Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

വട്ടം കറക്കുന്ന മതകീയ സംജ്ഞകള്‍

അശ്‌റഫ് കീഴുപറമ്പ് /പഠനം

ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത്.... -4

         പല കാര്യങ്ങളിലും ഭിന്നതയുണ്ടെങ്കിലും, മൗലികമായി അല്‍ഖാഇദയുടെ ഐഡിയോളജി തന്നെയാണ് ഐസിസിന്റേതും. അതേസമയം, സംഘടനാപരമായി ഇവ രണ്ടും തമ്മില്‍ ബന്ധമില്ല താനും. അല്‍ഖാഇദയെ ഐസിസും ഐസിസിനെ അല്‍ഖാഇദയും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഐസിസിന്റെ പ്രവൃത്തികള്‍ കാടത്തവും പ്രാകൃതവുമാണെന്ന് അല്‍ഖാഇദ നേതാവ് അയ്മന്‍ ളവാഹിരി ആരോപിക്കുമ്പോള്‍, ജനാധിപത്യപരമായ മാറ്റങ്ങളെ പിന്തുണച്ച് ളവാഹിരി അനിസ്‌ലാമിക ശക്തികളുടെ കാവലാളായി മാറിയിരിക്കുകയാണെന്ന് ഐസിസ് തിരിച്ചടിക്കുന്നു. ഇതൊക്കെയും അവരുടെ ഫിഖ്ഹി (കര്‍മശാസ്ത്ര) ഭിന്നതകളില്‍ നിന്ന് ഉടലെടുത്തതാണ്. അല്‍ഖാഇദയുടെ ആശയപരിസരത്ത് നിന്ന് വളര്‍ന്നുവന്ന ഭീകര സംഘമായിത്തന്നെ ഐസിസിനെ കണക്കാക്കണം. അതൊരു സയണിസ്റ്റ് യാങ്കി ഇറക്കുമതിയല്ല.

ഈമാന്‍, ഹിജ്‌റ, ജിഹാദ്-ഇസ്‌ലാമിന്റെ ഈ മുന്ന് പ്രധാന സംജ്ഞകളെയാണ് തങ്ങളുടെ പ്രത്യയശാസ്ത്രം വിശദീകരിക്കുവാന്‍ അല്‍ഖാഇദ-ദാഇശാദികള്‍ കാര്യമായി ഉപയോഗപ്പെടുത്താറുള്ളത്. മുസ്‌ലിം മുഖ്യധാരാ സംഘടനകളോ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോ നല്‍കുന്നതില്‍ നിന്നും തീര്‍ത്തും ഭിന്നമായ, പലപ്പോഴും കടകവിരുദ്ധം തന്നെയായ വ്യാഖ്യാനങ്ങളാണ് ഈ സംജ്ഞകള്‍ക്ക് അവര്‍ നല്‍കുക. ആ വ്യാഖ്യാനങ്ങള്‍ പ്രവാചകന്റെ ജീവിത ചര്യക്കും സ്വഹാബികളുടെ നടപടിക്രമങ്ങള്‍ക്കും മഹാരഥന്മാരായ പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ക്കും എതിരായാല്‍പോലും അവര്‍ക്കത് പ്രശ്‌നമല്ല. അവരുടെ വ്യാഖ്യാനപ്രകാരം അവര്‍ മാത്രമേ യഥാര്‍ഥ മുസ്‌ലിംകളായുള്ളൂ. കാരണം അവരുടെ ഈമാന്‍ (വിശ്വാസം) മാത്രമേ ശരിയായിട്ടുള്ളൂ. ബാക്കി മുസ്‌ലിം/ ഇസ്‌ലാമിക സംഘങ്ങളൊക്കെ ഒന്നുകില്‍ അവിശ്വാസികളോ (കാഫിര്‍) അല്ലെങ്കില്‍ മത പരിത്യാഗികളോ (മുര്‍തദ്ദ്) ആണ്. ഇക്കാര്യത്തില്‍ അല്‍ഖാഇദയേക്കാള്‍ കടുംപിടുത്തക്കാരാണ് ഐസിസ്. ഈ 'ഈമാന്‍' പ്രകാരം ഒരു നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ വന്നാല്‍, അതിന് സൗകര്യമുള്ള നാട്ടിലേക്ക് പലായനം (ഹിജ്‌റ) ചെയ്യണം. ഐസിസ് കൈയടക്കി വെച്ചിരിക്കുന്ന ഇറാഖ്-സിറിയന്‍ പ്രദേശങ്ങളിലേക്ക് ഐസിസ് ആഭിമുഖ്യമുള്ളവര്‍ എത്തിച്ചേരുന്നത് പലായകരായിട്ടാണ്. ആദ്യം സുഡാനിലേക്കും പിന്നീട് അഫ്ഗാനിസ്താനിലെ തോറാബോറയിലേക്കും ബിന്‍ലാദന്‍ നടത്തിയത് 'ഹിജ്‌റ'യാണ്. 

ആദ്യം വിശ്വാസം, പിന്നെ അതനുസരിച്ച് ജീവിക്കാന്‍ പറ്റുന്ന ഇടങ്ങളിലേക്കുള്ള പലായനം. ഈ ആദ്യ രണ്ടു ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞാലാണ് 'ജിഹാദി'ന്റെ ഊഴം വരുന്നത്. അല്‍ഖാഇദ-ദാഇശാദികളുടെ നിഘണ്ടുവില്‍, ജിഹാദിന് ഇസ്‌ലാമിക മാര്‍ഗത്തിലെ ത്യാഗപരിശ്രമം എന്ന അര്‍ഥമില്ല. അവര്‍ക്കത് സായുധ പോരാട്ടത്തെയും ഹിംസാത്മക പ്രവൃത്തികളെയും മാത്രം കുറിക്കുന്ന പദമാണ്. സായുധ പോരാട്ടം ഒന്നുകില്‍ അകന്ന ശത്രുക്കള്‍-അമേരിക്ക, ഇസ്രയേല്‍ പോലുള്ളവ-ക്കെതിരെ ആയിരിക്കും; അല്ലെങ്കില്‍ അകത്തെ ശത്രുക്കള്‍ക്കെതിരെ. മുസ്‌ലിംനാടുകളില്‍ വൈദേശിക സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ഭരണകൂടങ്ങളാണ് 'അകത്തെ ശത്രുക്കള്‍'. ഇവിടെയാണ് അല്‍ഖാഇദയും ഐസിസും തമ്മിലുള്ള കാര്യമായ ഒരു വ്യത്യാസം. അല്‍ഖാഇദയുടെ പ്രഥമ പരിഗണന എന്നും പാശ്ചാത്യരോട്, പ്രത്യേകിച്ച് അമേരിക്കയോട് യുദ്ധം ചെയ്യുക എന്നതിലായിരുന്നു; കൃത്യമാക്കി പറഞ്ഞാല്‍, അമേരിക്കയെ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് കെട്ടുകെട്ടിക്കുന്നതില്‍. അത്‌പോലെ പ്രധാനമാണ്, സയണിസ്റ്റ്-കുരിശ് ശക്തികള്‍ക്കെതിരെയുള്ള സായുധ പോരാട്ടവും. 1991 ല്‍ യമനില്‍ വെച്ച് രൂപീകൃതമായത് മുതല്‍ ഇരുപത് വര്‍ഷമായി, മുസ്‌ലിം കൂട്ടായ്മകളുമായി ഏറ്റുമുട്ടാതിരിക്കാന്‍ അല്‍ഖാഇദ ശ്രദ്ധിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി മധ്യപൗരസ്ത്യ ദേശത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദഫലമായി നിലനില്‍പ്പിന് വേണ്ടി ഈ നയത്തില്‍ അവര്‍ മാറ്റം വരുത്തുകയും ചെയ്തു.1

സ്വന്തമായി ഒരു രാഷ്ട്രമുണ്ടാക്കുന്നതില്‍ അല്‍ഖാഇദ താല്‍പര്യം കാണിച്ചിരുന്നില്ല. അഫ്ഗാനിലും യമനിലും ഇറാഖിലും അവര്‍ 'അതിഥികള്‍' ആയിരുന്നു. ലോകത്തെവിടെയും ആക്രമണം നടത്താന്‍ കഴിവുള്ള ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഐസിസാകട്ടെ, തദ്ദേശീയ ഭരണകൂടങ്ങളുടെ കഴിവില്ലായ്മയും പാശ്ചാത്യ സൈനികാധിനിവേശങ്ങളും വംശീയവും മതപരവുമായ ചേരിതിരിവുകളും ഇതിനോടെല്ലാമുള്ള പൊതുസമൂഹത്തിന്റെ രോഷവും മുതലെടുത്ത് ഒരു രാഷ്ട്രം തട്ടിപ്പടച്ചുണ്ടാക്കാനാണ് ശ്രമിച്ചത്. അതിലവര്‍ താല്‍കാലികമായെങ്കിലും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. നിലവിലുള്ള മുഴുവന്‍ മുസ്‌ലിം ഭരണകൂടങ്ങളെയും 'കുഫ്ര്‍' മുദ്ര പതിച്ച് പിഴുതെറിയണമെന്ന വാശിയിലുമാണ് ഐസിസ്. ഭരണകൂടങ്ങള്‍ക്ക് മാത്രമല്ല, സകല ഇസ്‌ലാമിക കൂട്ടായ്മകള്‍ക്കും അവര്‍ കുഫ്ര്‍-ഇര്‍തിദാദ് മുദ്രകള്‍ യഥേഷ്ടം പതിച്ച് നല്‍കുന്നു. മുഖ്യമായും മധ്യയുഗത്തില്‍ രൂപപ്പെട്ട ചില മതകീയ സംജ്ഞകളെ വായിക്കുന്നതിലുള്ള വ്യത്യാസമാണ് അല്‍ഖാഇദ പരിവാറിലെ ഭിന്നതകള്‍ക്ക് ആധാരം എന്നും കാണാവുന്നതാണ്. ഐസിസ് വരുന്നതിന് മുമ്പും ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു സമവായത്തിലെത്താന്‍ അല്‍ഖാഇദ പരിവാരത്തിന് കഴിഞ്ഞിരുന്നില്ല. മുഖ്യപ്രശ്‌നങ്ങള്‍ (ഉമ്മഹാത്ത്) ആയിട്ട് തന്നെയാണ് അവരതിനെ കണ്ടിരുന്നത്.2

കുഫ്‌റുന്നൗഅ്, തക്ഫീറുല്‍ മുഅയ്യന്‍

ഇതാണ്, ചര്‍ച്ച ചെയ്യുന്തോറും സങ്കീര്‍ണമായിത്തീരുന്ന ഖാഇദ പരിവാറിലെ ഒരു 'ദാര്‍ശനിക' പ്രശ്‌നം. ഒരു പ്രവൃത്തി കുഫ്ര്‍ ആണെന്ന് തീരുമാനമായാലും (കുഫ്‌റുന്നൗഅ്), അത് ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്ന ഓരോ വ്യക്തിയെയും കാഫിര്‍ എന്ന് മുദ്രകുത്തി (തക്ഫീറുല്‍ മുഅയ്യന്‍) നടപടികള്‍ സ്വീകരിക്കാമോ എന്നതാണ് ചോദ്യം. പണ്ഡിതന്മാര്‍ ഇതിന് കൃത്യമായ മറുപടി നല്‍കിയതാണ്. ഇമാം  ഇബ്‌നു തൈമിയ എഴുതുന്നു: ''സത്യനിഷേധം ചാര്‍ത്തുന്നതിന് (തക്ഫീര്‍) ചില ഉപാധികളുണ്ട്. ചില കാര്യങ്ങള്‍ ആ വ്യക്തിയില്‍ ഒത്ത് വരാതിരുന്നാലും (മവാനിഅ്) അത് ബാധകമാവുകയില്ല. കുഫ്‌റാണെന്ന് പൊതുവെ പറഞ്ഞ കാര്യം നിര്‍ണിത വ്യക്തിക്ക് ബാധകമാകണമെങ്കില്‍ ഉപാധികള്‍ ഒത്തുവരണം. ഖുര്‍ആനും സുന്നത്തും ഇജ്മാഉമാണ് അതിന് തെളിവ്.''3 തുടര്‍ന്ന് ഇമാം അഹ്മദ് ബ്‌നു ഹമ്പലിന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങള്‍ ഇമാം ഇബ്‌നു തൈമിയ ഉദ്ധരിക്കുന്നുണ്ട്. ജഹമി ആശയങ്ങള്‍ അധികാരികളെ വരെ സ്വാധീനിച്ച ഒരു ഘട്ടത്തിലായിരുന്നു ഇമാം അഹ്മദ് ബ്‌നു ഹമ്പലിന്റെ ജീവിതം. ഖുര്‍ആന്‍ സൃഷ്ടിയാണെന്നായിരുന്നു ജഹമികളുടെ വാദം. അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും നിഷേധിക്കുന്നവര്‍ വരെ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ കാരണമായാണ് ഇമാം അഹ്മദ് ബ്‌നു ഹമ്പലിന് ഭരണാധികാരിയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. ഇമാം ഇബ്‌നു ഹമ്പലും അനുയായികളും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോയി എന്നും ജഹ്മികള്‍ വിശ്വസിച്ചിരുന്നു. ഇവരുടെ പല വാദങ്ങളും ഇസ്‌ലാമിക വിശ്വാസങ്ങളുടെ നിഷേധവും നിരാകരണവുമാണെങ്കിലും, അദ്ദേഹം അവര്‍ക്ക് വേണ്ടി പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്തത്; അവരെ മതനിഷേധികളായി മുദ്രകുത്തുകയല്ല. കാരണം അവര്‍ അറിവില്ലാത്തവരാണ്. ജഹ്മികളുടെ വാദം താന്‍ ഉന്നയിച്ചാല്‍ താന്‍ മതനിഷേധിയാവുമെന്നും ഇബ്‌നു ഹമ്പല്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. കാരണം തനിക്കതിനെക്കുറിച്ച് യഥാര്‍ഥ ജ്ഞാനമുണ്ട്. ജഹ്മികള്‍ക്ക് യഥാര്‍ഥ ജ്ഞാനമില്ലാത്തത് കൊണ്ട് അവര്‍ക്ക് ഒഴികഴിവുണ്ട്. 

മതനിഷേധ(കുഫ്ര്‍) പ്രവണതകളെ മൊത്തത്തില്‍ പരാമര്‍ശിക്കുകയും അതേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു മുന്‍കാല പണ്ഡിതന്മാരുടെ പൊതുവായ രീതി. വ്യക്തികളെയോ സംഘങ്ങളെയോ മതനിഷേധ മുദ്ര കുത്താന്‍ അവര്‍ തുനിഞ്ഞിരുന്നില്ല; അവരുടെ വിശ്വാസാചാരങ്ങള്‍ എത്രതന്നെ വഴിപിഴച്ചു പോയതായാലും അവരെക്കുറിച്ച അന്തിമ വിധി അല്ലാഹുവിന് വിടുക എന്നതായിരുന്നു സമീപനം. പ്രവാചകന്റെ നിലപാടുകളാണ് അതിന് മാതൃക. പ്രവാചകന്റെ ഏറ്റവും വലിയ പ്രതിയോഗികളില്‍ ഒരാളായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യ്. പ്രത്യക്ഷത്തില്‍ മുസ്‌ലിമായിരുന്നെങ്കിലും അയാള്‍ കപടവിശ്വാസികളുടെ നേതാവായിരുന്നു. അയാളില്‍ സത്യനിഷേധ (കുഫ്ര്‍) വും കാപട്യ (നിഫാഖ്) വും മേളിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് തന്നെ തെളിയിക്കാനാവും. പക്ഷെ, അയാളുടെ ജീവിതാന്ത്യം വരെ മുസ്‌ലിം സമൂഹത്തിലെ ഒരംഗമായിട്ടാണ് പ്രവാചകന്‍ അയാളെ കണ്ടത്. മരണാസന്ന വേളയില്‍ തന്റെ മയ്യിത്ത് പുതപ്പിക്കാന്‍ പ്രവാചകന്റെ വസ്ത്രം വേണമെന്ന് അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതും പ്രവാചകന്‍ അയച്ചുകൊടുത്തു. അയാളുടെ ജനാസ നമസ്‌കാരത്തിലും പ്രവാചകന്‍ പങ്ക് കൊണ്ടപ്പോള്‍ 'അത്തരക്കാര്‍ക്ക് വേണ്ടി താങ്കള്‍ നമസ്‌കരിക്കരുത്' എന്ന് ഖുര്‍ആന്‍ വിലക്കുകയുണ്ടായി (അത്തൗബ 84). അയാള്‍ സത്യനിഷേധിയാണ് എന്നാണതിന് പറഞ്ഞ ഒരു കാരണം. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു പ്രവാചകന്‍ ആ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തത്. 

ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യം പ്രത്യക്ഷത്തില്‍ അംഗീകരിച്ച എല്ലാവരെയും ഇസ്‌ലാമിക സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തുക (അവരില്‍ എന്തൊക്കെ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും) എന്ന പ്രവാചകന്റെ സമീപനം തന്നെയാണ് പില്‍ക്കാലക്കാരും തുടര്‍ന്നത്. ഇതില്‍ നിന്ന് ഭിന്നമായ ഒരു നിലപാട് സ്വീകരിച്ചത് ഖവാരിജുകളിലെ അസാരിഖ വിഭാഗമായിരുന്നു. നാഫിഅ് ബ്‌നു അസ്‌റഖ് എന്നൊരാളായിരുന്നു അതിന്റെ നേതാവ്. നാലാം ഖലീഫ അലി(റ)യും സിറിയന്‍ ഗവര്‍ണര്‍ മുആവിയ(റ)യും സ്വിഫ്ഫീനില്‍ വെച്ച് ഏറ്റുമുട്ടിയ സന്ദര്‍ഭമായിരുന്നു അത്. ഇരുപക്ഷത്തും പ്രമുഖ സ്വഹാബിമാര്‍ വരെ അണിനിരന്ന ആ യുദ്ധം ഒത്തുതീര്‍പ്പിലെത്തി ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്‌ലിം സമൂഹം തന്നെ ശിഥിലമാകുമെന്ന ബോധ്യം ഇരുപക്ഷത്തുമുണ്ടായി. ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തുകയും മഹാനാശത്തിന്റെ ഗര്‍ത്തത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയും ചെയ്തു. 'തഹ്കീം' എന്നാണ് ഈ സംഭവം ചരിത്രത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍, ഒത്തുതീര്‍പ്പുണ്ടാക്കുക വഴി അലി(റ) ദൈവിക നിയമങ്ങള്‍ കൈയൊഴിച്ചിരിക്കുകയാണെന്നും അതിനാല്‍ മതഭ്രഷ്ടനായിരിക്കുകയാണെന്നും അസാരിഖ വിഭാഗം വാദിച്ചു (ഈ രാഷ്ട്രീയ അനുരഞ്ജനത്തെ മൗലിക വിശ്വാസ പ്രമാണങ്ങളിലെ വ്യതിയാനമായി തലതിരിച്ച് വായിക്കുകയായിരുന്നു ഖവാരിജുകള്‍. ഐസിസ് ചെയ്യുന്നതും അതുതന്നെ). അവരില്‍പ്പെട്ട അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം എന്നൊരാള്‍ അലി(റ)യെ ഇതിന്റെ പേരില്‍ വധിക്കുകയും ചെയ്തു. 'തഹ്കീം നടത്തുക വഴി അലി സത്യനിഷേധിയായിരിക്കുന്നു; അദ്ദേഹത്തെ വധിക്കാന്‍ ഇബ്‌നുമുല്‍ജിമിന് അവകാശമുണ്ട്' എന്നായിരുന്നു നാഫിഅ് ബ്‌നു അസ്‌റഖിന്റെ പ്രതികരണം. 

അസാരിഖ എന്ന ഖവാരിജി വിഭാഗത്തിന്റെ വാദമുഖങ്ങളെ ചരിത്രത്തില്‍ ഒരു വിഭാഗവും ഏറ്റെടുത്തിട്ടില്ല. അത്തരം വഴിതെറ്റിയ ചിന്താധാരകളെ ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ നേരിട്ട് മുളയിലേ നുള്ളിക്കളയാനും മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് സാധിച്ചു. ചരിത്രത്തില്‍ മണ്ണടിഞ്ഞുപോയ ഖവാരിജി തീവ്രചിന്തകളുടെ പുനര്‍ജനിയാണ് നാം ഐസിസില്‍ കാണുന്നത്. ഖവാരിജി-അസാരിഖകളെപ്പോലെ, തങ്ങളല്ലാത്തവരെല്ലാം ഇസ്‌ലാമില്‍ നിന്ന് ഭ്രഷ്ടരും അതിനാല്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ അര്‍ഹരുമാണെന്നാണ് ഐസിസും വാദിക്കുന്നത്. ഐസിസ് ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും അവരുടെ തീവ്രചിന്താഗതികള്‍ക്ക് മുസ്‌ലിം മുഖ്യധാരയില്‍ ഇടം കിട്ടില്ലെന്നും നമുക്ക് ഉറപ്പുണ്ട്. അതേ സമയം അവരിലെ തക്ഫീരി ചിന്തകളും മനോഭാവവും കുറഞ്ഞ അളവിലെങ്കിലും ചില കൂട്ടായ്മകളെ സ്വാധീനിക്കുന്നില്ലേ എന്ന് ന്യായമായും സംശയിക്കണം. പുതുതലമുറക്ക് ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ദിശാബോധം നല്‍കിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ.

ഇഅ്ദാറുല്‍ മുഖാലിഫ്

ഇതാണ് അല്‍ഖാഇദ പരിവാറിലെ മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം. കാഫിറാക്കലുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇതും. 'എതിരാളിയുടെ ഒഴികഴിവ്' എന്ന് അതിനെ പരിഭാഷെപ്പടുത്താം. ഏതൊരു വ്യക്തിക്കും സമൂഹത്തിനും ദൈവിക സന്ദേശത്തെ തെളിവുകളുടെ പിന്‍ബലത്തോടെ ബോധ്യപ്പെടുത്താന്‍ കഴിയണം. എങ്കിലേ അവര്‍ക്കെതിരെ ഇഹലോകത്തോ പരലോകത്തോ നടപടിയെടുക്കുന്നതില്‍ അര്‍ഥവും ന്യായവുമുള്ളൂ.  ഇത് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയമാണ്. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമെല്ലാം ബാധകമായ തത്ത്വം. നിര്‍ബന്ധിതാവസ്ഥ, വിവരമില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ അത്ര എളുപ്പമല്ല ഈ 'ഹുജ്ജത്ത്' (തെളിവ് സഹിതമുള്ള ബോധ്യപ്പെടുത്തല്‍) പൂര്‍ത്തീകരിക്കല്‍. ഹുജ്ജത്ത് പൂര്‍ത്തിയായില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് എതിരാളിയെ മതഭ്രഷ്ടനാക്കാനാവുക? ഹുജ്ജത്ത് പൂര്‍ത്തിയായി എന്ന് എങ്ങനെ തീരുമാനിക്കാനാവും? ഈ ചര്‍ച്ച കൂടുതല്‍ കൂടുതലായി കാട് കേറിക്കൊണ്ടിരിക്കുന്നു. എതിരാളിയെ മതഭ്രഷ്ടനാക്കണമെങ്കില്‍ ഹുജ്ജത്ത് പൂര്‍ത്തിയാക്കേണ്ട കാര്യമൊന്നുമില്ലെന്നാണ്, ഐസിസ് അവരുടെ പ്രവൃത്തികളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. മൗലിക ഇസ്‌ലാമിക തത്ത്വങ്ങളുടെ നിരാകരണമാണിത്. 

നേതൃത്വം ആര്‍ക്ക്?

അല്‍ഖാഇദയും ഐസിസും പറയുന്ന 'ജിഹാദ്' നടത്തേണ്ടത് ആരാണ്? സംഘടനകള്‍ക്കോ ദേശരാഷ്ട്രങ്ങള്‍ക്കോ അതിന് അവകാശമില്ല. 'നിയമാനുസൃത ഭരണാധികാരി' (ഹാകിമുന്‍ ശറഈ) തന്നെ വേണം. അവരുടെ വീക്ഷണത്തില്‍, 'സംഘടനയുണ്ടാക്കുന്നത്' (തഹസ്സുബ്) ജാഹിലീ സംസ്‌കാരമാണ്. അപ്പോള്‍ അല്‍ഖാഇദയും ഐസിസും സംഘടനകളല്ലേ എന്ന ചോദ്യം ഉയരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഐസിസിന്റെ അബൂബക്കര്‍ അല്‍ ബാഗ്ദാദി 'ഖലീഫ'യും 'അമീറുല്‍ മുഅ്മിനീനും' ഒക്കെയായി സ്വയം അവതരിച്ചത്.

ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ചൂട് പിടിച്ച ചര്‍ച്ചകള്‍ തീവ്രവാദി സംഘങ്ങള്‍ തമ്മില്‍ തന്നെ ഭ്രഷ്ട് കല്‍പ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.                  

(തുടരും)

കുറിപ്പുകള്‍:

1. അബ്ദുല്‍ ബാരി അത്വ്‌വാന്‍-അദ്ദൗല ഇസ്‌ലാമിയ്യ അല്‍ജദൂര്‍, അത്തവഹുശ്, അല്‍ മുസ്തഖ്ബല്‍, പേജ് 9

2. ശഫീഖ് ശഖീര്‍-അല്‍ജുദൂറുല്‍ ഐയ്ദയൂലജിയ്യ ലി തന്‍ളീമിദ്ദൗല അല്‍ ഇസ്‌ലാമിയ്യ (Studies.aljazeera.net) 

3. ഇബ്‌നു തൈമിയ-അല്‍ഫതാവാ 12/489

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍