Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ഹജ്ജ് എല്ലാവരുടേതുമാണ്

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി /കവര്‍‌സ്റ്റോറി

         ദീനുല്‍ ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്; ദീനിന്റെ ഈ സ്തംഭങ്ങള്‍ പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. ശഹാദത്ത്, നമസ്‌കാരം, സകാത്ത്, വ്രതം എന്നിവയുടെ ആത്മാവ് ഹജ്ജില്‍ അന്തര്‍ഭവിച്ചു കിടപ്പുണ്ട്. സകാത്തിന്റെ വിശാല ചക്രവാളത്തെ ചുരുക്കുമ്പോലെ ഹജ്ജിനെ ചെറുതാക്കിക്കാണുന്നവരുണ്ട്. കഥകളിലും നാടകങ്ങളിലും സിനിമകളിലും 'ഹാജിയാരെ' ദുഷ്ട കഥാപാത്രമാക്കി അവതരിപ്പിക്കുന്നവര്‍ അതുവഴി ഇസ്‌ലാമിന്റെ പ്രബല സ്തംഭത്തെ തുരങ്കം വെക്കാനാണ് ശ്രമിക്കുന്നത്. ഹജ്ജിനെ ടൂറിസം പോലെ കാണുന്ന ട്രാവല്‍ ഏജന്‍സികളും ഫലത്തില്‍ ദീനിന് ഏല്‍പിക്കുന്ന പരിക്ക് വളരെ വലുതാണ്. ഹജ്ജിനെ കമ്പോളവത്കരിച്ച് തട്ടിപ്പും വെട്ടിപ്പും ചൂഷണവും മോഷണവും നടത്തുന്നവര്‍ പരിശുദ്ധ ഇസ്‌ലാമിന്റെ ഉജ്ജ്വല ശോഭക്കാണ് ഗ്ലാനി തട്ടിക്കുന്നത്. ഹജ്ജ് സംബന്ധമായി അഴിമതി, തട്ടിപ്പ് തുടങ്ങിയ ചീത്ത വര്‍ത്തമാനങ്ങള്‍ വ്യാപകമാകുമ്പോള്‍ നാനാജാതി മതസ്ഥരായ ബഹുജനം ഹജ്ജിനെപ്പറ്റി മോശമായ ധാരണ പുലര്‍ത്താന്‍ ഇടയാകുന്നു.

ഹജ്ജ് വിശ്വാസികളെ സ്ഫുടീകരിക്കുന്ന ഉലയാണ്; ഉലക്ക് താപമുണ്ടെങ്കിലേ സ്ഫുടീകരണം ഫലപ്രദമായി നടക്കൂ. ഹജ്ജ് കച്ചവടത്തിലെ കമ്പോള മത്സരത്തില്‍ തങ്ങളുടെ ലാഭം ഉറപ്പ് വരുത്താന്‍ ഹജ്ജില്‍ ആഡംബരവും ആര്‍ഭാടവും കടത്തിവിടുന്നവര്‍ ഉലയെ ശീതീകരിക്കുന്ന വിക്രിയയാണ് നടത്തുന്നത്. വിശുദ്ധി കൈവരിക്കാനുള്ള പുണ്യ യാത്രയില്‍ ഫൈവ് സ്റ്റാര്‍ സംസ്‌കാരം സന്നിവേശിപ്പിക്കുന്നവര്‍ക്കെതിരെ ദീനിനെ സ്‌നേഹിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പരിശുദ്ധ ഹജ്ജ് എല്ലാവരുടേതുമാണ്. ദീന്‍ എല്ലാവരുടേതുമാണെങ്കില്‍ അതിന്റെ സ്തംഭവും എല്ലാവരുടേതുമാണ്. റമദാനും അതിലെ വ്രതവും എല്ലാവരുടേതുമാണെന്ന പോലെ. പല കാരണങ്ങളാല്‍ വ്രതമനുഷ്ഠിക്കാനാവാത്തവര്‍ ധാരാളമുണ്ട്. എന്നുവെച്ച് റമദാനിന്റെ മഹത്വവും പുണ്യവും വ്രതത്തിന്റെ വിശുദ്ധിയും അവര്‍ക്ക് അന്യമാവുന്നില്ല. വ്രതമനുഷ്ഠിക്കാനായില്ലെങ്കിലും പ്രസ്തുത മാസത്തെ മാനിച്ച് മറ്റിതര സത്കര്‍മങ്ങള്‍ വര്‍ധിപ്പിച്ചും പരസ്യമായി ഭക്ഷണം കഴിക്കാതെ, വ്രതമനുഷ്ഠിക്കുന്നവരോട് ചേര്‍ന്ന് നിന്നും റമദാനിന്റെ ശിക്ഷണ പ്രക്രിയയില്‍ ആവുംവിധം ഭാഗഭാക്കാവുന്നവരാണ് വിശ്വാസികള്‍.

ഇതുതന്നെയാണ് ഹജ്ജിന്റെയും അവസ്ഥ. പക്ഷേ, വരേണ്യ വര്‍ഗത്തിന്റെ-ക്രീമിലെയറിന്റെ- ആത്മീയമായ ഒരാര്‍ഭാടമോ ആഡംബരമോ ആയി കണ്ട് ഹജ്ജിനെ അന്യവത്കരിക്കുന്നവരുണ്ട്. ഹജ്ജ് ധൂര്‍ത്ത് ആണെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇക്കാലത്ത് ഹജ്ജിന് പോകുന്നവരുടെയും ഇതിനകം പോയി വന്നവരുടെയും ജീവിതശൈലിയും ജീവിതത്തിലെ വിവിധ മേഖലകളില്‍ അവര്‍ കാഴ്ചവെക്കുന്ന പ്രകടനങ്ങളും ഇത്തരം ഒരു തെറ്റായ മനോഭാവം വളര്‍ന്നുവരാന്‍ നിമിത്തമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കുന്നതിനെ പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. സത്യത്തില്‍ ഹജ്ജിന് പോകുന്ന ചിലരോടുള്ള പ്രതിഷേധം ഹജ്ജിനോടു തന്നെയുള്ള അമര്‍ഷമായി വഴിതെറ്റുന്നുണ്ട്. ഹജ്ജിന് പോകുന്ന വ്യക്തിയെ എന്നതിലുപരി ഹജ്ജിനെയാണ് യാത്രയയപ്പിലൂടെ നാം ആദരിക്കുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുകയെന്നത് മനസ്സിന്റെ തഖ്‌വാ ഗുണത്തില്‍ പെട്ടതാണെന്ന്  വിശുദ്ധ ഖുര്‍ആന്‍ (22:32) പറയുന്നുണ്ട്. സ്വഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളാണ് (അല്‍ബഖറ); കഅ്ബാലയത്തിലും പരിസരങ്ങളിലും ചിന്തോദ്ദീപക ദൃഷ്ടാന്തങ്ങളുണ്ട് (3:97). അല്ലാഹുവിന്റെ ചിഹ്നങ്ങളോടും ദൃഷ്ടാന്തങ്ങളോടുമുള്ള ആദരവിന്റെ പേരിലാണ് ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കുന്നത്; നല്‍കേണ്ടത്. മഹത്തായ കര്‍മത്തിന് പോകുന്നവരോടുള്ള സഹകരണവും അവര്‍ക്ക് ലഭിച്ച സൗഭാഗ്യത്തിലുള്ള സന്തോഷ പ്രകടനവും കൂടിയാണത്.

ഹജ്ജ് എല്ലാവരുടേതുമാണ്. ഹജ്ജ് നടക്കുന്ന കഅ്ബാലയവും പരിസരവും മക്കയെന്ന ലോക മുസ്‌ലിം തലസ്ഥാനവും ഹാജിമാരുടേത് മാത്രമല്ല, സകല മുസ്‌ലിംകളുടേതുമാണ്. മുസ്‌ലിംകളുടെ ഖിബ്‌ലയാണ്. ഇസ്‌ലാം ലോക സമക്ഷം സമര്‍പ്പിക്കുന്ന മാതൃകാ പട്ടണം കൂടിയാണ്. ഹജ്ജിന്റെ മാസങ്ങളായ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, പിന്നെ മുഹര്‍റം എന്നിവ തുടര്‍ച്ചയായുള്ള മൂന്ന് യുദ്ധ നിരോധിത മാസങ്ങളാണ്. ഇങ്ങനെ നിശ്ചയിച്ചതിന്റെ മുഖ്യ ഉദ്ദേശ്യം ലോക മുസ്‌ലിം സമ്മേളനമായ ഹജ്ജ് സമാധാനപരമായും സുരക്ഷിതമായും നടക്കണം എന്നതാണ്.

ഈ പാവന മാസങ്ങളുടെ പവിത്രത ഹാജിമാര്‍ക്ക് മാത്രമോ മക്കയില്‍ മാത്രമോ അല്ല. ലോക മുസ്‌ലിംകള്‍ക്കാകെ ബാധകമാണത്. ദുല്‍ഹജ്ജ് പിറക്കുന്നതോടെ ബലികര്‍മം നടത്താന്‍ ഉദ്ദേശിക്കുന്ന ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ നഖം വെട്ടുകയോ ക്ഷൗരം ചെയ്യുകയോ ചെയ്യാതെ, ഇഹ്‌റാമില്‍ കഴിയുന്ന ഹാജിയോട് ഏറക്കുറെ ചേര്‍ന്നു നില്‍ക്കുന്നു. ദുല്‍ഹജ്ജ് ഒമ്പതിന് ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുമ്പോള്‍ പ്രസ്തുത മഹാ സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക മുസ്‌ലിംകള്‍ വ്രതമനുഷ്ഠിക്കുകയും പ്രാര്‍ഥനാ നിരതരാവുകയും ചെയ്യുന്നു. ദുല്‍ഹജ്ജ് പത്താം തീയതി കല്ലേറ് നിര്‍വഹിച്ച് തല്‍ബിയത്ത് അവസാനിപ്പിച്ച് തക്ബീര്‍ ചൊല്ലുമ്പോള്‍ ലോക മുസ്‌ലിംകള്‍ ഈദാഘോഷിക്കുകയും ഹാജിമാരോടൊപ്പം തക്ബീര്‍ ചൊല്ലുകയും ചെയ്യുന്നു. ഹാജിമാര്‍ ബലി കര്‍മം നടത്തുമ്പോള്‍ ലോക മുസ്‌ലിംകളും ബലികര്‍മം നടത്തുന്നു. അവിടെ ഹാജിമാര്‍ നാട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. നാട്ടിലുള്ളവര്‍ ഹാജിമാര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നു. ഇങ്ങനെ ലോക മുസ്‌ലിംകളെല്ലാവരും പരോക്ഷമായി ഹജ്ജില്‍ പങ്കാളികളാവുകയും ഹജ്ജിനോട് പല നിലക്കും ഐക്യദാര്‍ഢ്യം പുലര്‍ത്തുകയും ചെയ്യുന്നു. 

ഹജ്ജും ഉംറയും സാര്‍വത്രികവും ജനീകയവുമായിക്കൊണ്ടിരിക്കുകയാണ്. ഇത് ആദര്‍ശാടിസ്ഥാനത്തില്‍, ആഗോളതലത്തില്‍ ഉത്കൃഷ്ടമായ ഉദ്ഗ്രഥനം സുസാധ്യമാക്കുന്നു. ഹജ്ജിന്റെ ബഹുമുഖ നന്മകള്‍ വളരെ വ്യാപകമാവേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ച ഈ കാലത്ത് ഹജ്ജ് കാണാനും, നിരീക്ഷിച്ച് പാഠമുള്‍ക്കൊള്ളാനും എല്ലാവര്‍ക്കും സാധിക്കുന്നുമുണ്ട്. വിശുദ്ധിയാര്‍ജിച്ചുകൊണ്ട് ഹാജിമാര്‍ ലോകത്തിന്റെ മുക്കുമൂലകളിലേക്ക് തിരിച്ചെത്തുമ്പോള്‍ ദശലക്ഷക്കണക്കിന് കുടുംബങ്ങളിലും പതിനായിരക്കണക്കിന് ഗ്രാമങ്ങളിലും അതിന്റേതായ നന്മകള്‍ പ്രസരിക്കുക തന്നെ ചെയ്യും. 

ആകയാല്‍ ഹജ്ജ് എല്ലാവരുടേതുമാണ്. അതിന്റെ പല നന്മകളും എല്ലാവര്‍ക്കും ലഭ്യവുമാണ്. 

(കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അംഗമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍