Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ബിഹാര്‍ തെരഞ്ഞെടുപ്പും വെല്ലുവിളികളും

         ബിഹാറില്‍ അസംബ്ലി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഇത് അഭിമാനപ്പോരാട്ടമാണ്. മറ്റൊരര്‍ഥത്തില്‍ ജീവന്‍മരണ പോരാട്ടം. പാര്‍ലമെന്റില്‍ തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമുള്ള, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കാര്യമായ എതിര്‍പ്പൊന്നും നേരിടാത്ത ഒരു പ്രധാനമന്ത്രി ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ ഇത്ര കാര്യഗൗരവത്തില്‍ എടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, രാഷ്ട്രീയ സാഹചര്യങ്ങള്‍ അത്തരമൊരു അവസ്ഥയിലേക്ക് മോദിയെ എത്തിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഭരണകക്ഷി ന്യൂനപക്ഷമാണെന്നതാണ് എന്‍.ഡി.എയുടെ ഇപ്പോഴത്തെ വലിയൊരു പ്രതിസന്ധി. അതുകൊണ്ട് ബില്ലുകളൊന്നും പാസാക്കിയെടുക്കാനാവുന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തതുകൊണ്ട് കഴിഞ്ഞ വര്‍ഷകാല രാജ്യസഭാ സമ്മേളനത്തില്‍ ഒരൊറ്റ ബില്ലും പാസാക്കാനായില്ല. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍ രാജ്യസഭയിലും ഭൂരിപക്ഷം നേടിയേ മതിയാവൂ. വലിയ സംസ്ഥാനങ്ങളിലൊന്നായ ബിഹാര്‍ പിടിക്കുന്നതിലൂടെ രാജ്യസഭയിലെ അംഗത്വബലം കൂട്ടാനാവും. ഒന്നേകാല്‍ ലക്ഷം കോടിയുടെ ഭീമന്‍ ബിഹാര്‍ പ്രത്യേക പാക്കേജുമായി മോദി പറ്റ്‌നയിലേക്ക് വിമാനം കയറിയത് അതുകൊണ്ടാണ്. ഈ പൊള്ള വാഗ്ദാനങ്ങളിലൊന്നും ജനം വീഴാന്‍ സാധ്യതയില്ലെങ്കിലും, എന്തു വിലകൊടുത്തും ബിഹാര്‍ പിടിച്ചേ അടങ്ങൂ എന്ന സന്ദേശം അത് നല്‍കുന്നുണ്ട്.

തന്റെ പ്രതിഛായക്ക് മങ്ങലേല്‍ക്കുകയോ ജനസമ്മതിക്ക് ഇടിവ് തട്ടുകയോ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യതയും മോദിയില്‍ വന്നുചേര്‍ന്നിരിക്കുന്നു. വ്യാപം, ലളിത് മോദി അഴിമതിക്കഥകള്‍ സൃഷ്ടിച്ചുവിട്ട പ്രകമ്പനങ്ങള്‍ ഇനിയും ഒടുങ്ങിയിട്ടില്ല. മോദി പ്രധാനമന്ത്രിയായ ഉടനെ നടന്ന ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ബിഹാറില്‍ പിടിച്ചുനിന്നാല്‍ മാത്രമേ ആ 'വിജയഗാഥ' തുടരുകയാണെന്ന് പാര്‍ട്ടിക്കകത്തും പുറത്തും പറഞ്ഞ് നില്‍ക്കാനാവൂ. അതേസമയം, ദേശീയതലത്തിലും സംസ്ഥാന തലത്തിലും രാഷ്ട്രീയ സാഹചര്യം തനിക്ക് അനുകൂലമല്ലെന്ന് മോദി നന്നായി മനസ്സിലാക്കുന്നുണ്ട്. ബിഹാറില്‍ സെക്യുലര്‍ കക്ഷികളുടെ ഭിന്നതയും ചേരിപ്പോരും മുതലെടുത്താണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് നേട്ടം കൊയ്തത്. ഇത്തവണ അതിന് മാറ്റം വന്നിരിക്കുന്നു. ബദ്ധവൈരികളായ നിതീഷ് കുമാറിന്റെ യുനൈറ്റഡ് ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും മുന്നണിയായാണ് മത്സരിക്കുന്നത്. ഒപ്പം കോണ്‍ഗ്രസ്സുമുണ്ട്. 

മുസ്‌ലിം-യാദവ് വോട്ട് ബാങ്കിനെയാണ് ഈ മുന്നണി മുഖ്യമായും ആശ്രയിക്കുന്നത്. ആ വോട്ട് ബാങ്ക് എങ്ങനെ ശിഥിലമാക്കാമെന്ന് എന്‍.ഡി.എയും ആലോചിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കട്ടൗട്ടുകളില്‍ മോദിയുടേതല്ലാത്ത ചിത്രങ്ങളൊന്നും കാണാനില്ലെങ്കിലും, രാംകൃപാല്‍ യാദവിനെയും നന്ദ് കിശോര്‍ യാദവിനെയും പോലുള്ള സാമാന്യം ജനസ്വാധീനമുള്ള നേതാക്കളെ വല വീശി പിടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനോട് യാദവ് സമുദായത്തിലെ പുതു തലമുറക്ക് താല്‍പര്യമില്ലാത്തതും ബി.ജെ.പിക്ക് അനുകൂല ഘടകമാണ്. ബിഹാറിനെ ബഹുദൂരം പിന്നോട്ട് തള്ളിയതില്‍ ലാലു-റബ്‌റി ദേവി ഭരണകൂടങ്ങളുടെ പിടിപ്പുകേടിന് വലിയ പങ്കുണ്ടെന്നും ഈ പുതുതലമുറ വിശ്വസിക്കുന്നു. മോദിയെ വികസന നായകനാക്കി അവതരിപ്പിക്കുന്നതിലൂടെ ഈ യുവ വോട്ടര്‍മാരെ സ്വാധീനിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.

മുസ്‌ലിം വോട്ടുകളെ ബി.ജെ.പി എഴുതിത്തള്ളാറാണ് പതിവെങ്കിലും ഇക്കുറി അങ്ങനെയല്ല. മോദിയുടെ ധൃതിപിടിച്ചുള്ള യു.എ.ഇ സന്ദര്‍ശനം ബിഹാര്‍ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് എന്ന നിരീക്ഷണമുണ്ട്. അബൂദബിയിലെ പള്ളി സന്ദര്‍ശനമായിരുന്നല്ലോ മോദിയുടെ പരിപാടികളിലെ മുഖ്യ ഇനമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇമേജ് മിനുക്കിയെടുക്കാനുള്ള പി.ആര്‍ വര്‍ക്ക് തന്നെയാണത്. പതിനാറ് ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള ബിഹാറില്‍ അത് ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതിയിട്ടുണ്ടാവണം. രാഷ്ട്രീയ ജനതാദള്‍ പതിനഞ്ച് വര്‍ഷവും യുനൈറ്റഡ് ജനതാദള്‍ പത്തു വര്‍ഷവും ഭരിച്ചിട്ടും മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നതും സെക്യുലര്‍ മുന്നണിക്ക് തിരിച്ചടിയാവും.

കിശന്‍ഗഞ്ച്, പൂര്‍ണിയ, ഭഗല്‍പൂര്‍, കൂസി, കട്ഹാര്‍ തുടങ്ങിയ കിഴക്കന്‍ ബിഹാര്‍ മേഖലകളില്‍ മുസ്‌ലിം വോട്ടര്‍മാര്‍ മുപ്പത് ശതമാനത്തോളം വരും. 70 മണ്ഡലങ്ങളിലെങ്കിലും അവരുടെ വോട്ട് നിര്‍ണായകമാണ്. പിന്നാക്ക മുസ്‌ലിം കൂട്ടായ്മയായ പസ്മാന്ത മുസ്‌ലിം മഹസ് പോലുള്ള സംഘടനകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നിതീഷ് കുമാറിനാണ് വോട്ട് ചെയ്തതെന്നും വന്‍ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിക്കാനത് കാരണമായിട്ടുണ്ടെന്നും അവകാശപ്പെടുന്നു. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഒട്ടും ശ്രദ്ധിക്കാതിരുന്ന നിതീഷിനോടുള്ള പ്രതിഷേധ സൂചകമായി ഇത്തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് അവര്‍ പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. ഇത്തരക്കാരെ ഒപ്പം കൂട്ടാന്‍, നിതീഷുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ജിതന്‍ മാന്‍ജിയെയാണ് ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടയിലേക്കാണ് തെലുങ്കാനയില്‍ നിന്നുള്ള ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമീന്‍ നേതാവ് അസദുല്ല ഉവൈസി എടുത്ത് ചാടുന്നത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി കഴിഞ്ഞ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടാനും ഏതാനും മണ്ഡലങ്ങളില്‍ ഗണ്യമായ വോട്ട് നേടി എതിരാളികളെ വിറപ്പിക്കാനും ഉവൈസിക്ക് സാധിച്ചിരുന്നു. അതേ തന്ത്രം അദ്ദേഹം ബിഹാറിലും പയറ്റാനൊരുങ്ങുകയാണ്. 25 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. ഉവൈസിയുടെ രംഗപ്രവേശം ബി.ജെ.പി ഉന്നം വെക്കുന്ന സാമുദായിക ധ്രുവീകരണത്തിന് അനുകൂലമായ മണ്ണൊരുക്കുകയാണ് ചെയ്യുക. വര്‍ഗീയ കലാപത്തിന്റെ കനലുകളെരിയുന്ന അസീസ്പൂരിലും മുസഫര്‍ പൂരിലും  വീണ്ടും വര്‍ഗീയാഗ്നി പടര്‍ത്താന്‍ അത് ഇടയാക്കും. ഉവൈസിക്ക് ഒന്നു രണ്ട് സീറ്റുകള്‍ കിട്ടിയേക്കാമെങ്കിലും നേട്ടം കൊയ്യുന്നത് ബി.ജെ.പി തന്നെയായിരിക്കും. ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടുമെന്നതാണ് സെക്യുലര്‍ മുന്നണിയുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍