Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ബലിയും ദുല്‍ഹജ്ജിലെ പത്ത് ദിവസവും

എം.സി അബ്ദുല്ല മണ്ണാര്‍ക്കാട് /കവര്‍‌സ്റ്റോറി

         ബലികര്‍മത്തിന്റെ ആന്തര രഹസ്യവും പൊരുളുമെന്ത്, ബലിമാസം എങ്ങനെ വിനിയോഗിക്കണം? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഖുര്‍ആന്‍ തന്നെ നല്‍കുന്നുണ്ട്. ചില സൂക്തങ്ങള്‍ കാണുക: ''ബലിയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയും വിശന്നിരിക്കുന്ന അഗതികളെ ഭക്ഷിപ്പിക്കുകയും ചെയ്യുക'' (22:28). ''ബലി മാംസം നിങ്ങള്‍ ഭക്ഷിക്കുകയും, ആവശ്യങ്ങള്‍ അടക്കിയൊതുക്കി വെച്ചിരിക്കുന്നവര്‍ക്കും അവ പുറത്തു കാണിക്കുന്നവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക''(22:36). ''ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിങ്കലെത്തുകയില്ല. നിങ്ങളുടെ ദൈവഭക്തി മാത്രമേ അവന്റെ അടുക്കലെത്തുകയുള്ളൂ'' (22:37), ''അതിനാല്‍ നീ നിന്റെ നാഥന് നമസ്‌കരിക്കുക. അവന് ബലിയര്‍പ്പിക്കുക'' (108:2).

നബി(സ) പറയുന്നു: ''ബലിദിനത്തില്‍ അല്ലാഹുവിന് ബലികര്‍മത്തെക്കാള്‍ ഇഷ്ടപ്പെട്ട ഒരു മനുഷ്യ കര്‍മവുമില്ല. ബലിമൃഗം ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ അതിന്റെ കൊമ്പുകളും രോമങ്ങളും നഖങ്ങളുമായി ഹാജരാകും. ബലിരക്തം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ്, അല്ലാഹുവിന്റെ മഹത്തരമായ ഒരു സ്ഥാനത്ത് പതിക്കുന്നു'' (തിര്‍മിദി).

അല്ലാഹുവിന്റെ ഏതു കല്‍പനയും എന്തു ത്യാഗം സഹിച്ചും നിഷ്‌കര്‍ഷയോടെ നിര്‍വഹിക്കണമെന്നത് ഇസ്‌ലാമിലെ മൗലിക സിദ്ധാന്തമാണ്. ചരിത്രത്തിലെ ത്യാഗോജ്വല ജീവിത മാതൃകയെ പിന്തുടര്‍ന്ന് എന്തു ത്യാഗത്തിനും തയാറാണെന്നതിന്റെ പ്രതീകാത്മക കര്‍മമാണ് ബലിയെങ്കിലും അതിന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാനമായത് ജാതി മത ഭേദമന്യേ അഗതികള്‍ളെയും അശരണരെയും അതിന്റെ മാംസം ആഹരിപ്പിക്കുക എന്നതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

നബി(സ) പറഞ്ഞതായി ഉമ്മു സലമയില്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ''നിങ്ങളില്‍ ഒരാള്‍ ദുല്‍ഹജ്ജ് മാസപ്പിറവി കാണുകയും ഉദുഹിയ്യത്ത് ഉദ്ദേശിക്കുകയും ചെയ്താല്‍ അയാള്‍ തന്റെ നഖവും മുടിയും (മുറിക്കാതെ) നിര്‍ത്തിക്കൊള്ളണം.''

ഹജ്ജ് മാസത്തിലെ കര്‍മങ്ങള്‍

നബി(സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ''ഈ പത്തു ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍ക്കര്‍മങ്ങള്‍ കൂടുതല്‍ ഇഷ്ടമായ മറ്റു ദിവസങ്ങളില്ല.''

റസൂല്‍ (സ) പറഞ്ഞതായി അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ദുല്‍ഹജ്ജിലെ പത്തു ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് തന്നെ ഇബാദത്ത് ചെയ്യുന്നത് കൂടുതല്‍ ഇഷ്ടമായ വേറെ ദിവസങ്ങളില്ല. അവയില്‍ ഓരോ ദിവസത്തെ നോമ്പും ഒരു വര്‍ഷത്തെ നോമ്പിന് സമമാകുന്നു. അവയില്‍ നിര്‍വഹിക്കുന്ന ഓരോ രാത്രി നമസ്‌കാരവും ലൈലത്തുല്‍ ഖദ്‌റിലെ നമസ്‌കാരത്തിന് തുല്യവുമാണ്'' (തിര്‍മിദി, ഇബ്‌നുമാജ, ബൈഹഖി). റസൂല്‍(സ) പറഞ്ഞതായി അബൂഖത്താദ(റ) നിവേദനം ചെയ്യുന്നു: ''അറഫാ ദിവസത്തെ നോമ്പ് രണ്ട് വര്‍ഷത്തെ (കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ) പാപം പൊറുപ്പിക്കും. ആശുറാ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ പാപവും പൊറുപ്പിക്കും'' (മുസ്‌ലിം, അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍