Prabodhanm Weekly

Pages

Search

2015 ജൂലൈ 17

ഒരു നിലവിളക്കിന്റെ ഓര്‍മ

പി.കെ പാറക്കടവ് /കവര്‍‌സ്റ്റോറി

          കുട്ടിക്കാലത്തെ നോമ്പിന്റെയും പെരുന്നാളിന്റെയും ഓര്‍മ ഒരു കുസൃതിയുടെ ഓര്‍മകൂടിയാണ്. 

അന്ന് പാറക്കടവ് ജുമുഅത്ത് പള്ളിയില്‍ (വലിയ പള്ളി എന്ന് നാട്ടുകാര്‍ പറയും) നോമ്പ് 27ന് രാത്രി നിലവിളക്ക് കത്തിച്ച് അതിന്റെ ചുറ്റും ഇരുന്ന് പള്ളിക്കാരണവന്മാര്‍ പണമെണ്ണുന്ന ഒരു നാട്ടുനടപ്പ് നിലവിലുണ്ടായിരുന്നു. കുട്ടിക്കാലത്ത് പാറക്കടവ് രണ്ടാം പൊന്നാനി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വലിയ പണ്ഡിതന്മാര്‍, വടക്കേ മലബാറിലെ വലിയ ദര്‍സ് (വഹാബികളെയോ മൗദൂദികളെയോ കണ്ടാല്‍ കല്ലെറിയുന്ന കാലം).

അന്ന് ഞങ്ങള്‍ (ഞാന്‍, ടി.എം. ഹസന്‍, വി.പി. ഉസ്മാന്‍, ഉമര്‍ കല്ലോളി) എന്നീ നാല്‍വര്‍ സംഘം ഒരു നോമ്പിന്റെ രാത്രി ഒരു ഗൂഢാലോചന നടത്തുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍. വിദ്യാര്‍ഥി കാലഘട്ടം. 

'പള്ളിയില്‍ വൈദ്യുതി വെളിച്ചമുണ്ട്. പിന്നെന്തിനാണ് നിലവിളക്ക് കത്തിച്ച് അതിന് ചുറ്റും ഇരുന്നുള്ള ഈ ചടങ്ങ്!'

ഞങ്ങള്‍ പോസ്റ്ററുകള്‍ തയാറാക്കി. 'പള്ളിയില്‍ എന്തിനാണ് നിലവിളക്ക്?' 'പള്ളി അമ്പലമാണോ?' തുടങ്ങിയ പോസ്റ്ററുകള്‍ എഴുതി ആരും കാണാതെ പള്ളിമതിലുകളിലും അങ്ങാടിയിലും ഒട്ടിച്ചു. വീട്ടുകാര്‍ പോലുമറിയാതെ വളരെ രഹസ്യമായായിരുന്നു ഞങ്ങളുടെ ഈ പരിപാടി. അന്ന് പുരോഗമന പക്ഷത്ത് നില്‍ക്കുന്ന ഞങ്ങളുടെ സുഹൃത്തിനോട് മാത്രം ഈ വിവരം പറഞ്ഞിരുന്നു. അദ്ദേഹം മാനസികമായി ഞങ്ങള്‍ക്ക് പിന്തുണ തന്നെങ്കിലും ഈ പരിപാടിയില്‍ ഞങ്ങളൊടൊപ്പം വന്നില്ല.

പിറ്റേദിവസം നോമ്പ് 27. വെള്ളിയാഴ്ച. നേരം പുലര്‍ന്നപ്പോള്‍ മുതല്‍ നാട്ടിലാകെ സംസാരം. വലിയ ബോംബ് പൊട്ടിയ പ്രതീതി (അന്ന് നാദാപുരം, പാറക്കടവ് ഭാഗങ്ങളില്‍ ബോംബിന്റെയും ചോരയുടെയും രാഷ്ട്രീയക്കളികള്‍ തുടങ്ങിയിരുന്നില്ല). എവിടെയും അടക്കിപ്പിടിച്ച സംസാരങ്ങള്‍. വെല്ലുവിളികള്‍. ഞങ്ങള്‍ നാലു കുട്ടികളാണ് ഈ കൊടുങ്കാറ്റ് അഴിച്ചുവിട്ടതെന്ന് നാട്ടുകാരറിഞ്ഞിരിക്കുന്നു. ഞങ്ങളുടെ നില പരുങ്ങലില്‍. 

ഞങ്ങള്‍ കുറ്റവാളികളായി. 'നീയെന്തിനാണ് ഇതിനൊക്കെ നില്‍ക്കുന്നത്' എന്ന് വീട്ടില്‍ നിന്നെന്നെ ചീത്ത പറഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ നാലുപേരും സാധാരണപോലെ അന്ന് 'ജുമുഅ'ക്ക് പോയി. പള്ളി നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഒരാള്‍ തോക്കുമായാണ് അന്ന് പള്ളിയില്‍ വന്നത്. തോക്ക് അന്നൊരു അപൂര്‍വ വസ്തുവായിരുന്നു (അന്ന് എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പൊന്നങ്കോട്ട് തറവാട്ടില്‍ ഒരു തോക്കുണ്ടായിരുന്നു. പാരമ്പര്യമായി കിട്ടിയ തോക്ക്. അതൊരു കാഴ്ചവസ്തു മാത്രമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്). ഞങ്ങള്‍ നാല്‍വര്‍ സംഘം യാതൊരു കൂസലുമില്ലാതെ പള്ളിയില്‍ 'ജുമുഅ' നമസ്‌കാരത്തില്‍ പങ്കെടുത്തു. അത് കഴിഞ്ഞ് സാധാരണപോലെ മതപ്രസംഗം. 

വടക്കേ മലബാറിലെ ആദരണീയ പണ്ഡിതനും നാട്ടുകാരനുമായ കണാരണ്ടി മുഹമ്മദ് മുസ്‌ല്യാര്‍ പ്രഭാഷണം തുടങ്ങി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. ആകര്‍ഷണീയമായ 'വഅള്' ശൈലിയിലുള്ള അതിമനോഹരമായ പ്രഭാഷണം. 

പ്രഭാഷണമധ്യേ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഇവര്‍ പള്ളിയെ അമ്പലത്തോട് ഉപമിച്ചിരിക്കയാണ്. അത്‌കൊണ്ട് തന്നെ 'വഖദ് കഫറ.' അവര്‍ കാഫിറുകളായി.''

ഞങ്ങള്‍ നാലു 'കാഫിറുകള്‍' ഇത് കേട്ട് ഊറിച്ചിരിച്ചു. ആരും ഞങ്ങളെ കയ്യേറ്റം ചെയ്തില്ല. ഒരു വാക്ക് പോലും ആരും ഞങ്ങളോട് ചോദിച്ചില്ല. എങ്കിലും നാട്ടില്‍ ഭീകരമായ ഒറ്റപ്പെടല്‍ പോലെ. നാടും നാട്ടാരും മുഴുവന്‍ ഞങ്ങള്‍ക്കെതിര്. ഇത്രയും വേണ്ടിയിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നല്‍.

അങ്ങനെ നാട്ടില്‍ ഞങ്ങള്‍ നാലു പേരും റിബലായി നടക്കുന്ന കാലം.

''ആ കുട്ടികള്‍ ചെയ്തത് ശരിയാ. അവരോട് എന്നെ വന്ന് കാണാന്‍ പറ.'' തൊട്ടടുത്ത മഹല്ലിലെ തങ്ങള്‍ ആരെയോ പറഞ്ഞയക്കുന്നു. സയ്യിദ് ഇസ്മായില്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍. ആരെയും കൂസാത്ത പണ്ഡിതന്‍. വലിയ പണക്കാരുടെ വീട്ടില്‍ നിന്ന് കൊടുത്തയക്കുന്ന ഭക്ഷണം തിരിച്ചയക്കുന്ന ആള്‍. പലിശ വാങ്ങുന്ന വീട്ടില്‍ നിന്ന് എനിക്ക് ഭക്ഷണം വേണ്ട എന്ന് പറയുന്ന ആള്‍. ധിക്കാരിയായ പണ്ഡിതന്‍. എല്ലാവരും പേടിയോടെ മാത്രം കാണുന്ന ആള്‍.

ഞങ്ങള്‍ നാലു പേരും ചെല്ലുന്നു. ഞങ്ങളോട് സൗമ്യമായി സംസാരിക്കുന്നു. നിങ്ങള്‍ വലിയ അപരാധമൊന്നുമല്ല ചെയ്തത് എന്ന് സാന്ത്വനിപ്പിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് വായിക്കുന്ന, ആരെയും കൂസാത്ത ഈ പണ്ഡിതന്‍ ഞങ്ങള്‍ക്കൊരത്ഭുതമായിരുന്നു.

മഗ്‌രിബിനു ശേഷം ഞങ്ങള്‍ക്ക് മാത്രമായി അദ്ദേഹം ക്ലാസെടുക്കുന്നു. ഞങ്ങള്‍ക്ക് തര്‍ക്കിക്കാനും സംവാദം നടത്താനും ഇടം തരുന്നു. തലതിരിഞ്ഞ ഞങ്ങള്‍ക്ക് വാത്സല്യം വാരിക്കോരിത്തരുന്നു. ഒരു ദിവസം നാട്ടിലെ ഒരു പൗര പ്രമാണി ഭയഭക്തിയോടെ അവിടെ തങ്ങളെ കാണാനെത്തുന്നു. ഞങ്ങള്‍ തങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ് അദ്ദേഹം കാണുന്നത്. അദ്ദേഹം ഞങ്ങളോട് രഹസ്യമായി ചോദിച്ചു: ''നിങ്ങള്‍ തങ്ങളുടെ അടുത്ത് പഠിക്കാന്‍ വന്നതോ പഠിപ്പിക്കാന്‍ വന്നതോ?'' ഒരുപാട് മതപഠന ക്ലാസുകള്‍. കാര്യങ്ങളോട് വ്യത്യസ്തമായ സമീപനം. പിന്നീട് ഇദ്ദേഹം പാനൂര്‍ മൊകേരി ജാമിഅ സഹറ സ്ഥാപനം സ്ഥാപിച്ച് ആ നാട്ടിന്റെ വെളിച്ചമായി മാറി. 

ഇത് കുട്ടിക്കാലത്തിന്റെ നോമ്പിന്റെയും പെരുന്നാളിന്റെയും ഓര്‍മയായി ഇതുവരെയും എഴുതാത്ത ആത്മകഥയിലെ ഒരേട്. ആ മഹാപണ്ഡിതന്മാരൊക്കെ മരിച്ചുപോയി. 

അകലെ നഗരത്തിലിരുന്ന് പുതിയ പെരുന്നാളുകള്‍ ആഘോഷിക്കുമ്പോള്‍ നാട്ടിന്‍പുറത്തെ ഈ പഴയ ഓര്‍മ മനസ്സില്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍