപ്പാട്ട്' എന്ന് വിശേഷിപ്പിച്ചിരുന്ന, അബുസ്സലാഹ് മൗലവിയുടെ ഒരു പാട്ട് പുസ്തകം പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അറബി ഭാഷാ പദങ്ങള്‍ പഠിക്കാന്‍ സഹായകമായ രസമുള്ള ഒരു പാട്ടു പുസ്തകമായിരുന്നു അത്. 'വ ഖിത്ത്വുന്‍ ഖുല്‍ പൂച്ച' (ഖിത്ത്വുന്‍ എന്ന പദത്തിന് നീ പൂച്ച എന്ന് പറഞ്ഞുകൊള്ളൂ എന്നര്‍ഥം)യില്‍ നിന്നാണ് മുഹമ്മദ് മൗലവി ഈ കൊച്ചു പുസ്തകത്തിന് 'ഖുല്‍പൂച്ചപ്പാട്ട്' എന്ന തമാശ ശീര്‍ഷകം ചാര്‍ത്തിയിരിക്കുന്നത്. ഞാന്‍ ഈ പുസ്തകം കാണുന്നത് ആറോ ഏഴോ വയസ്സുള്ള ബാല്യത്തിലാണ്. ചെറുപ്പത്തില്‍ ഒരു മുജാഹിദ് മൗലവി പുറത്തിറക്കിയ അല്‍ കഹ്ഫിന്റെയോ മറ്റോ ഒരു പരിഭാഷ വായിക്കാനിടയായി. ആമുഖത്തില്‍ അതിന്റെ അച്ചടിച്ചെലവ് വഹിച്ചതിന് പി.സി മുഹമ്മദ് ഹാജിയോട് പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

നാട്ടില്‍ സുന്നികളുടെ വഅ്‌ള് പരമ്പര നടക്കുമ്പോള്‍ പ്രസംഗിക്കാനെത്തുന്ന മുസ്‌ലിയാന്മാരെയൊക്കെ വീട്ടില്‍ ക്ഷണിച്ചുവരുത്തി വിരുന്നു കൊടുക്കാറുണ്ടായിരുന്നു. ഇങ്ങനെ ഇരിക്കൂറിലെ ഞങ്ങളുടെ വീട്ടില്‍ സല്‍ക്കരിക്കപ്പെട്ടവരില്‍ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരെപ്പോലുള്ള ആലിമീങ്ങളും പെടും. എന്റെ കുട്ടിക്കാലത്ത് വടക്കേ മലബാറില്‍ അറിയപ്പെട്ട മത പ്രാസംഗികരിലൊരാളായിരുന്നു ഹ സന്‍ കുട്ടി മൗലാര്‍ക്ക. വളപട്ടണത്തെ ഉമ്മവീട്ടില്‍ അദ്ദേഹത്തെ സല്‍ക്കരിച്ച ഓര്‍മയുണ്ട്.

റമദാനില്‍ കൃത്യമായി കണക്കുകൂട്ടി സകാത്ത് കൊടുക്കുമ്പോഴും മുസ്‌ലിയാന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. റമദാനില്‍ ഊരു ചുറ്റി പള്ളികളില്‍ ഉര്‍ദി പറഞ്ഞ് വരുമാനമുണ്ടാക്കുന്ന മുസ്‌ലിയാന്മാര്‍ വീട്ടിലും കയറിയിറങ്ങാറുണ്ടായിരുന്നു. മുതിര്‍ന്ന മുസ്‌ലിയാന്മാര്‍ക്ക് രണ്ട് രൂപയും മുസ്‌ലിയാര്‍ കുട്ടികള്‍ക്ക് ഒരു രൂപയും എന്നാണ് കണക്ക്. ഇത് കാലം '60-കളിലാണെന്ന് ഓര്‍ക്കണം. ഇപ്പോള്‍ തോന്നുന്ന പോലെ അക്കാലത്ത് അത് അത്ര ചെറിയ സംഖ്യയൊന്നുമായിരുന്നില്ല. ഉച്ചപ്പണിക്ക് അന്ന് 25 പൈസയായിരുന്നു കൂലി. ഇന്നത്തേതില്‍ നിന്ന് ഭിന്നമായി അന്ന് ഒരു പൈസക്ക് പോലും മൂല്യമുണ്ട്. മുതഅല്ലിമീങ്ങള്‍ പശിയടക്കാന്‍ മാത്രമല്ല കിതാബുകള്‍ വാങ്ങാന്‍ കൂടിയാണ് റമദാനില്‍ ഊരുചുറ്റുന്നതെന്നും, അതുകൊണ്ട് അവരെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടെന്നും പറയാറുണ്ടായിരുന്നു.

വഖ്ഫ്

മതസ്ഥാപനങ്ങളെ കൈയയച്ചു സഹായിക്കുന്നതിലും വിഭാഗീയത പുലര്‍ത്തിയിരുന്നില്ല; ജമാഅത്ത് സ്ഥാപനങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ മമത പുലര്‍ത്തിയിരുന്നുവെന്ന് മാത്രം. കാസര്‍ക്കോട്ടെ ആലിയ കോളേജിനോട് പ്രത്യേകിച്ചും.

ഭൂപരിധി നിയമം വരുന്ന കാലത്ത് പരിധി കവിഞ്ഞ ഭൂസ്വത്ത് വഖ്ഫ് ചെയ്യുന്നതിന്റെ നിയമവശത്തിന് ഉപദേശം തേടി പില്‍ക്കാലത്ത് സുപ്രീം കോടതി ജസ്റ്റിസായിരുന്ന വി. ഖാലിദ് സാഹിബിനെ സമീപിച്ചു. അന്ന് നൂറിലേറെ ഏക്കര്‍ ഭൂമി കൈവശമുണ്ടായിരുന്നു. പത്ത് മക്കള്‍ക്ക് പത്തു ഏക്കര്‍ വീതം ഇഷ്ടദാനം ചെയ്താല്‍ പ്രശ്‌നം തീരുമല്ലോ എന്ന് ഖാലിദ് സാഹിബ് പറഞ്ഞപ്പോള്‍ നിയമം മറികടന്ന് കൈവശം വെക്കാനല്ല വഖ്ഫ് ചെയ്യാന്‍ തന്നെയാണ് ആഗ്രഹമെന്നും അതിന് നിയമപരമായ നിലനില്‍പുണ്ടോ എന്നാണറിയേണ്ടതെന്നുമായി അദ്ദേഹം. അങ്ങനെ നിയമോപദേശ പ്രകാരം 57 ഏക്കര്‍ ജമാഅത്ത് സ്ഥാപനത്തിന് വഖ്ഫ് ചെയ്തപ്പോള്‍ 23-ഓളം ഏക്കര്‍ ഒരു സുന്നീ മദ്‌റസക്കും നീക്കിവെക്കാന്‍ മറന്നില്ല.

ലാന്റ് ട്രൈബ്യൂണല്‍ പിന്നീട് ഈ വഖ്ഫ് അംഗീകരിക്കാതെ വന്നപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കേണ്ട അവസ്ഥയുണ്ടായി. ആ സമയത്ത് അത്രയും സ്ഥലത്തെ കശുമാവുകള്‍ മുറിച്ചുവിറ്റാല്‍ അതെങ്കിലും മദ്‌റസക്ക് കിട്ടുമല്ലോ എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ഉപ്പ അത് അംഗീകരിച്ചില്ല. അപ്പീല്‍ കൂടി തളളപ്പെട്ടാലും ആ ഫല വൃക്ഷങ്ങളുടെ പ്രയോജനം മിച്ച ഭൂമി കിട്ടുന്നവര്‍ തന്നെ എടുത്തുകൊള്ളട്ടെ എന്നായിരുന്നു ഉപ്പയുടെ നിലപാട്. ദൈവാനുഗ്രഹത്താല്‍ കോടതി വിധി വഖ്ഫിന് അനുകൂലമായാണ് കലാശിച്ചത്.

ഞങ്ങളുടെ താമസ വളപ്പിനകത്ത് തന്നെയായിരുന്നു മഹല്ലിലെ സുന്നി പള്ളിയും. പള്ളി വികസിപ്പിക്കേണ്ടിവന്നപ്പോള്‍ അതിനുള്ള സ്ഥലവും ഉപ്പ കൊടുത്തു. പിന്നീട് ഒരു തെങ്ങ് മുറിക്കാനുള്ള അനുമതിക്ക് കൂടി പള്ളിക്കമ്മിറ്റി സമീപിച്ചപ്പോള്‍, 'വേണെങ്കില്‍ എന്റെ തലവെട്ടിക്കോളൂ' എന്നായിരുന്നു ഉപ്പയുടെ മറുപടി. പരിസ്ഥിതിവാദം ഇന്നത്തെ പോലെ ശക്തമല്ലാത്ത ഒരു കാലത്താണ് ഇതെന്ന് ഓര്‍ക്കണം.

പാഠശാല

ഉപ്പ വലിയൊരു പാഠശാലയായിരുന്നു എനിക്ക്. ഒരുപാട് പാഠങ്ങള്‍ ജീവിതത്തിലൂടെ കാണിച്ചുതന്ന പാഠശാല. എല്ലാ വിഭാഗം ആളുകളോടും സമ്യക്കായി പെരുമാറുന്ന, എല്ലാ വിഭാഗക്കാരുടെയും പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ച ഒരു അന്തരീക്ഷത്തില്‍ വളര്‍ന്നുവന്നതിനാല്‍ വിശാലമായ ഉമ്മത്തിന്റെ ഭാഗമാണെന്ന ഒരു വികാരവും ബോധവും ബാല്യത്തിലേ മനസ്സില്‍ രൂഢമൂലമായി. കുറച്ചു കൂടി മുതിര്‍ന്ന വിദ്യാര്‍ഥിയായപ്പോള്‍ അത് മതാതീതവും ആശയാതീതവുമായ വിതാനത്തിലേക്ക് വികസിച്ചു. എല്ലാവരോടും ലോഗ്യം കൂടുന്ന ഈ 'ശീലക്കേട്' നല്ലവരായ എന്റെ മതാധ്യാപകരില്‍ ചിലര്‍ക്ക് ദഹിച്ചിരുന്നില്ല. ഞാന്‍ 'ചീത്ത'യായിപ്പോകുമെന്നായിരുന്നു അവരുടെ ഭയം. അവര്‍ ഗുണദോഷിക്കാന്‍ ശ്രമിക്കുമായിരുന്നെങ്കിലും അതൊന്നും ഞാന്‍ കൂട്ടാക്കിയിരുന്നില്ല.

കുറെ കൂടി മുതിര്‍ന്ന് മൗദൂദിയെയും മുസ്‌ലിം സാഹിബിനെയും ദര്‍യാബാദിയെയുമൊക്കെ വായിച്ചപ്പോള്‍ ഉമ്മത്ത് എന്ന സങ്കല്‍പം പിന്നെയും വിശാലമായി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും സംഘടനാപരമായ സങ്കുചിത പക്ഷപാതിത്വങ്ങള്‍ ആ നിലപാടുകളെ തീണ്ടാതിരിക്കാന്‍ ശ്രദ്ധിച്ചുപോന്നു. വ്യത്യസ്ത വീക്ഷാഗതിക്കാരുടെ സൗഹൃദത്തിന്റെ ഒരു വൃത്തമായിരുന്നു അതിന്റെ നേട്ടം.

സമ്പന്നന്‍, ഉദാരന്‍

ആജാനുബാഹുവായിരുന്നു ഉപ്പ. കാസര്‍ക്കോടന്‍ കൈത്തൊഴില്‍ നിര്‍മിതിയായ മാപ്പിളത്തൊപ്പിയും കറുത്ത് മുറ്റിയ താടിയുമൊക്കെയായി ഗൗരവം സ്ഫുരിക്കുന്ന വ്യക്തിത്വം. അക്കാലത്തെ പതിവില്‍ നിന്ന് വ്യത്യസ്തമായി സ്ലേക്ക് ഷര്‍ട്ടാണ് വേഷം. പെരുന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ ഉടുതുണിയോടൊപ്പമാണെങ്കിലും കോട്ടോ ഗൗണോ ധരിക്കും. പൈജാമയും സ്ലേക്കുമായിരുന്നു എനിക്കും തയ്പ്പിച്ചു തന്നിരുന്നത്. വസ്ത്രങ്ങള്‍ക്ക് മുന്തിയ ശീലയേ ഉപയോഗിക്കൂ. എളാപ്പക്ക് ജോലി ഉപ്പയുടെ കീഴിലായിരുന്നു. ഉപ്പ തന്നെയാണ് എളാപ്പക്കും വസ്ത്രമെടുത്ത് കൊടുത്തിരുന്നത്. ഒരിക്കല്‍ എളാപ്പ വില കുറഞ്ഞ ടെക്‌സ്റ്റൈലിന്റെ ബില്ലുമായി വന്നപ്പോള്‍ അത് മടക്കിക്കൊടുത്ത് മുന്തിയ തരം എടുക്കാന്‍ പറഞ്ഞു. അതിലൊരു ഇക്കോണമിയുണ്ടായിരുന്നു. മുന്തിയതായാല്‍ ദീര്‍ഘകാലം ധരിക്കാം. താണ തരമാണെങ്കില്‍ വേഗം പഴകിപ്പിഞ്ഞും. രണ്ട് തവണ താണ തരം ഉടുപ്പും ധരിച്ചു കഴിയുന്നതിനേക്കാള്‍ നല്ലത് ഒരു തവണ ദീര്‍ഘകാലം മുന്തിയ ഉടുപ്പിട്ടു നടക്കുന്നതാണ്. ഇതായിരുന്നു അതിന്റെയൊരു സാമ്പത്തിക ന്യായം. എന്നാല്‍, ആവശ്യത്തിലധികം ഉടുപ്പുകള്‍ കുട്ടികളായ ഞങ്ങള്‍ക്കും വാങ്ങിത്തരാറില്ലായിരുന്നു. കാഴ്ചയില്‍ അന്തസ്സ് നിര്‍ബന്ധവുമാണ്. മുന്തിയ ബ്രാന്റ് വസ്ത്രത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. ഞാന്‍ ബാല്യത്തിലേ ഉപ്പയുടെ കൈത്തണ്ടയില്‍ കണ്ടിരുന്നത് വെസ്റ്റെന്റ്, റോളക്‌സ് തുടങ്ങിയ ബ്രാന്റഡ് വാച്ചുകളായിരുന്നു. പുകവലിക്കുമായിരുന്നു. അതിലുമുണ്ടായിരുന്നു ഈ ബ്രാന്റ് കമ്പം. അക്കാലത്തെ ബര്‍ക്‌ലിയുടെ റൗണ്ടുടിന്നുകള്‍ക്കൊപ്പം മാര്‍ക്കോപോളോ എന്ന സുഗന്ധമുള്ള  വിലപിടിച്ച ഒരിനത്തിന്റെ ടിന്നും അലമാരയില്‍ കാണാമായിരുന്നു. നല്ല ഭക്ഷണ പ്രിയനായിരുന്നു. പ്രമേഹം ബാധിച്ച കാലത്തും മധുരത്തോടുള്ള കമ്പം വിട്ടിരുന്നില്ല. യാത്രയിലായിരുന്നാലും വീട്ടിലായാലും തൊഴിലാളികളെയും ഒന്നിച്ചിരുത്തിയേ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുളള. കൂപ്പ് കോണ്‍ട്രാക്ടറായിരുന്ന ഉപ്പ കൂപ്പിലെ കരാര്‍ പണിയൊക്കെ കഴിഞ്ഞാല്‍ കാട്ടില്‍ നിന്ന് തടിമരങ്ങള്‍ കയറ്റിയ ലോറി ഡ്രൈവര്‍ക്ക് കണക്ക് തീര്‍ത്ത് കാശ് കൊടുക്കുമ്പോള്‍ ഓരോ പവന്‍ വീതം  ഗിഫ്റ്റായി കൊടുക്കാറുണ്ടായിരുന്നു.

ഇങ്ങനെയൊക്കെ 'സമ്പന്ന'മായിരുന്നു ജീവിതമെങ്കിലും ധൂര്‍ത്തടിച്ചിരുന്നില്ല. ലുബ്ധുമുണ്ടായിരുന്നില്ല ഒട്ടും. സമ്പന്നതയിലും ദാരിദ്ര്യത്തിന്റെ രുചി അറിയാന്‍ ഞങ്ങള്‍ക്കവസരമൊരുക്കിത്തന്നിരുന്നു. വളരെ എളിയ നിലയില്‍ നിന്ന് ഉയര്‍ന്നുവന്ന ആളായിരുന്നു ഉപ്പ. ധനാഢ്യനായ ഒരു തടിവ്യാപാരിയുടെ കീഴില്‍ 'കണക്കപ്പിള്ള'യായാണ് ജീവിതം തുടങ്ങിയതെന്നാണ് കേട്ടറിവ്. പിന്നീട് കാരണവശാല്‍ ആ ജോലി ഉപേക്ഷിച്ചു. ചെറിയ തോതില്‍ സ്വന്തമായി തടി വ്യാപാരം തുടങ്ങി. സര്‍ക്കാര്‍ ഫോറസ്റ്റുകളുടെ കോണ്‍ട്രാക്ടറായി ഉയര്‍ന്നു. ദൈവാനുഗ്രഹത്താല്‍ നല്ല ലാഭവും കിട്ടി. അപ്പോഴും അതില്‍ നല്ലൊരു വിഹിതം ദീനീ സ്ഥാപനങ്ങളുടെ സഹായത്തിനായി നീക്കിവെച്ചു. കൃത്യമായി കണക്ക് വെച്ച് സകാത്ത് കൊടുത്തു. തേങ്ങയുടെയൊക്കെ സകാത്ത് വിളവെടുപ്പ് സമയത്ത് തന്നെ കൊടുത്തു വീട്ടുമായിരുന്നു. റമദാന്‍ ആഗതമായാല്‍ ആളുകളെ ഉദാരമായി സഹായിച്ചു. ബാങ്കില്‍ നിന്ന് അതിനായി പുത്തന്‍ കറന്‍സി സംഘടിപ്പിക്കുമായിരുന്നു. കൊടുപ്പിന്റെ ഊക്കും വ്യാപ്തിയും കണ്ടിട്ടാകാം ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചത് 'നിന്റെ ഉപ്പാക്ക് കള്ളക്കടത്തിന്റെ ഏര്‍പ്പാടുണ്ടോ' എന്നായിരുന്നു.

സത്യസന്ധതയും സൂക്ഷ്മതയും

സാമ്പത്തിക കാര്യങ്ങളിലുള്ള സത്യസന്ധതയും സൂക്ഷ്മതയുമാണ് ഈ പാഠശാലയില്‍ നിന്ന് ഞാന്‍ പകര്‍ത്തിയ ഏറ്റവും വലിയ പാഠമെന്ന്  വേണം പറയാന്‍. എളാപ്പാക്ക് ഉപ്പാന്റെ കീഴിലായിരുന്നു ജോലി എന്നു പറഞ്ഞുവല്ലോ. ഒരിക്കല്‍ ലേലം കൊണ്ട ഫോറസ്റ്റിന്റെ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് എളാപ്പ നല്ലൊരു മരം മുറിച്ചുമാറ്റി. ജ്യേഷ്ഠന് ലാഭമുണ്ടാക്കിക്കൊടുക്കുക എന്ന 'സദുദ്ദേശ്യം' മാത്രമായിരുന്നു അതിന് പിന്നില്‍. പക്ഷേ, എളാപ്പാക്ക് അതിന് വലിയ വില കൊടുക്കേണ്ടിവന്നു. ഈ 'നല്ല കാര്യം' ചെയ്തതിന് ജോലിയില്‍ നിന്ന് പിരിച്ചുവിടുക എന്നതായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം! സാമ്പത്തിക കാര്യങ്ങളിലെ സത്യസന്ധതയില്‍ അണു അളവ് വ്യതിചലിക്കാത്ത കര്‍ക്കശക്കാരനായിരുന്നു ഉപ്പ.

തടി വ്യാപാരത്തിന്റെ വില്‍പന നികുതി കൃത്യമായി അടച്ചിരുന്നു. അതിനപ്പുറം ആദായ നികുതി എന്നൊരു ഇനം കൂടിയുണ്ടെന്ന കാര്യം ഉപ്പാക്കറിയില്ലായിരുന്നു. അറിവില്ലായ്മക്ക് നിയമത്തിന്റെ ദൃഷ്ടിയില്‍ പൊറുതിയില്ലെന്ന നിയമവും അറിഞ്ഞുകൂടായിരുന്നു. അങ്ങനെ കൊല്ലങ്ങളായുള്ള ആദായ നികുതി കെട്ടിവന്നപ്പോഴാണ് കണ്ണ് തള്ളിപ്പോയത്. വക്കീലന്മാരെ കണ്ടപ്പോള്‍ അവര്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വാദിക്കാമെന്ന് ഉപദേശം നല്‍കി. ഈ വക കാര്യങ്ങളില്‍ ഉപദേശമാരായാറുള്ള കണ്ണൂരിലെ 'ഗിവ് ആന്റ് ടെയ്ക്' ഹാര്‍ഡ് വെയര്‍ ഉടമയും ജമാഅത്തെ ഇസ്‌ലാമിയുടെ കണ്ണൂര്‍ ഘടകം ഭാരവാഹിയുമായിരുന്ന പി. ഉമര്‍ സാഹിബി(മര്‍ഹൂം)നെ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''വക്കീലിനെ വെച്ച് വാദിക്കുന്നിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട. നിങ്ങള്‍ നേരെ ഇന്‍കം ടാക്‌സ് ഓഫീസറെ ചെന്ന് കണ്ട് കാര്യങ്ങള്‍ സത്യസന്ധമായി തുറന്ന് പറഞ്ഞ് നോക്കുക.'' അത് ഉപ്പാക്കും ബോധ്യപ്പെട്ടു. ഏതായാലും താന്‍ കള്ളത്തരമൊന്നും ചെയ്തിട്ടില്ലെന്ന് പടച്ചവനും അറിയാമല്ലോ എന്നൊരു തവക്കുലോടെ നേരെ ആദായ നികുതി കമീഷണറെ ചെന്ന് കണ്ട് ഇങ്ങനെ പറഞ്ഞു: ''വില്‍പന നികുതിയല്ലാതെ ഇങ്ങനെ ഒരു നികുതിയുള്ള കാര്യം എനിക്കറിയില്ലായിരുന്നു. വില്‍പന നികുതി കൃത്യമായി ഞാന്‍ അടച്ചതിന്റെ രേഖകളുണ്ട്. ഇങ്ങനെയൊരു നികുതി ബാധ്യത കൂടിയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ അതും അടക്കുമായിരുന്നു. ഏതായാലും ഇത്രയും വലിയൊരു തുക ഇപ്പോള്‍ എനിക്ക് അടച്ചുതീര്‍ക്കാനാവില്ല. ഇത് അടക്കാന്‍ കഴിയുന്ന സംഖ്യയായി ഇളവ് ചെയ്താല്‍ വൈകാതെ അടച്ചുതീര്‍ക്കുകയും ഇനിയങ്ങോട്ട് കൃത്യമായി ആദായനികുതി അടക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം.'' കമീഷണര്‍ ഉപ്പയുടെ മുഖത്തൊന്ന് നോക്കി. താടിയും തൊപ്പിയുമൊക്കെയായി തന്റെ മുന്നിലിരിക്കുന്ന ഈ പച്ചപ്പരമാര്‍ഥി കള്ളം പറയാന്‍ സാധ്യതയില്ലെന്ന ഒരു തോന്നല്‍ കമീഷണര്‍ക്കുണ്ടായി. തന്റെ സത്യസന്ധത അറിയുന്ന പടച്ചവന്‍ അങ്ങനെ തോന്നിച്ചുവെന്നാണ് ഉപ്പ പറയുക. കമീഷണര്‍ സംഖ്യ ഇളവ് ചെയ്തു കൊടുത്തു. പിറ്റേക്കൊല്ലം മുതല്‍ കൃത്യമായി ആദായനികുതി അടക്കുകയും അതിന് പ്രത്യേകം ഫയല്‍ സൂക്ഷിക്കുകയും ചെയ്തു. ഈ ഫയലിനെക്കുറിച്ചുമുണ്ട്  ചില കഥകള്‍ പറയാന്‍. വിസ്താരഭയത്താല്‍ അത് ഒഴിവാക്കുകയാണ്. എല്ലാറ്റിനും ഫയല്‍ സൂക്ഷിക്കുക എന്ന ശീലം ഞാന്‍ സ്വായത്തമാക്കിയത് ഈ പാഠശാലയില്‍ നിന്നാണ്.

ഉപ്പാന്റെ സത്യസന്ധതയെക്കുറിച്ച് അറിവുള്ള ഒരു നായര്‍ ഒരിക്കല്‍ ഒരു സംഖ്യയുമായി വന്നു. അത് കുറച്ച് കാലം സൂക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ആവശ്യം. കച്ചവടത്തില്‍ അല്‍പം പൊളിവ് സംഭവിച്ച സമയത്തായിരുന്നു അയാളുടെ വരവ്. ആ സംഖ്യ കച്ചവടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി അതിന് നിബന്ധനയാക്കിവെച്ചു. അയാളത് സമ്മതിച്ചു. സംഖ്യ തിരിച്ചു കൊടുത്തപ്പോള്‍ കച്ചവടത്തില്‍ ലഭിച്ച ലാഭത്തിന്റെ വിഹിതം കൂടി അതിലുണ്ടായിരുന്നു. ആ നായര്‍ സുഹൃത്ത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അത്. പരേതനായ വി. അബ്ദുല്ല മൗലവി എന്നോട് പറഞ്ഞതാണ് ഈ കഥ. തനിക്ക് പണത്തിന്റെ അത്യാവശ്യമുണ്ടായപ്പോള്‍ പടച്ചവന്‍ തന്നെയാണ് ആ നായര്‍ സുഹൃത്തിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചതെന്നാണ് ഉപ്പ വിശ്വസിച്ചിരുന്നത്. 'തവക്കുലി'ന്റെ ഫലപ്രാപ്തിക്ക് ഒരു ഉദാഹരണമായിട്ടാണത്രെ ഈ അനുഭവം ഉപ്പ പങ്കുവെച്ചത്.

മുക്കത്ത് ആലിക്കുട്ടി സാഹിബുമായുള്ള ഇടപാട്

കുറ്റിയാടിയിലെ പഴയ തലമുറക്ക് അറിയുന്ന ഒരു അനുഭവം കൂടിയുണ്ട് ഈ ഇനത്തില്‍. കുറ്റിയാടിയിലെ വലിയൊരു ഫ്യൂഡല്‍ പ്രഭുവായിരുന്നു മുക്കത്തെ ആലിക്കുട്ടി സാഹിബ്. അദ്ദേഹം മരിച്ച ശേഷം മക്കളെ കാണാന്‍ ഉപ്പ ചെന്നു.  ഉപചാര പ്രകാരമുള്ള അനുശോചനത്തിന് വന്നതായിരിക്കും എന്നാണ് കുടുംബക്കാര്‍ ധരിച്ചത്. അനുശോചനവും പ്രാര്‍ഥനയുമൊക്കെ കഴിഞ്ഞ ശേഷം ഒരു പൊതിയും അവര്‍ക്ക് നല്‍കി. അവരത് തുറന്ന് നോക്കിയപ്പോള്‍ വലിയൊരു തുകയാണ് കണ്ടത്. ആലിക്കുട്ടി സാഹിബില്‍നിന്ന് കടം വാങ്ങിയിരുന്ന സംഖ്യയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടുപോയി. ആര്‍ക്കും വിവരമില്ലാത്ത, ഒരു രേഖയുമില്ലാത്ത ഇടപാടായിരുന്നു അത്. തുകയാണെങ്കില്‍ വലിയൊരു തുകയും. വേണമെങ്കില്‍ 'മുക്കാന്‍' എളുപ്പം. 

മതസൗഹാര്‍ദം

മുസ്‌ലിം ഭൂരിപക്ഷമുള്ള ഇരിക്കൂറിലെ പുരയിടത്തില്‍ നിന്ന് ഹിന്ദു ഭൂരിപക്ഷമുള്ള തൊട്ടടുത്ത കൊളപ്പയിലേക്ക് താമസം മാറ്റിയപ്പോള്‍ പലരും അതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അതൊന്നും ഉപ്പ സാരമാക്കിയില്ല. ഗൃഹപ്രവേശത്തിന്റെ അന്ന് നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് ബിരിയാണിയോടൊപ്പം പച്ചക്കറി സദ്യയും ഒരുക്കി. പാലക്കാട്ട് നിന്ന് പാചക വിദഗ്ധന്മാരായ പട്ടന്മാരെ കൊണ്ട് പതിനെട്ടോളം കോഴ്‌സുകളടങ്ങിയ സദ്യയായിരുന്നു. എന്നാല്‍ വിരുന്നിനെത്തിയ മിക്ക മുസ്‌ലിം സഹോദരങ്ങളും പച്ചക്കറിപ്പന്തിയിലെത്തിയപ്പോള്‍ ഹിന്ദു സഹോദരന്മാരില്‍ ഗണ്യമായൊരു കൂട്ടം ബിരിയാണി തെരഞ്ഞെടുത്തു എന്നതാണ് തമാശ. ബലിപെരുന്നാളിന് മൃഗബലി നടത്തുമ്പോള്‍ മാംസാഹാരം കഴിക്കുന്ന ഹിന്ദു സഹോദരന്മാര്‍ക്കും കൊടുക്കുമായിരുന്നു. അതിലുമുണ്ടായിരുന്നു ചില തമാശകള്‍. സ്ത്രീകള്‍ വീട്ടില്‍ മാംസം പാചകം ചെയ്യാത്ത ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ പുരുഷന്മാര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ആഹാരം പങ്കിടുകയായിരുന്നു പതിവ്.

സഖാവിന് രണ്ട് ചരമ ദിനങ്ങള്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള പ്രദേശമാണ് കൊളപ്പ. ഒരിക്കല്‍ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഒരു പറ്റം സഖാക്കളെ അവിടെ കണ്ടു. ഉപ്പ അകത്ത് പോയി വന്ന് അവര്‍ക്ക് എന്തോ കൈമടക്കുന്നതും കണ്ടു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ സി.എച്ച് കണാരന് ഇപ്പോള്‍ ചരമദിനം രണ്ടാണെന്ന് ഉപ്പ ചിരിച്ചു. സി.എച്ച് കണാരന്റെ പ്രഥമ ചരമവാര്‍ഷികത്തിന്റെ അന്നദാന പരിപാടിക്ക് സംഭാവന ചോദിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപ്പയെ സമീപിച്ചിരുന്നു. അപ്പോള്‍ ഉപ്പ അവരോട് പറഞ്ഞു: ''ഞാന്‍ നബിദിനത്തിന് പോലും അന്നദാനം നടത്താറില്ലെന്ന് നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. അതുകൊണ്ട് നിങ്ങളുടെ പരിപാടി കഴിഞ്ഞ് പിറ്റേ ദിവസം എന്റെ വക അന്നദാനം നടത്തിക്കൊള്ളുക. ചെലവ് മുഴുവന്‍ ഒറ്റക്ക് നിര്‍വഹിച്ചുകൊള്ളാം.'' അന്ന് മുതല്‍ സി.എച്ച് കണാരന്റെ എല്ലാ ചരമവാര്‍ഷിക ദിനത്തിന്റെയും പിറ്റേന്ന് സംഭാവനക്ക് വരിക സഖാക്കളുടെ പതിവായിത്തീര്‍ന്നതിനെപ്പറ്റിയാണ് 'സി.എച്ച് കണാരന് ഇപ്പോള്‍ രണ്ട് ചരമ വാര്‍ഷികമാണെ'ന്ന് ഉപ്പ പറഞ്ഞത്.

അടിയന്തരാവസ്ഥ കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും ഉപ്പ ആര്‍ക്കും വോട്ട് ചെയ്തിരുന്നില്ല. എന്നാലും ഈ 'പെറ്റി ബൂര്‍ഷ്വ'യെ 'സഖാക്കള്‍'ക്ക് ഇഷ്ടവും ബഹുമാനവുമായിരുന്നു. ഒരിക്കല്‍ കണ്ണൂരില്‍ പങ്കെടുക്കേണ്ട രണ്ട് കല്യാണങ്ങളുണ്ടായി. ഒന്നില്‍ ഞാനും മറ്റേതില്‍ ഉപ്പയും പങ്കെടുക്കാമെന്ന് തീരുമാനമായി. കല്യാണം കഴിഞ്ഞ് മടങ്ങുമ്പോള്‍ നഗരത്തില്‍ മാര്‍ക്‌സിസ്റ്റുകളുടെ പടുകൂറ്റന്‍ റാലി. ഞാന്‍ വളപട്ടണത്ത് ഉമ്മവീട്ടില്‍ അന്തിയുറങ്ങി പിറ്റേന്നാണ് തിരിച്ചെത്തിയത്. എപ്പോഴാണ് മടങ്ങിയതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സഖാക്കളുടെ വാഹനത്തില്‍ മടങ്ങി എന്നായിരുന്നു ഉപ്പയുടെ മറുപടി. റാലി കഴിഞ്ഞു മടങ്ങുന്ന കൊളപ്പയിലെ സഖാക്കള്‍ ഉപ്പയെ തെരുവോരത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.

ഉപ്പ മരിച്ചപ്പോള്‍ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന കൃഷ്ണന്‍ നമ്പ്യാര്‍ എന്ന പൗരപ്രമുഖന്റെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ഇങ്ങനെ ഓര്‍ക്കുമ്പോള്‍ നിത്യ സുഗന്ധികളായ ഓര്‍മകള്‍ ഇനിയും ഒരുപാടുണ്ട്. സ്ഥലപിരിമിതി മൂലം ഇത്രയും കൊണ്ട് നിറുത്തുകയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍