Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

കഅ്ബയുടെ കഥ, ബക്കയുടെയും

മുഹമ്മദ് ശമീം /കവര്‍‌സ്റ്റോറി

          ചതുരസ്തംഭാകൃതിയില്‍ അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. കഅ്ബയും അതിന്റെ പാര്‍ശ്വത്തിലുള്ള സംസം നീരുറവയുമാണ് മക്ക എന്ന ദേശത്തെ വിശുദ്ധമാക്കി നിര്‍ത്തുന്നത്. മക്കയില്‍ കഅ്ബ ഉള്‍പ്പെടുന്ന വിസ്തൃത ദേശത്തെ ഹറം എന്നു വിളിക്കുന്നു. പവിത്രസ്ഥാനം, അഭയകേന്ദ്രം എന്നെല്ലാം ഇതിനര്‍ഥം പറയാം. പ്രപഞ്ചത്തെക്കുറിച്ച ദിവ്യതത്വമായ തൗഹീദിന്റെ ആദിമവും പ്രധാനവുമായ കേന്ദ്രം മക്കയിലെ കഅ്ബയാണെന്ന് ഖുര്‍ആന്‍ പറയുന്നു: ''മുഴുലോകത്തിനുമനുഗ്രഹവും നല്‍വഴിയുമായി മനുഷ്യന്നായി സ്ഥാപിതമായ പ്രഥമ ആലയമത്രേ ബക്കയിലേത്'' (ആലുഇംറാന്‍ 96). ഇവിടെ മക്കയെ ബക്ക എന്നാണ് വിളിച്ചിരിക്കുന്നത്. മക്കയുടെ പൂര്‍വനാമമാണ് ബക്ക. ബൈബിളില്‍ ഇങ്ങനെയൊരു വചനമുണ്ട്: ''എന്നേക്കും നിന്നെ സ്തുതിച്ചു കൊണ്ട് നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. നിന്നില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. 'ബാകാ' താഴ്‌വരയിലൂടെ കടന്നു പോകുമ്പോള്‍ അവരതിനെ നീരുറവകളുടെ ദേശമാക്കുന്നു. ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍ കൊണ്ടു നിറയ്ക്കുന്നു. അവര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും'' (ബൈബിള്‍- സങ്കീര്‍ത്തനങ്ങള്‍ 84: 47). ഇതിലെ ബാകയും മുകളില്‍പ്പറഞ്ഞ ബക്കയും തമ്മില്‍ ശബ്ദസാമ്യമുണ്ടല്ലോ. സങ്കീര്‍ത്തനത്തിലെ ബാകാ താഴ്‌വര ഏതാണെന്ന കാര്യത്തില്‍ ബൈബിള്‍ വ്യാഖ്യാതാക്കള്‍ കൃത്യമായൊന്നും പറഞ്ഞിട്ടില്ല. 

നമ്മെ സംബന്ധിച്ചേടത്തോളം ബാകാ, ബക്ക പദസാദൃശ്യം മാത്രമല്ല ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ദൈവത്തിന്റെ ആലയം, നീരുറവകളുടെ ദേശം എന്നീ പ്രയോഗങ്ങളും പ്രധാനമാണ്. ബാകാ എന്ന പദത്തിന് കണ്ണുനീര്‍ എന്നാണര്‍ഥം. കണ്ണുനീര്‍ത്താഴ്‌വരയെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ ബാകായ്‌ക്കൊരു മറുപേരും പറയാറുണ്ട്. ശമുവേലിന്റെ രണ്ടാം പുസ്തകം അഞ്ചാമധ്യായത്തില്‍ പറയുന്ന ബാള്‍സാല്‍ മരങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടാവാം അതിന് ബാകായെന്ന് പേരു വന്നതെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. ബാള്‍സാല്‍ മരത്തെ കരയുന്ന മരം എന്നു വിളിക്കാറുണ്ട്. അറബിയില്‍ കരഞ്ഞു എന്നതിന് 'ബകാ' എന്നും കരച്ചിലിന് 'ബുകാഅ്' എന്നും പറയും. ഒരു പക്ഷേ ഈ വാക്കാവണം ബൈബിളിലെ ബാകായുടെയും ഖുര്‍ആനിലെ ബക്കയുടെയും പേരിന്റെ ആധാരം. എന്നാല്‍ ബകാ എന്ന അറബി വാക്കിന് ബക്ക എന്ന ഒരു തത്ഭവമില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ ആളുകള്‍ ധാരാളമായി ഇടകലര്‍ന്നൊത്തു ചേരുന്ന സ്ഥലം എന്നേ്രത ഈ പദത്തിന്റെ താല്‍പര്യം. 

നിസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍പ്പോലും തൊട്ടുമുന്നിലൂടെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ കടന്നു പോകുന്ന (മറ്റേതു സ്ഥലത്താണെങ്കിലും അപ്രകാരം കടന്നു പൊയ്ക്കൂടെന്നു നിയമമുണ്ട്), നിസ്‌കാരത്തിന് ഇടകലര്‍ന്നണി നില്‍ക്കുന്ന സ്ഥലമാണ് മക്ക. ആ അര്‍ഥത്തില്‍ ബക്ക എന്നു പറഞ്ഞിരുന്നത് ബൈബിളില്‍ ബാക ആയതാവാന്‍ സാധ്യതയുണ്ട്. നേരെ മറിച്ച് കണ്ണുനീര്‍ത്താഴ്‌വര (Emeq ha-Baka) എന്ന അര്‍ഥത്തില്‍ പ്രാചീന സെമിറ്റിക് ഭാഷയിലുണ്ടായിരുന്ന പ്രയോഗം അറബിയില്‍ ബക്ക ആയതുമാവാം. 

ഒരര്‍ഥത്തില്‍ കണ്ണുനീരിന്റെ വിശുദ്ധിയുള്ള സ്ഥലമാണ് ബക്ക. ഈ പ്രദേശത്തെയും അതിന്റെ ആത്മാവിനെയും അതിലെ ജീവിതത്തെയും രൂപപ്പെടുത്തിയത് ലോകനേതാവായ ഇബ്‌റാഹീമിന്റെ പത്‌നി ഹാജറിന്റെ (ഹാഗാര്‍) വിയര്‍പ്പും കണ്ണീരുമായിരുന്നെന്ന് നാം കരുതുന്നു. ഹാഗാറിന്റെ രക്തവും വിയര്‍പ്പുമാണ് മക്ക(ബക്ക)യെന്ന നഗരത്തെ സൃഷ്ടിച്ചത്. ഹാജറും മകന്‍ ഇസ്മാഈലും കാല്‍ പതിപ്പിച്ചിടത്താണ് സംസം ഉറവയൊഴുകിയത്. അങ്ങനെയാണത് നീരുറവകളുടെ ദേശമായത്. സങ്കീര്‍ത്തനങ്ങളില്‍ പറയുന്ന സീയോന്‍ യരുശലേമാണ്. മുസ്‌ലിംകള്‍ക്കത് പുണ്യഭൂമി (അര്‍ദ് മുഖദ്ദസ) ആണ്. മൂന്ന് ദേശങ്ങളെ ഹറമുകളായി മുസ്‌ലിംകള്‍ കരുതാറുണ്ട്. മക്ക, പ്രവാചകന്റെ നഗരമായ മദീന, സീയോന്‍ അഥവാ യരുശലേം. ഈ വിശുദ്ധദേശങ്ങളില്‍ അവര്‍ ദൈവത്തിന്റെ അടയാളങ്ങള്‍ ദര്‍ശിക്കുന്നു. കണ്ണുനീരിന്റെ താഴ്‌വര എന്നത് വിശുദ്ധിയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. പുണ്യയാത്രികന്റെ പ്രാര്‍ഥനയുടെയും പശ്ചാത്താപത്തിന്റെയും കണ്ണുനീരാണ് മക്കയെ വിശുദ്ധമാക്കി നിലനിര്‍ത്തുന്നത്. അതാണ് ഭൂമിയുടെ സംസം. ജീവിതത്തിന്റെ സാന്ത്വനമാണത്. അങ്ങനെ ഓരോ മനുഷ്യനിലും നീരുറവകളുണ്ടാവുന്നു. നീരുറവുകളുടെ ദേശമായി മക്ക നിലനില്‍ക്കുകയും ചെയ്യുന്നു.

കഅ്ബയുടെ ഒരു മൂലയില്‍ ഒരു കറുത്ത കല്ലുണ്ട് (ഹജറുല്‍ അസ്‌വദ്). ഇബ്‌റാഹീമും അല്ലാഹുവും തമ്മിലുള്ള ഉടമ്പടിയുടെ അടയാളങ്ങളിലൊന്നാണിത്. ഇബ്‌റാഹീം തന്റെ മകന്‍ ഇസ്മാഈലിന്റെ സഹായത്തോടെ തന്റെ കൈ കൊണ്ടു പടുത്തുയര്‍ത്തിയ മന്ദിരമാണ് കഅ്ബ. പിന്നീടുണ്ടായ പുനര്‍നിര്‍മാണപ്രക്രിയകള്‍ക്കു ശേഷം ഇബ്‌റാഹീമിന്റേതായി അവശേഷിച്ചതാണ് ഈ കല്ല്. ത്വവാഫ് ചെയ്യുന്നയാള്‍ (മുത്വവ്വിഫ്) ഈ കല്ലിനെ ചുംബിക്കുകയോ തൊടുകയോ അതിന്റെ നേരെ കൈയുയര്‍ത്തുകയോ ചെയ്യണം. ഇതിലൂടെ ചരിത്രത്തെ അനുധാവനം ചെയ്യുകയാണ് അയാള്‍. അയാള്‍ ഇബ്‌റാഹീമിനെയാണ് ചുംബിക്കുന്നത്. മനുഷ്യരുടെ നേതാവായി (ഇമാമുന്‍ ലിന്നാസ്) അല്ലാഹു ഇബ്‌റാഹീമിനെ തെരഞ്ഞെടുത്തതായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അബ്‌റഹാം എന്ന സെമിറ്റിക് പദത്തിന് ജനതകളുടെ പിതാവ് എന്നാണ് അര്‍ഥം. അല്ലാഹുവിന്റെ ആത്മമിത്രമെന്നും ഖുര്‍ആന്‍ ഇബ്‌റാഹീമിനെ വിശേഷിപ്പിക്കുന്നുണ്ട്. ഹജറുല്‍ അസ്‌വദ് ചുംബിക്കുകയെന്നത് പ്രമാണങ്ങളുടെ വരികളില്‍ അളന്നു മുറിച്ചു മനസ്സിലാക്കാവുന്ന ഒരു പ്രക്രിയയല്ല. പ്രവാചകന്റെ ആത്മാവിനെത്തന്നെയാണ് യഥാര്‍ഥത്തില്‍ നാം സ്പര്‍ശിക്കുന്നത്. അതു വഴി ദൈവിക ഉടമ്പടിയെ അനുസ്മരിക്കുകയും. കല്ല് തൊടുകയോ വലം കൈ അതിന്റെ നേരെ നീട്ടുകയോ ചെയ്യുന്നതോടെ പുണ്യയാത്രികന്‍ പ്രവാചകന്മാരായ ഇബ്‌റാഹീമിന്റെയും മുഹമ്മദിന്റെയും കൈയില്‍പ്പിടിച്ചുടമ്പടി ചെയ്യുകയാണ്. 

നോക്കുന്നവനെ ആകര്‍ഷിക്കുന്ന സൗന്ദര്യമോ അലങ്കാരമോ കഅ്ബക്കില്ല. അതീവ ലളിതമായ ചതുരസ്തംഭം. നിരന്തരചലനമാണ് ത്വവാഫ്. ഒരിടത്ത് നിന്നു പോകരുതൊരിക്കലും. ചലനം 'കര്‍മം' ആണെങ്കിലും പ്രപഞ്ചത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ 'ഗുണം' ആയാണ് വരിക. ലോകത്തെ വിശ്ലേഷിച്ചു വിശദീകരിക്കുമ്പോള്‍ വൈശേഷികാചാര്യനായ കണാദന്‍ വിവരിച്ച ആറു പദാര്‍ഥങ്ങളില്‍പ്പെട്ടതാണ് ഗുണം (Quality), കര്‍മം (Activity) എന്നിവ. കൂട്ടത്തിലദ്ദേഹം പഠിപ്പിച്ച ഒരു കാര്യമാണ് ഒന്നിന്റെ ഗുണം അസ്ഥിരമാണെങ്കില്‍ അത് കര്‍മമായും കര്‍മം സ്ഥിരമാണെങ്കില്‍ ഗുണമായും പരിഗണിക്കണമെന്നത്. അപ്രകാരം പ്രപഞ്ചത്തിന്റെ ഗുണമാണ്, സ്വഭാവമാണ് ചലനം. അതിന് ചലിക്കാതിരിക്കുക സാധ്യമല്ല. പ്രപഞ്ചത്തിന്റെ ചലനദിശയില്‍ സഞ്ചരിക്കുന്ന മുത്വവ്വിഫ് ഈ ചലനനൈരന്തര്യത്തെയാണ് അനുസ്മരിക്കുന്നതും. ഒപ്പമവന്‍ മനുഷ്യനാര്‍ജിക്കേണ്ടതായ കര്‍മോത്സുകതയെക്കുറിച്ച ഖുര്‍ആനികപാഠത്തെയും ഉള്‍ക്കൊള്ളുന്നു: ''അതിനാല്‍, ഒന്നില്‍നിന്നൊഴിവായാലുടനെ നീ അടുത്തതില്‍ മുഴുകുക. നിന്റെ ഈശ്വരനില്‍ പ്രത്യാശ പുലര്‍ത്തുകയും'' (ഖുര്‍ആന്‍- അശ്ശര്‍ഹ് 7,8). ത്വവാഫ് ചെയ്യുന്ന മനുഷ്യന്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. ത്വവാഫ് ആരംഭിച്ചു കഴിഞ്ഞാല്‍പിന്നെ അതു പൂര്‍ത്തിയാകാതെ അവന് നില്‍ക്കാനനുവാദമില്ല (അതിനിടയില്‍ ഹറമില്‍ നിസ്‌കാര സമയമാവുകയോ അനുഷ്ഠാനപരമായ ശുദ്ധി അവന് നഷ്ടപ്പെടുകയോ ചെയ്‌തെങ്കിലല്ലാതെ). തുടങ്ങിക്കഴിഞ്ഞാല്‍ പൂര്‍ത്തിയാകും വരെ കഅ്ബയെ തൊടാനോ അതിനെ നോക്കിനില്‍ക്കാനോ പാടില്ല. പോകെപ്പോകെ അവന്റെ പരിക്രമണ കേന്ദ്രം കഅ്ബയല്ലാതായിത്തീരുന്നു. ചലനത്തിന്റെ സാക്ഷാല്‍ കേന്ദ്രം, അതിന്റെ ഉറവിടവും ലക്ഷ്യവും അല്ലാഹുവാണ്. ''ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ള്വാഹിറു വല്‍ ബാത്വിന്‍'' (അവനത്രേ ആദിയുമന്ത്യവും. പുറവും അകവും അവന്‍ തന്നെ) എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഈശാവാസ്യോപനിഷത്ത് അഞ്ചാം മന്ത്രം നമുക്കിങ്ങനെ വായിക്കാം: തദൈജതി തന്നൈദതി തദ്ദൂരേ തദ്വന്തികേ തദന്തരസ്യ സര്‍വ്വസ്യ തദു സര്‍വ്വസ്യാസ്യ ബാഹ്യത (അത് ചലിക്കുന്നു, എന്നാലോ അതിന് ചലനവുമില്ല. അത് ദൂരത്താണ്, അടുത്തുമാണ്. അതാണ് എല്ലാറ്റിന്റെയും അകം, അതു തന്നെ സകലത്തിന്റെയും പുറവും). ആകയാല്‍ പുണ്യയാത്രികന്റെ -അവനാകട്ടെ മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും പ്രതിനിധിയായിത്തീര്‍ന്നിരിക്കുകയാണ്- ചലനകേന്ദ്രവും പ്രയാണലക്ഷ്യവും അല്ലാഹുവാണ്. ഈ തിരിച്ചറിവുണ്ടാവുന്നതോടെ കഅ്ബ എന്ന കെട്ടിടം അപ്രത്യക്ഷമാകുന്നു. മുത്വവ്വിഫിനെ തന്നിലേക്കാകര്‍ഷിച്ചു നിര്‍ത്തുമാറുള്ള അലങ്കാരക്കൊത്തുപണികള്‍ കഅ്ബ സ്വയം തന്നെ ഉപേക്ഷിച്ചതതിനാലാണത്. 

മുഹമ്മദ് നബിയുടെ സമുദായത്തിന് പ്രാര്‍ഥനാ ദിശയായി നിശ്ചയിച്ചുകൊടുക്കപ്പെട്ടത് കഅ്ബയാണ്. നേരത്തേ യരുശലേമും മസ്ജിദുല്‍ അഖ്‌സ്വയുമായിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. യൂദജനതയുടെയും പ്രാര്‍ഥനാദിശയായിരുന്നു അത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് ദൈവകല്‍പന പ്രകാരം പ്രാര്‍ഥനാ ദിശ (ഖിബ്‌ല) കഅ്ബയായി നിശ്ചയിക്കപ്പെട്ടത്. 

അന്ന് മദീനയിലും മറ്റും ശക്തമായ സാന്നിധ്യമായിരുന്ന ഏകദൈവത്വ സിദ്ധാന്തങ്ങളായിരുന്നു യൂദ, ക്രൈസ്തവ മതങ്ങള്‍. ഇതേ പാരമ്പര്യത്തില്‍ നിന്നു കൊണ്ടു തന്നെയാണ് മുഹമ്മദ് നബിയും മദീനയില്‍ ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങളെ പടുത്തുയര്‍ത്തിയിരുന്നത്. അതേസമയം ഖിബ്‌ല യരുശലേമില്‍ നിന്ന് മക്കയിലേക്ക് തിരിക്കപ്പെട്ടതോടെ യൂദ, ക്രൈസ്തവ പാരമ്പര്യങ്ങളില്‍ നിന്ന് തീര്‍ത്തും സ്വതന്ത്രമായ ഒരസ്തിത്വം ഇസ്‌ലാം കൈവരിച്ചു. എന്നാല്‍ യിസ്രായേല്‍ പ്രവാചകന്മാരുടെ പ്രബോധന പാരമ്പര്യത്തെയോ അവരുടെ തത്ത്വങ്ങളെയോ നിരാകരിക്കാതെ തന്നെയായിരുന്നു ഇത്. യിസ്രായേല്‍ സമൂഹത്തിന്റെ പ്രവാചകന്മാരെയും വിശുദ്ധവ്യക്തികളെയും അവരുടെ ജ്ഞാനപൈതൃകത്തെയാകെത്തന്നെയും സ്വാംശീകരിച്ചിരുന്നു മുഹമ്മദ് നബി(സ). അവയെ പുതുലോകനിര്‍മിതിക്കു വേണ്ടിയുള്ള സാമഗ്രികളായി അദ്ദേഹം പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. പ്രവാചകപരമ്പരയുടെ പിന്തുടര്‍ച്ച എന്ന നിലക്ക് യൂദന്മാരുടെ പിന്തുണ നബിയും മദീനാ സമൂഹവുമെല്ലാം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കടുത്ത വംശീയ ചിന്തയില്‍പ്പെട്ടു പോയിരുന്ന അവരുടെ മനസ്സിനെ നബിയുടെ മേല്‍പ്പറഞ്ഞ നടപടി അസ്വസ്ഥമാക്കുകയാണ് ചെയ്തത്. തങ്ങള്‍ക്കു മാത്രം അഭിഗമ്യമായി അവര്‍ കരുതിപ്പോന്ന സ്വര്‍ഗത്തെയും ദൈവരാജ്യത്തെയും പ്രവാചകന്മാരെയുമൊക്കെ തങ്ങളില്‍ നിന്നു കവര്‍ന്ന് ലോകത്തിന്റെ പൊതുസമ്പത്താക്കി മാറ്റാന്‍ തുനിഞ്ഞ മുഹമ്മദിന്റെ നടപടിയെ അവരുടെ വംശീയ മനസ്സ് ഒട്ടും പൊറുത്തില്ല. തുടര്‍ന്ന് അവര്‍ പ്രവാചകനെതിരെ നില കൊണ്ടതിന്റെയും തന്ത്രങ്ങള്‍ മെനഞ്ഞതിന്റെയും അടിസ്ഥാന ചോദന ഇതായിരുന്നെന്നു കരുതാം. 

അതേസമയം യൂദമതത്തില്‍ നിന്ന് വേര്‍പെട്ടതോ അതില്‍ നിന്ന് തത്ത്വങ്ങള്‍ സ്വീകരിച്ചതോ ആയ ഒരവാന്തര മതമായി ഇസ്‌ലാം നിലകൊള്ളാന്‍ പാടില്ലായിരുന്നു. അതിനാല്‍ത്തന്നെ അതിന്റെ സ്വത്വവും വ്യക്തിത്വവും തികച്ചും സ്വതന്ത്രമായിത്തീരേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട കാല്‍വെപ്പുകളില്‍ സുപ്രധാനമായിരുന്നു ഖിബ്‌ലയുടെ മാറ്റം. അതേസമയം തുടക്കത്തില്‍ മക്കയില്‍ കഅ്ബക്കു നേരെ തിരിഞ്ഞു കൊണ്ട് പ്രാര്‍ഥന നിര്‍വഹിച്ചിരുന്ന പ്രവാചകന്‍ പിന്നീട് യരുശലേമിന് അഭിമുഖമായി നിന്നത് അറബ് ദേശീയതയുടെ മതമായി തന്റെ അനുയായികള്‍ അതിനെ ചുരുക്കാതിരിക്കാനായിരുന്നു. സത്യത്തില്‍ രണ്ടു തവണ ദിശ മാറ്റിയതോടെ ആദ്യം അറബ് ദേശീയതയില്‍ നിന്നും പിന്നീട് സെമിറ്റിക് പാരമ്പര്യത്തില്‍ നിന്നും അല്ലാഹു ഇസ്‌ലാമിനെ സ്വതന്ത്രമാക്കി. അതോടൊപ്പം തന്നെ ഇരു പാരമ്പര്യങ്ങളില്‍ നിന്നുമുള്ള ക്രിയാത്മക ഘടകങ്ങളെ സ്വന്തമാക്കുകയും ചെയ്തു. ഒരേസമയം അബ്രഹാമിനെ അറബികളും യൂദന്മാരും താന്താങ്ങളുടെ കുലപിതാവും സ്വന്തവുമായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് നബി അദ്ദേഹത്തെ ലോകത്തിന്റെ ഇമാമും പിതാവുമായി അവതരിപ്പിച്ചു. മോശ ഉള്‍പ്പെടെയുള്ള യിസ്രായേല്‍ പ്രവാചകന്മാരെയും അവിടുന്ന് ലോകത്തിന്റെ പൈതൃക സമ്പത്താക്കി മാറ്റി. ഏതൊരു സമൂഹവും പ്രവാചകനില്‍ തുടങ്ങുന്നതോ ഏതെങ്കിലും ഘട്ടത്തില്‍ ഒരു പ്രവാചകന്റെ സാന്നിധ്യമനുഭവിച്ചവരോ ആണ് എന്ന ഖുര്‍ആന്റെ സിദ്ധാന്തം എല്ലാ പാരമ്പര്യങ്ങളെയും നേതാക്കന്മാരെയും ഇപ്രകാരം ലോകത്തിന്റെ പൊതുസ്വത്താക്കിത്തീര്‍ക്കുന്നു. കഅ്ബയെ ഖിബ്‌ലയായി നിശ്ചയിക്കുന്നേടത്ത് അബ്രഹാമിക പാരമ്പര്യത്തില്‍ത്തന്നെ മുഹമ്മദ് നിലകൊള്ളുകയും ചെയ്തു.  

അതോടൊപ്പം തന്നെ പള്ളിയെയും ആരാധനയെയും പറ്റി മുഹമ്മദ് നബി പഠിപ്പിച്ച സവിശേഷമായ കാഴ്ചപ്പാടും കൂടി ഇവിടെ പഠനവിധേയമാക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് കേവലമൊരാരാധനാലയമായിരുന്നില്ല മുഹമ്മദ് നബി സ്ഥാപിച്ച പള്ളി. അത് സാമൂഹികജീവിതത്തിന്റെ ഒരു കേന്ദ്രമായിരുന്നു. മറുഭാഗത്ത് നാലു ചുവരുകള്‍ക്കുള്ളിലൊതുങ്ങുന്ന ഒന്നാവണം ആരാധന എന്ന് നബി പഠിപ്പിച്ചില്ല. ഭൂമി മുഴുവന്‍ പള്ളിയാണെന്ന് അവിടുന്നു പ്രഖ്യാപിച്ചു. ഒരാള്‍ക്ക് എവിടെ വെച്ചും ആരാധന നിര്‍വഹിക്കാം. തോട്ടത്തില്‍, വഴിയില്‍, വിദ്യാലയത്തില്‍, വീട്ടില്‍, ഓഫീസില്‍, യുദ്ധഭൂമിയില്‍ അങ്ങനെയെവിടെയും. എവിടെയായിരുന്നാലും അയാള്‍ തന്റെ മുഖം കഅ്ബയുടെ നേരെ തിരിക്കുന്നു. ഇങ്ങനെ കഅ്ബ ജീവിതത്തിന്റെ തന്നെ കേന്ദ്രമായിത്തീരുന്നു. 

കഅ്ബയ്ക്കു ചുറ്റിലുമുള്ള ത്വവാഫിനെ പ്രദക്ഷിണം എന്നു വിളിക്കുന്നത് തീര്‍ത്തും ശരിയാവില്ല. വലത്തോട്ടുള്ള കറക്കത്തെയാണ് ഭാഷയില്‍ പ്രദക്ഷിണം എന്നു പറയുക. കഅ്ബയെ ആരും 'വലം' വെക്കാറില്ല. മറിച്ച്, 'ഇടം' വെച്ചുള്ള പരിക്രമണമേ്രത അത്. 'ത്വവാഫ് ചെയ്യുന്നവന്‍' ഒരിക്കലും പ്രദക്ഷിണദിശയില്‍ (Clockwise) സഞ്ചരിക്കുന്നില്ലെന്നര്‍ഥം. അപ്രദക്ഷിണദിശയിലാണ് (Anticlockwise) അവന്റെ സഞ്ചാരം. അപ്രദക്ഷിണം ഈ പ്രപഞ്ചത്തിന്റെ തന്നെ ചാക്രിക ദിശയാണ്. സര്‍വഗോളങ്ങളും അതതിന്റെ പരിക്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ആന്റിക്ലോക്‌വൈസിലാണല്ലോ ഗോളങ്ങളുടെ സഞ്ചാരം. ഇഹ്‌റാമില്‍ പ്രവേശിച്ചതോടെത്തന്നെ ഒരാള്‍ ഞാന്‍ എന്ന സ്വത്വത്തെ വെടിഞ്ഞ് മനുഷ്യസമൂഹത്തിന്റെ കേവല ഭാഗം മാത്രമായി മാറുന്നുണ്ട്. ഈ അപ്രദക്ഷിണ സഞ്ചാരത്തോടെ അവനിപ്പോള്‍ പ്രപഞ്ചവ്യവസ്ഥയുടെ തന്നെ കേവലഭാഗം മാത്രമായി മാറുന്നു. പ്രപഞ്ചവ്യവസ്ഥയെ ഋതം എന്ന് ഋഗ്വേദത്തില്‍ വിളിച്ചതായി കാണാം. ഇതോടു ചേര്‍ന്ന് മനുഷ്യന്‍ സ്വയമനുഷ്ഠിക്കേണ്ട ധാര്‍മികജീവിത നിയമങ്ങളെ സത്യം എന്നും പറയും. ജ്വലിക്കുന്ന അനന്തസാമര്‍ഥ്യത്തില്‍ നിന്ന് ഋതവും സത്യവും ഉയര്‍ന്ന് വെളിപ്പെട്ടുവെന്ന്, ലോകസൃഷ്ടിക്കായി പരമാത്മാവ് നടത്തിയ യത്‌നത്തിന്റെ ജ്വാലയില്‍ നിന്ന് ഋതസത്യങ്ങള്‍ പ്രകടമായെന്നാണ് ഋഗ്വേദ പാഠം. പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത് ഋതമാണ്. പ്രപഞ്ചനിയമമെന്നോ പ്രപഞ്ചധര്‍മമെന്നോ ഇതിനെ വിളിക്കാം. സമാനമായി തന്റെ ധാര്‍മികമായ നിലനില്‍പ്പിനും അഭ്യുന്നതിക്കും ആധാരമെന്നു മനുഷ്യന്‍ മനസ്സിലാക്കേണ്ടതാണ് സത്യം. അതായത് ലോകസന്ധാരണത്തിനായുള്ള ധാര്‍മിക വ്യവഹാരവിധികള്‍. ''നിങ്ങളെന്തിന് അല്ലാഹുവിന്റേതല്ലാത്ത വഴികള്‍ തേടണം? ഈയാകാശഭൂമികളിലുള്ളതഖിലവും സബോധകമായും അല്ലാതെയും അവന്റെ നിയമങ്ങളാണ് പാലിക്കുന്നതെന്നിരിക്കേ'' (ആലുഇംറാന്‍ 83). പ്രകൃതിനിയമങ്ങളെയും ഋതസത്യങ്ങളെയും കുറിച്ച അവബോധമാണ് യഥാര്‍ഥ ശക്തി. പ്രകൃതിയോടുള്ള മത്സരവും പ്രകൃതിവിരുദ്ധ വികസനവും നാശത്തിന്റെ തുടക്കമാണ്. ''ആകാശത്തിന്റെയും ഋതുക്കളുടെയും നദികളുടെയും പക്ഷികളുടെയും നക്ഷത്രങ്ങളുടെയും മാര്‍ഗമാണ് അനുകരണീയം.''

ഗോളങ്ങളുടെ പരിക്രമണ കേന്ദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും മനുഷ്യന്റെ അന്വേഷണങ്ങളുടെ ചരിത്രത്തില്‍ നാം കണ്ടെത്തുന്നു. ഭൂകേന്ദ്രിതമായ (Geocentric) ഒരു പ്രപഞ്ചത്തെയാണ് ടോളമി വിഭാവനം ചെയ്തതെങ്കില്‍ കോപ്പര്‍നിക്കസ് വിചാരവിപ്ലവത്തോടെ അത് സൗരകേന്ദ്രിതമായ (Heliocentric) ഒരു സങ്കല്‍പനത്തിലേക്ക് മാറി. അന്വേഷണം മുന്നോട്ടു പോയപ്പോഴാകട്ടെ, നിരന്തരം പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന കോടാനുകോടി ഗോളങ്ങളടങ്ങുന്ന ഈ Grand Universe-ന്റെ കേന്ദ്രം ഏതെന്നു കണ്ടെത്തുക പ്രയാസവുമായി.  എന്നാല്‍ ഈ മഹാവിശ്വത്തിന് ഭൗതികമായ ഒരു കേന്ദ്രം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, അതിനപ്പുറം എല്ലാം അതതിന്റെ ധര്‍മത്തെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ആകാശഭൂമികളിലുള്ള സകലതും അല്ലാഹുവിന്റെ നിയമങ്ങളെ പാലിക്കുന്നുവെന്ന് അത് പ്രഖ്യാപിക്കുമ്പോള്‍ അര്‍ഥമതാണ്. ജീവിതത്തിന്റെ കേന്ദ്രം അല്ലാഹുവായിത്തീരണമെന്നതാണ് ഇതിന്റെ ധാര്‍മികമായ അര്‍ഥം. കഅ്ബയെ കേന്ദ്രമാക്കിക്കൊണ്ടുള്ള കറക്കം ഓര്‍മിപ്പിക്കുന്നതും അതു തന്നെ. 

പ്രപഞ്ചനിയമങ്ങള്‍ക്ക് കീഴ്‌പ്പെട്ട് സഞ്ചരിക്കുന്ന സൂര്യചന്ദ്രാദികളുടെ ഭ്രമണവലയത്തെ സാക്ഷിയാക്കിക്കൊണ്ട് പ്രവാചകന്‍ ഇബ്‌റാഹീം പ്രഖ്യാപിച്ചു: ''ഒട്ടും പതറാത്ത മനസ്സോടെ ഞാനിതാ എന്റെ മുഖത്തെ, എന്റെ ലക്ഷ്യത്തെ ആകാശഭൂമികളുടെ സംഘാടകനായ അല്ലാഹുവിലേക്ക് തിരിച്ചിരിക്കുന്നു, ഒരിക്കലും അവന് പങ്കുകാരെ ആരോപിക്കുന്നവരില്‍പ്പെടില്ല ഞാന്‍''(അല്‍അന്‍ആം 79). 

പ്രപഞ്ചത്തിനു തന്നെ രണ്ടു തരം നിയമങ്ങളുണ്ട് എന്നാണ് ഖുര്‍ആന്റെ അധ്യാപനം. ഋതസത്യങ്ങളെ ഇതനുസരിച്ചും വിഭജിക്കാം. യഥാര്‍ഥത്തില്‍ ഭൗതികമാത്രമായ വിലയിരുത്തലിന് പൂര്‍ണമായും വഴങ്ങുന്ന ഒന്നല്ല പ്രപഞ്ചം. വസ്തുവിനെപ്പറ്റി നമുക്കറിയാവുന്ന കാര്യം അതിന്റെ ഭൗതികതത്വം മാത്രമാണ്. വസ്തു അതിനപ്പുറം ഒരു വസ്തുതത്വത്തെക്കൂടി ഉള്‍ക്കൊള്ളുന്നുവെന്ന് ഇമ്മാനുവെല്‍ കാന്റ് നിരീക്ഷിക്കുന്നുണ്ട്. നാം പ്രത്യക്ഷത്തില്‍ കാണുന്ന വസ്തുവിനും വസ്തുവിലെ വസ്തുതത്വത്തിനും  -Das Ding, An Sich (Thing as Such, Thing in Itself)- ഇടയില്‍ അദ്ദേഹം ഒരു വിഭജനരേഖ വരയ്ക്കുന്നുമുണ്ട്. വസ്തുവിന്റെ ഭൗതികതത്വങ്ങളെ രൂപം എന്നു വിളിക്കുന്ന ശ്രീബുദ്ധന്‍ അതിന്റെ അഭൗതിക യാഥാര്‍ഥ്യത്തെ നാമം എന്നും വിശേഷിപ്പിക്കുന്നു. രൂപകാണ്ഡവും നാമകാണ്ഡവും ചേരുമ്പോഴാണ് വസ്തുവിന്, പ്രപഞ്ചത്തിന് പൂര്‍ണത ലഭിക്കുന്നത്. 

ഈ രണ്ടു തലങ്ങളെയാണ് രണ്ടു തരം നിയമങ്ങളായി ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നത്. പ്രപഞ്ചസംവിധാനത്തെപ്പറ്റി സൂറഃ അര്‍റഹ്മാനിന്റെ ആരംഭത്തില്‍ അശ്ശംസു വല്‍ഖമറു ബി ഹുസ്ബാന്‍ (സൂര്യനും ചന്ദ്രനും നിശ്ചിതത്വത്തോടെ സഞ്ചരിക്കുന്നു) എന്നതിന് തൊട്ടുടനെ അന്നജ്മു വശ്ശജറു യസ്ജുദാന്‍ (താരങ്ങളും മരങ്ങളും പ്രണാമമര്‍പ്പിക്കുന്നു) എന്നു പറയുന്നു. ആദ്യം പറഞ്ഞതിനെ പ്രകൃതിയുടെ ഭൗതികനിയമമായും രണ്ടാമതു പറഞ്ഞതിനെ ധാര്‍മികനിയമമായും മനസ്സിലാക്കാം. രണ്ടാമതു പറഞ്ഞതില്‍ നക്ഷത്രം ആകാശത്തിന്റെയും മരം ഭൂമിയുടെയും അടയാളങ്ങളാകുന്നു. വീണ്ടും ഖുര്‍ആന്‍ വസ്സമാഅ റഫഅഹാ (മാനത്തെ അവന്‍ ഉയര്‍ത്തി നിര്‍ത്തി) എന്നു പറയുന്നേടത്ത് ചലനനിയമങ്ങളെയും ഗുരുത്വാകര്‍ഷണത്തെയും മറ്റും സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ടെങ്കില്‍ അതിനോട് ചേര്‍ത്ത് വവദഅല്‍ മീസാന്‍ (അവന്‍ തുലാസ് സ്ഥാപിച്ചു) എന്നു പഠിപ്പിക്കുന്നു. ഇത് പ്രകൃതിയുടെ നിലനില്‍പിനാധാരമായിരിക്കുന്ന സന്തുലനത്തെ, പ്രപഞ്ച ധാര്‍മികതയെ ആണ് കുറിക്കുന്നത്. അതായത് നമുക്ക് നിരീക്ഷണപരീക്ഷണങ്ങളിലൂടെ, അനുഭവജ്ഞാനത്തിലൂടെ അറിയാന്‍ സാധിക്കുന്ന നിയമങ്ങളാല്‍ (ഹുസ്ബാന്‍ എന്ന് ഇതിനെ വിളിക്കാം, സൂര്യചന്ദ്രന്മാര്‍ ഹുസ്ബാനിലാണെന്നാണല്ലോ വേദഗ്രന്ഥം പറയുന്നത്) മാത്രമല്ല, ആന്തരികവും ആത്മീയവുമായ നിയമങ്ങളാലും (ഇതിനെ മീസാന്‍ എന്നും പറയാം) കൂടിയാണ് ഈ മഹാവിശ്വം നിലനില്‍ക്കുന്നതെന്നര്‍ഥം. ഒരു നിലക്ക് ഹുസ്ബാനാണ് ഋതം. മീസാന്‍ സത്യവും. പ്രപഞ്ചത്തിന്റെ ഭൗതികനിയമങ്ങളെ പഠിക്കുകയും അറിയുകയും ചെയ്യേണ്ടത് മനുഷ്യന്റെ ഭൗതികമായ പുരോഗതിക്ക് അനിവാര്യമാകുന്നു. സ്വാഭാവികമായും ധാര്‍മികമായ നിയമങ്ങളെ അറിയുകയും പാലിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യന് ധാര്‍മികമായ പുരോഗതി കൈവരിക്കാനാവുക. അതോടൊപ്പം തന്നെ, മനുഷ്യന്‍, അവന്റെ സത്തയുമായി ബന്ധപ്പെട്ട ഭൗതികനിയമങ്ങള്‍ക്ക് പ്രകൃത്യാ വിധേയനാണ്. എന്നാല്‍ ധാര്‍മികമായ പാഠങ്ങള്‍ക്ക് അവന്‍ സ്വമേധയാ തന്നെ വിധേയപ്പെടുത്തുകയാണ് വേണ്ടത്. അതിനാല്‍ത്തന്നെ ഈ രണ്ട് നിയമങ്ങളും - ഹുസ്ബാനും മീസാനും- പഠിപ്പിക്കുന്ന ഖുര്‍ആന്‍ അതോടു ചേര്‍ത്ത് ഉല്‍ബോധിപ്പിക്കുന്നത് 'മീസാന്റെ കാര്യത്തില്‍ നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്' എന്നാകുന്നു. അവന്റെ വ്യവഹാരങ്ങളില്‍ പാലിക്കേണ്ട ധാര്‍മികമായ സൂക്ഷ്മതയെക്കുറിച്ച അധ്യാപനങ്ങള്‍ തൊട്ടുടനെ അവതരിപ്പിക്കുന്നു. 

ഇപ്രകാരം പ്രകൃതി നിയമങ്ങളോടു ചേര്‍ത്ത് ഖുര്‍ആന്‍ മനുഷ്യന്റെ ധാര്‍മികബാധ്യതകളെക്കൂടി അനുസ്മരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹജ്ജിന്റെ മുഴുവന്‍ ചടങ്ങുകളും മനുഷ്യനെ അവന്റെ ബാധ്യതകളെക്കുറിച്ചോര്‍മിപ്പിക്കുകയാണ്; അവനെ ശുദ്ധീകരിക്കുകയും. ഓരോന്നെടുത്തു പരിശോധിക്കുമ്പോഴും ഹജ്ജിന്റെ ഘടകങ്ങളെല്ലാം ചേര്‍ന്ന് ഇസ്‌ലാമിന്റെ തത്ത്വത്തെയും ജീവിതവീക്ഷണത്തെയും അടയാളപ്പെടുത്തുന്നതായി കാണാം.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍