ഖുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമായ ഹദീസുകളെ എങ്ങനെ സമീപിക്കണം?
ഖുര്‍ആനെ ഒന്നാം പ്രമാണമായി അംഗീകരിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇതിന്റെ ഒരു പ്രധാന വിവക്ഷ ഹദീസുകള്‍ ഖുര്‍ആന്റെ വ്യാഖ്യാനമാണെങ്കിലും വ്യാഖ്യാനം ആവശ്യമില്ലാതെ ഖുര്‍ആന്‍ തന്നെ നസ്വായി(സുവ്യക്തമായി)പറഞ്ഞ സൂക്തങ്ങള്‍ക്ക് എതിരായി ഹദീസുകള്‍ വന്നാല്‍ അവ അവഗണിക്കുക എന്നതാണ്. ഇത്തരം ഹദീസുകളെ അടിസ്ഥാനമാക്കി ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യുകയോ ഖുര്‍ആനെ അവഗണിക്കുകയോ ചെയ്യുവാന്‍ പാടില്ല. ഈ ശൈലിയായിരുന്നു സ്വഹാബിവര്യന്‍മാര്‍ സ്വീകരിച്ചിരുന്നത്. എത്ര വലിയ മഹാന്‍ പറഞ്ഞതാണെങ്കിലും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ച് അദ്ദേഹത്തിന് പിഴവ് സംഭവിച്ചതായി വ്യാഖ്യാനിച്ച് ഖുര്‍ആന്റെ അധ്യാപനത്തിലേക്ക് മടങ്ങും. യഥാര്‍ഥ സലഫിസവും ഇത് തന്നെയായിരുന്നു. എന്നാല്‍ ഖുര്‍ആനിന് എതിരായി നിര്‍മിച്ചുണ്ടാക്കിയ ഹദീസുകള്‍ ഖുര്‍ആന്റെ വ്യാഖ്യാനമാണെന്ന് വരുത്തിത്തീര്‍ത്ത് ചിലര്‍ ഖുര്‍ആനെ അവഗണിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന പ്രവണത വ്യാപകമാവുകയാണ്. ഇതിന് സലഫിസം എന്ന ഓമനപ്പേര് നല്‍കി ഖുര്‍ആന്‍ നിഷേധം പ്രകടിപ്പിക്കുകയാണിവര്‍. ഖുര്‍ആനോട് കൂറ് പുലര്‍ത്തുക എന്നതിലുപരി ഇവരുടെ അടുത്ത് ഏറ്റവും വലിയത് ഖുര്‍ആന് എതിരായ ഹദീസുകളോട് കൂറ് പുലര്‍ത്തലാണ്. ഖുര്‍ആന് എതിരായ ഹദീസുകളെ വര്‍ജ്ജിക്കുന്നവരെ ഇവര്‍ ഹദീസ് നിഷേധികളായി മുസ്‌ലിംകള്‍ക്കിടയില്‍ പരിചയപ്പെടുത്തുകയും ചെയ്യും. ഖുര്‍ആന്‍ നിഷേധം ഇവരുടെ അടുത്ത് വലിയ പാതകമല്ല. ഖുര്‍ആന്‍ നിഷേധത്തില്‍ നിന്ന് മോചിതരായി ഖുര്‍ആന്റെ വക്താക്കളായി ജീവിക്കണമെന്ന ശ്രദ്ധയും ഇവര്‍ക്കില്ല.
'ഒരു ജൂതന്‍ നബി(സ)ക്ക് സിഹ്ര്‍ ചെയ്യുകയും അതു നബി(സ)ക്ക് ഫലിക്കുകയും ചെയ്തു; അങ്ങനെ താന്‍ ചെയ്യേണ്ടത് ചെയ്തില്ല, ചെയ്യരുതാത്തത് ചെയ്തു, ഭാര്യയെ സമീപിച്ചുവോ ഇല്ലയോ എന്നെല്ലാം നബിക്ക് സംശയം ഉണ്ടാകുവോളം ബുദ്ധിക്ക് തകരാര്‍ സംഭവിച്ചു; ഈ രോഗം ആറ് മാസക്കാലം നീണ്ടുനിന്നു' (ബുഖാരി, അഹ്മദ്) എന്നെല്ലാം ഒരു മുസ്‌ലിം വിശ്വസിച്ചാല്‍ അവന്‍ ഖുര്‍ആന്‍ നിഷേധിയാകുമെന്ന യാഥാര്‍ത്ഥ്യം അവഗണിച്ചു, ഹദീസ് നിഷേധിയാവാതിരിക്കാന്‍ ഇത്തരം ഹദീസുകളെ സ്വഹീഹായി അംഗീകരിക്കുവാന്‍ ഇവര്‍ മുസ്‌ലിം സമൂഹത്തോട് കല്‍പിക്കുന്നു. അങ്ങനെ നബി(സ)ക്ക് ഒരു ജൂതന്‍ ചെയ്ത സിഹ്ര്‍ ആറ് മാസക്കാലം നബിക്ക് ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാക്കി എന്ന് വിശ്വസിക്കല്‍ ഒരു ഹദീസ് സ്‌നേഹിയുടെ വിശ്വാസ കാര്യമായി മുസ്‌ലിം സമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം വിശ്വസിച്ചതുകൊണ്ട് മുസ്‌ലിം സമൂഹത്തിന് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കാറുമില്ല. ഇസ്‌ലാമിനെ വിമര്‍ശിക്കുവാന്‍ ജൂത-ക്രിസ്ത്യാനികള്‍ ഈ ഹദീസിനെ ഉപയോഗപ്പെടുത്താറുണ്ട്. അവര്‍ക്കതിന് കരുത്ത് പകരുക മാത്രമാണിവര്‍ ചെയ്യുന്നത്. ഖുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമായ ഹദീസുകള്‍ പ്രമുഖരുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു പോലും സ്വഹാബികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഉദാഹരണങ്ങള്‍:
1. ഖലീഫ ഉമര്‍(റ) മരണത്തെ അഭിമൂഖീകരിക്കുന്ന വേളയില്‍ സ്വുഹൈബ്(റ) അവിടെ വന്ന് കരയുവാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: ''സ്വുഹൈബേ! നീ കരയുകയാണോ? തീര്‍ച്ചയായും നബി(സ)പറഞ്ഞിട്ടുണ്ട്, മയ്യിത്തിന്റെ മേല്‍ ആളുകള്‍ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടും.'' ഈ സംഭവം ആഇശ(റ)യോട് ഇബ്‌നു ഉമര്‍ (റ)എന്ന പ്രഗല്‍ഭ സ്വഹാബി പറഞ്ഞപ്പോള്‍ 'പാപം വഹിച്ചവന്‍ മറ്റൊരുവന്റെ പാപം വഹിക്കുകയില്ല' എന്ന ഖുര്‍ആന്‍ സൂക്തം ആഇശ(റ) ഓതി സംഭവത്തെ നിഷേധിച്ചു(ബുഖാരി:1288, മുസ്‌ലിം:929). ഇബ്‌നു ഉമര്‍(റ) ആഇശ(റ)യെ അഗീകരിച്ചുവെന്നും ബുഖാരിയുടെ നിവേദനത്തില്‍ പറയുന്നു.
2. ബദ്‌റിലെ കിണറ്റില്‍ എറിയപ്പെട്ട മുശ്‌രിക്കുകളോട് നബി(സ)സംസാരിച്ചു. ആത്മാവില്ലാത്ത ജഡങ്ങളോടാണോ സംസാരിക്കുന്നതെന്ന് സ്വഹാബിമാര്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ 'നിങ്ങള്‍ കേള്‍ക്കുന്നതിനെക്കാള്‍ എന്റെ സംസാരം അവര്‍ കേള്‍ക്കും' (ബുഖാരി) എന്ന് നബി പ്രത്യുത്തരം നല്‍കി എന്ന് പറയുന്ന സംഭവം ആഇശ(റ)യോട് പറഞ്ഞപ്പോള്‍ നബി(സ) ഇപ്രകാരം മറുപടി പറഞ്ഞിട്ടില്ലെന്ന് ഖുര്‍ആന്‍ സൂക്തം ഓതിക്കൊണ്ട് അവര്‍ നിഷേധിച്ചു (ബുഖാരി: 2981).
3. മിഅ്‌റാജിന്റെ സന്ദര്‍ശനത്തില്‍ നബി(സ)അല്ലാഹുവിനെ ദര്‍ശിച്ചുവെന്ന് പ്രഗത്ഭരായ ചില സ്വഹാബിമാര്‍ പറഞ്ഞപ്പോള്‍ ഈ സംഭവത്തിന് സാക്ഷിയായിട്ടില്ലെങ്കിലും ഖുര്‍ആന്‍ ഓതി ആഇശ(റ)എതിര്‍ത്തു(മുസ്‌ലിം: 228).
4. അബൂദര്‍റ്, അബ്ദുല്ലാഹിബ്‌നു മുഗഫല്‍, അബൂഹുറയ്‌റ(റ), ഇബ്‌നു അബ്ബാസ്(റ) മുതലായവര്‍, നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ സ്ത്രീകള്‍, പട്ടി, കഴുത എന്നിവ നടന്നുപോയാല്‍ നമസ്‌കാരം മുറിയുമെന്ന് നബി(സ)പറഞ്ഞിട്ടുണ്ടെന്ന് ഉദ്ധരിച്ചപ്പോള്‍ 'ഞങ്ങളെ നിങ്ങള്‍ പട്ടിയോടും കഴുതയോടും സാദൃശ്യപ്പെടുത്തുകയാണോ' എന്ന് ചോദിച്ചുകൊണ്ട് ആഇശ(റ) ആ വാക്കുകളെ തള്ളിക്കളഞ്ഞു (ബുഖാരി: 514).
5. ഫാത്വിമത്ത് ബിന്‍തു ലൈസ്(റ) എന്ന സ്ത്രീയെ ഭര്‍ത്താവ് മൂന്ന് ത്വലാഖ് ചൊല്ലിയപ്പോള്‍ അവള്‍ക്ക് ചെലവും താമസസ്ഥലവും നല്‍കേണ്ടതില്ലെന്ന് നബി(സ) അവളുടെ ഭര്‍ത്താവിനോടു കല്‍പിച്ചു എന്ന് വിശ്വസ്തരായ സ്വഹാബിമാര്‍ ഖലീഫ ഉമറി(റ)നോടു പറഞ്ഞു. ഉമര്‍(റ) ഈ റിപ്പോര്‍ട്ട് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളഞ്ഞു. അവള്‍ക്ക് രണ്ടും നല്‍കണമെന്ന് മതവിധി നല്‍കി.(ബുഖാരി:5221).
6. നബി(സ) നാടന്‍ കഴുതയുടെ മാംസം നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് ജാബിര്‍, ഇബ്‌നു ഉമര്‍, അലി(റ) മുതലായ സ്വഹാബിമാര്‍ ഉദ്ധരിച്ചു. എന്നാല്‍ ഇബ്‌നു അബ്ബാസ്(റ) ഖുര്‍ആന്‍ ഓതി ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു(ബുഖാരി:5529).
7. തേറ്റയുള്ള മൃഗത്തെ നബി(സ) വിരോധിച്ചിട്ടുണ്ടെന്ന് അനസ്, അബൂ സഅ്‌ലബ(റ)മുതലായ സ്വഹാബിമാര്‍ നിവേദനം ചെയ്തപ്പോള്‍ ഇബ്‌നു അബ്ബാസ്, ആഇശ, ജാബിര്‍, ഇബ്‌നു ഉമര്‍(റ) മുതലായ സ്വഹാബിമാര്‍ ആശയത്തെ(മത്ന്‍)ഖുര്‍ആനുമായി തുലനപ്പെടുത്തി തള്ളിക്കളഞ്ഞു (ഇബ്‌നു മുന്‍ദിര്‍, ഇബ്‌നു അബീ ഹാതിം ഇബ്‌നു മര്‍ദവൈ).
ഇമാമുകളുടെ നിലപാടുകള്‍
1. അബൂഹനീഫ(റ): കൃഷിക്ക് അഞ്ച് വസ്ഖ് ധാന്യമുണ്ടായാല്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാവുകയുള്ളൂ എന്ന് പറയുന്ന നിവേദനം (ബുഖാരി, മുസ്‌ലിം) ഇമാം അബൂഹനീഫ(റ), സൂറഃ അല്‍അന്‍ആമിലെയും അല്‍ബഖറയിലെയും സൂക്തങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ഇതുപോലെ സിഹ്‌റിന്, യാഥാര്‍ത്ഥ്യമില്ലെന്നും അബൂ ഹനീഫ(റ) പ്രഖ്യാപിച്ചു.
2. ഇമാം മാലിക്(റ): നബി(സ) വുദുവിന്റെ സന്ദര്‍ഭത്തില്‍ തലപ്പാവിന്മേല്‍ തടവി എന്ന് പറയുന്ന റിപ്പോര്‍ട്ടിനെ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഇമാം മാലിക്(റ) വര്‍ജിച്ചു; ഇമാം ഖത്വാബി(റ)യും (ഫത്ഹുല്‍ബാരി: 1-569). നരകത്തില്‍ ആളുകള്‍ ഇല്ലാത്ത അവസ്ഥ വരുമ്പോള്‍ അല്ലാഹു പുതിയ മനുഷ്യന്മാരെ സൃഷ്ടിച്ച് നരകത്തില്‍ ഇടുമെന്ന് പറയുന്ന ഹദീസ് (ബുഖാരി: 7449) ഖുര്‍ആനിന് എതിരാണെന്ന് പറഞ്ഞു ഇബ്‌നു ഖയ്യിം(റ) നിരസിച്ചു (ഫത്ഹുല്‍ബാരി: 17-341).
ഇത്രയും വിവരിച്ചതില്‍ നിന്ന് ഖുര്‍ആനില്‍ നസ്വായി (സുവ്യക്തമായി) പ്രഖ്യാപിച്ചതിന് എതിരായി ഹദീസ് റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ അതിനെ തള്ളിക്കളയുക എന്നതാണ് സ്വഹാബി വര്യന്മാരുടെയും ശരിയായ സലഫികളുടെയും ചര്യ. അത്തരം വര്‍ത്തമാനങ്ങളെ സ്വീകരിക്കാന്‍ ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് സലഫിസവുമല്ല.
വിശുദ്ധ ഖുര്‍ആനില്‍ സത്യത്തിന് എതിരായിട്ടാണ് സിഹ്ര്‍ എന്ന പദം പ്രയോഗിക്കുന്നത് (സൂറഃ യൂനുസ് 76). ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ ചതി, വഞ്ചന, അടിസ്ഥാന രഹിതം മുതലായ അര്‍ത്ഥങ്ങളിലും സിഹ്ര്‍ എന്ന പദം പ്രയോഗിച്ചതു കാണാം. അക്രമികളും ദുര്‍മാര്‍ഗ്ഗികളും ഒരിക്കലും സത്യം കണ്ടെത്തുവാന്‍ സാധിക്കാത്തവരുമാണ് നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചുവെന്ന് പറയുക എന്ന് വിശുദ്ധ ഖുര്‍ആന്‍ നസ്വായി പ്രഖ്യാപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? (സൂറ: അല്‍ ഇസ്‌റാഅ് 47, അല്‍ ഫുര്‍ഖാന്‍: 8). പത്ത് മിനുട്ട് നേരം സിഹ്ര്‍ ബാധിച്ച വ്യക്തിക്കും മസ്ഹൂറ് എന്ന് പറയുന്നതാണ്. അപ്പോള്‍ നബി(സ)ക്ക് 'സ്ഥിരമായി സിഹ്ര്‍ ബാധിച്ചിട്ടില്ല. ആറു മാസം മാത്രമാണ് സിഹ്ര്‍ ബാധിച്ചത്. അതിനാല്‍ മസ്ഹൂര്‍ എന്ന് പറയുകയില്ല' എന്ന് വ്യാഖ്യാനിക്കല്‍ ഹദീസിനു വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യലാണ്. ശത്രുക്കള്‍ നബി(സ)യെ മസ്ഹൂര്‍ എന്ന് ആക്ഷേപിച്ചതുപോലെ തങ്ങള്‍ പറയുന്നില്ലെന്ന് സ്ഥാപിക്കാനാണ് ഇവര്‍ ഖുര്‍ആനെ ഇപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. പത്തു മിനുട്ടു നബിക്ക് സിഹ്ര്‍ ബാധിച്ച് എന്ന് പറയുന്നത് തന്നെ ഖുര്‍ആനിക ആശയങ്ങളെ തള്ളിക്കളയലാണ്. നബി(സ)യുടെ പേരിലുള്ള മസ്ഹൂറെന്ന ആരോപണത്തെ ഇതുവഴി ഇവര്‍ അംഗീകരിക്കുന്നു. സമയ പരിധിയില്‍ മാത്രമാണ് ഇവര്‍ക്കിടയിലുള്ള തര്‍ക്കം.
'നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചതായി പറയുന്നവര്‍ അക്രമികളാണ് എന്ന് പറയുന്ന സൂറഃ മക്കയില്‍ വെച്ചാണ് അവതരിച്ചത്. എന്നാല്‍ മദീനയില്‍ വെച്ചാണ് ഒരു ജൂതന്‍ നബി(സ)ക്ക് സിഹ്ര്‍ ചെയ്തത്. മക്കയിലിറങ്ങിയ ആയത്തിന് ശേഷമാണ് നബിക്ക് സിഹ്ര്‍ ബാധിച്ചതെന്ന് വ്യാഖ്യാനം.' ഇതാണ് മറ്റൊരു വിഭാഗം സലഫികളുടെ വാദവും ദുര്‍വ്യാഖ്യാനവും. മദീനയില്‍ വെച്ച് ഒരു ജൂതന്‍ നബി(സ)ക്ക് സിഹ്ര്‍ ചെയ്യുകയും അതു ആറ് മാസക്കാലം നബി(സ)ക്ക് ഫലിക്കുമെന്ന് അല്ലാഹുവിന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നുമാണോ ഈ ദുര്‍വ്യാഖ്യാനക്കാര്‍ പറയുന്നത്?! അന്ത്യദിനമടക്കം സംഭവിക്കാനിരിക്കുന്ന സംഗതികള്‍ മുന്‍കൂട്ടി അറിയുന്ന അദൃശ്യ ജ്ഞാനിയാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് ഒരു ഹദീസ് സ്വീകാര്യമാക്കാന്‍ ഇപ്രകാരമെല്ലാം ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. ഖുര്‍ആനിന് എതിരായി കാണുന്ന ഹദീസുകള്‍ സ്വീകാര്യമല്ല. ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസുകളിലും ഖുര്‍ആനികാശയങ്ങള്‍ക്ക് എതിരായ ഹദീസുകള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരും സലഫികളും ഇതെല്ലാം അംഗീകരിച്ചിട്ടുമുണ്ട്.
Comments