സാമൂഹിക പ്രവര്‍ത്തനം ജീവിതചര്യയാക്കിയ മെസ്‌കോ
കേരള മുസ്‌ലിം കൂട്ടായ്മയില്‍ സമീപകാലത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പല പ്രശ്‌നങ്ങളും മുന്നോട്ട് വെച്ച സമുദായ സ്‌നേഹിയെയാണ് മെസ്‌കോ അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. വീക്ഷണ വ്യത്യാസങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും അതീതമായി മുസ്‌ലിം ഐക്യം സാധ്യമാക്കാന്‍ അതിയായി ആഗ്രഹിക്കുകയും കഠിനമായി ശ്രമിക്കുകയും ചെയ്ത കോഴിക്കോടന്‍ പൊതുജീവിതത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തില്‍ രംഗത്തെവിടെയും അബൂബക്കര്‍ സാഹിബ് കാണപ്പെട്ടിരുന്നില്ല. അതോടൊപ്പം അണിയറയിലെ നിറസാന്നിധ്യമായിരുന്നു.
രോഗിയായിരിക്കെ അവസാനം ചെന്നുകാണുമ്പോള്‍ ബോധമുണ്ടായിരുന്നില്ല. അതിനു തൊട്ടു മുമ്പത്തെ സന്ദര്‍ശന വേളയില്‍ ദീര്‍ഘമായി സംസാരിച്ചത് ഒരേ പള്ളിയില്‍ ഒന്നിലേറെ ജുമുഅ നടത്തുന്നതിനെ സംബന്ധിച്ചാണ്. അതിന്റെ ഒട്ടേറെ നന്മകളും നേട്ടങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുകയുണ്ടായി. ഇപ്പോഴുള്ള പള്ളികള്‍ തന്നെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍ വേണ്ടത്ര അസൂയയും അസ്‌ക്യതയും അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തുന്നുണ്ട്. പുതിയ പള്ളികള്‍ കൂടി ഉണ്ടാക്കുന്നത് ആ അര്‍ഥത്തില്‍ ഗുണകരമാവില്ല. പുതിയ പള്ളികള്‍ക്ക് സ്ഥലത്തിനും നിര്‍മാണത്തിനുമായി ധാരാളം പണം ചെലവഴിക്കുകയും വേണം. പള്ളികളില്‍ സ്ഥലമില്ലാത്ത പ്രശ്‌നമുള്ളത് വെള്ളിയാഴ്ച മാത്രമാണ്. ഒരേ പള്ളിയില്‍ ഒന്നിലേറെ ജുമുഅ നടത്തുന്നതോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും വ്യവസായ ശാലകളിലുമെല്ലാം ജോലി ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും ഒരു ജുമുഅയില്‍ പങ്കെടുക്കുകയും ചെയ്യാം. ഞങ്ങള്‍ക്കിടയിലെ ഈ സംഭാഷണം അബൂബക്കര്‍ സാഹിബ് അവസാനിപ്പിച്ചത് കോഴിക്കോട് മസ്ജിദു ലുഅ്‌ലുഇല്‍ ഇതിന് തുടക്കം കുറിക്കണമെന്ന അഭ്യര്‍ഥനയോടെയാണ്.
ബാങ്ക് സമയത്തിന്റെ ഏകീകരണം ലക്ഷ്യം വെച്ച് കോഴിക്കോട് വെച്ച് വിവിധ മതസംഘടനകളിലെ മതപണ്ഡിതന്മാര്‍ നാലഞ്ചു തവണ ചര്‍ച്ച നടത്തുകയുണ്ടായി. ഇതിനു നേതൃത്വം വഹിച്ചത് എം.എസ്.എസാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനി മെസ്‌കോ അബൂബക്കര്‍ സാഹിബും. മുസ്‌ലിം നേതാക്കളുടെ കൂട്ടായ്മയില്‍ ഒരു പ്രദേശത്ത് ഒരു പള്ളിയില്‍ നിന്നുമാത്രം ലൗഡ്‌സ്പീക്കറില്‍ ബാങ്ക് എന്ന ആശയം പലപ്പോഴും ചര്‍ച്ചക്കു വരികയുണ്ടായി. ഈ കാഴ്ചപ്പാട് വളര്‍ത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും മെസ്‌കോ തന്റേതായ പങ്കുവഹിച്ചു.
മുസ്‌ലിംകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുകയും ശത്രുത വളര്‍ത്തുകയും ചെയ്യുന്ന എല്ലാത്തിനെയും മെസ്‌കോ വെറുക്കുകയും എതിര്‍ക്കുകയും ചെയ്തു. വിവിധ സംഘടനകള്‍ പരമാവധി ഐക്യത്തിലും സഹകരണത്തിലും കഴിയണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി തനിക്കാവുന്നതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഫ. വി. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ എം.എസ്.എസിന്റെ ആഭിമുഖ്യത്തില്‍, വിവാഹ ധൂര്‍ത്തിനും കല്യാണങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുസ്‌ലിം സംഘടനകളുടെ ഒരു കൂട്ടായ്മ രൂപം കൊണ്ടിരുന്നു. അത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും വിവിധ സംഘടനാ നേതാക്കളുടെ മുമ്പില്‍ മാതൃകാ വിവാഹത്തിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുമുണ്ടായി. ചെലവ് ചുരുക്കാന്‍ നാലു മണിക്ക് വിവാഹം നടത്തുകയെന്ന നിര്‍ദേശം അന്ന് മുന്നോട്ട് വെച്ചവരുടെ മുന്നണിയിലുണ്ടായിരുന്നത് മെസ്‌കോ അബൂബക്കര്‍ സാഹിബായിരുന്നു. അതിനു മുമ്പുതന്നെ അദ്ദേഹം സ്ത്രീധന രഹിത വിവാഹമെന്ന ആശയം മുന്നോട്ട് വെച്ച് അത് പ്രാവര്‍ത്തികമാക്കാനായി ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് സര്‍വീസ് ആന്റ് മിഷനറി (ബിസ്മി) രൂപീകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി.
ലാളിത്യമായിരുന്നു മെസ്‌കോയുടെ മുഖമുദ്ര. ഒപ്പം വളരെ വിനീതമായ പെരുമാറ്റവും. സംസാരത്തിലെന്ന പോലെ ജീവിതത്തിലുടനീളം സൗമ്യഭാവം നിലനിര്‍ത്തി. പറയുന്നത് പ്രവൃത്തിയില്‍ കൊണ്ടുവരണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന മെസ്‌കോ മതപണ്ഡിതന്മാര്‍ ആര്‍ഭാട വിവാഹങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതില്‍ വളരെയേറെ അസ്വസ്ഥനായിരുന്നു. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുന്ന മതനേതാക്കളോട് അദ്ദേഹത്തിന് ഒട്ടും മതിപ്പുണ്ടായിരുന്നില്ല.
സാമൂഹിക പ്രവര്‍ത്തനം ജീവിത വ്രതമാക്കിയ അബൂബക്കര്‍ സാഹിബ് എം.എസ്.എസിന് പൊതുസമൂഹത്തില്‍ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. സംഘടനാ നേതാക്കളെ വ്യക്തിപരമായി കണ്ട് സ്വാധീനിച്ച് സമൂഹത്തില്‍ മാറ്റമുണ്ടാക്കുകയെന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. പല പ്രമുഖരെയും പ്രചോദിപ്പിച്ച് പല മഹദ് സംരംഭങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കോഴിക്കോട്ടെ സമ്പന്നരില്‍ നിന്ന് സകാത്ത് ശേഖരിച്ച് ദരിദ്രര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചു.
കൊളത്തറയിലെ വിദ്യാഭ്യാസ സമുച്ചയത്തിന് നേതൃത്വം വഹിക്കുന്ന കാലിക്കറ്റ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ (സി.ഐ.സി.എസ്) സ്ഥാപക സെക്രട്ടറിയാണ് മെസ്‌കോ അബൂബക്കര്‍ സാഹിബ്. അതിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്തറ കാലിക്കറ്റ് ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചെയര്‍മാന്‍, അരീക്കാട് ബറാമി മസ്ജിദ് പ്രസിഡന്റ്, ഹിദായതുല്‍ അനാം മദ്‌റസാ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പിതാവ് മെസ്‌കോ ഫര്‍ണിച്ചര്‍ ഉടമ സെയ്ത് മൊയ്തീനാണ്. മാതാവ് ഇമ്പിച്ചായിശബിയും. മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.
അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
Comments