Prabodhanm Weekly

Pages

Search

2015 ജൂലൈ 17

യൂറോപ്യന്‍ ഭാവനയും മുസ്‌ലിം പ്രതിനിധാനവും

മുഹമ്മദ് ഷാ /പുസ്തകം

         മുസ്‌ലിം സമുദായത്തെക്കുറിച്ച് പടിഞ്ഞാറ് ഇതുവരെ നടത്തിപ്പോന്ന ആഖ്യാനങ്ങള്‍ ആ സമുദായത്തെ എളുപ്പത്തില്‍ ആഗോള അപരമായി നിര്‍മിച്ചെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. മധ്യകാല പടിഞ്ഞാറന്‍ സാഹിത്യം മുതല്‍ ആധുനിക ക്ലാസിക്കുകള്‍ വരെ ഹിംസാത്മകമായ മുസ്‌ലിം പ്രതിനിധാനത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഈ ആഖ്യാനത്തിന്റെ വംശാവലിയെ പരിശോധിക്കുകയും രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന ബൃഹത് പഠനമാണ് സോഫിയ റോസ് അര്‍ജാനയുടെ 'പടിഞ്ഞാറന്‍ ഭാവനയിലെ മുസ്‌ലിംകള്‍' (Muslims in the Western Imagination) എന്ന ഈ വര്‍ഷമിറങ്ങിയ പുസ്തകം. മുസ്‌ലിംകളെ സംബന്ധിച്ച് ഇതഃപര്യന്തമുള്ള പടിഞ്ഞാറന്‍ ഭാവന രൂപപ്പെട്ടതെങ്ങനെ എന്ന് ചരിത്രപരമായി നടത്തുന്ന അന്വേഷണമാണീ പഠനം. സാഹിത്യമേഖലയാണ് ഈ അന്വേഷണത്തിന് സവിശേഷമായി സോഫിയ തെരഞ്ഞെടുത്തിരിക്കുന്നത്. ജൂതരും മുസ്‌ലിംകളും കറുത്തവര്‍ഗക്കാരായ മുസ്‌ലിംകളുമടക്കമുള്ളവര്‍ ഒരേ പോലെ ഇത്തരം ആഖ്യാനങ്ങളുടെ ഇരകളാണ്. ഹിജാബ് നിരോധനം, ആഗോള തലത്തില്‍ നടക്കുന്ന ഇസ്‌ലാം വിരുദ്ധ കയ്യേറ്റങ്ങള്‍, മുസ്‌ലിം ഹത്യകള്‍, അബൂഗുറൈബ്, ഗ്വാണ്ടനാമോ തുടങ്ങിയവയൊക്കെ 9/11 നു ശേഷമുള്ള പ്രതിഭാസമാണോ എന്ന ചോദ്യം ചോദിച്ചു കൊണ്ടാണ് സോഫിയ തന്റെ വിശകലനം ആരംഭിക്കുന്നത്. സമകാലിക ചരിത്രത്തിലെ ഇസ്‌ലാം വിരുദ്ധത യഥാര്‍ത്ഥത്തില്‍ യൂറോപ്പിന്റെ ഭാവനാരൂപീകരണത്തിന്റെ ചരിത്രത്തിലേക്ക് വേരാഴ്ത്തിയിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രാഥമികമായ വാദം. മഹത്തായതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നാടകരചനകള്‍, കവിതകള്‍, പെയിന്റിംഗുകള്‍ തുടങ്ങി ട്രാവല്‍ ഡയറികളും ഗവണ്‍മെന്റ് രേഖകളും സിനിമകളും വരെ ഈ സമകാലിക മുസ്‌ലിം പ്രതിനിധാനത്തെ അടയാളപ്പെടുത്തുന്നതായി സോഫിയ വാദിക്കുന്നു. പുസ്തകത്തിലെ എല്ലാ അധ്യായങ്ങളിലും ആവര്‍ത്തിക്കുന്ന പേരാണ് Monster, അഥവാ, വികൃത ജീവി എന്നത്. പടിഞ്ഞാറന്‍ ചിന്താലോകത്ത് മുസ്‌ലിം എന്ന സങ്കല്‍പത്തെ നിര്‍മ്മിക്കുന്നത് തന്നെ മോണ്‍സ്റ്ററായാണ്. 

മുസ്‌ലിം വിരുദ്ധത സമകാലിക വ്യവഹാരത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് ഇസ്‌ലാമോഫോബിയ എന്ന പദത്തിലൂടെയാണ്. അമേരിക്ക കേന്ദ്രീകൃത ഏകധ്രുവലോകം, 9/11, നവലിബറലിസം, ഭീകരവിരുദ്ധയുദ്ധം തുടങ്ങിയ ഘടകങ്ങളാല്‍ സമകാലികവല്‍ക്കരിക്കപ്പെട്ട ഒരു പദമാണ് ഇസ്‌ലാമോഫോബിയ. എന്നാല്‍ മുസ്‌ലിം വിരുദ്ധത/ ഇസ്‌ലാം വിരുദ്ധത എന്നത് ഇസ്‌ലാമോഫോബിയ എന്നതിനപ്പുറത്ത് യൂറോപ്യന്‍ ചരിത്രത്തിലേക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു പ്രതിഭാസമാണെന്ന് സോഫിയ പറയുന്നു. പൊളിറ്റിക്കല്‍ ഇസ്‌ലാമോഫോബിയ എന്നത് സമീപകാല പ്രതിഭാസം ആണെങ്കില്‍ അതിന്റെ വംശാവലിക്ക് ആധുനികത സങ്കല്‍പിക്കപ്പെടുന്ന പ്രക്രിയയുമായി ബന്ധമുണ്ട്. നാഗരികന്‍/ആധുനികന്‍/പരിഷ്‌കൃതന്‍ എന്ന സങ്കല്‍പം മുസ്‌ലിം പുരുഷനെ അപരസ്ഥാനത്ത് നിര്‍ത്തി രൂപപ്പെട്ടിരിക്കുന്ന ഒന്നായാണ് സോഫിയ കാണുന്നത്. അബൂഗുറൈബില്‍ നടക്കുന്ന പീഡനങ്ങളെ മുസ്‌ലിമിനെ സംബന്ധിച്ച പടിഞ്ഞാറന്‍ ആധുനിക ഭാവനയുടെ സ്വാഭാവികമായ നിര്‍വ്വഹണ പ്രക്രിയയായി പുസ്തകം വിശദീകരിക്കുന്നു. യുറോപ്പിനെ സംബന്ധിച്ച് ലൈംഗികവൈകൃത സങ്കല്‍പം രൂപപ്പെടുന്നത് മുസ്‌ലിം പുരുഷനെ മുന്‍നിര്‍ത്തിയാണ്. പ്രവാചകന്റെ ഭാര്യമാരുടെ എണ്ണത്തെ മുന്‍നിര്‍ത്തി പ്രവാചകനില്‍ ലൈംഗിക അരാജകത്വം ആരോപിക്കുന്നതിലേക്ക് എത്തി നില്‍ക്കുന്നു ഈ ഭാവന. അറബികളെ സംബന്ധിച്ച് സവിശേഷമായി ഈ ഭാവന പുലര്‍ത്തുന്ന അനേകം പടിഞ്ഞാറന്‍ ആഖ്യാനങ്ങളുണ്ട്. സമകാലിക മുസ്‌ലിമിനെ സാധ്യമാക്കുന്ന ഇമേജുകളുടെ ഒരു വംശാവലി ഇതിനകം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വംശാവലിയിലാണ് ഓരോ മുസ്‌ലിമും പടിഞ്ഞാറ് പ്രതിനിധാനം ചെയ്യപ്പെടുന്നത്. ആധുനികത, നോര്‍മാറ്റീവ് ഹ്യൂമാനിറ്റി, നാഗരികത എന്നിവക്ക് പുറത്താണിത്. പ്രധാനമായും മധ്യകാലഘട്ടത്ത് രചിക്കപ്പെട്ട ടെക്സ്റ്റുകള്‍ ഈ പരിഗണനകള്‍ മുന്‍നിര്‍ത്തി വിശകലനം ചെയ്യപ്പെടുന്നു. ഷേക്‌സ്പിയറും മര്‍ലോവുമടക്കമുള്ളവരുടെ കൃതികള്‍ ഇത്തരമൊരു പ്രതിനിധാന പഠനത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട് പുസ്തകത്തില്‍. ഈ ആഖ്യാനങ്ങളധികവും മധ്യകാല ക്രൈസ്തവ രചനകളാണ്. കുരിശുയുദ്ധ സന്ദര്‍ഭത്തില്‍ മുസ്‌ലിംകളെക്കുറിച്ചുണ്ടായ ഭീതി, വൈരം തുടങ്ങിയവ ഒരു പൈശാചികമായ എതിരാളി എന്ന നിലയിലുള്ള മുസ്‌ലിം പ്രതിനിധാനത്തെ ക്രൈസ്തവ വ്യവഹാരങ്ങളില്‍ എളുപ്പം രൂപീകരിച്ചെടുത്തു. 

പുസ്തകത്തിന്റെ ആരംഭത്തില്‍ മുസ്‌ലിം പുരുഷനെ പിശാച്‌വല്‍ക്കരിക്കാനുള്ള പടിഞ്ഞാറന്‍ ആഖ്യാന പരിശ്രമങ്ങളെ സൂചിപ്പിക്കുന്നുണ്ട്. വേറൊരു തരത്തില്‍ സോഫിയ ഉന്നയിക്കുന്നത് മുസ്‌ലിമിനോടുള്ള വര്‍ത്തമാന കാല മതേതര ഫെമിനിസ്റ്റ് വിമര്‍ശങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടിയാണ്. മുസ്‌ലിം ലിംഗാധികാരങ്ങളുടെ സവിശേഷതയെ ഒരു തരത്തിലും തിരിച്ചറിയാതെ ലൈംഗികതയെയും ലിംഗാധികാരത്തെയും സംബന്ധിച്ച പടിഞ്ഞാറന്‍ 'ബൈനറി'കളെ/ദ്വന്ദ്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാവിധ സമകാലിക ലിംഗവ്യവഹാരങ്ങളും രൂപപ്പെട്ടിരിക്കുന്നത് എന്ന ജോസഫ് മസാദിന്റെ വാദം സോഫിയ ഉന്നയിക്കുന്നതിനൊപ്പം ചേര്‍ത്ത് നമ്മള്‍ വായിക്കണം. അതിലൂടെ നമ്മളെത്തിപ്പെടുന്നത് മുസ്‌ലിമിനോടുള്ള എല്ലാവിധ ലിംഗ വിമര്‍ശനങ്ങളും (gender critique) ജന്മനാ മുസ്‌ലിം വിരുദ്ധമായ ഒരു വംശാവലിയുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നുണ്ട് എന്നിടത്തേക്കാണ്. 

സോഫിയ പറയുന്ന മുസ്‌ലിം വിരുദ്ധതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്രയധികം പഴക്കമുള്ള മുസ്‌ലിം വിരുദ്ധ ചരിത്രത്തിന്റെ ഭാഗമാണ് ഈ ലിംഗവ്യവഹാരങ്ങള്‍ എന്നര്‍ത്ഥം. ഒരു പക്ഷെ മുസ്‌ലിം ഭരണാധികാരികളില്‍ ഉസ്്മാനിയ്യാ  തുര്‍ക്കികളാവണം ഈ ആഖ്യാനത്തിന് കൂടുതലായി ഇരയായിട്ടുള്ളത്. മൈക്കല്‍ ബോദിയാര്‍, പോപ്പ് പൈസ് രണ്ടാമന്‍ തുടങ്ങിയവരുടെ തുര്‍ക്കികളെ സംബന്ധിച്ച പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവനകളെ അന്വേഷിക്കുന്നുണ്ട് സോഫിയ. തുര്‍ക്കികള്‍ വ്യഭിചാരത്തിനും ബലാല്‍സംഗത്തിനും പേരുകേട്ടവരാണ് എന്നുള്ള അവരുടെ വാദങ്ങളും സോഫിയ പ്രശ്‌നവല്‍ക്കരിക്കുന്നു. അപ്പോള്‍ ജൂതരെയും മുസ്‌ലിംകളെയും  സംബന്ധിച്ച ഇത്തരം ആഖ്യാനങ്ങള്‍ കേവലം ചിലര്‍ കരുതുന്നതു പോലെ തെറ്റിദ്ധാരണ മൂലമോ ഇസ്‌ലാമിനെക്കുറിച്ചറിയാത്തതു കൊണ്ടോ ഉണ്ടാവുന്നതല്ല എന്നും, മറിച്ച് 'വിവരങ്ങളുടെ ശ്രേണീബദ്ധമായ വിനിമയത്തിലൂടെ' ആണ് എന്നുമാണ് സോഫിയയുടെ വാദം. അഥവാ, ചില സവിശേഷമായ അധികാര ഘടനകള്‍ക്കനുസൃതമായി വിവരങ്ങളുടെ കൈമാറ്റവും വ്യാഖ്യാനവും ഉണ്ടാകുന്നു എന്നര്‍ഥം. അഥവാ, വിവരങ്ങളല്ല, ഈ അധികാര ഘടനകളാണ് പ്രശ്‌നം എന്ന് ലളിതമായി മനസ്സിലാക്കാം.

പ്രവാചകന്‍ മുഹമ്മദ് നബി (സ) യെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രമിച്ച ലിബ്‌നാസ് എന്ന തത്വചിന്തകന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ച് പുസ്തകം സംസാരിക്കുന്നുണ്ട്. ലിബ്‌നാസിന്റെ ശ്രമങ്ങള്‍ മുഹമ്മദിനെ സംബന്ധിച്ച പടിഞ്ഞാറന്‍ സമീപനങ്ങളിലെ പ്രത്യയശാസ്്ത്രവിച്ഛേദനങ്ങളെ കൂടി സൂചിപ്പിക്കുന്നു. മുസ്‌ലിംകള്‍ ക്രിസ്തുവിന്റെ ശത്രുക്കളാണ് എന്നതായിരുന്നു മധ്യകാല ക്രൈസ്തവ സമീപനമെങ്കില്‍ പില്‍ക്കാലത്ത് മുസ്‌ലിംകള്‍ 'യുക്തിയുടെയും നാഗരികതയുടെയും' ശത്രുക്കളായി ചിത്രീകരിക്കപ്പെട്ടു. ഈ പരിണാമം മുസ്‌ലിം വിരുദ്ധതയുടെ ചരിത്രത്തില്‍ സവിശേഷമാണ്. അഥവാ, ലിബ്‌നാസിന് മുഹമ്മദ് മതശത്രുവായി അനുഭവപ്പെട്ടിരുന്നെങ്കില്‍ പില്‍ക്കാലത്ത് ബാര്‍ബേറിയനായി (അപരിഷ്‌കൃതനായി) അനുഭവപ്പെട്ടു. മധ്യകാലം, ആധുനികകാലം എന്നിങ്ങനെയുള്ള പ്രത്യയശാസ്ത്രപരിണാമം ഈ ഉദാഹരണത്തില്‍ വ്യക്തമാകുന്നത് നമുക്ക് അനുഭവപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സുപ്രസിദ്ധ ചിന്തകന്‍ വോള്‍ട്ടയറിന്റെ ഒരു ഫ്രഞ്ച് നാടകത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തപ്പെട്ടത് നമുക്ക് കാണാതിരിക്കാനാവില്ല. 'ലെ ഫാന്റസിമെ മുഹമ്മദ് ലെ പ്രൊഫറ്റെ' എന്ന പേരുള്ള ആ നാടകത്തില്‍ മുഹമ്മദ് നബിയെ (സ) കാല്‍പനിക മൂല്യമുള്ള വ്യക്തിത്വമായും യുക്തിചിന്തകനായും ചിത്രീകരിക്കുന്ന ഭാഗമുണ്ട്. തന്റെ ഫിലോസഫിക്കല്‍ ഡിക്ഷണറി എന്ന കൃതിയില്‍ വോള്‍ട്ടയര്‍ പറയുന്നത് 'അജ്ഞരായ വിഡ്ഢികളേ, നിങ്ങളോടെനിക്ക് പറയാനുള്ളത് മുഹമ്മദന്‍ മതം കേവലം ആസക്തി പ്രധാനം മാത്രമെന്ന് നിങ്ങളെ ചില വിവരദോഷികള്‍ വിശ്വസിപ്പിച്ചു വെച്ചിട്ടുണ്ട്. അതില്‍ സത്യത്തിന്റെ അംശം പോലുമില്ല. മറ്റനേകം പേരെപ്പോലെ നിങ്ങളും ഇക്കാര്യത്തില്‍ ചതിക്കപ്പെട്ടിരിക്കുന്നു.'

ഇസ്‌ലാമോഫോബിയ എന്ന സമകാലിക വ്യവഹാരത്തിനപ്പുറം പോയി മുസ്‌ലിം വിരുദ്ധതയെ ചരിത്രപരമായി കണ്ടെടുക്കാനുള്ള ശ്രമം ആണ് ഈ പുസ്തകത്തിന്റെ ഹൈലൈറ്റ്. ഇസ്‌ലാമോഫോബിയയെ യൂറോപ്പിന്റെ രൂപീകരണ ചരിത്രത്തില്‍ നിന്ന് കണ്ടെടുക്കാനാണ് സോഫിയ നമ്മെ ഉപദേശിക്കുന്നത്. യൂറോപ്യന്‍ ഭാവനാരൂപീകരണത്തെ വിമര്‍ശിക്കുന്ന എഡ്വേര്‍ഡ് സൈദിന്റെ ഓറിയന്റലിസം എന്ന കൃതിയുടെ പ്രതാപത്തിനൊപ്പം നില്‍ക്കാന്‍ പോന്ന ഈ പുസ്തകം മുസ്‌ലിം പ്രതിനിധാന പഠനത്തില്‍ മികച്ച മുതല്‍ക്കൂട്ടു കൂടിയാണ്. 

(ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ എം.എ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍