Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ഇഖ്ബാലിന്റെ ഭാവനയിലെ ഹജ്ജ് യാത്ര

അബുല്‍ ഹസന്‍ അലി നദ്‌വി /കവര്‍‌സ്റ്റോറി

         കവിയും ദാര്‍ശനികനുമായ ഡോ. മുഹമ്മദ് ഇഖ്ബാല്‍  പ്രവാചകനോടുള്ള സ്‌നേഹത്തിലും മദീനയോടുള്ള പ്രണയത്തിലും വ്യാമുഗ്ദ്ധനായിട്ടാണ് തന്റെ ജീവിതകാലം കഴിച്ചുകൂട്ടിയത്. തന്റെ അനശ്വര കവിതകളില്‍ പ്രസ്തുത സ്‌നേഹാനുരാഗങ്ങള്‍ അദ്ദേഹം കോറിയിട്ടിട്ടുണ്ട്. പ്രായാധിക്യവും അനാരോഗ്യവും കാരണം ഹജ്ജ് ചെയ്യുവാനോ പ്രവാചകന്റെ റൗദ സന്ദര്‍ശിക്കുവാനോ മഹാകവിക്ക് സാധിക്കുകയുണ്ടായില്ല. എങ്കിലും തന്റെ സമ്പന്നമായ ഭാവനയിലൂടെ അദ്ദേഹം ഹിജാസിലേക്ക് യാത്ര ചെയ്യുകയും പ്രവാചക സന്നിധിയിലെത്തി സ്‌നേഹഭാഷണങ്ങള്‍ നടത്തുകയുമുണ്ടായി. തന്നെയും തന്റെ കാലത്തെയും സമുദായത്തെയും കുറിച്ചെല്ലാം അദ്ദേഹം ഈ സംഭാഷണത്തില്‍ പറയുന്നുണ്ട്. 

നബി(സ)യെക്കുറിച്ചുള്ള ഇഖ്ബാലിന്റെ ഈ കവിതകള്‍ അദ്ദേഹത്തിന്റെ ഏറ്റവും ശക്തവും തീവ്രവുമായ കാവ്യാവിഷ്‌കാരങ്ങളില്‍ പെടുന്നു. മക്കയിലേക്കും മദീനയിലേക്കും യാത്ര പോകുന്ന ഒരു സഞ്ചാരിയായി അദ്ദേഹം സ്വയം സങ്കല്‍പ്പിക്കുന്നു. മദീനയില്‍ എത്തിച്ചേരാനുള്ള അത്യുത്സാഹം കൊണ്ട് അദ്ദേഹത്തിന്റെ ഒട്ടകം പോലും, സ്വന്തം കാല്‍ചുവട്ടില്‍ പട്ടു വിരിപ്പാണെന്ന മട്ടിലാണ് മരുഭൂമിയിലൂടെ പായുന്നത്. മരുഭൂമിയിലെ ഓരോ മണല്‍ തരിയെയും സ്പന്ദിക്കുന്ന ഹൃദയമായി കാണുന്ന കവി, അവയെ വേദനിപ്പിക്കാത്ത വിധം ഒട്ടകത്തെ പതുക്കെ നടത്താന്‍ അതിനെ തെളിക്കുന്ന ആളോട് ആവശ്യപ്പെടുന്നു. 

'അര്‍മഗാനെ ഹിജാസ്' എന്നാണ് ഈ കാവ്യതല്ലജത്തിന് ഇഖ്ബാല്‍ നല്‍കിയ നാമധേയം. ഹിജാസിനുള്ള സമ്മാനം എന്നാണ് അതിനര്‍ഥം. യഥാര്‍ഥത്തില്‍ ഹിജാസിന് മാത്രമല്ല, ഇസ്‌ലാമിക ലോകത്തിന് മൊത്തമായുള്ള ഒരു സമ്മാനമാണത്. പ്രായാധിക്യത്താല്‍ ശരീരം ദുര്‍ബലമായിത്തീര്‍ന്ന, ഏതൊരാളും വിശ്രമ ജീവിതം ആഗ്രഹിക്കുന്ന ഒരു സമയത്താണ് കവി തനിക്കേറ്റവും പ്രിയപ്പെട്ട ഈ യാത്രക്ക് തുനിഞ്ഞിറങ്ങുന്നത്. ഡോക്ടര്‍മാരുടെയും സ്‌നേഹിതരുടെയും ഉപദേശത്തെ ധിക്കരിച്ചുകൊണ്ടാണ് പ്രണയത്തിന്റെ വിളി കേട്ടുകൊണ്ട് ഹിജാസിലേക്കുള്ള ദുര്‍ഘടമായ പാതകള്‍ താണ്ടുവാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പകലന്തിയോളം മരുഭൂമിയില്‍ പാറിനടന്ന ശേഷം സായാഹ്നത്തില്‍ പക്ഷികള്‍ അവയുടെ കൂടുകളില്‍ ചേക്കേറുവാനായി പറന്നു പോകുന്നതു പോലെയുള്ള ഒരു യാത്രയാണത്. ആത്മാവാകുന്ന പക്ഷിയുടെ കൂടാണ് മദീന. ജീവിത സൂര്യന്‍ അസ്തമയത്തോടടുത്ത വേളയില്‍ ആത്മാവ് അതിന്റെ കൂട്ടിലേക്ക് തിരിച്ചു പറക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. 

പേര്‍ഷ്യന്‍ കവികളായ ഉര്‍ഫിയുടെയും ജാമിയുടെയും കവിതകളില്‍ നിന്നുള്ള വരികള്‍ യാത്രാ മധ്യേ അദ്ദേഹം ആലപിക്കുന്നു. അവ കേട്ട ജനങ്ങള്‍, മനസ്സിലാകാത്ത ഭാഷയില്‍ കവിത ആലപിക്കുന്ന ആ തീര്‍ഥാടകന്‍ ആരാണെന്ന് ജിജ്ഞാസയോടെ അന്വേഷിക്കുന്നു. ഭാഷ മനസ്സിലാകുന്നില്ലെങ്കിലും ആ ആലാപനത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയ തീവ്രത അവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. യാത്രയില്‍ നേരിടേണ്ടിവരുന്ന സകല ദുര്‍ഘടങ്ങളെയും പ്രയാസങ്ങളെയും ആസ്വദിക്കുന്ന കവി കൂടുതല്‍ കാലം ആ ആനന്ദം അനുഭവിക്കാനാഗ്രഹിച്ചുകൊണ്ട്, ദൂരം കൂടിയ പാതയിലൂടെ ഒട്ടകത്തെ നയിക്കാന്‍ ആവശ്യപ്പെടുന്നു. 

അങ്ങനെ ആനന്ദാഹ്ലാദങ്ങള്‍ നുകര്‍ന്നുകൊണ്ട് മദീനയിലെത്തിയ കവിയെ പ്രവാചകന്‍ ആദരപൂര്‍വം സ്വീകരിക്കുന്നു. സഹ യാത്രികരില്‍ നിന്ന് തന്നെ മാത്രം തിരുമേനി പ്രത്യേകം സ്വാഗതം ചെയ്തതില്‍ ഒരു നിമിഷം അത്ഭുതപ്പെടുന്ന കവി അതിനുള്ള ഉത്തരം സ്വയം കണ്ടെത്തുന്നതിങ്ങനെയാണ്. ആ തിരുസന്നിധിയില്‍ തത്ത്വചിന്തകരുടെ സിദ്ധാന്തങ്ങളെക്കാള്‍ അനുരാഗികളുടെ പ്രേമ വായ്പിനാണ് ആദരണീയത.

പ്രവാചക ദര്‍ശനത്തിന്റെ അവര്‍ണനീയമായ ആനന്ദപ്രഹര്‍ഷങ്ങള്‍ക്കിടയിലും കവി സ്വന്തം നാടിനെയും സമുദായത്തെയും വിസ്മരിച്ചു പോകുന്നില്ല. ഇന്ത്യന്‍  മുസ്‌ലിംകളുടെ വേദനകളെയും സ്വപ്നങ്ങളെയും കുറിച്ച് ഒരു കവിയുടെ ഭാവ തീക്ഷ്ണതയോടും ഒരു നേതാവിന്റെ സത്യസന്ധതയോടും കൂടി അദ്ദേഹം പ്രവാചകനോട് സംവദിക്കുന്നു. 

''പ്രവാചകരേ, കാലപ്രവാഹത്തില്‍ നഷ്ടപ്പെട്ടുപോയ പഴയ പ്രതാപങ്ങളുടെ ചില അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും മുസ്‌ലിമിന്റെ ഹൃദയം ദുഃഖവും വിഷാദവും കൊണ്ട് നിര്‍ഭരമാണ്. പക്ഷേ, അതിന്റെ യഥാര്‍ഥ കാരണം എന്തെന്ന് അവന്നറിയുകയില്ല. അവന്റെ വേദനകളെക്കുറിച്ച്, പ്രവാചകരേ, അങ്ങയോട് ഞാനെന്ത് പറയും! അത്യുന്നതമായ ഒരു കൊടുമുടിയില്‍ നിന്ന് താഴേക്ക് വീണിരിക്കുകയാണവന്‍. എത്ര ഉയരത്തില്‍ നിന്നാണോ വീഴുന്നത് അത്രയും കഠിനമായിരിക്കുമല്ലോ വീഴ്ചയുടെ ആഘാതം. മഹത്വത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ നിന്നുള്ള പതനം മുസ്‌ലിം സമുദായത്തിന് ഏല്‍പ്പിച്ച ആഘാതം ഗുരുതരമാണ്. അന്തഃഛിദ്രതയും ആഭ്യന്തര സംഘര്‍ഷങ്ങളും സമുദായത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ശരിയായ ദിശയിലേക്ക് നയിക്കാന്‍ അതിനൊരു നേതൃത്വമില്ല. 

അവന്റെ തോള്‍സഞ്ചിപോലെ അവന്റെ ആവനാഴിയും കാലിയായിരിക്കുന്നു. അവന്‍ ലോകത്തെ കീഴടക്കിയിരുന്ന ആ വിശുദ്ധ ഗ്രന്ഥമുണ്ടല്ലോ, അത് അവന്റെ ജീര്‍ണിച്ച വീട്ടിന്റെ അലമാരത്തട്ടില്‍ പൊടിപിടിച്ചുകിടക്കുകയാണ്. അതിന്റെ മുകളില്‍ ചിലന്തികള്‍ മാറാല കെട്ടിയിരിക്കുന്നു. 

അവന്റെ കണ്ണുകളില്‍ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ ഹൃദയത്തിന് സന്തോഷം നിഷേധിക്കപ്പെട്ടിരിക്കുന്നു. സംഗമത്തിന്റെയും സഹവാസത്തിന്റെയും സുഖം അറിയാതെയാണവന്‍ ജീവിക്കുന്നത്..''

ഇസ്‌ലാമിക ലോകത്തെ ആവേശിച്ചു കൊണ്ടിരിക്കുന്ന നിര്‍മതത്വത്തിന്റെ വിനാശങ്ങളെക്കുറിച്ച് ഇഖ്ബാല്‍ സംസാരിക്കുന്നു. തത്ത്വചിന്തകനും രാഷ്ട്രീയ മീമാംസകനും സാമ്പത്തിക ചിന്തകനുമായ അദ്ദേഹത്തിനറിയാം അതിന്റെ യഥാര്‍ഥ കാരണം ഭൗതിക വാദമാണെന്ന്. നിര്‍മതത്വത്തിനും ഭൗതിക വാദത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കും തടയിടുവാന്‍ അബൂബക്ര്‍ സ്വിദ്ദീഖി(റ)നെപ്പോലുള്ളവര്‍ നയിച്ച സ്‌നേഹത്തിലും വിരക്തിയിലും അധിഷ്ഠിതമായ ഒരു ജീവിത ശൈലി കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. 

മുസ്‌ലിംകളുടെ അധഃപതനത്തിന്റെ കാരണം ദാരിദ്ര്യമോ ഭൗതികമായ ദൗര്‍ബല്യങ്ങളോ ആണെന്ന് ഇഖ്ബാല്‍ കരുതുന്നില്ല. മറിച്ച്, അവരുടെ ഹൃദയങ്ങളില്‍ ജ്വലിച്ചിരുന്ന തീപ്പൊരി അണഞ്ഞു പോയതാണ് യഥാര്‍ഥ കാരണം. ''പരമ ദരിദ്രരായിരുന്ന ആദ്യകാല മുസ്‌ലിം സമൂഹം, എങ്ങനെയാണ് പടച്ചവന്റെ മുമ്പില്‍ ഒറ്റ സ്വഫ്ഫായി അണിനിരന്ന് പ്രാര്‍ഥിക്കേണ്ടത് എന്ന് മനസ്സിലാക്കിയപ്പോള്‍ രാജാക്കന്മാരുടെ അധികാര ദണ്ഡ് കൈയിലേന്തുവാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. എന്നാല്‍ അവരുടെ നെഞ്ചിന്‍ കൂടില്‍ ആ അഗ്‌നിജ്വാല കെട്ടടങ്ങിയപ്പോള്‍ അവര്‍ സ്വൂഫീ മഠങ്ങളിലേക്കും പര്‍ണശാലകളിലേക്കും സ്വയം ഉള്‍വലിയുകയാണ് ചെയ്തത്.''

മുസ്‌ലിംകളുടെ ചരിത്രത്തിലേക്ക് കണ്ണയക്കുന്ന ഇഖ്ബാല്‍ ലജ്ജയുളവാക്കുന്നതും പ്രവാചകാധ്യാപനങ്ങള്‍ക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും അവിടെ കാണുന്നു. ബഹുദൈവത്വം, ദൈവേതരര്‍ക്കുളള അടിമത്തം, സ്വേഛാധിപതികള്‍ക്കുള്ള വിധേയത്വം ഇങ്ങനെ നിരവധി കാര്യങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇഖ്ബാല്‍ അവ ഓരോന്നും എണ്ണിപ്പറഞ്ഞ് ലജ്ജ കൊണ്ട് മുഖം താഴ്ത്തുകയും 'പ്രവാചകരേ, അങ്ങേക്ക് പറ്റിയവരല്ല ഞങ്ങള്‍' എന്ന വാചാലമായ ഒറ്റ വാക്യത്തില്‍ കുറ്റസമ്മതത്തെ ഒതുക്കുകയും ചെയ്യുന്നു. 

ഇസ്‌ലാമിക ലോകത്തേക്ക് വിശാലമായി കണ്ണയച്ചു കൊണ്ട് അതനുഭവിക്കുന്ന ആത്മീയവും ആദര്‍ശപരവുമായ ദാരിദ്ര്യത്തെക്കുറിച്ച് ഇഖ്ബാല്‍ പരിതപിക്കുന്നു: ''ആത്മീയ കേന്ദ്രങ്ങളായ മഠങ്ങളിലും പര്‍ണശാലകളിലും ഹൃദയത്തെ ഉത്തേജിപ്പിക്കുവാനുതകുന്ന ഒന്നുമില്ല. സ്‌നേഹത്തിന്റെ സന്ദേശം അവക്ക് നല്‍കുവാനില്ല. മറുവശത്ത് വൈജ്ഞാനിക കേന്ദ്രങ്ങളാകട്ടെ, അന്ധമായ അനുകരണം മാത്രമാണ് അവിടെ നടക്കുന്നത്. പണ്ടുകാലത്ത് പറയപ്പെട്ടതിന്റെ തനിയാവര്‍ത്തനമല്ലാതെ പുതുതായൊന്നും അവ ഉല്‍പാദിപ്പിക്കുന്നില്ല. കവിതയുടെയും സാഹിത്യത്തിന്റെയും കേന്ദ്രങ്ങളുടെ അവസ്ഥയും ദയനീയമാണ്. തണുത്ത ഹൃദയങ്ങളില്‍ നിന്ന് പുറത്തുവരുന്ന തണുത്ത കവിതകളും, മരിച്ച നെഞ്ചകങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന മരിച്ച സാഹിത്യങ്ങളുമല്ലാതെ, ആത്മാവിനെ ഉന്മിഷത്താക്കുകയും ഹൃദയത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന ചിന്തകളോ ആശയങ്ങളോ അവ പകര്‍ന്നു തരുന്നില്ല.''

മുസ്‌ലിംകളുടെ ഈ ശക്തിക്ഷയത്തിന്റെ കാരണത്തെക്കുറിച്ചും ഇഖ്ബാല്‍ ചിന്തിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ''മുസ്‌ലിംകളുടെ ഈ ദയനീയവസ്ഥ കണ്ട് ഹൃദയം തകര്‍ന്ന ഞാന്‍ അതേക്കുറിച്ച് പടച്ചവനോട് പരാതിപ്പെട്ടു. അപ്പോള്‍ മറുപടിയുണ്ടായി: 'അവര്‍ക്ക് ഹൃദയങ്ങളുണ്ട്. പക്ഷെ, തങ്ങളുടെ സ്‌നേഹഭാജനത്തെ അവര്‍ തിരിച്ചറിയുന്നില്ല.' അതായത് അവരുടെ ഹൃദയങ്ങളില്‍ സ്‌നേഹം എന്ന വികാരമുണ്ട്. പക്ഷെ, അതെവിടെയാണ് സമര്‍പ്പിക്കേണ്ടതെന്ന് അവര്‍ക്കറിയില്ല.''

ഇങ്ങനെയൊക്കെയാണെങ്കിലും ഇഖ്ബാല്‍ നിരാശനല്ല. അല്ലാഹുവിന്റെ കാരുണ്യത്തില്‍ അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്. മുസ്‌ലിംകളെക്കുറിച്ച് നിരാശപ്പെട്ടു കഴിയുന്ന മതനേതാക്കളെ അദ്ദേഹം ആക്ഷേപിക്കുന്നു. അവരെ അശുഭ ചിന്തകരെന്നും കറുത്ത കണ്ണട വെച്ച് നോക്കുന്നവരെന്നുമാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ''രാജസിംഹാസനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മുസ്‌ലിമിന്റെ മനസ്സും ചിന്തയും രാജകീയമാണ് ഇന്നും. തന്റെ ആസ്ഥാനത്ത് മടങ്ങിയെത്താന്‍ സാധിക്കുന്നപക്ഷം അവന്റെ സൗന്ദര്യം പ്രതാപമായി മാറുക തന്നെ ചെയ്യും.'' 

അനന്തരം തന്നിലേക്ക് തന്നെ തിരിഞ്ഞുകൊണ്ട് ഇഖ്ബാല്‍ പറയുന്നു: ''ഞാന്‍ അനുകമ്പയും പരിഗണനയും അര്‍ഹിക്കുന്നുണ്ട്. കാരണം, ഭൗതികതയുടെ ഈ കാലഘട്ടവുമായി ഘോരമായ സംഘട്ടനത്തിലും രക്തരൂഷിതമായ യുദ്ധത്തിലും ഏര്‍പ്പെട്ടിരിക്കുകയാണ് ഞാന്‍.'' 

ഇഖ്ബാല്‍ തന്റെ കാലഘട്ടവുമായി നിരന്തര സംഘട്ടനത്തിലായിരുന്നു എന്നതില്‍ സംശയമില്ല. പാശ്ചാത്യ നാഗരികതയെയും ഭൗതിക തത്ത്വചിന്തകളെയും നിരസിച്ച അദ്ദേഹം അവയെ വെല്ലുവിളിക്കുകയും വിമര്‍ശിക്കുകയും ധീരതയോടും ഉള്‍ക്കാഴ്ചയോടും കൂടി അവയ്‌ക്കെതിരെ പോരാടുകയും ചെയ്തു. സ്വന്തം വ്യക്തിത്വത്തിലും ഇസ്‌ലാമിന്റെ വ്യതിരിക്തതയിലും വിശ്വസിക്കുകയും പാശ്ചാത്യ നാഗരികതയുടെ അടിത്തറയായ ഭൗതിക വാദ ദര്‍ശനങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന ഒരു തലമുറയെ അദ്ദേഹം വളര്‍ത്തിയെടുക്കുകയുണ്ടായി. 

''ഹറമില്‍ ഞാന്‍ ബാങ്ക് വിളിച്ചു; ഇന്നലെ ജലാലുദ്ദീന്‍ റൂമി ചെയ്തത് പോലെ. ആത്മാവിന്റെയും അനുരാഗത്തിന്റെയും രഹസ്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അദ്ദേഹം തന്റെ കാലഘട്ടത്തിലെ കുഴപ്പങ്ങള്‍ക്കെതിരെ കലഹിച്ചതു പോലെ ഞാന്‍ എന്റെ കാലഘട്ടത്തിലെ കുഴപ്പങ്ങള്‍ക്കെതിരിലും കലഹിക്കുന്നു.''

വലയില്‍ കുടുങ്ങിയ പക്ഷി വലയുടെ നൂലുകള്‍ കൊത്തി മുറിച്ച് സുരക്ഷിതമായി പുറത്തു വരുന്നത് പോലെ പാശ്ചാത്യ വിജ്ഞാനീയങ്ങളുടെ വലയില്‍നിന്ന് സുരക്ഷിതമായി പുറത്തു വന്ന ആളാണ് താനെന്ന് അഭിമാന പുരസ്സരം ഇഖ്ബാല്‍ പറയുന്നു. പാശ്ചാത്യ നഗരങ്ങളില്‍ കഴിച്ചുകൂട്ടിയ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിക്കുന്നു. വരണ്ട ഗ്രന്ഥങ്ങള്‍ക്കും ഗഹനമായ തത്ത്വചിന്തകള്‍ക്കും അപാരമായ വിജ്ഞാനത്തിനും മയക്കുന്ന സൗന്ദര്യത്തിനുമിടയില്‍ കഴിഞ്ഞുകൂടിയ ആ കാലത്ത് സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് തനിക്ക് ബോധമുണ്ടായിരുന്നില്ല. ''പാശ്ചാത്യ വിജ്ഞാനീയത്തില്‍ നിന്ന് ധാരാളം കനികള്‍ ഞാന്‍ പറിച്ചെടുത്തു. അതിന്റെ മദ്യാലയത്തില്‍ ധാരാളം മദിര നുണഞ്ഞു. അവിടത്തെ ശാസ്ത്രജ്ഞര്‍ക്കും തത്ത്വചിന്തകര്‍ക്കുമൊപ്പം സഹവസിച്ചു. എന്റെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു അത്. സ്‌നേഹത്തിന്റെ ആനന്ദവും ഹൃദയത്തിന്റെ കുളിര്‍മയും അന്ന് ഞാനറിഞ്ഞില്ല. തത്ത്വജ്ഞാനികളുടെ അധ്യാപനങ്ങള്‍ എന്റെ ഹൃദയത്തെ കലുഷമാക്കുകയും ശിരസ്സിനകത്ത് വേദനയുളവാക്കുകയും ചെയ്തു. കാരണം സ്‌നേഹത്തിന്റെയും സത്യവിശ്വാസത്തിന്റെയും മടിത്തട്ടിലാണ് ഞാന്‍ വളര്‍ന്നിരുന്നത്. അതിനാല്‍, സ്‌നേഹവും വാത്സല്യവുമല്ലാതെ മറ്റൊന്നും എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുമായിരുന്നില്ല.''

സ്‌നേഹവും അനുരാഗവും ബലികഴിച്ച, വിജ്ഞാനം കൊണ്ട് നിറക്കപ്പെടുന്ന ഹൃദയത്തെക്കുറിച്ച് ഇഖ്ബാല്‍ ഇവിടെ പറയുന്നു: ''വേദന സഹിക്കാത്ത പണ്ഡിതന്റെ കണ്ണുകളില്‍ കാഴ്ചയുടെ തിളക്കമുണ്ടാവാം. എന്നാല്‍, അതില്‍ കണ്ണുനീരിന്റെ നനവ് ഉണ്ടായിരിക്കുകയില്ല. അത്തരം പണ്ഡിതന്മാരുമായുള്ള സഹവാസം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. കാരണം, അത് വേദനയില്ലാത്ത വിജ്ഞാനമാണ്. സംസം ഇല്ലാത്ത പുണ്യഭൂമിയാണ്.'' 

വീണ്ടും തന്നെക്കുറിച്ച് ഇഖ്ബാല്‍ പറയുന്നു: ''ഞാന്‍ ആര്‍ക്കും മനഃസാക്ഷി വിറ്റിട്ടില്ല. എന്റെ പ്രയാസങ്ങള്‍ പരിഹരിക്കാനായി ആരെയും ആശ്രയിച്ചിട്ടുമില്ല. ഒരിക്കല്‍ അല്ലാഹു അല്ലാത്തവരെ ഞാന്‍ ആശ്രയിച്ചതിന്റെ ഫലമായി ഞാന്‍ എന്റെ സ്ഥാനത്ത് നിന്ന് താഴേക്ക് പതിക്കുകയും ഇരുനൂറു തവണ നിന്ദ്യത കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്.''

തന്റെ കാലഘട്ടത്തെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് അദ്ദേഹം തുടരുന്നു: ''സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും അഗ്നിയില്‍ വെന്തുനീറുകയാണ് ഞാന്‍. ആത്മാര്‍ഥത എന്തെന്നറിയാത്ത, ദ്രവ്യത്തെയല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിഞ്ഞു കൂടാത്ത ഒരു കാലഘട്ടത്തിലാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഹൃദയത്തിന്റെ സൗന്ദര്യം അറിയാത്ത, സ്‌നേഹത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കാലഘട്ടമാണിത്. കിഴക്കും പടിഞ്ഞാറും ഞാന്‍ ഒറ്റപ്പെട്ടവനാണ്. ഏകാന്തമായാണ് ഞാന്‍ ജീവിക്കുന്നത്. ഏകാന്തമായാണ് പാടുന്നത്. ആത്മ ഭാഷണത്തിലൂടെയാണ് ഞാനെന്റെ വേദനകളും ദുഃഖങ്ങളും ആറ്റുന്നത്.''

''എന്റെ സഹോദരങ്ങള്‍ ഞാനവരോട് പറഞ്ഞത് ചെയ്യുന്നില്ല. എന്റെ കവിതകളാകുന്ന കാരക്കമരത്തില്‍ നിന്ന് അവര്‍ ഈത്തപ്പഴങ്ങള്‍ പറിക്കുന്നില്ല. ഒരു കവിയും സ്‌നേഹഗായകനും മാത്രമായി എന്നെ കാണുന്ന ജനങ്ങളെക്കുറിച്ച്, അല്ലയോ ജനതതികളുടെ നായകാ, അങ്ങയോട് ഞാന്‍ വേവലാതിപ്പെടുന്നു.''

''അവര്‍ക്ക് ശാശ്വതജീവിതത്തിന്റെ സന്ദേശം എത്തിച്ചുകൊടുക്കാനും ചൈതന്യവും ഉന്മേഷവും പകര്‍ന്നുകൊടുക്കാനും അവിടുന്ന് എന്നോട് കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ മരിച്ചവരെക്കുറിച്ച് വിലാപ കാവ്യം രചിക്കാനും മരണപ്പെട്ടവരുടെ ചരിത്രം എഴുതാനുമാണ് ഈ കഠിനഹൃദയര്‍ എന്നോട് നിര്‍ദ്ദേശിക്കുന്നത്.''

തന്റെ കാലക്കാര്‍ക്ക് വിജ്ഞാനത്തോടുള്ള വിമുഖതയെക്കുറിച്ചും അതീവ ദുഃഖത്തോടെ ഇഖ്ബാല്‍ പ്രവാചക സന്നിധിയില്‍ ആവലാതി സമര്‍പ്പിക്കുന്നു. കവിത അവസാനിക്കുന്നത് സുഊദി ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിനെ അഭിസംബോധന ചെയ്യുന്ന വരികള്‍ കൊണ്ടാണ്. അറബ് രാജ്യങ്ങളിലെ എല്ലാ രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും കൂടി ബാധകമാണത്. വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ചും പാശ്ചാത്യ ശക്തികളെ ആശ്രയിക്കാതെ ആദ്യം അല്ലാഹുവിനെയും പിന്നീട് സ്വന്തം വിഭവങ്ങളെയും ആശ്രയിക്കുവാന്‍ അവരെ അദ്ദേഹം ഉപദേശിക്കുന്നു: ''മരുഭൂമിയില്‍ എവിടെ വേണമെങ്കിലും നിങ്ങള്‍ തമ്പ് കെട്ടിക്കൊള്ളുക. പക്ഷെ, അത് നിങ്ങളുടെ തൂണുകളിലും കുറ്റികളിലുമായിരിക്കണം.''   

സംഗ്രഹ വിവര്‍ത്തനം: ആര്‍.എം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍