അക് പാര്‍ട്ടി തിരിച്ചുവരും
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്തതിനാല്‍ തുര്‍ക്കി വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മിക്കവാറും നവംബര്‍ മാസത്തിലായിരിക്കും പുതിയ തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി 12 കൊല്ലം ഭരണം നടത്തിയതിന്റെയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടു നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായതിന്റെയും ആത്മവിശ്വാസത്തില്‍, വരുന്ന തെരഞ്ഞെടുപ്പില്‍ പൂര്‍വാധികം ശക്തിയോടെ ഭരണത്തിലേക്ക് തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് അക് (ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ്) പാര്‍ട്ടി.
തുര്‍ക്കിയില്‍ കഴിവുറ്റ പ്രതിപക്ഷമില്ല എന്നത് വസ്തുതയാണ്. ഭരണകക്ഷിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനുമുള്ള കെല്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ല. ഭരണകക്ഷിക്കെതിരെ ആരോപണമുന്നയിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കാനോ തെളിവുകള്‍ ഹാജരാക്കാനോ അവര്‍ക്കാവാറില്ല. അതിനാല്‍ ആരോപണങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമായി ഒതുങ്ങാറാണ് പതിവ്. പ്രതിപക്ഷ കക്ഷികള്‍ക്കാകട്ടെ ഒറ്റക്കെട്ടായി നില്‍ക്കാനും കഴിയാറില്ല. ഇതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞ സമയത്ത് ഉണ്ടായ ഭരണ പ്രതിസന്ധി. ഇത് മുതലെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായില്ല. ഇലക്ഷന്‍ പ്രചാരണ സമയത്ത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ സി.എച്ച്.പി(റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി), എം.എച്ച്.പി(നാഷ്‌നല്‍ മൂവ്‌മെന്റ് പാര്‍ട്ടി), എച്ച്.ഡി.പി (പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) എന്നിവയുടെ പ്രധാന മുദ്രാവാക്യം അക് പാര്‍ട്ടിയെ ഭരണത്തില്‍ നിന്നും തുര്‍ക്കിയുടെ രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കും എന്നായിരുന്നു. എന്നാല്‍ അക് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും, മൂന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് കൂട്ടു മന്ത്രിസഭ ഉണ്ടാക്കാനുള്ള അവസരം ഒത്തു വന്നിട്ടും അവര്‍ക്കതിന് സാധിച്ചില്ല. കാരണം മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഒരിക്കലും ഒത്തുപോകില്ല എന്നതുതന്നെ. യോജിക്കാന്‍ പറ്റുന്ന ഒരു കാര്യവും അവര്‍ തമ്മിലില്ല.
തികച്ചും സെക്യുലര്‍ പാര്‍ട്ടിയായ സി.എച്ച്.പിയും നാഷ്‌നലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിയും ഒന്നിച്ചാല്‍ തന്നെ കുര്‍ദു പാര്‍ട്ടിയായ എച്ച്.ഡി.പിയുമായി ഒരിക്കലും അവര്‍ക്ക് ഒത്തുപോകാനാവില്ല. കാരണം അവരുടെ മനസ്സിലുള്ള വംശീയ ചിന്താഗതി തന്നെ. ഇങ്ങനെ പ്രതിപക്ഷ പാര്‍ട്ടികളുടെ കഴിവില്ലായ്മ ഒരിക്കല്‍ കൂടി പുറത്ത് വന്നു. പിന്നെയുള്ള സാധ്യത അക് പാര്‍ട്ടിയും ഏതെങ്കിലുമൊരു പ്രതിപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള കൂട്ടുമന്ത്രിസഭയായിരുന്നു. ഇലക്ഷന്‍ ഫലം പുറത്ത് വന്ന ഉടന്‍ തന്നെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവും കൂട്ടുമന്ത്രിസഭ രൂപീകരിക്കാനായി പ്രതിപക്ഷ പാര്‍ട്ടികളെ വളരെ വിശാല മനസ്സോടെ ക്ഷണിക്കുകയുണ്ടായി. 'ഭിന്നതകള്‍ മറക്കണം. രാജ്യതാല്‍പര്യത്തിനും രാജ്യ വികസനത്തിനും ഭരണത്തുടര്‍ച്ച അത്യാവശ്യമാണ്. എല്ലാ പാര്‍ട്ടികളും ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിക്കണം' എന്നാണ് ഫലം വന്ന ഉടന്‍ ഉര്‍ദുഗാന്‍ പ്രസ്താവന ഇറക്കിയത്. അക് പാര്‍ട്ടി മുന്‍കൈയെടുത്ത് ഓരോ പാര്‍ട്ടിയെയും ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും അക് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയാറായില്ല. യഥാര്‍ഥത്തില്‍ മൂന്ന് പാര്‍ട്ടികളുടെയും മനസ്സിലിരിപ്പ് പുതിയ തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നു തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അക് പാര്‍ട്ടിയെ തൂത്തെറിയാം എന്നാണ് മോഹം.
അക് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റോ?
12 വര്‍ഷമായി ഭരണത്തിലിരിക്കുന്ന അക് പാര്‍ട്ടിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും മറ്റും ഉയര്‍ന്നു വന്നിരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത് രണ്ടെണ്ണമാണ്. അതിലൊന്ന്, ഉര്‍ദുഗാന്‍ ഏകാധിപത്യ രീതിയിലുള്ള ഭരണം കാഴ്ചവെക്കുന്നു എന്നതാണ്. രാജ്യത്തെ പൂര്‍ണമായും തന്റെ ഇംഗിതത്തിനൊത്ത് ചലിപ്പിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പിന്നെ അദ്ദേഹത്തിന്റെ കാര്‍ക്കശ്യ സ്വഭാവവും വിട്ടുവീഴ്ച ഇല്ലായ്മയും. എന്നാല്‍ ഇതൊക്കെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. കാരണം, കഴിഞ്ഞ 12 വര്‍ഷങ്ങളിലും അക് പാര്‍ട്ടി ഭരണത്തിലെത്തിയത് തീര്‍ത്തും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിട്ട് തന്നെയാണ്. അല്ലാതെ പല ഏകാധിപതികളും നടത്തുന്നത് പോലെ തെരഞ്ഞെടുപ്പ് പ്രഹസനം നടത്തിയിട്ടല്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ അക്കാര്യം വ്യക്തമായതാണ്. യൂറോപ്പില്‍ നിന്നും മറ്റുമുള്ള നിരീക്ഷണ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അവര്‍ക്ക് യാതൊരു തെരഞ്ഞെടുപ്പ് കൃത്രിമവും കാണാന്‍ കഴിഞ്ഞിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കവും തുര്‍ക്കിയില്‍ ഇല്ലാത്തതാണ്. പക്ഷേ, ഉര്‍ദുഗാന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത് പൊതു തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തില്‍ അധികം വോട്ട് നേടിയാണ്. ഏതെങ്കിലും സ്ഥാനത്ത് ഏകാധിപതിയായി കടിച്ചുതൂങ്ങുകയായിരുന്നില്ല അദ്ദേഹം. പിന്നെയുള്ളത് അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറാത്തവനാണ് എന്നുള്ള ആരോപണമാണ്. ശരിയാണ്, രാജ്യ താല്‍പര്യത്തിന്റെയും വികസനത്തിന്റെയും ഇസ്‌ലാമിന്റെയും കാര്യത്തില്‍ അദ്ദേഹം കാര്‍ക്കശ്യക്കാരനും വിട്ടുവീഴ്ച ചെയ്യാത്തവനും തന്നെയാണ്.
ഗുലന്‍ പ്രസ്ഥാനവുമായുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഉര്‍ദുഗാന് വീഴ്ച പറ്റി എന്ന് പറയുന്നവരുണ്ട്. എന്നാല്‍, ഗുലന്‍ പ്രസ്ഥാനത്തിന്റെ ഇസ്‌ലാമികതയില്‍ സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് ആ പ്രസ്ഥാനം ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ നല്ല നിലയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന അക് പാര്‍ട്ടി ഗവണ്‍മെന്റിനെ എന്തിനവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു? അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയല്ലാതെ പിന്നെന്ത് ചെയ്യാനാണ്? ഇതാണ് 'തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യമില്ല' എന്ന് പറയുന്നതിന്റെ യാഥാര്‍ഥ്യം. ഈ സംഭവങ്ങള്‍ക്ക് ശേഷം ഗുലന്‍ പ്രസ്ഥാനം അക് പാര്‍ട്ടിയുമായി കടുത്ത ശത്രുതയിലായി. അതിനെത്തുടര്‍ന്ന് വന്ന ഇലക്ഷനില്‍ അക് പാര്‍ട്ടിയെ തറപറ്റിക്കാന്‍ അവര്‍ കൂട്ടുപിടിച്ചത് അള്‍ട്രാ സെക്യുലര്‍ പാര്‍ട്ടിയായ സി.എച്ച്.പിയെയായിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളെയും ചിഹ്നങ്ങളെയും തുടച്ചുമാറ്റുക എന്നതാണ് അവരുടെ മുദ്രാവാക്യം. അടിയുറച്ച ഇസ്‌ലാമിസ്റ്റ് ചിന്താഗതിക്കാരായിരുന്നെങ്കില്‍ അവര്‍ ഇലക്ഷനില്‍ കൂട്ടുകൂടേണ്ടിയിരുന്നത്, ഇന്നും അക് പാര്‍ട്ടിക്കെതിരെ മത്സരിക്കുന്ന നജ്മുദ്ദീന്‍ അര്‍ബകാന്‍ സ്ഥാപിച്ച സആദത്ത് പാര്‍ട്ടിയുമായിട്ടായിരുന്നു. അതുണ്ടായില്ല. എന്നാല്‍, ഗുലന്‍ പ്രസ്ഥാനത്തിന്റെ കൂട്ടുചേരലും സി.എച്ച്.പിയെ രക്ഷിച്ചില്ല എന്നത് മറ്റൊരു വസ്തുത. കാരണം കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ വോട്ടിംഗ് ശതമാനത്തില്‍ അവര്‍ക്ക് കുറവാണ് ഉണ്ടായിരിക്കുന്നത്. ഗുലന്‍ പ്രസ്ഥാനത്തോടുള്ള അക് പാര്‍ട്ടിയുടെ നിലപാട് ശരിയായിരുന്നു എന്നല്ലേ ഇതിനര്‍ഥം?
അക് പാര്‍ട്ടിയുടെ ഭൂരിപക്ഷം കുറയാനുള്ള രണ്ടാമത്തെ കാരണമായി പറയുന്നത്, കുര്‍ദുകളോട് നീതി പുലര്‍ത്തിയില്ല എന്നും, അക് പാര്‍ട്ടിയുടെ ഭരണകാലത്ത് അവരെ പരിഗണിച്ചില്ല എന്നുമാണ്. അസംബന്ധമെന്നേ ഈ ആരോപണത്തെക്കുറിച്ച് പറയാനാവൂ. കുര്‍ദുകളും അവരുടെ പ്രശ്‌നങ്ങളും ആധുനിക തുര്‍ക്കി രൂപപ്പെടുംമുമ്പേ ഉള്ളതാണ്. പൂര്‍ണമായ രൂപത്തില്‍ അത് പരിഹരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കാരണം ഇറാഖ്, സിറിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ് കുര്‍ദുകളില്‍ ഭൂരിപക്ഷവും. അവരുടെ മുഖ്യ ആവശ്യമായ കുര്‍ദ് രാജ്യ സ്ഥാപനത്തിന് മറ്റു രണ്ട് രാജ്യങ്ങളുടെ പൂര്‍ണ പിന്തണയും സഹകരണവും കൂടിയേ തീരൂ. ഇന്നത്തെ ഇറാഖിന്റെയും സിറിയയുടെയും അവസ്ഥ നമുക്കറിയാമല്ലോ. എങ്കിലും കഴിഞ്ഞ അക് പാര്‍ട്ടി ഭരണകാലത്താണ് കുര്‍ദുകള്‍ക്ക് സ്വന്തമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാനും നിര്‍ഭയരായി ജീവിക്കാനുമുള്ള അവസരം ഉണ്ടായത്. അവരുടെ പ്രദേശങ്ങളിലെ വികസന സ്വപ്നങ്ങള്‍ പലതും യാഥാര്‍ഥ്യമായതും അക് ഭരണകാലത്ത് തന്നെ. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ വരെ കുര്‍ദുകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചു. യൂനിവേഴ്‌സിറ്റികളില്‍ തുടര്‍ പഠനങ്ങള്‍ നടത്താന്‍ കുര്‍ദ് വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ തുറന്നു കിട്ടി. കുര്‍ദുകളെ ബാധിച്ചിരുന്ന അപകര്‍ഷ ബോധം മാറ്റിയെടുക്കാനും അക് പാര്‍ട്ടി ഭരണകാലത്ത് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ ചരിത്രത്തില്‍ ഇന്നേവരെ പാര്‍ലമെന്ററി പ്രാതിനിധ്യമില്ലാതിരുന്ന കുര്‍ദുകള്‍ക്ക് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കാനും 13 ശതമാനം വോട്ട് നേടി 80 അംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കാനും സാധിച്ചത്. അതില്‍ നാല് അംഗങ്ങള്‍ ഇസ്തംബൂള്‍ പട്ടണത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചവരാണ് എന്നുള്ളത് കൗതുകമുണര്‍ത്തുന്നു. കുര്‍ദ് സാമുദായിക വികാരമുണര്‍ത്തി അക്രമങ്ങളും ഭീകരതയും അഴിച്ചുവിടുന്ന പി.കെ.കെ എന്ന ഭീകര സംഘടനയുടെ പിടിത്തത്തില്‍ നിന്ന് കുര്‍ദ് ജനതയെ മോചിപ്പിച്ച് രാഷ്ട്രീയമായി ഉദ്ബുദ്ധരായ ഒരു ജനതയായി തുര്‍ക്കി പാര്‍ലമെന്റ് വരെ അവരെ എത്തിക്കാനായതില്‍ അക് പാര്‍ട്ടിയുടെ സ്വാധീനം ചെറുതല്ല. അള്‍ട്രാ സെക്യുലര്‍ പാര്‍ട്ടികളായ സി.എച്ച്.പിക്കും എം.എച്ച്.പിക്കും ഇന്നും കുര്‍ദുകള്‍ രണ്ടാംകിട പൗരന്മാരാണ്. അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെ പോയിട്ട് അവരെ തുര്‍ക്കി പൗരന്മാരായി ഉള്‍ക്കൊള്ളാന്‍പോലും ആ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടാണല്ലോ കുര്‍ദ് പാര്‍ട്ടിയായ എച്ച്.ഡി.പിയെ ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭ ഉണ്ടാക്കാന്‍ അവര്‍ക്കാവാതിരുന്നത്. എന്നാല്‍ അക് പാര്‍ട്ടിയുടെ കാലത്താണ് കുര്‍ദിഷ് ഭാഷയുടെ മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. കുര്‍ദിഷ് ഭാഷയിലുള്ള വിവിധ ടി.വി ചാനലുകളും റേഡിയോ ചാനലുകളും ഗവണ്‍മെന്റിന്റെ കീഴില്‍ തന്നെ സ്ഥാപിതമായി. കുര്‍ദ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നു പോലും വന്ന് ഇസ്തംബൂള്‍, അങ്കാറ പോലുള്ള പട്ടണങ്ങളില്‍ വംശീയ വേര്‍തിരിവിനിരയാകാതെ പഠിക്കാന്‍ അവസരമുണ്ടായി. ഇതില്‍ കൂടുതലെന്താണ് അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി ഒരു ഭരണകൂടത്തിന് ചെയ്യാനാവുക?
എന്തുകൊണ്ട് അക് തിരിച്ചുവരും?
തുര്‍ക്കിയെ അതിന്റെ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിധം വളര്‍ച്ചയുടെയും വികസനത്തിന്റെയും പാരമ്യത്തിലെത്തിച്ച അക് പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടില്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഇലക്ഷനില്‍ നേടിയ 40 ശതമാനം വോട്ട്. കുറവ് വന്നത് കുര്‍ദ് വോട്ടുകള്‍ മാത്രമാണ്. കുര്‍ദുകളില്‍ നിന്ന് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായപ്പോള്‍ അവരതില്‍ കൂടുതല്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു എന്നു മാത്രം. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാവാനാണ് സാധ്യത. എച്ച്.ഡി.പിയുടെ പല മാനിഫെസ്റ്റോകളും തീര്‍ത്തും ഇസ്‌ലാം വിരുദ്ധവും ഇസ്‌ലാമികാദര്‍ശത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതുമാണ്. കുര്‍ദുകളില്‍ ഇസ്‌ലാമികാദര്‍ശം മുറുകെ പിടിക്കുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തെറ്റ് തിരുത്തുമെന്ന് തന്നെയാണ് മനസ്സിലാവുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 40 ശതമാനം അക് പാര്‍ട്ടിയുടെ ഉറച്ച വോട്ടുകളാണ്. അത് എന്നും കൂടെയുണ്ടാവും. കാരണം ഈ വോട്ടര്‍മാരില്‍ ഒരു വിഭാഗം ഒരു കാലത്ത് മതപരമായ അനുഷ്ഠാനങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തപ്പെട്ടവരായിരുന്നു. മറ്റൊരു വിഭാഗം, പാര്‍ട്ടി നോക്കാതെ രാജ്യത്തിന്റെ വികസനത്തിന് മുന്‍കൈ എടുക്കുന്നവര്‍ക്ക് വോട്ട് നല്‍കുന്നവരാണ്. ഈ രണ്ട് വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്നതില്‍ അക് പാര്‍ട്ടി മറ്റേത് പാര്‍ട്ടിയേക്കാളും ഒരുപാട് മുമ്പിലാണ്. ഇസ്തംബൂളിലെ പലരോട് സംസാരിച്ചപ്പോഴും അവര്‍ പങ്കുവെച്ച വികാരം, അക് പാര്‍ട്ടിക്ക് മുമ്പുള്ള തുര്‍ക്കിയുടെ അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ തങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു. ഒരുകാലത്ത് ഡോക്ടര്‍മാരാവാനും എഞ്ചിനീയര്‍മാരാവാനും കൊതിച്ച് മഫ്തയിട്ട് കൊണ്ട് യൂനിവേഴ്‌സിറ്റികളിലേക്ക് കയറിച്ചെന്ന പെണ്‍കുട്ടികള്‍ക്ക് മക്കന അഴിക്കാതെ യൂനിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ നടക്കില്ല എന്നു കേട്ട് നിരാശരായി മടങ്ങാനായിരുന്നു വിധി. പക്ഷേ ഇന്ന്, അന്ന് നിരാശരായി മടങ്ങിയവരുടെ മക്കള്‍ക്ക് ധൈര്യത്തോടെ മഫ്തയിട്ട് ഏത് യൂനിവേഴ്‌സിറ്റിയിലും ഏത് കോഴ്‌സിനും ചേര്‍ന്ന് പഠിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നു. ആ പഴയ ഉമ്മമാര്‍ക്ക് നടക്കാതെ പോയ സ്വപ്നങ്ങള്‍ അവരുടെ മക്കളിലൂടെ യാഥാര്‍ഥ്യമാവുകയാണ്.
ഒരു കാലത്ത് സ്വന്തം രാജ്യത്തെ പട്ടിണിയും കഷ്ടപ്പാടും മൂലം വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്ത് കുടുംബം നോക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് അവരൊക്കെ തിരിച്ചുവന്ന് സ്വന്തം നാട്ടില്‍ തന്നെ സ്വയം പര്യാപ്തരായി ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു. വികസന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് മുതല്‍ പ്രാദേശിക ഭരണകൂടം വരെ മത്സരിച്ച് മുന്നേറുന്നതായി കാണാം. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ ഒന്നാമത്തെ തെളിവ് അവിടത്തെ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളാണ്. വളരെ ചുരുങ്ങിയ കാലം കാലം കൊണ്ട് ഗതാഗത രംഗത്ത് തുര്‍ക്കി കൈവരിച്ച നേട്ടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ ഇതൊക്കെ നേരില്‍ വന്ന് കണ്ട് പഠിക്കുന്നത് നന്നായിരിക്കും.
അഭയാര്‍ഥികളെ ആട്ടിയോടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് താങ്ങും തണലുമായി 'യൂറോപ്പിന്റെ രോഗി'യില്‍ നിന്ന് 'യൂറോപ്പിന്റെ ഡോക്ടര്‍' എന്ന നിലയിലേക്ക് തുര്‍ക്കി ഇന്ന് മാറിയിരിക്കുന്നു. ഈ അഭയാര്‍ഥികളുടെയും ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവരുടെയും പ്രാര്‍ഥന എന്നും അക് പാര്‍ട്ടിക്കൊപ്പം ഉണ്ടാവും. ഇന്ന് തുര്‍ക്കി പല കാര്യത്തിലും മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെയും റോള്‍ മോഡലാണ്. അതുകൊണ്ടുതന്നെ വരുന്ന ഇലക്ഷനില്‍ അക് പാര്‍ട്ടി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ തന്നെയാണ് സാധ്യത. തുര്‍ക്കിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പല ഗൂഢാലോചനകളും നടക്കുന്നുണ്ട്. അന്താരാഷ്ട്ര മീഡിയയില്‍ തുര്‍ക്കിക്കെതിരെ നിരന്തരമായി തെറ്റായ പ്രചാരണങ്ങളും പൊടിപൊടിക്കുന്നുണ്ട്. ഇതിനെ മാതൃകയാക്കി നമ്മുടെ മലയാള മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോവുന്നുണ്ട്.
(ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍)
Comments