ഹജ്ജിന്റെ അടിവേരിലേക്ക് യാത്ര പോകുന്ന വാക്കുകള്‍
ഹജ്ജിന്റെ ആത്മാവിലേക്ക്, അടിവേരിലേക്ക് വരികള്‍ പായുന്നു മൈക്കല്‍ വുള്‍ഫിന്റെ ഹാജി എന്ന പുസ്തകത്തില്‍. എവ്വിധമാണ് ഹജ്ജ് ജീവിതത്തെ വീണ്ടുടുക്കുന്നതെന്ന് പുസ്തകം വരയുന്നു. ഒരേ മുഖം രണ്ടു വട്ടം കാണാത്ത, അറ്റം കാണാതെ പരന്നു കിടക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ ഹജ്ജിനെ, അതിന്റെ അകം കാമ്പിനെ തൊടുന്നു മൈക്കല്‍ വുള്‍ഫ്.
ജോസഫ് കോണ്‍റാഡിന്റെ ലോഡ്ജിം എന്ന പുസ്തകം വുള്‍ഫിന് കിട്ടുന്നത് കാസബ്ലാങ്ക എയര്‍പോര്‍ട്ടില്‍ നിന്നാണ്. ഹജ്ജിന്റെ മൂല്യ വിചാരങ്ങളെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഇംഗ്ലീഷ് ഫിക്ഷനുകളില്‍ ഇന്നും ഒറ്റപ്പെട്ട് നില്‍ക്കുന്നു 1900-ത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലോഡ്ജിം. തീര്‍ഥാടകര്‍ 'പറ്റ്‌നാ' എന്ന കപ്പലില്‍ നിന്നിറങ്ങി വിശുദ്ധ നാട്ടിലേക്ക് ധൃതിയാവുന്ന ഭാഗം വായിക്കുകയാണ് വുള്‍ഫ്:
''വിശ്വാസത്തിന്റെയും സ്വര്‍ഗ പ്രതീക്ഷകളുടെയും വെമ്പലില്‍ നഗ്നപാദങ്ങളില്‍ ചുവട് വെച്ച് കപ്പലില്‍ നിന്നിറങ്ങാനുള്ള മൂന്ന് നീക്കുപാലങ്ങളിലൂടെ അവരൊഴുകി. ഉരിയാട്ടമില്ലാതെ, മര്‍മരമില്ലാതെ, ഒരിക്കലൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ... വിശ്വാസവും പ്രതീക്ഷയുമായി എണ്ണൂറോളം സ്ത്രീ പുരുഷന്മാര്‍... വടക്കു നിന്നും തെക്ക് നിന്നും കിഴക്കിന്റെ വിദൂരതകളില്‍ നിന്നും... കാട്ടു പാതകള്‍ താണ്ടിയും സമതലങ്ങളും പുഴകളും പിന്നിട്ടും ദ്വീപുകളില്‍ നിന്ന് വണ്ടിയില്‍ കടവുകള്‍ കടന്നു ഉല്‍ക്കടമായ ആഗ്രഹം ആവേശിച്ച് അവര്‍ പരന്ന് പരന്നൊഴുകി... അവര്‍ ഒറ്റപ്പെട്ട ഏതോ കുടിലുകളില്‍ നിന്നും ജനസാന്ദ്രമായ കൊച്ചു പട്ടണങ്ങളില്‍ നിന്നും കടല്‍ കടന്ന് വന്നു. നോക്കണം, ഒരാദര്‍ശത്തിന്റെ വിളി കേട്ടാണല്ലോ അവര്‍ കാടും നാടും വിട്ടത്!''
എല്ലാവിധ ഈര്‍പ്പങ്ങളും വലിച്ചെടുക്കുന്ന മരുക്കാറ്റിലൂടെ മൈക്കല്‍ വുള്‍ഫ് നടന്നു. ലക്ഷ്യത്തെ കുറിച്ച ബോധത്തില്‍ നിന്നാണ് സര്‍വ തിരക്കുകളും. എന്നാല്‍ ഹാജിമാരുടെ അംഗചലനങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നവരെ പോലെ തോന്നിക്കുന്നില്ലേ. 'കാലമെത്രയായി. ഹജ്ജിന്റെ രീതിക്കൊരു മാറ്റവുമില്ല. അന്നത്തെ ജനങ്ങളും ഇതേ ഇഹ്‌റാം ധരിച്ചു. അവര്‍ ചുറ്റിയ കഅ്ബയെ തന്നെ ഞാനും ത്വവാഫ് ചെയ്തു. അവരുടെ സഅ്‌യ് തന്നെയാണ് എന്റേതും. അവര്‍ സംസം കുടിച്ചു. മനുഷ്യരാകുന്ന പാത്രത്തിലേക്ക് ഹജ്ജ് ഒഴിക്കപ്പെടുകയാണോ?'
പരുക്കന്‍ വസ്ത്രം അണിഞ്ഞൊരു മൊറോക്കോകാരനെപ്പറ്റി വുള്‍ഫ് എഴുതുന്നു. ടയര്‍ കൊണ്ട് നിര്‍മിച്ച ചെരുപ്പുകളാണദ്ദേഹം ധരിച്ചിരിക്കുന്നത്. മൂവായിരത്തോളം കിലോമീറ്റര്‍ നടന്ന് ഹജ്ജിനെത്തിയതാണയാള്‍. ഇബ്‌നു ബത്തൂത്തയേക്കാള്‍ സമയമെടുത്തിരിക്കുന്നു യാത്രക്ക്. പ്രായവും അനാരോഗ്യവും തന്നെ കാരണം. വിശ്രമിച്ചും ഇടക്ക് കാശ് സ്വരൂപിച്ചും യാത്ര തുടരുകയായിരുന്നു. ഏഴു മാസം ട്രിപ്പോളിയില്‍ ചെരുപ്പ് കുത്തിയായി. കുറേ മാസങ്ങള്‍ കയ്‌റോയില്‍ കാവല്‍ക്കാരനായി. മൈക്കല്‍ വുള്‍ഫിന് ആ വയോധികന്‍ ഒരു പുരാണ ചിത്രത്തില്‍ നിന്ന് ഇറങ്ങിവന്നയാളെ പോലെ തോന്നി.
സുഹൃത്ത് അബ്ദുല്‍ഖാദറാണ് ചെറുപ്പത്തില്‍ ചെയ്ത ഒരു തെറ്റിന്റെ പേരില്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഒരാളെപ്പറ്റി വുള്‍ഫിനോട് പറയുന്നത്. ന്യൂയോര്‍ക്ക് ജയിലില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. നിസ്‌കരിച്ചു, നോമ്പ് നോറ്റു. ഖുര്‍ആന്‍ അറബിയില്‍ തന്നെ വായിക്കാന്‍ പഠിച്ചു. തുടര്‍ച്ചയായി അഞ്ച് ജീവപര്യന്തമാണയാള്‍ അനുഭവിക്കേണ്ടത്. ജീവിതകാലത്തയാള്‍ മക്ക കാണാന്‍ സാധ്യതയില്ല. തനിക്കൊരിക്കലും യാത്ര പോകാന്‍ പറ്റാത്തതിനാല്‍ അബ്ദുല്‍ഖാദറിനോട് അയാള്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്!
മാസങ്ങളായി എല്ലാവരുടെയും ലക്ഷ്യമായിരുന്നല്ലോ കഅ്ബ. വുള്‍ഫ് മതിവരാതെ പിന്നെയും പിന്നെയും കഅ്ബയെ നോക്കി. ഓരോ തവണ കാണുമ്പോഴും അതില്‍ മാറ്റങ്ങള്‍ കാണുന്നില്ലേ... അതിന്റെ രൂപഭാവങ്ങള്‍ വ്യത്യാസപ്പെടുന്നില്ലേ... എത്തിച്ചേരലിന്റെ ത്വവാഫ് നടക്കുമ്പോള്‍ ഒരു തൂണ് പോലെ, 'കിസ്‌വ' ചേര്‍ത്ത് നോക്കുമ്പോള്‍ ഒരു പുസ്തകം പോലെ. ഹജ്ജിന്റെ ഗിയര്‍ മാറിവരുമ്പോള്‍ കഅ്ബക്ക് പുതിയ ധര്‍മങ്ങള്‍ ഉറവയെടുക്കുന്നു.
ഇനി ശൈത്വാനെ കല്ലെറിയണം, മനുഷ്യന്റെ അധമ വികാരങ്ങളെ. മൈക്കല്‍ വുള്‍ഫിന്റെ ചുമലിനടുത്ത് കൂടി ഒരു റബര്‍ ചെരിപ്പ് തിരിഞ്ഞ് മറിഞ്ഞ് പറന്നു പോയി. കല്ലുകള്‍ തുരുതുരാ വന്നു വീണു കൊണ്ടിരുന്നു. സ്വന്തം ചിന്തകളെ പാകപ്പെടുത്താന്‍, പോരാട്ടത്തിന് ഒരു ലക്ഷ്യമേകാന്‍ എല്ലാവരും നിലാവില്‍ പെറുക്കിയ കല്ലെറിയുന്നു.
ഒരു തുന്നല്‍ ചിത്രത്തിലെ നൂല്‍ സൂചിയോടൊപ്പം പൊങ്ങിത്താഴുന്ന പോലെ ഹജ്ജ് അതിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഹജ്ജ് തീരുകയാണ്. അധികം പേര്‍ക്കും ഹജ്ജ് പൂര്‍ത്തീകരണമാണ്. വുള്‍ഫിന് പക്ഷേ, അതൊരു തുടക്കമാണ്.
''ഇനി ഞാനെന്റെ ഭൗതിക ലക്ഷ്യങ്ങളെ അതിന്റെ പാട്ടിന് വിടട്ടെ. ഹജ്ജ് എനിക്ക് കണ്ണഞ്ചിപ്പിക്കുന്നൊരു അധ്യായമായിരുന്നു. കാലക്രമേണ ഞാനതെന്റെ ജീവിതത്തില്‍ കോറിയിടും!''
ടാക്‌സി ഡ്രൈവര്‍ വുള്‍ഫിനെയും കൊണ്ട് 'മസ്ആ' പാലത്തിന്‍ മേല്‍ ഒരു വട്ടം കൂടി ചുറ്റി. ആ പുരാതന പട്ടണത്തിലേക്ക് അദ്ദേഹമൊന്നു കൂടി തിരിഞ്ഞു നോക്കി... പതുക്കെ പട്ടണം കണ്ണില്‍ നിന്ന് മറയുന്നു. അവര്‍ കുന്ന് കയറുകയാണ്. പതിയെ മക്കയില്‍ നിന്നും അകലുകയാണ്. ഭൗതികമായി എത്ര അകന്നാലും അഞ്ചു വഖ്ത്തും നോട്ടം അങ്ങോട്ടാണല്ലോ, ആശ്വാസമാകുന്നു.....
Comments