Prabodhanm Weekly

Pages

Search

2015 ജൂലൈ 17

അനുസ്മരണം

യൂനുസ് പെരുമ്പാവൂര്‍

പെരുമ്പാവൂര്‍ ഒക്കല്‍ മഠത്തില്‍ വീട്ടില്‍ വിനു എന്ന യൂനുസ് പെരുമ്പാവൂര്‍ ടൗണ്‍ ഹല്‍ഖയിലെ മുത്തഫിക്ക് ആയിരുന്നു. 25-ാമത്തെ വയസ്സില്‍ സുഹൃത്ത് മാഹീനോടൊപ്പം സത്യവിശ്വാസത്തിലേക്ക് കടന്നുവന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച വിവരം അമ്മയെയും സഹോദരിയെയും അറിയിച്ചുവെങ്കിലും അഛനില്‍നിന്ന് ആദ്യമത് മറച്ചുവെച്ചു. പക്ഷേ, യൂനുസിന്റെ വിവാഹാന്വേഷണവേളയില്‍ അഛനോട് ആ വിവരം വ്യക്തമാക്കേണ്ടിവന്നു. അഛന് ഈ ആദര്‍ശമാറ്റം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഇസ്‌ലാം സ്വീകരിച്ച ഏഴംഗ കുടുംബത്തിലെ ആമിനയെന്ന പെണ്‍കുട്ടിയെയാണ് യൂനുസ് വിവാഹം ചെയ്തത്. വിവാഹശേഷം യൂനുസും ഭാര്യയും മാറിത്താമസിച്ചുകൊള്ളട്ടെ എന്ന നിലപാടാണ് പിതാവ് എടുത്തത്. എന്നാല്‍ മാതാപിതാക്കളോടും കുടുംബത്തോടും ഒരു വിശ്വാസി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ കടമകളും ബാധ്യതകളും നിറവേറ്റി അവരോടൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തില്‍ യൂനുസ് ഉറച്ചുനിന്നു.  മകന്റെ സ്‌നേഹത്തിനു മുമ്പില്‍ പിതാവിന്റെ നിശ്ചയദാര്‍ഢ്യം  പതിയെ അലിഞ്ഞില്ലാതായി. അമ്മയും അഛനും സഹോദരിയുമടങ്ങുന്ന കുടുംബത്തോടൊപ്പം തന്നെ യൂനുസും ഭാര്യയും ജീവിച്ചു.

എന്നാല്‍ ഈ സന്തോഷത്തിന്റെ നാളുകള്‍ ഏറെ നീണ്ടുനിന്നില്ല. കാന്‍സറെന്ന മാരകരോഗം യൂനുസിനെ പിടികൂടി. രോഗം തിരിച്ചറിയാന്‍ വൈകിയതിനാല്‍ രോഗാവസ്ഥ അവസാനഘട്ടത്തിലെത്തിയിരുന്നു. ഭീതിയും വേദനയും കൊണ്ട് അസ്വസ്ഥനായ യൂനുസ് ക്രമേണ തന്റെ അവസ്ഥ ഉള്‍ക്കൊള്ളുവാന്‍ തുടങ്ങി. സുഖവിവരങ്ങള്‍ തിരക്കുന്നവരോട് 'അല്‍ഹംദുലില്ലാഹ്' എന്നായിരുന്നു യൂനുസിന്റെ മറുപടി.

ഈ അവസ്ഥയിലും ഖുര്‍ആന്‍ ശ്രവിക്കുകയും നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ആത്മാര്‍ഥമായ സ്‌നേഹവും ഇടപെടലുകളും യൂനുസിനെ അവരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയിരുന്നു. ഒടുവില്‍ അസുഖം മൂര്‍ഛിച്ച് യൂനുസ് മരണത്തിന് കീഴടങ്ങി.

പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിച്ചിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവന്നത്. തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചിന്തോദ്ദീപകമായ ഇസ്‌ലാമിക സന്ദേശങ്ങള്‍ അദ്ദേഹം നല്‍കി. മരിക്കുവോളം സ്വന്തം കുടുംബത്തില്‍തന്നെ കഴിഞ്ഞുകൂടി. മതസ്പര്‍ധയുടെയും വിദ്വേഷത്തിന്റെയും വര്‍ത്തമാനകാല ഇന്ത്യയില്‍ ഒരു മുസ്‌ലിം എങ്ങനെയായിരിക്കണമെന്ന് ഇങ്ങനെ സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം മാതൃകയായി. അവസാന നാളുകളില്‍, ഇനിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കണമെന്നും അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ തന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞും സുഹൃത്തുക്കളും എല്ലാം ഉണ്ടാകണമെന്നും ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ വിവരം ഒസ്യത്തായി മാതാവിനോടും സഹോദരിയോടും പറയുകയും ചെയ്തു.

അബൂബക്കര്‍ പോഞ്ഞാശ്ശേരി

സി.പി കുഞ്ഞമ്മു ഹാജി

സാമാന്യം തരക്കേടില്ലാത്ത ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കാര്‍ഷിക വൃത്തി ജീവിത മാര്‍ഗമായി സ്വീകരിച്ച വ്യക്തിയായിരുന്നു സി.പി കുഞ്ഞമ്മുഹാജി. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, പി.കെ അബ്ദുല്ല മൗലവി എന്നിവരോടൊപ്പം ഉമറാബാദില്‍ ഉപരിപഠനം നടത്തിയിരുന്ന സി.പി മൂസ മൗലവിയുടെ കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മാര്‍ഗദര്‍ശിയായിരുന്ന മര്‍ഹും വി.പി മുഹമ്മദലി (ഹാജി സാഹിബ്) യുടെ ഇരിമ്പിളിയത്തെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും കണ്ടുവളര്‍ന്ന കുഞ്ഞമ്മുഹാജി ആ കാലം മുതല്‍ തന്നെ പ്രസ്ഥാനത്തെ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു. ദീനീ വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസവുമേ ഉണ്ടായിരുന്നുള്ളൂ. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിവാര യോഗങ്ങളില്‍ നിന്ന് അക്കാലത്ത് നിര്‍ദ്ദിഷ്ട ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും കണിശമായും പഠിക്കേണ്ടിയിരുന്നു. അതിലൂടെ ലഭ്യമായ വിജ്ഞാനങ്ങള്‍ വളരെ വിലമതിക്കത്തക്കതും ഹൃദ്യവുമായിരുന്നു. സ്റ്റഡി ക്ലാസുകള്‍, മറ്റു വിജ്ഞാന സദസ്സുകള്‍ എന്നിവയിലൂടെയും ദീനീ വിജ്ഞാനങ്ങള്‍ സ്വായത്തമാക്കിയിരുന്നു. 

ആദ്യകാല ജമാഅത്ത് സമ്മേളനങ്ങള്‍ക്ക് നാട്ടില്‍ നിന്ന് അരി, നാളികേരം, പച്ചക്കറികള്‍, തെങ്ങിന്‍ തടുക്കുകള്‍, മുള, കവുങ്ങ് എന്നിത്യാദി വസ്തുക്കള്‍ ശേഖരിക്കലായിരുന്നു പതിവ്. പന്തല്‍പണിക്കും മറ്റും പ്രവര്‍ത്തകര്‍ ഊഴമിട്ട് ശ്രമദാനത്തിലൂടെയായിരുന്നു സേവനം ചെയ്തിരുന്നത്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം മുന്‍പന്തിയിലുണ്ടായിരുന്നു കുഞ്ഞമ്മു സാഹിബ്. ഇരിമ്പിളിയം പ്രാദേശിക ജമാഅത്തിലെ 'കാര്‍ക്കുന്‍' ആയിരുന്ന അദ്ദേഹം തൊട്ടടുത്ത കോട്ടപ്പുറം സുന്നി മഹല്ല് കമ്മിറ്റിയില്‍ 33 വര്‍ഷം വൈസ് പ്രസിഡന്റായിരുന്നു.

ശംസുദ്ദീന്‍ ഇരിമ്പിളിയം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍