ചരിത്രത്തിലെ മിത്തുകളും മിത്തുകളിലെ ചരിത്രവും
ചരിത്രത്തിലെ മിത്തുകളും മിത്തുകളിലെ ചരിത്രവും
ഇബ്‌റാഹീം നബിയുടെ ജീവിതത്തെ വിശുദ്ധ ഖുര്‍ആനിലൂടെ നോക്കിക്കാണുന്നതിനു മുമ്പ്, അദ്ദേഹം ജീവിച്ച നാടിന്റെ അയല്‍പക്ക പ്രദേശങ്ങളും പുരാതന സംസ്‌കാരങ്ങളുടെ കേന്ദ്രങ്ങളുമായ ഇന്ത്യയിലും ഗ്രീസിലും അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം സൃഷ്ടിച്ച അനുരണനങ്ങള്‍ എന്താണെന്ന് കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും; പ്രത്യേകിച്ചും ഇറാഖില്‍ ജനിച്ച ഇബ്‌റാഹീം നബി പ്രവാസിയായി അറേബ്യയിലും ഈജിപ്തിലും ശാമിലും (കന്‍ആന്‍ പ്രദേശം) ജീവിച്ച പശ്ചാത്തലത്തില്‍. വിഗ്രഹഭഞ്ജകനും ശുദ്ധമായ ഏക ദൈവ വിശ്വാസത്തിന്റെ പ്രചാരകനും പ്രബോധകനുമായിരുന്ന ഇബ്‌റാഹീം നബിയുടെ പാരമ്പര്യം എന്ത് എന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നല്ലോ കഅ്ബയില്‍ മുന്നൂറിലേറെ വിഗ്രഹങ്ങളുടെ ഉപാസകരും ബഹുദൈവ വിശ്വാസികളുമായിരുന്ന ഖുറൈശികളും ആ പാരമ്പര്യത്തെ അവകാശപ്പെട്ടിരുന്നത്. ഇതേ അവസ്ഥ തങ്ങളുടെ പൂര്‍വികാചാര്യന്‍ ഇബ്‌റാഹീം നബിയെന്നു പോലും അറിയാതെ, ഇബ്‌റാഹീം നബിയുടെ പാരമ്പര്യം എന്ത് എന്നു പോലും മനസ്സിലാക്കാതെ പിന്‍പറ്റുന്ന ഇന്ത്യക്കാരിലും സംഭവിക്കാവുന്നതേയുള്ളൂ. ചരിത്രത്തെ പില്‍ക്കാലത്തുണ്ടായ ജീര്‍ണതയുടെയോ രൂപ പരിണാമങ്ങളുടെയോ കണ്ണാടിയിലൂടെ നോക്കിയല്ല, മറിച്ച്, ഉത്ഭവത്തിലെ സ്വഭാവം നോക്കിയാണ് അപഗ്രഥിക്കേണ്ടതും വിശകലന വിധേയമാക്കേണ്ടതും എന്ന് ദുല്‍ഖര്‍നൈന്‍ സംഭവത്തെ ഖുര്‍ആന്‍ സമീപിച്ച രീതിയില്‍ നിന്ന് തെളിയുന്നു. പില്‍കാല ജീര്‍ണതയെ നോക്കി പൂര്‍വകാല സ്വച്ഛതയെ നിഷേധിക്കുന്നതിനു പകരം വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തെ സമീപിച്ചതുപോലെ പൂര്‍വകാലത്തെ ശരിയും സ്വച്ഛതയും യഥാര്‍ഥ സത്തയും കണ്ടെത്തി പില്‍ക്കാലത്തെ ജീര്‍ണതയെയും വ്യതിചലനങ്ങളെയും അടയാളപ്പെടുത്തി തിരുത്തുന്ന സമീപനം നാം രൂപപ്പെടുത്തണം.
വിശുദ്ധ ഖുര്‍ആന്‍ പരമ്പരാഗത ചരിത്രത്തിനു നേരെ സ്വീകരിച്ചത് നിഷേധത്തിന്റെ സമീപനമായിരുന്നില്ല, മറിച്ച് തിരുത്തലിന്റേതായിരുന്നുവെന്നര്‍ഥം. അതുകൊണ്ടാണ് ഇസ്രാഈലീ പ്രവാചകന്മാരെ അംഗീകരിച്ചുകൊണ്ടുതന്നെ പില്‍ക്കാല ജൂത സമൂഹത്തിലുണ്ടായ ജീര്‍ണതയെയും വ്യതിചലനങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ തിരുത്തുന്നത്. ഇതിനു പരമ്പരാഗത അറബ് സമൂഹത്തിലുണ്ടായിരുന്ന അറബ്-ഇസ്രാഈലീ വിഭാഗീയത വിശുദ്ധ ഖുര്‍ആനിനു തടസ്സമായില്ല. അതുകൊണ്ടുതന്നെയാണ് ഈസായെ അംഗീകരിക്കുന്ന ഖുര്‍ആന്‍ പില്‍ക്കാലത്ത് ക്രിസ്ത്യാനികള്‍ അദ്ദേഹത്തിനു ദിവ്യത്വം ചമച്ചതിനെ തിരുത്തിയത്. ഗുഹാവാസികള്‍ യേശുവിനു ശേഷം ക്രിസ്തീയ സമൂഹത്തിലുണ്ടായ സാത്വികരായ എസ്സീന്‍ വിഭാഗത്തിലെ ഒരു പറ്റം യുവാക്കളായിരുന്നു. ക്രിസ്ത്യാനികള്‍ പില്‍ക്കാലത്തോ അതല്ലെങ്കില്‍ എസ്സീന്‍ പ്രസ്ഥാനത്തിന്റെ പ്രഭവ കാലത്തോ വ്യതിചലിച്ചു പോയതിന്റെ പേരില്‍ ഈ സംഭവത്തെ ഇസ്‌ലാമിക ചരിത്രത്തിന്റെ പൊതുധാരക്ക് ബാഹ്യമായി വിശുദ്ധ ഖുര്‍ആന്‍ നോക്കിക്കാണുകയുണ്ടായില്ല. പില്‍ക്കാലത്ത് ജൂത-ക്രിസ്ത്യാനികള്‍ക്കുണ്ടായ വ്യതിചലനങ്ങളുടെയും ജീര്‍ണതയുടെയും പേരില്‍ അവരുടെ യഥാര്‍ഥ പാരമ്പര്യത്തെ വിശുദ്ധ ഖുര്‍ആന്‍ നിഷേധിക്കാതിരുന്നതും അതുകൊണ്ടുതന്നെയാണ്. മുഹമ്മദ് നബി(സ)ക്ക് മുമ്പ് കടന്നുപോയ മുഴുവന്‍ പ്രവാചകന്മാരുടെയും മത നവോത്ഥാന നായകരുടെയും ചരിത്രം ദേശ ഭാഷകള്‍ക്കതീതമായി ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്‌ലാം സകല ജനതതികളുമായും സംവദിക്കുന്നത് പോലും ഈ പൊതു ധാരയില്‍ നിന്ന് കൊണ്ടാണ് എന്നതാണ് വസ്തുത. 'പ്രവാചകന്മാര്‍' എന്ന ഖുര്‍ആനിക അധ്യായത്തില്‍ വ്യത്യസ്ത കാലങ്ങളില്‍ വിഭിന്ന ദേശങ്ങളില്‍ ആഗതരായ നിരവധി പ്രവാചകന്മാരെ അനുസ്മരിച്ച ശേഷം പറയുന്നു: ''നിങ്ങളുടെ ഈ സമൂഹം ഒരൊറ്റ സമൂഹമാകുന്നു'' (21:92).
ഒരു താക്കീതുകാരന്‍ വന്നിട്ടില്ലാതിരുന്ന ഒരു നാടും ഉണ്ടായിരുന്നില്ല” എന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കെ, പശ്ചിമേഷ്യ പോലെ തന്നെ ആദി പുരാതന കാലം മുതലേ മനുഷ്യരാശിയുടെ വലിയൊരു വിഭാഗം ജീവിച്ചിരുന്ന ഇന്ത്യയിലും ചൈനയിലും, പശ്ചിമേഷ്യയുടെയും ഇന്ത്യയുടെയും ചൈനയുടെയും അത്ര പഴക്കം വരില്ലെങ്കിലും ഗ്രീസിലും ഒക്കെ പ്രവാചകന്‍ വന്നിട്ടുണ്ടായിരിക്കുക സ്വാഭാവികം മാത്രമാണ്. ഇഞ്ചീലിനെയും തോറയെയും വേദ ഗ്രന്ഥങ്ങള്‍ എന്നും, അതിന്റെ വാഹകരെ വേദക്കാരെന്നും വിശേഷിപ്പിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ വെച്ചിട്ടില്ലാത്ത 'തനതു ഭാഷയിലായിരിക്കുക', 'കലര്‍പില്ലാതിരിക്കുക', 'കൈകടത്തലില്‍നിന്ന് മുക്തമാവുക' തുടങ്ങിയ ഉപാധികള്‍ ഭാരതീയ വേദങ്ങളെയും ഗീതയെയും സമീപിക്കുമ്പോള്‍ മാത്രം ഉപാധികള്‍ ആവേണ്ടതില്ല. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പല പേരുകളും ഇതിലേക്ക് സൂചനകള്‍ നല്‍കുന്നുണ്ട്. തത്സംബന്ധമായ സൂക്തങ്ങളുടെയും അതിലൂടെ പ്രതിപാദിക്കപ്പെടുന്ന പ്രമേയങ്ങളുടെയും നാനാ തലങ്ങളെ ഗ്രഹിക്കുന്നതിനു ആധുനികമായ സങ്കേതങ്ങളും രീതികളും ആഗോളീയമായ പരിപ്രേക്ഷ്യത്തില്‍ സ്വീകരിച്ചാല്‍ ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. ഓരോ നാടിന്റെയും ഭാഷയും ചരിത്രവും സംസ്‌കാരവും സാമൂഹിക പരിതസ്ഥിതിയും കണക്കിലെടുത്തുകൊണ്ടുള്ള ചരിത്ര വിശകലന രീതികള്‍ ആവിഷ്‌കരിക്കപ്പെടേണ്ടതായിട്ടുണ്ട്.
ഇന്തോ ഗ്രീക്ക് മിത്തുകളിലെ ഇബ്‌റാഹീം നബിയെ കുറിച്ച് പറയുന്നതിനു മുമ്പ് ആ വിശകലനത്തിനു ഉപോല്‍ബലകമാകുമെന്നു കരുതുന്നതിനാല്‍ ബൈബിള്‍ ഒരിക്കലും പരാമര്‍ശിച്ചിട്ടില്ലാത്തതും എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുമായ, ഇന്ത്യയിലും ചൈനയിലും ഗ്രീസിലുമായിരിക്കാന്‍ ഏറെ സാധ്യതയുള്ള ചില മഹദ് വ്യക്തികളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന കുറച്ചു കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഈ ഭാഗം ആരംഭിക്കാം.
ചില ഭാഷകളില്‍ 'അ' കാരത്തില്‍ ഉച്ചരിക്കപ്പെടുന്ന പദങ്ങള്‍ മറ്റു ഭാഷകളില്‍ 'ഉ' കാരമായും 'ഇ' കാരമായും അതുപോലെ തിരിച്ചും ഉച്ചരിക്കപ്പെടുന്ന നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. നമ്മുടെ മലയാളത്തില്‍ വടക്കേ മലബാറുകാര്‍ 'കോളേജ്' എന്ന് ഉച്ചരിക്കുന്നത് തിരുവനന്തപുരം ഭാഗത്ത് എത്തുമ്പോള്‍ 'കാളേജ്' ആകുന്നത് ശ്രദ്ധിക്കുക. 'ജ' എന്ന ശബ്ദം 'ഗ'യായും (ഉദാഹരണത്തിനു യഅ്ജൂജ് മഅ്ജൂജ്, ഗാഗ് മാഗോഗ് ആയതു പോലെ), 'യ' എന്ന ശബ്ദം 'ജ'യായും (ഉദാഹരണത്തിനു യഹ്‌യയിലെ 'യ' ശബ്ദം യോഹന്നാനിലെ 'യോ'യും, ജോണ്‍ എന്ന നാമത്തിലെ 'ജോ'യും ആയതുപോലെ, 'വലതിന്റെ പുത്രന്‍' എന്ന് അര്‍ഥമുള്ള 'ബിന്‍യമീന്‍' ബെഞ്ചമിന്‍ ആയതു പോലെ, കേരളത്തില്‍ അറബി ഗ്രീക്ക് കുതിരകള്‍ക്ക് ജോനക കുതിര എന്നും യോനക കുതിര എന്നും പറയുന്നതുപോലെ) രൂപാന്തരപ്പെടുന്നു.
'റെഡ്ഡി' എന്ന് കേട്ടാല്‍ ആന്ധ്രക്കാരനാണെന്നും, 'മുഖര്‍ജി', 'ബാനര്‍ജി', 'ചാറ്റര്‍ജി' എന്നൊക്കെ കേട്ടാല്‍ ബംഗാളി നാമങ്ങളാണെന്നും, 'ബ്രഷ്‌നെവ്', 'ചെര്‍ണങ്കോവ്', 'പാപ്പോവ്', 'ഗോര്‍ബച്ചേവ്' തുടങ്ങിയ നാമങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് റഷ്യന്‍ സ്ലാവ് നാമങ്ങളാണെന്നും, അക്‌ലീസ്, സോഫോക്ലീസ്, പെരിക്ലീസ്, പാരിസ് തുടങ്ങിയ നാമങ്ങള്‍ ഗ്രീസില്‍ നിന്നാണെന്നും മനസ്സിലാക്കുന്ന നാം 'ഇദ്‌റീസ്' എന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച പ്രവാചകന്‍ ഗ്രീസില്‍ ആഗതനായ പ്രവാചകനാകാനുള്ള സാധ്യത തള്ളേണ്ടതില്ല. ഇദ്‌റീസ് ബൈബിള്‍ ഉല്‍പത്തിയില്‍ പറഞ്ഞ എനോക്ക് എന്തുകൊണ്ട് അല്ല എന്ന് നേരത്തെ വിശദീകരിച്ചിരുന്നു. ആധുനികവും പൗരാണികവുമായ മധ്യ പൗരസ്ത്യ ദേശ കേന്ദ്രീകൃത വ്യാഖ്യാനങ്ങള്‍ അല്ലാഹു ഉന്നത സ്ഥാനീയനെന്നു വിശേഷിപ്പിച്ച ഈ പ്രവാചകനെ 'അജ്ഞാത പ്രവാചകന്‍' എന്ന് പറഞ്ഞു തുടങ്ങുന്നത് തന്നെ അദ്ദേഹം മധ്യപൗരസ്ത്യ ദേശത്തു ആഗതനായ പ്രവാചകനല്ലാത്തതു കൊണ്ട് മാത്രമാണ്. അല്ലാഹുവിനാല്‍ ഉന്നത സ്ഥാനീയനാക്കപ്പെട്ടവന്‍ ഇത്രയും അജ്ഞാതനാവുന്നതിലെ വിരോധാഭാസം വേറെയും ഉണ്ട്. പഴയ നിയമത്തിലും ഈ പേരില്‍ ഒരു പ്രവാചകനെ കാണാന്‍ സാധിക്കുന്നില്ല.
പില്‍ക്കാല ചരിത്രകാരന്മാര്‍ വരവു വെച്ച എല്ലാ ചിന്തകളും ഭൗതികവാദപരമോ ആ ചിന്തകര്‍ ഭൗതികവാദികളോ തന്നെ ആവണമെന്നില്ല. ചരിത്രത്തിന്റെ മുകളില്‍ കാലം വിട്ടേച്ചു പോയ മാറാല നീക്കുകയും മിത്തുകളിലെ ചരിത്ര മുത്തുകളെ വേര്‍തിരിച്ചെടുക്കുകയും ചെയ്യണമെന്നു മാത്രം. ആധുനിക തുര്‍ക്കിയുടെ അനത്തോളിയ പ്രദേശത്തു ബി.സി 624-നും 528-നും ഇടയില്‍ ജീവിച്ച സമകാലികരായ തെയ്ല്‍സ് (Thales), അനാക്‌സിമാന്റര്‍ (Anaximander), അനാക്‌സിമെന്‍സ (Anaximense) തുടങ്ങിയ, പ്രകൃതിയുടെ ദാര്‍ശനികര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രീക്ക് തത്ത്വ ചിന്തകന്‍ മറ്റൊരു ഉദാഹരണമാണ്. തുടക്കവും ഒടുക്കവുമില്ലാത്ത ഏക ദൈവത്തെ കുറിച്ച് സംസാരിച്ച തെയ്ല്‍സും അദ്ദേഹത്തിന്റെ അനുയായികളും മിലെസ്യന്‍ (Milesian) സ്‌കൂളിന്റെ സ്ഥാപകരായിട്ടാണ് പില്‍ക്കാലത്ത് അറിയപ്പെട്ടതെങ്കിലും വിശുദ്ധ ഖുര്‍ആനിലെ സൂറഃ യാസീനില്‍ പരാമര്‍ശിക്കുന്ന ഒരു പ്രദേശത്ത് ഒരേ കാലത്ത് ആഗതരായ മൂന്നു ദൂതന്മാരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഗ്രീക്ക് തത്ത്വ ചിന്തകനായി തന്നെ അറിയപ്പെടുന്ന, ബി.സി 570-നും 475-നും ഇടയില്‍ ജീവിച്ച സെനോഫയ്ന്‍സ് (Xenophanes) കേവലനും പരമോന്നതനും മാറ്റമില്ലാത്തവനും ജനകനോ ജാതനോ അല്ലാത്തവനും അദ്വിതീയനും ആയ ഒരു ദൈവത്തെ കുറിച്ച് സംസാരിക്കുന്നു. ഇദ്ദേഹവും ഒരു പ്രവാചകനായിരിക്കാനുള്ള സാധ്യത വളരെയേറെയാണ്.
ലാത്ത, ഉസ്സ, മനാത്ത എന്നിവ പില്‍ക്കാലത്ത് വിഗ്രഹവത്കരിക്കപ്പെട്ട, ഹജ്ജാജികള്‍ക്ക് വെള്ളം കൊടുത്തിരുന്ന മൂന്നു സാത്വികരായ വിശ്വാസികളായിരുന്നുവെന്ന് ഇബ്‌നു അബ്ബാസ് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊരു അഭിപ്രായമെന്ന നിലയില്‍ ശരിയോ തെറ്റോ ഭാഗികമായി ശരിയോ ആയിരിക്കാം. സ്ഥല നാമ ഉത്ഭവ ശാസ്ത്രത്തിന്റെ സഹായത്തോടുകൂടി പരിശോധിച്ചാല്‍ ഈ പേരുകളില്‍ അറേബ്യയില്‍ ആളുകള്‍ ഉണ്ടാവുക സംഭവ്യമാണോ എന്നും, ആ പേരില്‍ മുമ്പോ ശേഷമോ അറബ് ചരിത്രം ആരെയെങ്കിലും പരിചയപ്പെടുത്തുന്നുണ്ടോ എന്നും, അതോ പേര്‍ സൂചിപ്പിക്കുന്നത് പോലെ ചൈനയില്‍ വിഗ്രഹവത്കരിക്കപ്പെട്ടതിനു ശേഷം അറേബ്യയില്‍ ഇറക്കുമതി ചെയ്യപ്പെട്ടതാണോ എന്നുമുള്ള ചിന്ത സംഗതമാണ്. കാരണം, ഇതേ ക്രമത്തില്‍ ലാവോത്‌സെ (ലാത്ത), കുങ്ങ്ഫ്‌സി (ഉസ്സ), മേന്‍ഷ്യസ് ( മനാത്ത) എന്നീ മൂന്നു സദൃശ നാമങ്ങള്‍ മൂന്നു ചൈനീസ് മതങ്ങളുടെ സ്ഥാപക പേരുകളായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.
ഒരു പേരിന്റെ ഉച്ചാരണത്തില്‍നിന്ന് തന്നെ ഉച്ചരിക്കുന്നവന്റെ ദേശവും പേരിന്റെ ദേശവും മനസ്സിലാക്കാന്‍ സാധിക്കും. 'യഹ്‌യ' എന്ന അറബി നാമം വ്യത്യസ്ത യൂറോപ്യന്‍ ഭാഷകളില്‍ ജോണ്‍, ജീന്‍, ഷോണ്‍, ഷീന്‍, സീന്‍, എന്നിങ്ങനെ തുടങ്ങി മലയാളത്തില്‍ എത്തുമ്പോള്‍ യോഹന്നാന്‍ എന്നും ആകുന്നത് ശ്രദ്ധിക്കുക. ഫലസ്ത്വീനിലെ ഒരു നഗരത്തിന്റെ നാമമാണ് 'റാമല്ല.' ഈ സ്ഥലനാമം രൂപപ്പെട്ടത് അറബിയിലോ അറബിയോട് വളരെ സാദൃശ്യമുള്ള അരമായിക് ഭാഷയിലോ ഉള്ള 'റഹ്മത്തും' 'അല്ലാഹു'വും ചേര്‍ന്നായിരിക്കണം. 'റഹ്മത്ത്' എന്ന വാക്കിന്റെ മധ്യത്തിലെ 'ഹ്' ശബ്ദം നിരന്തര പ്രയോഗത്തില്‍ 'റ' എന്ന സ്വരത്തിനു ദീര്‍ഘമായി മാറി ('മഹാബലി' മാവേലി ആയതുപോലെ). പിന്നെ ഉച്ചാരണ സൗകര്യത്തിനു 'റഹ്മത്തി'ലെ 'ത'യും ഇല്ലാതായപ്പോള്‍ 'റഹ്മത്തുല്ല' റാമല്ലയായി മാറി. അറബി, അരമായിക്, സുരിയാനി, ഹീബ്രു ഭാഷകളുടെ പാരമ്പര്യമുള്ള ഫലസ്ത്വീനില്‍'റഹ്മത്ത്' 'റാമ'യായി ലോപിക്കാമെങ്കില്‍ ഇന്ത്യയിലെ 'രാമന്‍' റഹ്മാന്‍ ലോപിച്ച് ഉണ്ടായതും 'രാമ', 'രമ' തുടങ്ങിയ നാമങ്ങള്‍ 'റഹ്മത്ത്' ലോപിച്ച് ഉണ്ടായതുമായിക്കൂടെന്നുണ്ടോ? 'റഹ്മാന്‍', 'റഹ്മത്ത്' തുടങ്ങിയ നാമങ്ങളുടെ വക ഭേദങ്ങള്‍ ഇന്ത്യയിലെ സകല ഭാഷകളിലും കാണാന്‍ സാധിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
നേരത്തേ പറഞ്ഞ റഹ്മാന്‍ എന്ന അര്‍ഥത്തിലുള്ള രാമനില്‍ നിന്ന് വ്യത്യസ്തമായി ദശരഥന്റെയും കൗസല്യയുടെയും പുത്രനായി ജനിച്ച വിഷ്ണുവിന്റെ ഏഴാം അവതാരമായി വിശ്വസിക്കപ്പെടുന്ന രാമനും, വസുദേവിന്റെയും ദേവകിയുടെയും പുത്രനായി ജനിച്ച 8-ാം അവതാരമായി വിശ്വസിക്കപ്പെടുന്ന കൃഷ്ണനും ഇന്ത്യയിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാര്‍ ആയിരിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, യേശുവിനെ ക്രിസ്ത്യാനികള്‍ ദൈവം മനുഷ്യ രൂപം പൂണ്ടു അവതരിച്ചതായി വിശ്വസിക്കുന്നത് എങ്ങനെയാണോ വിശുദ്ധ ഖുര്‍ആന്‍ തിരുത്തുന്നത്, അതേപോലുള്ള ഒരു സമീപനമായിരിക്കും രാമന്റെയും കൃഷ്ണന്റെയും വിഷയത്തിലും ഉചിതമാവുക. അതായത് മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മനുഷ്യരെ വഴികാണിക്കുന്നതിനു വേണ്ടി മനുഷ്യരില്‍നിന്നുള്ള മനുഷ്യരായ പ്രവാചകന്‍. ആ അര്‍ഥത്തില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ഇന്ത്യയില്‍ ഏറ്റവും ജനസ്വാധീനമുള്ള രണ്ട് പ്രവാചകന്മാരായിരിക്കാം. പഴയ നിയമത്തിലെ ദാവീദ് നബിയെ കുറിച്ചുള്ള കഥക്കും ഖുര്‍ആന്‍ പറഞ്ഞ യഥാര്‍ഥ ദാവീദിനും ഇടയിലെ അന്തരം കാണുക. ഇതേ അന്തരം മഹാഭാരത കഥയിലെ ശ്രീകൃഷ്ണനും യഥാര്‍ഥ ചരിത്രത്തിലെ ശ്രീകൃഷ്ണനുമിടയില്‍ ഉണ്ടായിക്കൂടേ? തീര്‍ച്ചയായും രാമനെയും കൃഷ്ണനെയും കേവലം ഭാവനാ സൃഷ്ടികളോ മിത്തോളജിക്കല്‍ കഥാപാത്രങ്ങളായോ ആയി മാത്രം ചുരുക്കിക്കാണുക സാധ്യമല്ല. കാരണം, ലോകത്ത് ഒരു ജന സമൂഹത്തിലും അങ്ങനെയുള്ള കേവല ഭാവനാ സൃഷ്ടികള്‍ക്കും ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത മിത്തോളജിക്കല്‍ കഥാപാത്രങ്ങള്‍ക്കും ഇത്രയും വലിയ വിശ്വാസി സമൂഹത്തെ ലഭിച്ചതായി കാണാന്‍ സാധിക്കില്ല. മിത്തോളജിയുടെ മാറാലക്ക് പിന്നിലെ ചരിത്രം കണ്ടെത്താന്‍ സാധിച്ചാല്‍ ഇവരില്‍ രണ്ട് മഹാ പ്രവാചകന്മാരെ കണ്ടെത്താന്‍ സാധിച്ചേക്കും.
അത്തീന്‍ അധ്യായത്തിലെ തുടക്കത്തില്‍ പ്രതീകവത്കരിക്കപ്പെട്ട നാല് സുപ്രധാന പ്രവാചകന്മാരില്‍ ഒരാളാണ് വിശുദ്ധ ഖുര്‍ആന്‍ മറ്റിടങ്ങളില്‍ പറഞ്ഞ 'ദുല്‍കിഫ്ല്‍.' ഇത് 'കപിലന്‍' എന്ന ബുദ്ധനായിരിക്കാം. നബിക്കും ബുദ്ധനുമിടയിലെ സമാനത അത്ഭുതപ്പെടുത്തുന്നതാണ്. മുഹമ്മദ് (സ) പ്രവാചകത്വത്തിനു ശേഷം അതേ അര്‍ഥമുള്ള 'നബി' എന്ന അറബി പദത്തില്‍ അറിയപ്പെട്ടു. സിദ്ധാര്‍ഥ ഗൗതമന്‍ അത്തിമരച്ചുവട്ടില്‍ വെച്ച് ദിവ്യ ബോധനം ലഭിച്ചതു മുതല്‍ 'ദിവ്യ ബോധനം ലഭിച്ചവന്‍' എന്ന അര്‍ഥത്തില്‍ 'ബുദ്ധന്‍' എന്നും അറിയപ്പെട്ടു തുടങ്ങി. നബി(സ) ഖദീജയെയും കുട്ടികളെയും വിട്ട് മലമുകളിലെ ഹിറയില്‍ പോയി ധ്യാനിച്ചു. ബുദ്ധന്‍ യശോധരയെയും രാഹുലിനെയും വിട്ട് കാട്ടില്‍ അത്തിമരച്ചുവട്ടില്‍ ഇരുന്നു ധ്യാനിച്ചു. ദിവ്യബോധനം നബിയെ മലമുകളില്‍ നിന്ന് അങ്ങാടിയിലേക്ക് ഇറക്കി. ബുദ്ധനെ കാട്ടില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. നബി പിന്നീട് മലയില്‍ ധ്യാനിക്കാന്‍ പോയില്ല. ബുദ്ധന്‍ കാട്ടിലേക്കും തിരിഞ്ഞു നോക്കിയില്ല. നബി സകലമാന കള്ള ദൈവങ്ങളെയും ദൈവം ചമയുന്നവരെയും നിഷേധിച്ചു ഏക ദൈവത്തെ മാത്രം വിശ്വസിച്ചു വഴിപ്പെട്ടു ജീവിക്കാന്‍ പഠിപ്പിച്ചു. ബുദ്ധന്‍ സകലമാന കള്ള ദൈവങ്ങളെയും വിഗ്രഹങ്ങളെയും മനുഷ്യ ദൈവങ്ങളെയും നിഷേധിച്ചത് കണ്ട പില്‍ക്കാല ചരിത്രകാരന്‍ അവന്റെ പതിവ് സ്വഭാവമനുസരിച്ച് ബുദ്ധന്‍ വിശ്വസിക്കാന്‍ കല്‍പിച്ച ഏകനായ ദൈവത്തെ കാണാതെ നാസ്തികനായ പ്രവാചകനായി അദ്ദേഹത്തെ തെറ്റിദ്ധരിക്കുക പോലും ചെയ്തു!
ഇബ്‌റാഹീം നബി ഇന്തോ ഗ്രീക്ക് മിത്തോളജിയില്‍ എങ്ങനെ പരാമര്‍ശിക്കപ്പെട്ടിരിക്കും എന്ന് വിശദീകരിക്കുന്നതിനു ആമുഖമായാണ് ഇത്രയും ഉദാഹരണങ്ങള്‍ പറഞ്ഞത്. മിത്തോളജിയെ സമീപിക്കുമ്പോള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. ഇബ്‌റാഹീമിനും സാറക്കുമുണ്ടായ ഇസ്ഹാഖ്, സക്കരിയ്യാവിനും എലിസബത്തിനുമുണ്ടായ യഹ്‌യ, കന്യാ മറിയത്തിനുണ്ടായ ജീസസ് ഇതെല്ലാം മാലാഖമാരിലൂടെ ഒരു പ്രത്യേക ബോധനത്തിനു ശേഷമുണ്ടായ പ്രവാചക സന്തതികളായിരുന്നു. ഇങ്ങനെ സന്തതികളുണ്ടായ, പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത വേറെയും ജന്മങ്ങള്‍ ഉണ്ടായിരിക്കാം. മിക്കവാറും ഇത്തരത്തിലുള്ള ജന്മങ്ങളായിരിക്കണം ഇന്തോ ഗ്രീക്ക് റോമന്‍ മിത്തോളജികളിലൊക്കെയും ദൈവ-ദേവ-മനുഷ്യ സ്ത്രീകള്‍ക്കിടയിലുള്ള ശാരീരിക സംസര്‍ഗങ്ങളുടെ ഫലമായുണ്ടായ ജന്മങ്ങളായി പില്‍ക്കാലത്ത് തെറ്റായ രൂപത്തില്‍ ചിത്രീകരിക്കപ്പെട്ടത്. രണ്ടാമതായി, പ്രവാചകന്മാരെയും മാലാഖമാരെയും ദേവന്മാരായും ദൈവങ്ങളായുമൊക്കെ തെറ്റായ രൂപത്തില്‍ മിത്തോളജികള്‍ ചിത്രീകരിക്കുന്നുണ്ടാവണം. പ്രവാചകന്മാരെ ദൈവാവതാരങ്ങളായി വിശ്വസിക്കുന്ന മതങ്ങള്‍ നമ്മുടെ ലോകത്ത് ഇപ്പോഴും ഉള്ള സ്ഥിതിക്ക് മിത്തോളജികളില്‍ അങ്ങനെയുണ്ടാവുക എന്നത് അസ്വാഭാവികമൊന്നുമല്ല.
മറ്റൊരു സാധ്യത, പുരാതനകാലത്ത് വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഇതര ദേശങ്ങളിലെ പ്രവാചകന്മാരുടെയും അനുയായികളുടെയും ചരിത്രകഥകള്‍ ഓരോ കൈമാറ്റത്തിന്റെ അവസരത്തിലും അതിശയോക്തിപരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, അവക്ക് തദ്ദേശീയമായ ചേരുവകളോടു കൂടിയ ഭാവനകളും നാമങ്ങളും നല്‍കപ്പെടുകയും ചെയ്തിരിക്കാം. ഉത്ഭവം തിരിച്ചറിയാനാവാത്ത രൂപത്തില്‍ അവ ആയിത്തീര്‍ന്നിട്ടുമുണ്ടാവാം. തിരിച്ചും ഇത് സംഭവിച്ചിട്ടുണ്ട്. ബൈബിള്‍ ഉല്‍പത്തിയിലെ പ്രവാചകന്‍ യാക്കോബിന്റെ ദൈവവുമായുള്ള മല്‍പിടുത്തവും, ന്യായാധിപന്മാര്‍ എന്ന പുസ്തകത്തില്‍ 13-16 വരെയുള്ള അധ്യായങ്ങളില്‍ പറയുന്ന ഗ്രീക്ക് മിത്തോളജിയിലെ ഹെര്‍ക്കുലിസുമായി വളരെ സാദൃശ്യമുള്ള സാംസന്റെ കഥയുമൊക്കെ ഗ്രീക്ക് മിത്തോളജിയില്‍ നിന്ന് കടം കൊണ്ടതാണെങ്കില്‍, ബൈബിള്‍ ഉല്‍പത്തിയിലെ ഹവ്വയുടെ കഥയുടെ തദ്ദേശീയമായ ആവിഷ്‌കാരമാണ് ഗ്രീക്ക് മിത്തോളജിയിലെ പണ്ടോരയുടെ പെട്ടി. ബൈബിള്‍ ഉല്‍പത്തിയില്‍ പറയുന്ന ഗ്രീക്കുകാരന്‍ പോള്‍ ആവിഷ്‌കരിച്ച യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പു കഥക്ക് ഗ്രീക്ക് മിത്തോളജിയിലെ ഡയോനിസിസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധമുണ്ട്. സുമേരിയന്‍ മിത്തോളജിയിലെ സാര്‍ഗൊന്റെ ജനന കഥക്ക് ബൈബിളില്‍ പറയുന്ന മൂസയുടെ കഥയോടുള്ള സാധര്‍മ്യം ഏതൊരു ചരിത്ര ഗവേഷകന്റെയും ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്നതാണ്. ആദിത്യ ദേവനില്‍ നിന്ന് കുന്തീ ദേവിക്കുണ്ടായ മഹാഭാരതത്തിലെ കര്‍ണന്റെ ജന്മകഥയും വ്യത്യസ്തമായ കാരണം കൊണ്ടാണെങ്കിലും ഏറക്കുറെ മൂസായുടെയും സാര്‍ഗനിന്റെയും ശൈശവ കഥകളോട് സമാനത പുലര്‍ത്തുന്നതാണ്. പെട്ടിയിലാക്കി നദിയിലൊഴുക്കിയ രൂപത്തിലല്ലെങ്കിലും അമ്മ കാലുകള്‍ ബന്ധിച്ചു മരിക്കാന്‍ വേണ്ടി മലമുകളില്‍ വിട്ടേച്ചു പോയപ്പോള്‍ ഈഡിപ്പസിന്റെ ശൈശവത്തിലും ഇതുപോലുള്ള ഒരു എലമെന്റ് കുടികൊള്ളുന്നുണ്ട്. ഈ ചരിത്രപരമോ ഐതിഹ്യപരമോ ആയ എല്ലാ കഥകളിലെയും അല്‍പ സ്വല്‍പ വ്യത്യാസങ്ങളൊഴിച്ച് നിര്‍ത്തിയാലുള്ള ഒരു പൊതുവായ ഘടകം അവരെല്ലാവരും അവരുടെ ശത്രുവിനാല്‍ രക്ഷപ്പെടുത്തപ്പെടുന്നതും വളര്‍ത്തപ്പെടുന്നതും പിന്നീട് അതേ ശത്രുവിനെ പരാജയപ്പെടുത്തി രാജാവാകുന്നതുമാണ്. മഹാഭാരത കഥയിലെ കംസനും, ബൈബിളും വിശുദ്ധ ഖുര്‍ആനും പറയുന്ന ഫറവോക്കുമിടയിലെ കര്‍മപരമായ സാദൃശ്യവും സവിസ്തര പഠനം അര്‍ഹിക്കുന്ന വിഷയങ്ങളാണ്.
ഏതൊരു മിത്തോളജിയിലും പ്രവാചകന്മാരുമായി ബന്ധപ്പെട്ട കഥകള്‍ക്ക് അടിസ്ഥാനമായിട്ടുണ്ടാവുക ബൈബിള്‍ പഴയനിയമത്തിന്റെ വെര്‍ഷനായിരിക്കും. ബൈബിള്‍ വെര്‍ഷനില്‍ തന്നെ മനുഷ്യന്റെ കൈകടത്തല്‍ മുഖേനയുണ്ടായ കൂട്ടലും കിഴിക്കലും മിത്തോളജികളില്‍ എത്തുമ്പോഴേക്ക് എന്തെല്ലാം രൂപഭാവങ്ങള്‍ സ്വീകരിച്ചു കാണാമെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഈ പ്രവണത ഇബ്‌റാഹീം നബിയുടെ ചരിത്ര കഥക്ക് ഇന്തോ ഗ്രീക്ക് പുരാണങ്ങളില്‍ പുനരവതരിക്കുമ്പോഴും ബാധകമായിരിക്കും. ഇന്ത്യന്‍ നാമങ്ങളില്‍ 'ആനന്ദ്' പോലുള്ളവ 'നന്ദ' എന്ന് വിളിക്കപ്പെടാമെങ്കില്‍, 'അബ്രഹാമി'നെ 'ബ്രഹ്മ' എന്ന് വിളിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ബ്രഹ്മാവിന്റെ ഭാര്യ സരസ്വതിക്കും അബ്രഹാമിന്റെ ആദ്യ ഭാര്യ സാറക്കുമിടയിലെ നാമ സാദൃശ്യം വെറും യാദൃഛികമാവണമെന്നില്ല. മിത്തിനെ മിത്തായും ചരിത്രത്തെ അതിന്റെ തനതു രൂപത്തിലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്കാരുള്‍പ്പെടെയുള്ള, വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധിതരുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിനും ഇന്ത്യയിലെ ബ്രാഹ്മണര്‍ക്കുമിടയില്‍ എവിടെയോ വെച്ച് അറ്റുപോയ ചരിത്രപരമായ ബന്ധത്തിന്റെ ഇഴ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. സരസ്വതിയിലെ 'വതി' സംസ്‌കൃതത്തില്‍ സ്ത്രീലിംഗത്തിനു ഉപയോഗിക്കുന്ന സഫിക്‌സ് ആയിരിക്കണം. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും പാകിസ്താനിലും ഒഴുകുന്ന ഗാഗ്ഗാര്‍ ഹക്രാ (Ghagghar -Hakra) നദി ഋഗ്വേദത്തില്‍ പറഞ്ഞ സരസ്വതി നദിയുടെ വക ഭേദമാണെന്ന ശക്തമായ അഭിപ്രായം ഉണ്ട് (വൈദിക നദി സരസ്വതിയും ഹിന്ദു നാഗരികതയും- എസ്. കല്യാണരാമന്‍). എങ്കില്‍ സരസ്വതി എന്ന നദിയുടെ പേര് പില്‍ക്കാലത്ത് എങ്ങനെ ഇബ്‌റാഹീമിന്റെ രണ്ടാം ഭാര്യയായ ഹാജറിന്റെ നാമത്തോട് സാദൃശ്യമുള്ളതായി എന്നത് പരിചിന്തനം അര്‍ഹിക്കുന്ന വിഷയമാണ്. അബ്രഹാമിനു സാറ സഹോദരീ (ബൈബിള്‍ ഉല്‍പത്തിയനുസരിച്ചു അബ്രഹാമിന്റെ പിതാവിന്റെ മറ്റൊരു ഭാര്യയിലുള്ള പെണ്‍കുട്ടി) ഭാര്യയായത് പോലെ, ബ്രഹ്മാവിനു സരസ്വതിയും സഹോദരീ ഭാര്യയാണ്. ബൈബിള്‍ അനുസരിച്ച് സാറ അതീവ സുന്ദരിയായിരുന്നത് പോലെ സരസ്വതിയും അതീവ സുന്ദരിയായിരുന്നു. എത്രത്തോളമെന്നാല്‍ ബ്രഹ്മായ്ക്ക് സകല ദിക്കില്‍നിന്നും സരസ്വതിയെ കണ്ടു നില്‍ക്കുന്നതിനു വേണ്ടി നാല് മുഖം വളര്‍ത്തുകയുണ്ടായെന്നു ഐതിഹ്യം പറയുന്നു. ബ്രഹ്മയുടെ പുത്രന്‍ ദക്ഷയെ സര്‍വ ദൈവങ്ങളുടെയും മുമ്പില്‍ ബലിയായി കൊല്ലുന്നു. പിന്നീടു രാമന്റെ തലയോടുകൂടി ദക്ഷ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. തീര്‍ച്ചയായും ഐതിഹ്യത്തിലെ അതിശയോക്തി ഒഴിവാക്കിയാല്‍ ഇബ്‌റാഹീം നബി ഇസ്മാഈലിനെ ദൈവ കല്‍പനയനുസരിച്ച് ബലിയറുക്കാന്‍ ഒരുമ്പെടുന്നതിന്റെയും അതില്‍ പിന്നെ ഇസ്മാഈല്‍ അതീവ ക്ഷമാലുവായി ബലിയറുക്കപ്പെടാതെ പുറത്തു വരുന്നതിന്റെയും ലാഞ്ഛനകള്‍ ഈ മിത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ബ്രഹ്മ ആദിമ മനുഷ്യനായിരിക്കാനുള്ള സാധ്യത കുറവാണ്. കാരണം, ബൈബിളും ഖുര്‍ആനും പറയുന്ന ആദമും ഹവ്വയുമായി ബന്ധപ്പെട്ട കഥ ചില്ലറ വ്യത്യാസത്തോടുകൂടി ഭവിഷ്യല്‍ പുരാണത്തിലും കാണാന്‍ സാധിക്കുന്നുണ്ട്. കലി പുരുഷന്റെ (പിശാച്) സ്വാധീനത്തിനു വശംവദരായി വിഷ്ണുവിന്റെ ആശ്രമത്തില്‍നിന്ന് പുറത്താക്കപ്പെട്ട, ഭവിഷ്യല്‍ പുരാണം പറയുന്ന ആദമയുടെയും ഹവ്യവതിയുടെയും കഥ നാമത്തിലും, ഉള്ളടക്കത്തിലുമൊക്കെ പുലര്‍ത്തുന്ന സമാനത ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാം. എന്നാല്‍ ബ്രഹ്മ ബൈബിളും ഖുര്‍ആനും പറഞ്ഞ ഇബ്‌റാഹീമിനെ പോലെ ലോകത്തു വളര്‍ന്നു വികസിക്കുകയും പടര്‍ന്നു പന്തലിക്കുകയും ചെയ്ത പ്രബല സമുദായങ്ങളുടെ പ്രപിതാവ് ആണ്. ആ അര്‍ഥത്തില്‍ തന്നെയായിരിക്കണം ഇന്ത്യന്‍ പുരാണങ്ങള്‍ ബ്രഹ്മായെ മാനവരാശിയുടെ പ്രോജെനിറ്റര്‍ ആയി വിശേഷിപ്പിക്കുന്നതും.
ഇന്ത്യയില്‍ മനുഷ്യവാസത്തിന്റെ ചരിത്രം ആദി മനുഷ്യനായ ആദമിനോളം നീണ്ടു കിടക്കുന്നു. അറേബ്യയിലാകട്ടെ ആദ്യത്തെ മനുഷ്യ സ്ത്രീ ഹവ്വയോളവും. മനുഷ്യന്റെ മടക്ക സ്ഥാനമായും കേന്ദ്രമായും നിശ്ചയിക്കപ്പെട്ട, മനുഷ്യ നാഗരിക ലോകത്തിന്റെ മാതാവായും വിശേഷിപ്പിക്കപ്പെട്ട മക്കയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബക്കാവട്ടെ ആദി മനുഷ്യനോളം ഉള്ള പഴക്കവും അബ്രഹാമുമായുള്ള സവിശേഷ ബന്ധവും ഓര്‍ക്കുക. ഹജ്ജിന്റെയും ഉംറയുടെയും വേളകളില്‍ ഹജറുല്‍ അസ്‌വദിനെ സ്പര്‍ശിക്കാന്‍ സാധിക്കാത്തവര്‍ അതിനെ അകലെ നിന്ന് അഭിവാദ്യം ചെയ്താല്‍ മതിയെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. നമ്മള്‍ ഒന്ന് ആലോചിക്കുക. മുഹമ്മദീയ ശരീഅത്ത് അവതരിക്കുന്നതിനു മുമ്പ് യാത്രാ സൗകര്യവും മറ്റും ഇല്ലാതിരുന്ന കാലത്ത് കഅ്ബയില്‍ പോകാന്‍ സാധിക്കാതിരുന്നവര്‍ക്ക് പ്രാചീന കാലത്ത് ഉണ്ടായിരുന്ന ഒരിളവിന്റെ അവശിഷ്ടമായിരിക്കുമോ കാവ് ചുറ്റല്‍? അതോ, കഅ്ബയില്‍ പ്രദക്ഷിണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ ഒരു കാവ് ഉണ്ടാക്കിക്കൊണ്ട് ഏതോ 'പരിഷ്‌കര്‍ത്താവ്'തന്റെ അനുയായികളുടെ ആത്മീയ ദാഹം തീര്‍ക്കാന്‍ നിര്‍ദേശിച്ചു കൊടുത്ത പരിഹാരമാകുമോ കാവ് ചുറ്റല്‍? കഅ്ബ, കാവ് പദങ്ങളിലെ സാദൃശ്യത്തിലും ഏഴു വട്ട പ്രദക്ഷിണത്തിലും ഒറ്റ മുണ്ടും മേല്‍മുണ്ടും ധരിച്ചുള്ള വസ്ത്ര ധാരണ രീതിയിലും തല മുണ്ഡനം ചെയ്യെപ്പടുന്നതിലുമൊക്കെയുള്ള സമാനതകളെല്ലാം യാദൃഛികം മാത്രമായി കാണാന്‍ സാധിക്കുന്നതിലും എത്രയോ ഏറെയാണെന്നാണ് നാം മനസ്സിലാക്കുന്നതെങ്കില്‍, ബ്രഹ്മ എന്ന മിത്തില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് നിഗമിക്കാം.
യഥാര്‍ഥ ചരിത്രത്തിന്റെ മുകളില്‍ കാലം അതിന്റെ ഒഴുക്കില്‍ വിട്ടേച്ചു പോകുന്ന ഭാവനയില്‍ പൊതിഞ്ഞ ചവറുകളെ ഒഴിവാക്കുകയും ആ ഒഴുക്കില്‍ ഒഴുകിപ്പോയ ചരിത്രാംശങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്താല്‍ ഗ്രീക്ക് മിത്തോളജിയിലെ അതമസ് എന്നും അത്ഹമസ് എന്നും വിളിക്കപ്പെടുന്ന കഥാ പാത്രത്തിലും നാം കണ്ടെത്തുക ബൈബിളും ഖുര്‍ആനും പറയുന്ന പ്രവാചകന്‍ ഇബ്‌റാഹീമിനെ തന്നെയാണ്. ഈ പേരിലെ 'സ്' ഗ്രീക്ക് നാമങ്ങളുടെ അവസാനത്തില്‍ പൊതുവെ ചേര്‍ന്ന് വരുന്ന ശബ്ദമാണ്. പിന്നീട് അവശേഷിക്കുന്ന ശബ്ദങ്ങളില്‍ അ,ഹ,മ തുടങ്ങിയ ശബ്ദങ്ങള്‍ അബ്രഹാമിലും അത്ഹമയിലും പൊതുവായുള്ള ശബ്ദങ്ങളാണ്. 'ബ്രാ' എന്ന ശബ്ദം മാറി 'ത്' ആയപ്പോള്‍ അബ്രഹാം എന്നത് അത്ഹമസ് ആയി മാറിയതാവണം. ഇതിനെ പിന്‍ബലപ്പെടുത്തുന്ന മറ്റു തെളിവുകളും ഉണ്ട്.
ഇംഗ്ലീഷ് ഭാഷയില്‍ പര്‍വതത്തിനു പറയുന്ന മൗണ്‍റ്റൈന്‍ എന്ന വാക്ക് ഉണ്ടായത് അര്‍മീനിയ എന്നതിലെ 'മിന്യ' എന്നതില്‍ നിന്നായിരിക്കണം. 'അര്‍' എന്നത് നാട് എന്നര്‍ഥമുള്ള, ഇബ്‌റാഹീം നബി ജനിച്ചതായി വിശ്വസിക്കപ്പെടുന്ന 'ഉര്‍' ലോപിച്ചുണ്ടായതായിരിക്കാമെന്ന് നാം നേരത്തേ പറഞ്ഞു. എങ്കില്‍ അര്‍മീനിയ എന്നാല്‍ പര്‍വതത്തിന്റെ നാട് എന്നാണര്‍ഥം. ഊര്‍ പ്രദേശത്തെയും ബാബിലോനിയയിലെയും കാല്‍ദിയക്കാര്‍ക്ക് നൂഹിന്റെ കപ്പല്‍ നങ്കൂരമിട്ട അര്‍മീനിയക്കാരുമായി ബന്ധമുണ്ടാവാനുള്ള സാധ്യത ഊഹിക്കാവുന്നതേയുള്ളൂ. നൂഹിന്റെ സന്തതികളും പിന്‍ഗാമികളും പിന്നീട് അവിടുന്നായിരിക്കുമല്ലോ വീണ്ടും ഇറാഖിലേക്ക് പോയിട്ടുണ്ടാവുക. ഗ്രീക്ക് മിത്തോളജിയനുസരിച്ച് അത്ഹമസ് മിന്യക്കാര്‍ സ്ഥാപിച്ച ഒര്‍കൊമിനസ് (Orchomenus) നഗരത്തിന്റെ രാജാവാണ്. ഒര്‍കൊമിനസ് എന്നതിലെ 'ഊരും' 'മിനസും' ശ്രദ്ധിക്കുക. ഗ്രീക്ക് മിത്തോളജിയനുസരിച്ച് അത്ഹമസ് അദ്ദേഹത്തിന്റെ കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയും ഒരു ചലനാത്മക പ്രസ്ഥാനം തന്നെ ആരംഭിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. പ്രവാചക കഥ മിത്തോളജിക്കല്‍ കഥയായി മാറുമ്പോള്‍ ഉണ്ടായ തദ്ദേശീയമായ രൂപഭാവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ തികച്ചും വ്യത്യസ്തവും അസൂയയിലധിഷ്ഠിതവുമായ മറ്റൊരു കാരണത്തിന്റെ പേരില്‍ തന്റെ മൂത്ത മകന്‍ ഫ്രിക്‌സസിനെ (Phrixus) അത്ഹമസിന്റെ രണ്ടാം ഭാര്യയും ഫ്രിക്‌സസിന്റെ ചിറ്റമ്മയുമായ ഇനോയുടെ കുതന്ത്രത്തിന്റെ ഫലമായുണ്ടായ കള്ള വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഒരു മലമുകളില്‍ വെച്ച് ബലിയറുക്കാന്‍ ഒരുമ്പെടുന്ന സംഭവം അത്ഹമസുമായി ബന്ധപ്പെട്ട കഥയിലും ഉണ്ട്. ഈ രണ്ടു കഥകളിലുമുള്ള പൊതുവായ സംഗതി, ഇബ്‌റാഹീമും അത്ഹമസും രണ്ടു പേരും ദൈവികമായ വെളിപാട് എന്ന് വിശ്വസിച്ചു കൊണ്ടാണ് മൂത്ത മകനെ മലമുകളില്‍ കൊണ്ടുപോയി കത്തിയുമായി അറുക്കാന്‍ ഒരുമ്പെട്ടത് എന്നതാണ്. രണ്ടു പേരും അവര്‍ ദൈവത്തിന്റേത് എന്ന് വിശ്വസിച്ച കല്‍പനയ്ക്ക് വഴങ്ങിയെങ്കിലും രണ്ടു പേരും അത്ഭുതകരമായ രൂപത്തില്‍ ബലിയാട് നല്‍കപ്പെട്ടു ആ കര്‍മത്തില്‍ നിന്ന് ഒഴികഴിവ് നല്‍കപ്പെടുകയായിരുന്നു. ഇതിനും പുറമെയാണ്, ബൈബിള്‍ അനുസരിച്ചുള്ള അബ്രഹാമിനും ഗ്രീക്ക് മിത്തോളജിയിലെ അത്ഹമസിനും പരസ്പരം മത്സരിക്കുകയും അസൂയ പുലര്‍ത്തുകയും ചെയ്യുന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നതിലെ സമാനത. സാറയുടെയും ഹാജറിന്റെയും സ്ഥാനത്തു ഗ്രീക്ക് മിത്തോളജിയില്‍ നഫ്തലെയും ഇനോയുമാണെന്നു മാത്രം. ബൈബിള്‍ കഥയിലേത് പോലെ തന്നെ ഗ്രീക്ക് മിത്തോളജിയിലും ഹാജറിന്റെ സ്ഥാനത്തു നിലകൊള്ളുന്ന ഇനോയാണ് ഭാര്യമാര്‍ക്കിടയിലെ ഈ കലഹത്തില്‍ തോല്‍ക്കുന്നവളായി ചിത്രീകരിക്കപ്പെടുന്നത്. മരണ വക്രത്തില്‍നിന്നും രക്ഷപ്പെടാനായി പിഞ്ചു മകന്‍ മെലിസെര്‍റ്റസുമായി (Melicertus) ഓടുന്ന ഇനോ വെള്ളത്തില്‍ ചാടി അത്ഭുതകരമായി രക്ഷപ്പെട്ട് കടല്‍ ദേവതകളായി ആരാധിക്കപ്പെടുന്ന കഥക്ക് ഹാജറയുടെയും ഇസ്മാഈലിന്റെയും കഥയുമായുള്ള ബന്ധം അവഗണിക്കാന്‍ സാധിക്കില്ല.
(തുടരും)
Comments