Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

ഖത്തര്‍ കത്ത്

റഹീം ഓമശ്ശേരി

അല്‍ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്ക് 
മൂന്ന് വര്‍ഷം കഠിന തടവ്

ല്‍ജസീറ ഇംഗ്ലീഷ് ചാനലിന്റെ മൂന്ന് റിപ്പോര്‍ട്ടര്‍മാരെ മൂന്ന് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ കോടതി വിധി പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പട്ടാള ഭരണകൂടം അട്ടിമറിച്ചതിന് ശേഷം ഈജിപ്തിലുണ്ടായ സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരില്‍, ഭരണകൂട ഭീകരതക്ക് പേര് കേട്ട കയ്‌റോ കോടതി കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ഡോ. മുഹമ്മദ് മുര്‍സി അധികാരത്തിലിരുന്ന കാലത്തെ പോലെ തന്നെ ഈജിപ്തിലെ പൊതു വിഷയങ്ങള്‍ ഏറെ നിഷ്പക്ഷതയോടും കാര്യക്ഷമതയോടും കൂടി തന്നെയാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു സന്ദര്‍ഭത്തില്‍ അല്‍ജസീറയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ അവിടെ നടന്ന സംഭവങ്ങള്‍ ഒന്നും ലോകം അറിയുമായിരുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് പുറത്ത് വരുന്നത്. ഡോ. മുര്‍സിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പായി ഈജിപ്തിലെ മുഴുവന്‍ മാധ്യമങ്ങള്‍ക്കും പട്ടാള ഭരണകൂടം ശക്തമായ മുന്നറിയിപ്പും താക്കീതും നല്‍കിക്കഴിഞ്ഞിരുന്നുവെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിക്‌സ്  വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. 

അബ്ദുല്‍ ഫത്താഹ് അല്‍ സീസി അട്ടിമറിക്ക് തൊട്ട് മുമ്പ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി നടത്തിയ അത്താഴ വിരുന്നിന്റെ വിവരങ്ങളും ഈ അടുത്ത് പുറത്തുവരികയുണ്ടായി. പട്ടാള അട്ടിമറിയെ അനൂകൂലിക്കുന്നവര്‍ക്ക് വന്‍ പ്രലോഭനങ്ങളാണ് അന്ന് നല്‍കിയത്. അല്‍ജസീറയല്ലാത്ത മറ്റു മാധ്യമ സ്ഥാപനങ്ങള്‍ സീസിയുടെ ഈ വാഗ്ദാനങ്ങള്‍ക്ക് മുമ്പില്‍ മുട്ടു മടക്കുന്നതാണ് കണ്ടത്. പിന്നീട് നടന്ന റാബിഅ അല്‍ അദബിയ്യയിലെ കൂട്ടക്കുരുതിയടക്കം അല്‍ജസീറ വഴി മാത്രമാണ് ലോകം അറിയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരായ മൂന്ന് റിപ്പോര്‍ട്ടര്‍മാരെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തടവിലിട്ടിരുന്നത്. ഇവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം ജഡ്ജി വിധി പ്രഖ്യാപിച്ചത്. കനേഡിയന്‍ പൗരത്വമുള്ള ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് ഫഹ്മിയെ അറസ്റ്റ് ചെയ്തത് 2013 ഡിസംബര്‍ മാസമാണ്. ആസ്‌ത്രേലിയന്‍ പൗരനായ പീറ്റര്‍ ഗ്രീസ്റ്റിയെ അറസ്റ്റ് ചെയ്തതും 2013 ഡിസംബറില്‍.  ഈജിപ്ഷ്യന്‍ പൗരനായ ബാഹില്‍ മുഹമ്മദിനെയും അറസ്റ്റ് ചെയ്യുന്നത് 2013 ഡിസംബറില്‍ തന്നെ. അല്‍ജസീറയുടെ ഈജിപ്തിലെ പ്രമുഖ മൂന്ന് റിപ്പോര്‍ട്ടര്‍മാരെയാണ് മാധ്യമ സ്വാതന്ത്ര്യം കാറ്റില്‍ പറത്തി ഈജിപ്ത് കഠിന ശിക്ഷക്ക് വിധിച്ചിട്ടുള്ളത്. 

അല്‍ജസീറ ചാനല്‍ രാജ്യാന്തര തലത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വേണ്ടി ശക്തമായി ഇടപെട്ടു കൊണ്ടിരിക്കെയാണ് കയ്‌റോ കോടതിയുടെ വിധി. വിധി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ചില നീക്ക് പോക്കുകള്‍ നടന്ന് വരുന്നതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. അറബ് വസന്തത്തിന് തുനീഷ്യയില്‍ തുടക്കം കുറിച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് അല്‍ജസീറ ചാനല്‍ അതിന് നല്‍കിയത്. നിഷ്പക്ഷമായും എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നിന്നുമുള്ള അല്‍ജസീറയുടെ വിശകലനങ്ങള്‍ക്ക്  വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തുനീഷ്യയില്‍ വിപ്ലവത്തിന് നിമിത്തമായ ബൂഅസീസിയുടെ കഥ പുറത്ത് വിട്ട് കൊണ്ടാണ് അല്‍ജസീറ ജൈത്രയാത്ര ആരംഭിച്ചത്. ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ വരെ ഈ ചാനലിന്റെ സ്വാധീനം ചര്‍ച്ചയായതുമാണ്.

ഈജിപ്തില്‍ സീസിയുടെ പട്ടാളം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകള്‍ പുറം ലോകത്തെത്തിക്കുന്നതില്‍ വീഴ്ച വരുത്താതെ തന്നെയാണ് അല്‍ജസീറ മുന്നോട്ട് പോകുന്നത്. തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ തടവിലിട്ടും കടുത്ത ശിക്ഷ നല്‍കിയും ഈജിപ്ഷ്യന്‍ ഭരണകൂടം മുന്നോട്ട് പോകുമ്പോള്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാതെയും വിട്ടുവീഴ്ചകള്‍ക്ക് ഇടം കൊടുക്കാതെയും മാധ്യമ ലോകത്തിന്റെ അഭിമാനമായി അല്‍ജസീറ തല ഉയര്‍ത്തി തന്നെ നില്‍ക്കുന്നു. 

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് 
ലോക പണ്ഡിത സഭയുടെ പിന്തുണ

മ്യാന്‍മറില്‍ ദുരിതം പേറുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസം ഇസ്‌ലാമിക ലോകം ഏറ്റെടുക്കണമെന്ന് ലോക മുസ്‌ലിം പണ്ഡിത സഭ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖുറദാഗി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ റോഹിങ്ക്യന്‍ മുസ്‌ലിം പുനരധിവാസം എന്ന പേരില്‍ തുര്‍ക്കി കേന്ദ്രമായി നിലവില്‍ വന്ന സന്നദ്ധ സംഘടനയുടെ ഖത്തറിലെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പുനരധിവാസം ലക്ഷ്യം വെച്ച് തുര്‍ക്കി ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഏറെ വിലമതിക്കുന്നതാണ്. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുകയും മ്യാന്‍മറില്‍ നേരിട്ട് ചെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്ത തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലു ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ഖുറദാഗി അഭിപ്രായപ്പെട്ടു. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിനിധികളാണ് പുതുതായി നിലവില്‍ വന്ന സംഘടനയുമായി സഹകരിക്കാമെന്നേറ്റത്. 

ഗസ്സയിലേക്ക് ഖത്തറിന്റെ സഹായം ഒഴുകുന്നു

ലസ്ത്വീനിലെ ഗസ്സയിലേക്ക് ഖത്തറിന്റെ സഹായ പ്രവാഹം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗസ്സയിലെ വിവിധ മേഖലകള്‍ ഖത്തറിന്റെ സഹായം കൊണ്ട് മാത്രമാണ് നിലനില്‍ക്കുന്നത്. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയുമാണ് ഇതില്‍ പ്രധാനം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗസ്സയിലെ സൈനികര്‍ക്കുള്ള ശമ്പളം നല്‍കിയത് ഖത്തര്‍ ഭരണകൂടമാണ്. ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ വിവിധ പ്രദേശങ്ങള്‍ ഒന്നായി ഖത്തര്‍ ഭരണകൂടം പുനര്‍നിര്‍മിച്ച് വരികയാണ്. നൂറ് കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇങ്ങനെ പുനര്‍ നിര്‍മിച്ചിരിക്കുന്നത്. ഹമദ് സിറ്റിയെന്ന പേരില്‍ ഒരു ടൗണിന്റെ നിര്‍മാണം ദ്രുതഗതിയിലാണ് നടന്ന് വരുന്നത്. 

ഇതിന് പുറമെയാണ് ഖത്തര്‍ ചാരിറ്റിയും ഈദ് ചാരിറ്റിയും റാഫ് ചാരിറ്റിയും വിവിധ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കി വരുന്നത്. ഇസ്രയേല്‍ വര്‍ഷങ്ങളായി ഗസ്സക്ക് മേല്‍ അടിച്ചേല്‍പിച്ച ഉപരോധം വലിയൊരു ദുരന്തമാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നത്. ഈ കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് 'റാഫ് ചാരിറ്റി' വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കി ചാരിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്.  

ധിക്കാരിയായ ഭരണാധികാരിക്ക് ഇരുലോകത്തും രക്ഷയില്ല: 
ശൈഖ് അബ്ദുല്ല അന്നിഅ്മ

ധിക്കാരിയായ ഭരണാധികാരി ദൈവസന്നിധിയില്‍ ശിപാര്‍ശക്ക് പോലും അര്‍ഹനായിരിക്കില്ലെന്ന് പ്രമുഖ പണ്ഡിതനും ഖത്വീബുമായ ശൈഖ് അബ്ദുല്ല അന്നിഅ്മ വ്യക്തമാക്കിയത് കഴിഞ്ഞ ആഴ്ചയിലെ ജുമുഅ ഖുത്വ്ബയിലാണ്. ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ അദ്ദേഹം നടത്തിയ ജുമുഅ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ''നീതി നിഷേധിക്കുകയും പ്രജകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ക്ക് അധികകാലം പിടിച്ചു നില്‍ക്കാനാകില്ല. ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ പ്രശസ്തമായ ഒരു വചനമുണ്ട്. 'എല്ലാ നന്മകളുടെയും വേര് അറിവും നീതിയുമാണ്, എല്ലാ തിന്മയുടെയും വേരാകട്ടെ അജ്ഞതയും അക്രമവുമാണ്.' ഒരു അക്രമിക്കും എല്ലാ കാലവും തന്റെ അധീശത്വം നിലനിത്താനായിട്ടില്ല. കുറച്ച് കാലമൊക്കെ ഭരിക്കാനും അക്രമം കാണിക്കാനും കഴിഞ്ഞാല്‍ തന്നെ ഒരു രാജാവിനും ശാശ്വത ഭരണം ലഭിച്ചതായി അറിയില്ല. അറബ്-അറബേതര ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ പശ്ചാത്തലത്തിലാണ്  ശൈഖ് അബ്ദുല്ല അന്നിഅ്മയുടെ പരാമര്‍ശങ്ങള്‍. മുടിചൂടാമന്നന്മാരായി വിരാജിച്ച ഭരണാധികാരികളൊക്കെ ഇന്നെവിടെ? ഭൂതകാലവും വര്‍ത്തമാന കാലവും നമുക്ക് നല്‍കുന്ന പാഠം ചെറുതല്ല. നംറൂദുമാരും ഫറോവമാരും നൂറ്റാണ്ടുകള്‍ ജീവിച്ചില്ല എന്ന യാഥാര്‍ഥ്യം അഭിനവ ഭരണാധികാരികള്‍ മനസ്സിലാക്കണം'' - ശൈഖ് അന്നിഅ്മ മുന്നറിയിപ്പ് നല്‍കി. അറബ് വസന്തകാലത്ത് പിഴുതെറിയപ്പെട്ട ഭരണാധികാരികളെ എടുത്തുകാട്ടി, ഇനിയും ജനങ്ങളെ അടിച്ചൊതുക്കി ദുര്‍ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ക്കുള്ള താക്കീതായിരുന്നു ഈ പ്രസംഗം.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍