എ സര്‍ജന്‍ റിമംബേഴ്‌സ്
വ്യക്തിബന്ധങ്ങളില്‍ സംഭവിക്കുന്ന അദൃശ്യവും അകാരണവുമായ നിമിത്തങ്ങളും, തീര്‍ത്തും ചില അപരിചിതര്‍ തീര്‍ക്കുന്ന പാലങ്ങളും എത്ര കെട്ടുറപ്പുള്ളതായി മാറുന്നുവെന്ന് അത്ഭുതപ്പെടാറുണ്ട്. തിരക്കു പിടിച്ച ഓപ്പറേഷന്‍ തീയറ്ററുകള്‍, അത്യാസന്ന പരിചരണ വിഭാഗങ്ങള്‍, ലേബര്‍ റൂമുകള്‍, അവിടങ്ങളില്‍ ജോലി ചെയ്യുന്ന, മുള്‍മുനയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ്, മിഡ്‌വൈഫ്‌സ് എന്നിവരുള്‍പ്പെടുന്നതാണ് എന്റെ പുസ്തകവില്‍പനയുമായി ബന്ധപ്പെട്ട ഉപജീവനമാര്‍ഗം. ഒന്ന് തിരിഞ്ഞ് നോക്കുമ്പോഴാണ്, മുഖപരിചയം മാത്രമുള്ള, പേരറിയാത്ത കുറേപ്പേര്‍ പല ആശുപത്രികളിലുമായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നല്ല പരിചയമുള്ള അപരിചിതരായി തുടരുന്നുവെന്ന് ബോധ്യമായത്. ഒരു ഭായി, അല്ലെങ്കില്‍ ഹലോ സിസ്റ്റര്‍, യാ അഖീ, ഹേ കുട്ടാ, അല്ല അണ്ണാ, ഹായ് തമ്പീ ഇങ്ങനെ തുടരുന്ന വിളികളും നിരന്തര സമ്പര്‍ക്കങ്ങളും. അവരിലൊരാളാണ്, ഞാന്‍ ഇപ്പോഴും പേരിന് വേണ്ടി മാത്രം ഒരു പേരു നല്‍കുന്ന ആഇശ എന്ന പയ്യോളി കോഴിക്കോട്ട് കാരി. ഓപ്പറേഷന്‍ തിയറ്ററിന്റെ കവാടത്തിലുള്ള അറ്റന്റര്‍ കം പോര്‍ട്ടറാണ് അവര്‍.
ഇന്നയാളെയൊന്ന് വിളിക്കാമോ, ഈ പുസ്തകമൊന്ന് കൊടുക്കുമോ, അയാളുടെ കൈയിലുള്ള പണമൊന്ന് വാങ്ങിത്തരുമോ, ഈ പൊതി ഡോക്ടറെ ഏല്‍പിക്കാമോ എന്നു തുടങ്ങി, കണ്ടാലുടനെ ആരെക്കാണണം, എന്തു ചെയ്യണം ഇത്യാദി കുശലങ്ങള്‍. പലപ്പോഴും വളരെ പ്രധാനപ്പെട്ട കടലാസുകളില്‍ ഒപ്പു വാങ്ങിച്ച് തരുന്നതും ആഇശ തന്നെയാണ്. സ്റ്റെറിലൈസ്ഡ് ഏരിയയായതു കൊണ്ട് എല്ലാവര്‍ക്കും ഉള്ളിലോട്ട് പ്രവേശനമില്ല. അങ്ങനെയൊരു ദിവസം ഒരു റമദാന്‍ ദിനത്തില്‍ രാവിലെ അധികം തിരക്കില്ലാത്തതുകൊണ്ട് അവര്‍ അവരുടെ ജീവിതം പറഞ്ഞു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടത്, രണ്ടു പെണ്‍കുട്ടികള്‍ പുരനിറഞ്ഞുനില്‍ക്കുന്നത്, ഭാഗ്യവശാല്‍ ഇവിടെ വന്ന് കാര്യങ്ങള്‍ എളുപ്പമായത്... അടുത്ത് രണ്ടു മാസത്തിനകം നാട്ടില്‍ പോയി രണ്ടുപേരുടെയും കല്യാണം ഒന്നിച്ച് നടത്താമെന്ന് വിചാരിക്കുന്നു. ഇതൊക്കെ പറഞ്ഞ് ആശ്വസിച്ച് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണവര്‍.
ഇടക്ക് എന്നോട് ഒരു ചോദ്യം: ''കാക്കാ, ഒരു മുസ്വ്ഹഫ് കിട്ടുമോ? റമദാനല്ലേ, മലയാള പരിഭാഷ വേണം. കുറെ സമയം പകലൊഴിവുണ്ട്. ഓതാമല്ലോ.'' എനിക്കും സന്തോഷമായി. സുഊദിയില്‍ വന്നശേഷം സമ്മാനമായും ഉപഹാരമായും എനിക്ക് കൂടുതല്‍ കിട്ടിയിട്ടുള്ളത് വിശുദ്ധ ഖുര്‍ആന്റെ വിവിധ ഭാഷകളിലുള്ള കോപ്പികളാണ്. അതു കൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് തരാമെന്നും പറഞ്ഞു. ഭാഗ്യമെന്ന് പറയട്ടെ, അന്ന് ഉച്ച തിരിഞ്ഞ് തന്നെ എനിക്ക് വീണ്ടും അവിടെത്തന്നെ പോകേണ്ടി വന്നു. അവര്‍ക്കുള്ള ഖുര്‍ആന്‍ കോപ്പി എത്തിക്കുകയും ചെയ്തു. ഇത് കൈമാറുന്ന സമയത്ത് അവിടത്തെ അതിപ്രശസ്തനായ സര്‍ജന്‍ ഡോ. അഹ്മദ് തുവൈജരി ഇത് കാണാനിടയായി. അത്യന്തം പ്രസന്നവാനായി കാണപ്പെട്ട അദ്ദേഹം ചോദിച്ചു: ''ഹാ, നിങ്ങള്‍ റമദാനില്‍ ഖുര്‍ആന്‍ സമ്മാനിക്കുകയാണോ? വല്ലാഹി ഫീഹി റഹ്മ, വല്ലാഹി ഫീഹി ബറക്ക.. അതോടൊപ്പം സുഹൃത്തേ, താങ്കള്‍ എന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍മപ്പെടുത്തിയതിന് നന്ദി.''
ഡോ. തുവൈജരി സുഊദിയില്‍ മാത്രമല്ല, പല രാജ്യങ്ങളിലും സര്‍ജറി നടത്താന്‍ ക്ഷണം ലഭിക്കാറുള്ള പ്രശസ്തനും പ്രഗത്ഭനുമായ, വളരെ തിരക്കുപിടിച്ച ന്യൂറോ സര്‍ജനാണ്. അദ്ദേഹം തുടര്‍ന്നു: ''എനിക്ക് പത്തു വയസ്സുള്ള രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്. പെണ്‍കുട്ടികള്‍. നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല. കുറെ മാസങ്ങളായി അവര്‍ക്ക് ഖുര്‍ആന്റെ ഓരോ കോപ്പി സ്വന്തമായി വേണമെന്ന് പറയുന്നു. നാളിത് വരെ എന്തോ അത് മാത്രം നടന്നിട്ടില്ല. സുഊദിയാണ്, മുസ്‌ലിമാണ്, നോക്ക് എന്റെയൊരു കാര്യം. പക്ഷെ ഇതെന്തായാലും നല്ലൊരു നിമിത്തമായി. ആഇശക്ക് കിട്ടിയ പോലെ, എന്റെ കുട്ടികള്‍ക്കും ഞാനിന്ന് ഡ്യൂട്ടി കഴിഞ്ഞ് നേരെ ബുക്ക് ഷോപ്പില്‍ പോയി ഖുര്‍ആന്‍ വാങ്ങിച്ചു കൊടുക്കും. നിങ്ങള്‍ സാക്ഷി, ആഇശ സാക്ഷി. ഏതായാലും ആയിരമായിരം നന്ദിയുണ്ട്. ഒരിക്കലും ഇത്ര നീളാന്‍ പാടില്ലാത്ത കാര്യ നിവൃത്തിക്ക് കാരണമായല്ലോ നിങ്ങളുടെ ഈ പ്രവൃത്തി.''
അപ്പോള്‍ ഞാന്‍ പറഞ്ഞു: ''ഡോക്ടര്‍, എന്റെ സുഹൃത്തുണ്ട്, ഒരു ഉസ്താദ്. അദ്ദേഹം പറയുന്നൊരു കാര്യം ഞാന്‍ ഡോക്ടറുമായി പങ്കുവെക്കാം: നമുക്ക് നമ്മുടെ ഇഷ്ടവസ്ത്രങ്ങളുണ്ട്, പ്രിയപ്പെട്ട കാറുണ്ട്, വീടുണ്ട്, സുന്ദരിയായ ഭാര്യയുണ്ട്, വേണ്ട ഭക്ഷണങ്ങളും. വിദേശയാത്രകളടക്കം നടത്താറുണ്ട്. ഇത് പോലെ നമുക്കോരോരുത്തര്‍ക്കും വേണ്ടതല്ലേ സ്വന്തം പേരെഴുതിയ, നമ്മുടെ വിയര്‍പ്പ് പറ്റിക്കിടക്കുന്ന, നൊമ്പരങ്ങളും, ആകുലതകളും, പ്രാര്‍ഥനകളും പങ്കുവെച്ച, കണ്ണീര്‍ വീണ, അടിക്കുറിപ്പുകളും, അടയാളങ്ങളുമുള്ള താന്താങ്ങളുടേതായ ഓരോ ഖുര്‍ആന്റെ കോപ്പി? ഒരു പക്ഷെ എന്റെ അച്ഛന്റെ അഥവാ അമ്മയുടെ, ബാപ്പയുടെ ഉമ്മയുടെ ജീവിതാനന്തരം പലപ്പോഴും അവരുടെ സ്മരണകളുണര്‍ത്തുന്ന, നമുക്കേറ്റവും പ്രിയപ്പെട്ട ഒരോര്‍മയായി, നാളെപ്പിറ്റേന്ന് നാമിവിടം വിടുമ്പോള്‍, ങ്ഹാ- എന്റെ ഉപ്പയുടെ, ഉമ്മയുടെ മുസ്വ്ഹഫാണിതെന്ന് പറഞ്ഞ്... നമ്മുടെ കുട്ടികള്‍ക്കോ പേരക്കുട്ടികള്‍ക്കോ അതൊരു മാതൃകയാവില്ലേ.''
ഇത് കേട്ടപ്പോള്‍ താന്‍ സ്റ്റെറിലൈസ്ഡ് യൂനിഫോമിലാണെന്ന് പോലും മറന്ന് എന്നെ മാറോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് ഡോക്ടര്‍ പറഞ്ഞു: ''വല്ലാഹി, കലാം സലീം, വല്ലാഹി സഹീഹ് മിയ ഫില്‍ മിയ (പരമാര്‍ഥം, നൂറ് ശതമാനം). എനിക്ക് ഈ റമദാനിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണിത്. ദൈവം നിങ്ങളെ അനുഗ്രഹിക്കും.'' ആഇശയോട് യാത്ര പറഞ്ഞ് തിരിയുമ്പോള്‍, തമാശയായി ഞാന്‍ ഡോക്ടറോട് പറഞ്ഞു: ''ഡോക്ടര്‍, യൂ ആര്‍ എ സര്‍ജന്‍, എ സര്‍ജന്‍ ഷുഡ് റിമംബര്‍, നൊ റൂം ഫോര്‍ ഫോര്‍ഗെറ്റ്ഫുള്‍നെസ്സ്.'' അദ്ദേഹം തിരിച്ച്: ''സുഹൃത്തേ, നിങ്ങള്‍ വീണ്ടും എന്നെയെന്റെ അടിസ്ഥാന തൊഴില്‍ തത്വം ഓര്‍മ്മിപ്പിക്കുന്നു. നന്ദി.'' ചാരിതാര്‍ഥ്യം നല്‍കുന്ന പല ഓര്‍മകളിലൊന്നായി കടന്നുപോയ ആഇശയും ഡോക്ടര്‍ തുവൈജരിയും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴും ഇടക്ക് കാണുമ്പോള്‍ കളിയായിപ്പറയും: ''ഐ ഫുള്‍ഫില്‍ഡ് മൈ വേഡ് - ഐ ഷാള്‍ റിമംബര്‍...''
*(ദ ഹീലിംഗ് നൈഫ്, എ സര്‍ജന്‍ റിമംബേഴ്‌സ് എന്നീ വിഖ്യാത ഗ്രന്ഥങ്ങളെഴുതിയ ഡോ. ജോര്‍ജ്ജ് സാവ്വേയോട് തലക്കെട്ടിന് കടപ്പാട്.)
Comments