Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ഭാഷയിലേക്കും അരിച്ചു തുടങ്ങിയ ഫാഷിസം

സലിം കെ.എ മുണ്ടൂര്‍, പാലക്കാട്

ഭാഷയിലേക്കും അരിച്ചു തുടങ്ങിയ ഫാഷിസം

നുഷ്യാരംഭം മുതല്‍ തന്നെ പരസ്പര ആശയ വിനിമയത്തിനുള്ള മാധ്യമമാണ് ഭാഷ. ഓരോ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അടിസ്ഥാനത്തിലാണ് ഭാഷയുടെ ഉത്ഭവവും അതിന്റെ വികാസവും സംഭവിച്ചിട്ടുള്ളത്. ലോകത്ത് ഇന്നോളം ആയിരക്കണക്കിന് ഭാഷകള്‍ ഉണ്ടാവുകയും കാലാന്തരേണ പല ഭാഷകളും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഭാഷയുടെ ഉത്ഭവം മുതല്‍ അതിന്റെ തനതായ ശൈലിയിലും കെട്ടുറപ്പിലും നിലനില്‍ക്കുന്ന അപൂര്‍വം ഭാഷകളേ ഇന്ന് ലോകത്തുള്ളൂ. അറബി അത്തരം ഒരു ഭാഷയാണ്. ഐക്യ രാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഭാഷകളില്‍ ഒന്നാണ് അറബി. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ അവസ്ഥ പഠിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സംസ്ഥാനത്ത് അക്കാര്യം പ്രത്യേകം പഠിക്കുന്നതിന് രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു അറബി സര്‍വകലാശാല. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പിന്തുണയോടു കൂടി തുടങ്ങാനുള്ള ആലോചനയുടെ തുടക്കത്തില്‍ തന്നെ അതിനെ ഇല്ലാതാക്കാനുള്ള പോംവഴികളാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. അറബി സര്‍വകലാശാല ആരംഭിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് ഉള്ളതെന്നും അത് ആരംഭിച്ചാല്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും ഫയലില്‍ കുറിച്ചിട്ടതു വഴി ആരാണ് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതെന്ന് നിഷ്പക്ഷമതികള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭാഷകളുടെ പുരോഗതിക്കായി മലയാള സര്‍വകലാശാലയും സംസ്‌കൃത സര്‍വകലാശാലയും തുടങ്ങിയപ്പോള്‍ ഉണ്ടാകാത്ത വര്‍ഗീയ ധ്രുവീകരണമാണ് അറബി സര്‍വകലാശാല തുടങ്ങിയാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍ തികച്ചും ഫാഷിസ്റ്റ് ചിന്താഗതിയില്‍ നിന്നുള്ളതാണ്. അറബി ഭാഷ ഒരു പ്രത്യേക സമുദായത്തിന്റെയോ ജാതിയുടെയോ ഭാഷയല്ലെന്നും അത് വിശ്വോത്തര ഭാഷയാണെന്നുമുള്ള പ്രാഥമിക പരിജ്ഞാനമെങ്കിലും ചീഫ് സെക്രട്ടറിക്ക് വേണ്ടതായിരുന്നു. ഫലസ്ത്വീന്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംകളെന്ന പോലെ തന്നെ ക്രിസ്ത്യാനികളും സംസാരിക്കുന്ന ഭാഷയാണ് അറബിയെന്ന് ചീഫ് സെക്രട്ടറി മനസ്സിലാക്കണം. ലോക ചരിത്രത്തില്‍ ഹിറ്റ്‌ലര്‍ മാത്രമാണ് ജര്‍മന്‍ ഒഴികെയുള്ള ഭാഷകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നത്.

ഇംഗ്ലീഷ് പോലെ തന്നെ അറബിയും ലോക ഭാഷയാണ്. അറബി സാഹിത്യം, അറബി ഗണിതം, അറേബ്യന്‍ സംസ്‌കാരം തുടങ്ങിയ വിജ്ഞാന മേഖലകള്‍ ഉള്‍ക്കൊള്ളുകയും ലോകത്ത് ഇംഗ്ലീഷ് കഴിഞ്ഞാല്‍ വാണിജ്യ തലത്തിലും തൊഴില്‍ മേഖലയിലും കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഭാഷ കൂടിയാണ് അറബി. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫു നാടുകളില്‍ അറബിയാണ് പ്രധാന ഭാഷയെന്നതിനാല്‍ മലയാളികള്‍ക്ക് ഈ സര്‍വകലാശാല ഏറെ ഗുണകരമാവും. തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നേടുന്നതിന് ഇവിടെ അറബി പഠനം നടത്തുകയും ചെയ്യാം. കേരളത്തിന്റെ ബജറ്റ് വിഹിതത്തെക്കാള്‍ കൂടുതലാണ് പ്രവാസി മലയാളികള്‍ കേരളത്തിലേക്കയക്കുന്ന തുകയെന്ന് അധികാരികള്‍ മനസ്സിലാക്കണം.ആയതിനാല്‍ സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളുടെ വളര്‍ച്ച മുന്നില്‍ കണ്ട് അറബി സര്‍വകലാശാല തുടങ്ങാന്‍ തടസ്സമായ ഈ ചുവപ്പു നാട അഴിക്കാന്‍ ബന്ധപ്പെട്ടവര്‍ ആരായാലും അതിന് തയാറാവേണ്ടതാണ്.

സലിം കെ.എ മുണ്ടൂര്‍, പാലക്കാട്

നന്മയുടെ നനവുള്ള ഓണം ഓര്‍മകള്‍

ബ്ദുല്‍ ഹകീം നദ്‌വിയുടെയും ബഷീര്‍ തൃപ്പനച്ചിയുടെയും ഓണക്കാല ചിന്തകള്‍, ഫാഷിസം സാംസ്‌കാരികാധിനിവേശം നടത്തുന്ന പുതിയ കാലത്ത് ഏറെ വായനാ പ്രാധാന്യം അര്‍ഹിക്കുന്നു. ബഹുസ്വര സമൂഹത്തില്‍ പഴയകാല ആഘോഷ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന ബഷീര്‍ തൃപ്പനച്ചി, ഇക്കാലത്തെ സാമൂഹിക പരിസരത്തു നിന്ന് സൗഹൃദ ബന്ധങ്ങളെ തുടച്ചു മാറ്റാനുള്ള ശ്രമങ്ങളെ പറ്റി തന്നെയാണ് അസ്വസ്ഥനാവുന്നത്. എല്ലാവരുടെയും മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്ന ചിന്ത തന്നെയാണത്. ഉണങ്ങിച്ചുരുണ്ട മത ചിന്തകളില്‍ നിന്നുത്ഭൂതമാവുന്ന അപകടകരമായ ജല്‍പനങ്ങള്‍ സമൂഹ മനസ്സിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണിന്ന്. പക്ഷേ അത് ക്ഷണിച്ചു വരുത്തുന്ന അസ്വസ്ഥതയെ കുറിച്ച് അതിന്റെ പ്രചാരകര്‍ പോലും നിസ്സംഗരാണ്. അറുപതുകളിലെ ഒരു പെരുമഴക്കാലം ഓര്‍ത്തു പോവുകയാണ്. ആറും തോടും കരകവിഞ്ഞൊഴുകി വയലായ വയലുകളിലെല്ലാം തോണി ഇറക്കി കളിക്കുന്ന കാലം. വയല്‍ക്കരയിലെ ചെറുതുരുത്തില്‍ ഒറ്റപ്പെട്ടു പോയ ദലിത് കുടുംബത്തെ സ്വന്തം വീടിന്റെ അകത്തളത്തില്‍ ദിവസങ്ങളോളം ഊട്ടിയുറക്കിയ ദീനീ കാര്യങ്ങളില്‍ അതീവ നിഷ്ഠ പാലിച്ചുപോന്ന ഒരു മുസ്‌ലിമിനെ കണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ വളര്‍ന്നത്. അവര്‍ക്ക് കിടക്കാന്‍ വിശാലമായ കളപ്പുരയില്ലേ എന്ന് ചോദിച്ച വീട്ടിലെ ഏതോ വിവര ദോഷിയോടു 'എന്നാല്‍ ഒരാഴ്ച നീയതില്‍ കിടന്നോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാമൂഹിക ബന്ധങ്ങളില്‍ ഒരു മുസ്‌ലിമിന് കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ളതാണ് ഈ മാനസിക വിശാലത. കാലം ചെല്ലുന്തോറും പൊതു സമീപനങ്ങളിലും കൊള്ളക്കൊടുക്കകളിലും ദീനിന്റെ കൈകാര്യ കര്‍ത്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന 'ഗവേഷണം' സമൂഹത്തെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കാനാണെങ്കില്‍ അതാര്‍ക്കും ഗുണകരമാവുകയില്ല.

അബ്ദുല്‍ ഖാദര്‍ അതിയാനത്തില്‍

നമസ്‌കാരത്തോടൊപ്പം സകാത്തിനെക്കുറിച്ച പരാമര്‍ശം എത്രയിടങ്ങളില്‍?

പ്രബോധനം 71-ാം വാള്യം, 2014 മെയ് 30 മുതല്‍ 2015 മെയ് 22 വരെയുള്ള ലക്കങ്ങള്‍ ആസ്പദമാക്കി കഴിഞ്ഞ റമദാനില്‍ പ്രബോധനം സംഘടിപ്പിച്ച പ്രശ്‌നോത്തരിയുടെ ശരിയുത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത് (ലക്കം 2913) ശ്രദ്ധിക്കാനിടയായി. 'ഖുര്‍ആനില്‍ നമസ്‌കാരത്തോടൊപ്പം എത്രയിടങ്ങളിലാണ് സകാത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്' എന്ന 76-ാമത്തെ ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ഈ കുറിപ്പിന് പ്രേരകം. നിര്‍ദിഷ്ട ലേഖനങ്ങളുടെയും വിവിധ കുറിപ്പുകളുടെയും ഉള്ളടക്കം അവലംബമാക്കി നടത്തിയ മത്സരമായതിനാല്‍, ഏതെങ്കിലും ഭാഗത്തുള്ള പരാമര്‍ശമനുസരിച്ചായിരിക്കണം പ്രസ്തുത ചോദ്യത്തിന് 'ഇരുപത്തേഴ്' എന്ന് ഉത്തരം നല്‍കിയിരിക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍, ഉത്തരം വസ്തുതാപരമായി ശരിയല്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട  വിഷയത്തെക്കുറിച്ച് പഠിക്കാന്‍ മുതിര്‍ന്നപ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ പത്തൊമ്പത് അധ്യായങ്ങളിലായി മുപ്പത്തിയൊന്ന് സ്ഥലങ്ങളില്‍ നമസ്‌കാരത്തോടൊപ്പം സകാത്ത് കൂടി പരാമര്‍ശിക്കുന്നുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. നമസ്‌കാരവും കൂടെ സകാത്തും പ്രതിപാദിച്ച ഖുര്‍ആനിക ഭാഗങ്ങളെയും സന്ദര്‍ഭങ്ങളെയും കുറിച്ച സംക്ഷിപ്തമായ ഒരു വിവരണം ചുവടെ ചേര്‍ക്കുന്നു.

വിശ്വാസികളോടായി അഖ്വീമുസ്സ്വലാത്ത (നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തൂ) എന്നതോടൊപ്പം കല്‍പിക്കുന്നവയാണ് വആതുസ്സകാത്ത (നിങ്ങള്‍ സകാത്ത് നല്‍കുകയും ചെയ്യൂ) എന്ന  വിശുദ്ധ ഖുര്‍ആനിലെ ഹജ്ജ് 78, അന്നൂര്‍ 56, അല്‍മുജാദല 13, അല്‍മുസ്സമ്മില്‍ 20 എന്നീ ആയത്തുകള്‍. വിശ്വാസി സമൂഹത്തിന്റെ സവിശേഷതകളും സ്വഭാവ ചര്യകളും വിശദമാക്കിക്കൊണ്ടുള്ള അല്‍ബഖറ 3,277, അല്‍മാഇദ 55, അല്‍അന്‍ഫാല്‍ 3, അത്തൗബ 71, അര്‍റഅ്ദ് 22, ഇബ്‌റാഹീം 31, അല്‍ ഹജ്ജ് 35, അന്നൂര്‍ 37, അന്നംല് 3, ലുഖ്മാന്‍ 4, ഫാത്വിര്‍ 29, അശ്ശൂറാ 38 എന്നീ സൂക്തങ്ങളിലും നമസ്‌കാരവും സകാത്തും ചേര്‍ത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ഇതേ ആജ്ഞ പ്രവാചക പത്‌നിമാരോടായി 'നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, നിങ്ങള്‍ സകാത്ത് നല്‍കുകയും ചെയ്യുക' എന്ന വിവക്ഷയില്‍ സ്ത്രീ ലിംഗ രൂപേണ 'അഖ്വിംനസ്സ്വലാത്ത വആതീനസ്സകാത്ത' എന്ന് സൂറഃ അല്‍അഹ്‌സാബ് 33-ല്‍ പ്രത്യേകമായി നിര്‍ദേശിക്കുന്നതും പ്രസക്തമാണ്. ഇവിടെ ആറിടങ്ങളില്‍ (അല്‍ബഖറ 3, അര്‍റഅ്ദ് 22, ഇബ്‌റാഹീം 31, അല്‍ ഹജ്ജ് 35, ഫാത്വിര്‍ 29, അശ്ശൂറാ 38) സകാത്ത് എന്ന പദം നേര്‍ക്കുനേരെ ഉപയോഗിച്ചിട്ടില്ലെങ്കിലും  'വമിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍/വയുന്‍ഫിഖൂന മിമ്മാ റസഖ്‌നാഹും' (നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവര്‍) എന്ന പ്രയോഗത്തിലൂടെ സകാത്ത് തന്നെയാണ് ഉദ്ദേശ്യമെന്നത് സുവിദിതമാണ്. നമസ്‌കാര നിര്‍വഹണത്തോടൊപ്പം സകാത്ത് നല്‍കലുമാണ് പുണ്യം നേടുന്നതിനുള്ള മാര്‍ഗങ്ങളെന്ന് ഖുര്‍ആന്‍ അല്‍ബഖറ 177-ലും വെളിപ്പെടുത്തിയിട്ടുണ്ട്.

അനര്‍ഹമായി ജനങ്ങളുടെ പണം പിടുങ്ങുകയും പലിശ ഭുജിക്കുകയും ചെയ്യുന്ന ജൂത വിഭാഗത്തെ കുറിച്ച വിലയിരുത്തലുകള്‍ക്കിടയില്‍ വേദവിശ്വാസികളില്‍ വിജ്ഞാനത്തില്‍ അവഗാഹമുള്ളവരുടെ പ്രത്യേകത സൂചിപ്പിച്ചുകൊണ്ട് അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരുമാണെന്ന് പറയാനായി 'വല്‍ മുഖീമിനസ്സ്വലാത്ത വല്‍ മുഅ്തൂനസ്സകാത്ത' എന്ന് അന്നിസാഅ് 162-ല്‍ പ്രയോഗിച്ചതായും കാണുന്നു.

ഈസാ നബി(അ) ശൈശവദശയില്‍ തൊട്ടിലില്‍ വെച്ച് സംസാരിച്ചതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ 'ജീവിതകാലത്തുടനീളം നാഥന്‍ എന്നോട് നമസ്‌കാരവും സകാത്തും ഉപദേശിച്ചു' (വ ഔസ്വാനീ ബിസ്സ്വലാത്തി വസ്സകാത്തി മാ ദുംത്തു ഹയ്യന്‍) എന്ന് സൂറഃ മര്‍യം 31-ലും, അതേ അധ്യായത്തില്‍തന്നെ ഇസ്മാഈലി(അ)നെ പരാമര്‍ശിക്കുന്നതിനിടയില്‍ നമസ്‌കാരവും സകാത്തും കൊണ്ട് കുടുംബത്തെ ഉപദേശിച്ചിരുന്ന സാത്വികനായിരുന്നു (കാന യഅ്മുറു അഹ്‌ലഹു ബിസ്സ്വലാത്തി വസ്സകാത്തി) എന്ന് പ്രതിപാദിച്ചതും കാണാം.  ഇതിന് പുറമെ പൂര്‍വ പ്രവാചകന്മാരായ ഇബ്‌റാഹീം(അ), യഅ്ഖൂബ്(അ) തുടങ്ങിയ പ്രവാചകന്മാരെ ദൈവഹിതം പാലിക്കുന്നവരും നന്മ പ്രവര്‍ത്തിക്കുന്നവരും നമസ്‌കാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരും നമ്മുടെ ആജ്ഞാനുവര്‍ത്തികളുമാക്കിയെന്ന് അല്‍ അമ്പിയാഅ് 73-ല്‍ വിശേഷിപ്പിക്കുന്നു. ബനൂഇസ്രാഈലുമായി അല്ലാഹു നടത്തിയ കരാറുകളും ഉടമ്പടികളും പരാമര്‍ശിക്കുമ്പോഴും വേദവിശ്വാസികളെ ഉപദേശിക്കുമ്പോഴും വിശുദ്ധ ഖുര്‍ആന്‍ നമസ്‌കാരവും സകാത്തും പരസ്പര പൂരകമായി പ്രയോഗിച്ചിട്ടുണ്ട്. അല്‍ബഖറ 43,83,110,  അല്‍മാഇദ 12, അല്‍ബയ്യിന 5 എന്നീ വചനങ്ങള്‍ ഇക്കാര്യമത്രെ ധ്വനിപ്പിക്കുന്നത്.

ചിലയിടങ്ങളില്‍ നസ്‌കാരത്തെ മാത്രം (ഹുദ് 114, അല്‍ഇസ്രാഅ് 78, ത്വാഹാ 14, അല്‍അന്‍കബൂത്ത് 45, ലുഖ്മാന്‍ 17) പരാമര്‍ശിച്ചിടത്ത് അനുവാചകരെ ഏകവചന രൂപത്തില്‍ അഭിസംബോധനം ചെയ്തപ്പോള്‍, സകാത്ത് കൂടി ചേര്‍ത്ത് പറഞ്ഞേടത്ത് ബഹുവചന രൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് സകാത്തിന്റെ സാമൂഹികതയിലേക്കാണ് സൂചന നല്‍കുന്നത്.

എം.എം ശിഹാബുദ്ദീന്‍ വടുതല

വേണമൊരു ജൈവകൃഷി ബോധവത്കരണം

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വിവിധ കൂട്ടായ്മകളും സംഘടനകളും മുന്നിട്ടിറങ്ങിയ വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. പലരും ആ രംഗത്ത് വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണനാളില്‍ ജൈവ പച്ചക്കറികള്‍ക്ക് മാത്രമായി പ്രത്യേക സ്റ്റാളുകള്‍ തന്നെ ചിലയിടങ്ങളില്‍ ഒരുക്കുകയുണ്ടായി. പരിസ്ഥിതിക്കും ജനങ്ങളുടെ ജീവന് തന്നെയും ഭീഷണിയായ വിഷപച്ചക്കറികളില്‍ നിന്ന് രക്ഷപ്പെട്ട് ജൈവകൃഷിയിലേക്കുള്ള ആളുകളുടെ തിരിച്ചുവരവ് ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രകൃതിയോടും സമൂഹത്തോടും ഭാവിതലമുറകളോടുമുള്ള ബാധ്യതയെന്ന നിലയില്‍  ഇസ്‌ലാമിക പ്രസ്ഥാനവും ഈ രംഗത്ത് ബോധവത്കരണ കാമ്പയിനും കര്‍മ പദ്ധതിയുമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ഇസ്‌ലാമിനെ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തന പദ്ധതികളാവിഷ്‌കരിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അണികളിലൂടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഈ രംഗത്ത് കാഴ്ചവെക്കാനാകും.

അബ്ദുറഹ്മാന്‍ തുറക്കല്‍ ജിദ്ദ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍