Prabodhanm Weekly

Pages

Search

2015 ജൂലൈ 17

വത്തിക്കാന്റെ നിലപാടും മുസ്‌ലിം രാഷ്ട്രങ്ങളുടെ നിസ്സംഗതയും

         കത്തോലിക്ക മതവിശ്വാസികളുടെ കേന്ദ്രമായ വത്തിക്കാനും ഫലസ്ത്വീന്‍ അതോറിറ്റി ഭരണകൂടവും തമ്മില്‍ ഏതാനും വര്‍ഷങ്ങളായി ചര്‍ച്ചകളും ആശയക്കൈമാറ്റങ്ങളും നടന്നുവരികയായിരുന്നു. ഇപ്പോഴതിന് കുറെക്കൂടി മൂര്‍ത്ത രൂപം കൈവന്നിരിക്കുന്നു. കഴിഞ്ഞ ജൂണ്‍ 26-ന് ഇരുവിഭാഗവും ഒപ്പ് വെച്ച ചരിത്രപ്രധാനമായ കരാര്‍ അതാണ് സൂചിപ്പിക്കുന്നത്. ഫലസ്ത്വീന്‍ അതോറിറ്റിയുടെ ഭരണപ്രദേശങ്ങളില്‍ കത്തോലിക്കാ ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടി ഒപ്പുവെച്ചതാണെങ്കിലും, ഫലസ്ത്വീന്‍ രാഷ്ട്രം എന്നു തന്നെ രേഖയില്‍ എടുത്ത് പറയുന്നുണ്ട്. 1967-ലെ അതിര്‍ത്തികള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അംഗീകാരമാണ് വത്തിക്കാന്‍ നല്‍കിയതെന്നും ഖുദ്‌സ് അതില്‍ ഉള്‍പ്പെടുമെന്നും ഫലസ്ത്വീന്‍ വക്താവ് വ്യക്തമാക്കുകയുണ്ടായി. ഇത് ഫലസ്ത്വീന്‍ രാഷ്ട്രത്തിനുള്ള വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരമായി കണക്കാക്കാം. നേരത്തെ വത്തിക്കാന്‍, ഫലസ്ത്വീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷ(പി.എല്‍.ഒ)ന് ആയിരുന്നു അംഗീകാരം നല്‍കിയിരുന്നത്. ആ അംഗീകാരം ഫലസ്ത്വീന്‍ സ്റ്റേറ്റിന് മാറ്റി നല്‍കുകയാണ് ഈ കരാറിലൂടെ വത്തിക്കാന്‍.

ഇടക്കാലത്തായി പോപ്പ് ഫ്രാന്‍സിസ് അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അമേരിക്കയും ക്യൂബയും നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ലാറ്റിനമേരിക്കക്കാരനായ പോപ്പിന്റെ ശ്രമങ്ങള്‍ക്കും പങ്കുണ്ട്. 2012-ല്‍ യു.എന്‍ പൊതുസഭ ഫലസ്ത്വീന്‍ രാഷ്ട്രത്തെ അംഗീകരിച്ചപ്പോള്‍ വത്തിക്കാന്‍ അതിന് പിന്തുണ അറിയിച്ചിരുന്നു. ഇപ്പോള്‍ തന്നെ, ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാഷ്ട്രങ്ങളില്‍  135 രാഷ്ട്രങ്ങളും ഫലസ്ത്വീന്‍ സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്. യു.എന്നില്‍ എഴുപത് ശതമാനത്തോളം അംഗങ്ങളുടെ പിന്തുണയുണ്ടെന്നര്‍ഥം. യു.എന്നില്‍ 160 രാഷ്ട്രങ്ങളുടെ അംഗീകാരമേ ഇസ്രയേലിനുള്ളൂ എന്നും മനസ്സിലാക്കണം. പൊതുവെ യൂറോപ്യന്‍ രാഷ്ട്രങ്ങളാണ് ഫലസ്ത്വീന് അംഗീകാരം നല്‍കാന്‍ മടിച്ചു നില്‍ക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ ഇപ്പോഴും ഇസ്രയേലിന്റെ 'മനസ്സറിയാന്‍' കാത്തുനില്‍ക്കുകയാണ്. ഇസ്രയേലുമായുള്ള സന്ധി സംഭാഷണത്തിലൂടെയല്ലാതെ ഏകപക്ഷീയമായി ദ്വിരാഷ്ട്ര തിയറി മുന്നോട്ടു വെച്ചാല്‍ അത് വിജയിക്കാന്‍ പോകുന്നില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞുകൊണ്ടേയിരിക്കുകയാണ് യൂറോപ്യന്‍ യൂനിയനും അമേരിക്കയും. ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുക്കുന്ന വര്‍ത്തമാനം പോലും അവരില്‍ നിന്നുണ്ടാകുന്നില്ല. വേറിട്ടൊരു കാഴ്ചയാണ് കഴിഞ്ഞ ഒക്‌ടോബറില്‍ സ്വീഡനില്‍ നാം കണ്ടത്. സ്വീഡിഷ് പാര്‍ലമെന്റ് ബഹുഭൂരിപക്ഷത്തോടെ ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ബ്രിട്ടീഷ്-ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗങ്ങളും അനുകൂല നിലപാടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. 

തങ്ങള്‍ക്കെതിരെ ലോകാഭിപ്രായം രൂപപ്പെടുന്നത് ഇസ്രയേലിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വത്തിക്കാന്റെ നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സമാധാന ചര്‍ച്ചകളെ ഇതൊരിക്കലും സഹായിക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്. സ്വീഡനുമായുള്ള ഇസ്രയേലിന്റെ ബന്ധവും വഷളാവുകയുണ്ടായി.  ഇസ്രയേലിനെയും ഫലസ്ത്വീനെയും സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫോര്‍മുല സ്വീകാര്യമല്ലെങ്കില്‍, പിന്നെ എന്താണ് ഇസ്രയേലിനും അതിന്റെ അനുകൂലികള്‍ക്കും മുന്നോട്ടു വെക്കാനുള്ള പരിഹാര നിര്‍ദേശം? ഒറ്റ രാഷ്ട്രമായി നിലകൊള്ളുക, ഇസ്രയേലിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള മുഴുവന്‍ ജൂതന്മാര്‍ക്കും അറബികള്‍ക്കും തുല്യാവകാശവും തുല്യ പരിഗണനയും  നല്‍കുക - ഇതാണ് ഇസ്രയേല്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ മുന്നോട്ട് വെക്കുന്ന ഫോര്‍മുല. അത് സ്വീകാര്യമാണെന്ന് വന്നാല്‍ ജനസംഖ്യയുടെ പകുതിയിലധികം അറബികള്‍ (അവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകള്‍) ആയിത്തീരും. പിന്നെ അതെങ്ങനെ ഒരു ജൂത രാഷ്ട്രമായിത്തീരും? ഫലസ്ത്വീന്‍ അഭയാര്‍ഥികള്‍ക്ക് ആ രാഷ്ട്രത്തിലേക്ക് തിരിച്ചുവരാന്‍ പറ്റുമോ? ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അത് പറയുന്നവര്‍ക്ക് തന്നെ അറിയാം. 

ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അനുകൂലമായി ലോകാഭിപ്രായം രൂപപ്പെടുമ്പോഴും അസാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വിഭാഗമുണ്ട്-മുസ്‌ലിം രാഷ്ട്രങ്ങള്‍. ജി.സി.സി-അറബ് ലീഗ് അജണ്ടയില്‍ നിന്ന് ഫലസ്ത്വീന്‍ എന്നേ പിന്തള്ളപ്പെട്ട് കഴിഞ്ഞു. ഈ രണ്ട് കൂട്ടായ്മകളും ഈയിടെ അടിയന്തര ഉച്ചകോടികള്‍ ചേര്‍ന്നപ്പോള്‍ ഇറാനും യമനിലെ ഹൂഥികളും അബ്ദുല്ല സാലിഹും മാത്രമേ അജണ്ടയിലുണ്ടായിരുന്നുള്ളൂ. യഥാര്‍ഥത്തില്‍ മുസ്‌ലിം രാഷ്ട്ര കൂട്ടായ്മകളില്‍ നിന്നാണ് ഫലസ്ത്വീന്‍ രാഷ്ട്രത്തിന് വേണ്ടി ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നത്. ഈജിപ്ത് പോലുള്ള രാഷ്ട്രങ്ങളില്‍ സയണിസ്റ്റുകളുമായി രഹസ്യചങ്ങാത്തമുള്ള സ്വേഛാധിപതികള്‍ പിടിമുറുക്കിക്കൊണ്ടിരിക്കെ അങ്ങനെയൊരു കൂട്ടായ ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഫലസ്ത്വീനികളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് അടുത്ത കാലത്തായി ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസില്‍ നിന്ന് ഉണ്ടാവുന്നതും. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ വെസ്റ്റ് ബാങ്കിലെ നിരവധി ഹമാസ് പ്രവര്‍ത്തകരെയാണ് അദ്ദേഹം ഈയിടെ ജയിലിലടച്ചത്. ഇതും സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിന് വിഘാതമായി നില്‍ക്കുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍