Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ചോദ്യോത്തരം

മുജീബ്

ഇന്ത്യന്‍ മുസ്‌ലിംകള്‍ രാഷ്ട്രീയമായും സാംസ്‌കാരികമായും ഭരണകൂട-നിയമ-നീതിപരമായും പല പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എങ്കിലും ഇതര രാജ്യങ്ങളുമായും മുസ്‌ലിം രാജ്യങ്ങളുമായും ഇന്ത്യന്‍ മുസ്‌ലിംകളെ താരതമ്യപ്പെടുത്തപ്പെടുമ്പോള്‍ ഇന്ത്യ തന്നെയായിരിക്കും അവര്‍ക്ക് ഏറെ ഗുണകരവും സമാധാനപരവും. ഇതിനിടയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നാമമാത്രമായ ചില പ്രശ്‌നങ്ങള്‍ നേരിടുമ്പോഴേക്കും അത് ഭരണകൂട ഭീകരതയായും വര്‍ഗീയ ഫാഷിസമായും ജുഡീഷ്യറിയുടെ കാപട്യമായും ചിത്രീകരിക്കപ്പെടുന്നു. യാഖൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് ഒന്നടങ്കം തിരിച്ചടി നേരിട്ടത് പോലെയാണ് വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്. അഫ്‌സല്‍ ഗുരുവിനെയും അജ്മല്‍ കസബിനെയുമെല്ലാം തൂക്കിലേറ്റിയപ്പോള്‍ മത-മതേതര- മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം തന്നെ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുകയുണ്ടായി. തെറ്റ് ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതില്ലേ? പ്രത്യേകിച്ച് തീവ്രവാദ-ഭീകരവാദ മുദ്ര ചാര്‍ത്തപ്പെട്ടവര്‍? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നാളിതുവരെ ഇന്ത്യന്‍ മുസ്‌ലിംകളെയോ മുസ്‌ലിം സംഘടനകളെയോ പ്രതിനിധീകരിക്കുന്ന ഒരൊറ്റ പണ്ഡിതനോ നേതാവോ (അകാരണമായി) പിടിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നും നാം ചേര്‍ത്തു വായിക്കേണ്ടതില്ലേ?

നസീര്‍ പള്ളിക്കല്‍

ഒട്ടുമിക്ക മുസ്‌ലിം രാജ്യങ്ങളിലും, അറബ് രാജ്യങ്ങളില്‍ വിശേഷിച്ചും ഇസ്‌ലാം വിഭാവനം ചെയ്യുന്ന ജനാധിപത്യ ക്രമമോ മനുഷ്യാവകാശ സംരക്ഷണമോ സാമൂഹിക നീതിയോ നിലവിലില്ല. കുടുംബവാഴ്ചയോ ഏകാധിപത്യമോ പട്ടാള ഭരണമോ ആണ് നിലനില്‍ക്കുന്നത്. അറബ് വസന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ജനാധിപത്യ സംസ്ഥാപനത്തിനായുള്ള ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സ്വീകരിക്കപ്പെട്ട നടപടികളും രൂഢമൂലമായ ജനാധിപത്യ നിഷേധത്തെ തെളിയിച്ചു കാട്ടുന്നതാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് താനും മുസ്‌ലിം നാടുകളിലെ ഭരണകൂടങ്ങളുടെ മുഖ്യ ശത്രു. ഈ ദുരവസ്ഥയിലും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ അമുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഗുരുതരമായ പീഡനങ്ങളോ അവകാശ നിഷേധമോ അനുഭവിക്കുന്നില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ കോപ്റ്റിക് ക്രൈസ്തവ ന്യൂനപക്ഷം പൂര്‍ണ സുരക്ഷയും സ്വാതന്ത്ര്യവും അനുഭവിക്കുന്നത് ഉദാഹരണം. ഇന്തോനേഷ്യ, ബംഗ്ലാദേശ്, മലേഷ്യ പോലുള്ള നാടുകളിലും ഭൂരിപക്ഷ-ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ഗുരുതരമല്ല.

അതേസമയം മുസ്‌ലിം നാടുകളിലെ മുസ്‌ലിം ജനസാമാന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതാണെന്ന് പറയാം. അതിനു കാരണം മത നിരപേക്ഷ ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണഘടനയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ പൗരാവകാശങ്ങളും  മതന്യൂനപക്ഷങ്ങള്‍ക്ക് സ്വത്വസംരക്ഷണവും ഉറപ്പ് നല്‍കുന്നുതാണ് നമ്മുടെ ഭരണഘടന. ഈ അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ സാംസ്‌കാരികത്തനിമക്ക് നേരെ ഭീഷണി ഉയരുകയോ ചെയ്യുമ്പോള്‍ സമാധാനപരമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും ഭരണഘടന തന്നെ നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ന്യൂനപക്ഷ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് എല്ലാം ഭരണഘടനാനുസൃതമായാണ് നടക്കുന്നതെന്നോ അതിക്രമങ്ങള്‍ ഉണ്ടാവില്ലെന്നോ അവകാശപ്പെടാന്‍ ആര്‍ക്കുമാവില്ല. അര നൂറ്റാണ്ടുകാലത്തെ മുസ്‌ലിം സ്ഥിതിയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി ഭരണഘടനാനുസൃതവും നിയമാനുസൃതവുമായ അവകാശങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് നിഷേധിക്കപ്പെട്ടതിന്റെയും അവര്‍ നിരന്തരം അനുഭവിക്കുന്ന വിവേചനത്തിന്റെയും ചിത്രം വരഞ്ഞുകാണിക്കുന്നുണ്ട്. വിവേചനം അവസാനിപ്പിക്കാനും തുല്യ നീതി ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാരംഭമാണ് നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തല്‍. യാഖൂബ് മേമനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് രാജ്യത്തുയര്‍ന്ന എതിര്‍പ്പിന്റെയും പ്രതിഷേധത്തിന്റെയും സ്വരങ്ങളില്‍ ഏറിയ പങ്കും മനുഷ്യാവകാശ പ്രവര്‍ത്തകരുടേതും നിയമജ്ഞരുടേതും, വധ ശിക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടേതും ആയിരുന്നു; മുസ്‌ലിം സംഘടനകളുടേതായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ 75 ശതമാനവും മുസ്‌ലിംകളും ദലിതരും മറ്റു പിന്നാക്ക വിഭാഗങ്ങളുമാണെന്ന സത്യം പുറത്ത് കൊണ്ടുവന്നതും മുസ്‌ലിം സംഘടനകളോ സ്ഥാപനങ്ങളോ അല്ല. അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിനെ ആരും എതിര്‍ത്തില്ല, വധശിക്ഷ നിര്‍ത്തലാക്കുന്നതിന് വേണ്ടി വാദിക്കുന്നവരൊഴികെ. അഫ്‌സല്‍ ഗുരുവിന് മരണം വിധിച്ച സുപ്രീം കോടതി, സാഹചര്യത്തെളിവുകളും സാമൂഹിക വികാരവുമാണതിന് ന്യായമായി പറഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന സുപ്രീം കോടതി തന്നെ നിശ്ചയിച്ച മാനദണ്ഡത്തിന് എതിരായിരുന്നു അത്. തൂക്കിലേറ്റിയ ശേഷം നിയമാനുസൃതം മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്ന സാമാന്യ നീതിയും അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. ഇതിനെതിരെ ചില മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയതല്ലാതെ മുസ്‌ലിം സംഘടനകള്‍ അതൊരു വലിയ ഇഷ്യൂ ആക്കുകയുണ്ടായില്ല.

മുസ്‌ലിം നാടുകളില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്, അത്യാചാരങ്ങള്‍ നടക്കുന്നുണ്ട് എന്ന് ന്യായം പറഞ്ഞ് ജനാധിപത്യ ഇന്ത്യയില്‍ മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ പേരില്‍ നടക്കുന്ന നീതിനിഷേധത്തെ വെള്ളപൂശാനാവില്ല. തീവ്രവാദവും ഭീകരവാദവും ആരോപിച്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരെ പിടികൂടി അനിശ്ചിതകാലം ജയിലിലടക്കുന്നതും നീതിനിഷേധം തന്നെയാണ്. ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ കരിനിയമങ്ങള്‍ക്കെതിരെ പൊരുതുന്നത് തെറ്റല്ലെന്ന് മാത്രമല്ല മാനവിക ബാധ്യത കൂടിയാണ്. 

നിലവിളക്ക് കൊളുത്തുന്നത് ഖുര്‍ആന്‍ വിലക്കിയിട്ടുണ്ടോ?

ഞാന്‍ ഖുര്‍ആന്‍ സ്ഥിരമായി വായിക്കുന്ന വ്യക്തിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും ഉള്ള ഖുര്‍ആന്‍ എന്റെ മേശമേല്‍ ഉണ്ട്. വിളക്ക് കൊളുത്തുന്നതിനെതിരെ ഒന്നും വിശുദ്ധ ഖുര്‍ആനില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് വിളക്ക് കൊളുത്തുന്നതിനെ എതിര്‍ക്കുന്നത്?

പി.വി ആന്റണി, പോട്ട, തൃശൂര്‍

സര്‍വജ്ഞനും സര്‍വശക്തനും സ്രഷ്ടാവുമായ അല്ലാഹുവിനെ അല്ലാതെ, അചേതനമോ സചേതനമോ ആയ ഒരു വസ്തുവിനെയും പൂജിക്കാനോ ആരാധിക്കാനോ പാടില്ലെന്നതാണ് ഖുര്‍ആനിക അധ്യാപനങ്ങളുടെ കേന്ദ്ര ബിന്ദു. അത് തെളിയിക്കുന്ന ഒട്ടുവളരെ സൂക്തങ്ങള്‍ താങ്കള്‍ ശ്രദ്ധിച്ചിരിക്കും. വിഗ്രഹാരാധനയിലേക്കോ ബഹുദൈവത്വത്തിലേക്കോ നയിക്കുന്ന വിശ്വാസാചാരങ്ങളെ ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. യേശു ദൈവപുത്രനാണ്, അദ്ദേഹത്തിന്റെ മാതാവിന് ദിവ്യത്വമുണ്ട്, മാലാഖമാര്‍ ദൈവപുത്രിമാരാണ് പോലുള്ള വിശ്വാസങ്ങളെ നിരാകരിച്ച ഖുര്‍ആന്‍, സൂര്യനെ പ്രണമിക്കരുത്; പകരം അതിനെ സൃഷ്ടിച്ച ദൈവത്തെയാണ് പ്രണമിക്കേണ്ടത് എന്ന് വ്യക്തമായി അനുശാസിച്ചതായി കാണാം. ഹൈന്ദവാചാരത്തിന്റെ ഭാഗമായ ദീപാരാധനയാണ് നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് എന്നത് നിഷേധിക്കാനാവില്ല. വെളിച്ചത്തിന്റെ പ്രതീകമാണ് ദീപം എന്നൊക്കെ പറഞ്ഞാലും ആരാധന ദൈവത്തിന് മാത്രം എന്ന് അനുശാസിക്കുന്ന ഖുര്‍ആന്റെ അധ്യാപനത്തിന് വിരുദ്ധമാണത്. പാഴ്‌സികള്‍ അഥവാ മജൂസികള്‍ ആരാധിച്ചിരുന്നത് പ്രകാശത്തെയാണ്. അവരെ പാടെ തള്ളിപ്പറയുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, പൊതു ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കുന്നതിനോടാണ് മുസ്‌ലിംകള്‍ക്ക് എതിര്‍പ്പ്. അല്ലാതെ മറ്റാരെങ്കിലും നിലവിളക്ക് കൊളുത്തുന്നതിനെ മുസ്‌ലിംകള്‍ അസഹിഷ്ണുതയോടെ കാണുന്നില്ല. മുസ്‌ലിംകളില്‍ തന്നെ പലരും നിലവിളക്ക് കൊളുത്തുന്നതിനോടും പ്രതിഷേധമൊന്നും ഉയര്‍ന്നിട്ടില്ല. നിലവിളക്ക് കൊളുത്താത്തവന്റെ രാജ്യക്കൂറ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. 

മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങള്‍

ചരിത്രപരമായ കാരണങ്ങളാല്‍ മുസ്‌ലിംകള്‍ പിന്നാക്കമായി മാറി. എന്തായിരുന്നു ഈ ചരിത്രപരമായ കാരണങ്ങള്‍?

വി.എ കൊച്ചഹമ്മദ് പാനായിക്കുളം

ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ഒരനിഷേധ്യ യാഥാര്‍ഥ്യമാണ്. 50 വര്‍ഷത്തെ മുസ്‌ലിം സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സച്ചാര്‍ സമിതി അത് വസ്തുതകളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അതിന്റെ സാമൂഹികവും ചരിത്രപരവുമായ കാരണങ്ങള്‍ കണ്ടെത്തുക ശ്രമകരമല്ല. ചരിത്രപരമായ കാരണങ്ങളില്‍ ചിലത് ചുരുക്കിപ്പറയാം:

1. മുഗിള ഭരണത്തിന് അന്ത്യംകുറിച്ച് ഇന്ത്യ പിടിച്ചടക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വം, 1857-ലെ ശിപായി ലഹളയെത്തുടര്‍ന്ന് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാന്‍ പണിയെടുത്തതോടൊപ്പം, മുസ്‌ലിംകളെ സാംസ്‌കാരികമായി തളര്‍ത്താനും ക്ഷീണിപ്പിക്കാനും ആവുന്നതൊക്കെ ചെയ്തു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മുസ്‌ലിംകള്‍ ബ്രിട്ടീഷ് സംസ്‌കാരത്തോട് ബഹിഷ്‌കരണം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസത്തോടും അയിത്തം പാലിച്ചു.അതവരുടെ പിന്നാക്കാവസ്ഥക്ക് മുഖ്യ കാരണമായി.

2. സമുദായം വിശ്വാസമര്‍പ്പിച്ച മതപണ്ഡിതന്മാര്‍ സാമ്പ്രദായിക മത വിദ്യാഭ്യാസത്തില്‍ അവരെ തളച്ചിട്ടതോടൊപ്പം സമുദായത്തിലെ വിദ്യാസമ്പന്നരായ ബുദ്ധിജീവികള്‍ പുരോഗമനത്തിന്റെ പേരില്‍ അവരോട് അകലം പാലിക്കുകയും ഇസ്‌ലാമിന്റെ മാപ്പുസാക്ഷികളായി മാറുകയും ചെയ്തു. പണ്ഡിതരും വിദ്യാ സമ്പന്നരും തമ്മിലെ അകല്‍ച്ച വിവേകപൂര്‍വകവും ആധുനികവുമായ നേതൃത്വം സമുദായത്തിന് നഷ്ടമാക്കി.

3. രാഷ്ട്ര വിഭജനത്തോടെ പ്രമാണിമാരും നേതാക്കളും പാകിസ്താനിലേക്ക് പോയപ്പോള്‍ അവശേഷിച്ച ഇന്ത്യന്‍ മുസ്‌ലിംകള്‍ നാഥനില്ലാ പടയായി. അവരെ ഓഹരി വെച്ചെടുത്ത മതേതര പാര്‍ട്ടികള്‍ ഹിന്ദുത്വ ശക്തികളെന്ന ദുര്‍ഭൂതത്തെ ചൂണ്ടിക്കാട്ടി അവരുടെ വോട്ട് നേടിയെടുക്കുക എന്ന തന്ത്രം പ്രയോഗിക്കുകയും എന്നാല്‍ വിദ്യാഭ്യാസപരവും സാമൂഹികവും രാഷ്ട്രീയവുമായ പിന്നാക്കാവസ്ഥ ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയും ചെയ്തു. കെടുതികള്‍ മുന്നില്‍ കണ്ടപ്പോഴെങ്കിലും സമുദായം ഉണര്‍ന്നേഴുന്നേല്‍ക്കുകയോ  നിലനില്‍പിനും അതിജീവനത്തിനും വേണ്ടി ഒന്നിക്കുകയോ ചെയ്തില്ല. അഥവാ സംഘടനകളും നാമമാത്ര നേതൃത്വവും അതിനവരെ അനുവദിച്ചില്ല.

ഇതില്‍ നിന്നൊട്ടൊക്കെ മാറി ചിന്തിച്ച കേരളീയ മുസ്‌ലിംകള്‍ പിന്നാക്കാവസ്ഥ നേരിടുന്നതില്‍ ഒരു പരിധി വരെ വിജയിച്ചത്, വൈകിയാണെങ്കിലും തെറ്റ് തിരുത്താനും വിദ്യാഭ്യാസപരമായി മുന്നേറാനും പ്രയോഗതലത്തില്‍ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ്. 

നയതന്ത്രം

'ഇവിടെ പള്ളി തകര്‍ക്കുന്നു. അവിടെ പള്ളിയെ പ്രശംസിക്കുന്നു! ഇതല്ലേ വ്യക്തമായ അവസരവാദം?

എ.ആര്‍ ചെറിയമുണ്ടം

അവസരവാദം അഥവാ കാപട്യത്തിന്റെ പരിഷ്‌കൃത പേരാണ് ഡിപ്ലോമസി. സമ്പന്ന അറബ് മുസ്‌ലിം രാജ്യമായ യു.എ.ഇയില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നും ആ രാജ്യത്തെ എങ്ങനെ പാട്ടിലാക്കാമെന്നും നല്ലവണ്ണം ഹോം വര്‍ക്ക് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിന് പോയത്. അതിലദ്ദേഹം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ശൈഖ് സാഇദിന്റെ നാമധേയത്തിലുള്ള ഗ്രാന്റ് മസ്ജിദിന്റെ ശില്‍പഭംഗിയെ പുകഴ്ത്തിയതോടൊപ്പം അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി നേടിയെടുക്കുകയും ചെയ്തു. ഇന്ത്യയിലാകട്ടെ സ്വദേശികളായ മുസ്‌ലിംകള്‍ക്ക് സ്വന്തം സ്ഥലത്ത് പോലും മസ്ജിദ് നിര്‍മിക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യാനുള്ള അനുമതി ഒന്നുകില്‍ നിഷേധിക്കപ്പെടുന്നു. അല്ലെങ്കില്‍ കടുത്ത പ്രയാസങ്ങളും കാലവിളംബവും നേരിടേണ്ടിവരുന്നു. മഹാനായ പണ്ഡിതന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ലഖ്‌നൗവില്‍ ഒരു പള്ളി നിര്‍മിക്കാനുള്ള അനുമതിക്കായി നല്‍കിയ അപേക്ഷ രണ്ടു വര്‍ഷത്തോളം വെച്ച് താമസിപ്പിച്ച ശേഷം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അതിന് ധനസഹായം ഓഫര്‍ ചെയ്ത ഗള്‍ഫ് രാജ്യത്തെ സര്‍ക്കാറിനോട് ക്ഷമാപണം അറിയിച്ചസംഭവം നേരിട്ടറിയാം. മതേതര സര്‍ക്കാറും മതേതര വിരുദ്ധ സര്‍ക്കാറും എല്ലാം ഇക്കാര്യത്തില്‍ തുല്യരാണ് എന്നാണ് ഉത്തരേന്ത്യയിലെ അനുഭവം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍