ജീവിതം എന്തുകൊണ്ട് ആകര്‍ഷകമാക്കിക്കൂടാ
ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം
വിവാഹത്തിന്റെ പിറ്റേന്ന് ജാബിറി(റ)നെ കാണാനിടയായ നബി(സ) ക്ഷേമാന്വേഷണങ്ങള്‍ക്കിടെ അദ്ദേഹത്തോടുന്നയിച്ച ചോദ്യത്തിന്റെ ആന്തരാര്‍ഥത്തെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും ആലോചിക്കുകയായിരുന്നു. ജാബിറിനോട് നബി(സ): ''നിനക്ക് കളിക്കാനും നിന്നോട് കളിക്കാനും പറ്റുന്ന ഒരു കന്യകയെ കല്യാണം കഴിച്ചു കൂടായിരുന്നോ? പരസ്പരം സല്ലപിക്കാനും ശൃംഗരിക്കാനും പറ്റുന്ന ഒരു കന്യകയെ?''
നബി(സ)യുടെ ഈ വാക്കുകള്‍ നമ്മുടെ ഇന്നത്തെ യഥാര്‍ഥ അവസ്ഥയോടും ദാമ്പത്യബന്ധ സംസ്‌കാരത്തില്‍ നമ്മുടെ പിന്നാക്ക നിലയോടും പൊരുത്തപ്പെടാത്തതാണ്. മിക്ക ഭര്‍ത്താക്കന്മാരും ഭാര്യമാരും ''ഏയ് അതൊക്കെ കുറച്ചിലല്ലേ, നാണമാവില്ലേ'' എന്ന് പറഞ്ഞ് തള്ളുന്ന സല്ലാപവും ശൃംഗാരവും പ്രേമലീലയുമൊക്കെ ദാമ്പത്യ ജീവിതത്തില്‍ ഇല്ലാതാവുന്നത് പരസ്പര വഞ്ചനയിലേക്കും പരസ്ത്രീ-പരപുരുഷ ഗമനത്തിലേക്കും നയിക്കുമെന്ന സത്യം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് തള്ളാനാവില്ല.
ഈ മുഖവുര ഞാനെഴുതിയത് ഭാര്യ ഭര്‍ത്താവിന്റെ മുമ്പില്‍ സൗന്ദര്യം പ്രദര്‍ശിപ്പിച്ച് വിലസി നടക്കണം എന്ന് സൂചിപ്പിക്കാനാണ്. ഇസ്‌ലാം നിരോധിച്ച, ജാഹിലിയ്യാ കാലത്തെ വിലസലല്ല അര്‍ഥമാക്കുന്നത്. ഭര്‍ത്താവും ഭാര്യയും അന്യോന്യം ആകര്‍ഷണം തോന്നുന്ന വിധത്തില്‍ വേഷവിധാനങ്ങള്‍ സ്വീകരിക്കണം. പ്രത്യേകിച്ച് ഭാര്യ ദാമ്പത്യ ജീവിതത്തിലെ സുഖാസ്വാദനത്തിന് പ്രേരകമാവുന്ന വിധത്തില്‍ തന്റെ നൈസര്‍ഗ്ഗിക സ്‌ത്രൈണ സിദ്ധികളെല്ലാം പുറത്തെടുത്ത് ഭര്‍ത്താവിനെ മോഹിപ്പിച്ച് ജീവിതം ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കണം.
തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ അടക്കിപ്പിടിച്ച ദുഃഖങ്ങളെ കുറിച്ച് ദമ്പതികളില്‍ നിന്ന് നേരിട്ടും അല്ലാതെയും കിട്ടുന്ന പരാതികള്‍ പെരുകിയ പശ്ചാത്തലത്തിലാണ് ഞാന്‍ ഇത്തരം കാര്യങ്ങള്‍ തുറന്നെഴുതേണ്ടി വരുന്നത്. പരാതികള്‍ പലതും കേട്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം തങ്ങളുടെ ഭാര്യമാരെ കുറിച്ച് ഭര്‍ത്താക്കന്മാര്‍ക്കാണ് പരാതി തികച്ചും. ''അവള്‍ അണിഞ്ഞൊരുങ്ങുന്നില്ല, നല്ല വസ്ത്രം ധരിക്കുന്നില്ല. എന്റെ മനസ്സിനെ ആകര്‍ഷിക്കുന്ന വിധം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നില്ല...'' അങ്ങനെ പോകുന്നു പരാതികള്‍. ഇവിടെ ഭര്‍ത്താവ് മറക്കുന്ന മറ്റൊരു വശത്തെക്കുറിച്ച് അപ്പോഴൊക്കെ ഞാന്‍ ആലോചിക്കും. ഭാര്യക്കുമുണ്ടാവില്ലേ ഭര്‍ത്താവിനെ കുറിച്ച് പരാതികള്‍? അദ്ദേഹം തന്റെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നില്ല, സൗന്ദര്യ ബോധം തീരെയില്ല. അവളുടെ ശാരീരിക-മാനസിക ചോദനകളോട് വേണ്ടവിധം പ്രതികരിക്കുന്നില്ല തുടങ്ങിയ പരാതികള്‍. ഇവയൊക്കെ ഭര്‍ത്താവ് എന്ന നിലയ്ക്കുള്ള തന്റെ ഗൗരവം ചോര്‍ത്തിക്കളയുമെന്ന മൂഢ ധാരണ പുലര്‍ത്തുന്ന ആണുങ്ങളുമുണ്ടെന്ന് മറ്റ് ചില സ്ത്രീകളുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് വ്യക്തമായി. വേറൊരു തരം ഭര്‍ത്താക്കന്മാരുണ്ട്. തങ്ങളുടെ ഭാര്യമാര്‍ ആകര്‍ഷകമായ വിധത്തില്‍ വസ്ത്രമൊക്കെയണിഞ്ഞ് ശൃംഗാരഭാവത്തില്‍ കൊഞ്ചലും കിഞ്ചന വര്‍ത്തമാനവുമായി സമീപിച്ചാല്‍ അവരുടെ ചോദ്യം: ''ഇത്തരം പെരുമാറ്റ രീതികളൊക്കെ നീ എവിടെ നിന്ന് പഠിച്ചതാണ്!'' അയാള്‍ സംശയിച്ചു തുടങ്ങും. പിന്നെ ചോദ്യമായി, കഴിഞ്ഞ കാല ജീവിതത്തിലെ ഏടുകള്‍ പരതി ആരോപണങ്ങളായി. ആനന്ദവേളകളാവേണ്ട നിമിഷങ്ങള്‍ ഈ വിധം നരകയാതന തിന്നേണ്ട ദുരവസ്ഥയായല്ലോ എന്നോര്‍ത്ത് ആ സ്ത്രീ സങ്കടപ്പെടും. തന്റെ വിധിയെ പഴിക്കും. ഇങ്ങനെ ഒരു മുരടനെയാണല്ലോ തന്റെ ഭര്‍ത്താവായി കിട്ടിയത് എന്നോര്‍ത്ത് കണ്ണീര്‍ വാര്‍ക്കും. സല്ലപിക്കുകയും ശൃംഗരിക്കുകയും സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഭര്‍ത്താവിനെ ഇക്കിളിപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീപ്രകൃതിയെ നബി(സ) ശ്ലാഘിച്ചിട്ടുണ്ടെന്ന കാര്യം ഇത്തരം വരണ്ടുണങ്ങിയ ഭര്‍തൃഹൃദയങ്ങള്‍ മറക്കുന്നു.
പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ചര്യയില്‍ നിന്ന് ഏറെ അകന്ന ലൈംഗിക സംസ്‌കാരമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടേത്. ഭര്‍ത്താവിന്ന് വേണ്ടി അണിഞ്ഞൊരുങ്ങുകയും അയാളെ സന്തോഷിപ്പിക്കുകയും അയാളുടെ കരളില്‍ കുളിര് കോരിയിടുകയും ചെയ്യുന്ന പ്രേമകല 'കുറച്ചിലും ലജ്ജാകര'വുമായി കരുതുന്ന ഇതേ സ്ത്രീകള്‍ പുറത്ത് പോയി തെരുവുകളില്‍ ജാഹിലിയ്യാ സൗന്ദര്യപ്രകടനം നടത്തുന്ന വേഷഭൂഷകളും നടന ചേഷ്ടകളുമായി വിലസി അലയുന്നത് കാണുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. നമ്മുടെ കിടപ്പറകളില്‍ ഉണ്ടാവേണ്ട ലാസ്യഭാവവും പ്രേമപ്രഹര്‍ഷവും അങ്ങാടികളിലും തെരുവോരങ്ങളിലുമാണല്ലോ എന്ന് ഞാന്‍ അതിശയിക്കാറുണ്ട്. ദമ്പതികള്‍ക്കിടയിലെ ലൈംഗിക ജീവിതപരാജയം തകര്‍ത്തു കളഞ്ഞ നിരവധി കുടുംബ ബന്ധങ്ങളുടെ കഥയെനിക്കറിയാം. ഭര്‍ത്താവ് നിര്‍ബന്ധിച്ചാലും വീടകങ്ങളില്‍ വേഷഭൂഷാദികളിലോ ഉടുപ്പിലോ നടപ്പിലോ ഒരു ശ്രദ്ധയുമില്ലാത്ത സ്ത്രീകള്‍, തങ്ങളുടെ ഇണകളുടെ കണ്ണുകള്‍ തെരുവില്‍ കാണുന്ന സുന്ദരികളായ തരുണീമണികളുടെ ശരീരവടിവുകളില്‍ ഉടക്കിപ്പോവുമെന്ന യാഥാര്‍ഥ്യം കാണാതെ പോവുന്നു. തങ്ങളുടെ ശരീര കാമനകള്‍ പൂര്‍ത്തീകരിക്കാത്ത ഭാര്യയുടെ ചേലും കോലവും പുറത്തെ പെണ്ണുങ്ങളിലേക്ക് അയാളുടെ മനസ്സിനെ തെളിച്ചുകൊണ്ടു പോകുന്നുവെങ്കില്‍ കുറ്റം ഭര്‍ത്താവിന്റെതാണോ? എന്നിട്ട് ദാമ്പത്യ ജീവിതത്തിലെ വഞ്ചനയെ കുറിച്ച് നാം പരിതപിക്കുകയും ചെയ്യുന്നു.
ചില ഭാര്യമാര്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ദുര്‍ഗന്ധത്തെക്കുറിച്ചാണ് പരാതി. ചിലരോടു ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നത് തന്റെ ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള ഉപകരണം എന്ന നിലക്കാണ്. പത്ര-മാസികകളും ചാനലുകളും നല്‍കുന്ന സ്ത്രീ സൗന്ദര്യത്തിന്റെ ദൃശ്യവിസ്മയങ്ങളില്‍ കൗതുകം കൊള്ളുന്ന ഭര്‍ത്താവ് വീടകങ്ങളില്‍ കാണുന്നത് അവയ്ക്ക് നേരെ വിപരീതമായ കാഴ്ചകളാണ്. വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന മാധ്യമങ്ങളുടെ മോഹവലയത്തില്‍ വീണുപോകുന്ന ആണുങ്ങളുടെ ആശകളെല്ലാം തണുത്തുറഞ്ഞു പോകും തങ്ങളുടെ സ്ത്രീജനങ്ങളെ കാണുമ്പോള്‍. ഈ ദുരവസ്ഥ സംഭവിക്കാതിരിക്കാനാണ് യാത്രയില്‍ നിന്നുള്ള തങ്ങളുടെ ആമഗനവാര്‍ത്ത മദീനയിലെ സ്ത്രീകളെ അറിയിക്കാന്‍ നേരത്തെത്തന്നെ ദൂതന്മാരെ അയച്ചത്. നബി(സ)യുടെ തന്നെ വാക്കുകളില്‍ ''സ്ത്രീകള്‍ക്ക് മുടി ചീകി ഒതുക്കാനും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങി അവരെ സ്വീകരിക്കാനും സാധിക്കുന്നതിന് വേണ്ടിയാണ്'' മുന്‍കൂട്ടി വിവരം നല്‍കണമെന്ന് പറഞ്ഞത്. യാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന സ്വഹാബികള്‍ കുടുംബത്തില്‍ രാത്രിയില്‍ നേരംകെട്ട നേരത്ത് കയറിച്ചെല്ലരുതെന്ന് നബി(സ) ഉപദേശിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ കാണാന്‍ കൊതിക്കുന്ന രൂപത്തിലും ഭാവത്തിലും വേഷത്തിലുമായിരിക്കില്ല അന്നേരങ്ങളില്‍ ഭാര്യമാര്‍. അല്ലാഹു പറഞ്ഞു: ''അവര്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെയും വസ്ത്രമാണ്.'' ദാമ്പത്യജീവിതാനന്ദത്തിലും സുഖാസ്വാദനത്തിലും ദമ്പതികള്‍ തുല്യരാണെന്ന് സാരം. ഭാര്യമാരോടും ഭര്‍ത്താക്കന്മാരോടും എനിക്ക് പറയാനുള്ളത്, നിങ്ങളിരുവരും അണിഞ്ഞൊരുങ്ങുക. അത്‌വഴി ജീവിതം ആനന്ദ വേളകളുടെ വിലാസ വേദിയാക്കുക. ഉദാത്തമായ ലൈംഗിക-ദാമ്പത്യ ജീവിത സംസ്‌കാരം പഠിപ്പിക്കുന്ന ഇസ്‌ലാമിന് വിവാഹ ജീവിതം മധുരോദാരമായ അനുഭവവും അനുഭൂതിയുമാക്കി മാറ്റാന്‍ നിരവധി നിര്‍ദ്ദേശങ്ങളുണ്ട്.
വിവ: പി.കെ ജമാല്‍
Comments