ഈജിപ്തില്‍ ഫാഷിസ്റ്റ് ഭീകരന്റെ കൊലവിളി
ജനാധിപത്യത്തിന്റെ കുപ്പായമിട്ട ഫാഷിസ്റ്റ് ഭീകരന്റെ കൊലവിളിയാണ് ഈജിപ്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. പട്ടാള സ്വേഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന സൈനികരും വിചാരണാ പ്രഹസനം നടത്തി വധശിക്ഷക്കു വിധിക്കുന്ന ജഡ്ജിമാരും അതിന് കയ്യൊപ്പു ചാര്‍ത്തുന്ന മുഫ്തിമാരും ചേര്‍ന്ന് ആ രാജ്യത്ത് നടത്തിവരുന്ന ഭീകരതാണ്ഡവം മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധതയുള്ള ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വധശിക്ഷക്കു വിധിച്ചിരിക്കുന്നു. ജനകീയ പ്രക്ഷോഭകാലത്ത് ജയില്‍ ചാടിയെന്നതാണ് കഴുമരത്തിലേറ്റാന്‍ മാത്രം അദ്ദേഹം ചെയ്ത 'മഹാപാതകം.'
മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനു തൊട്ടുപിന്നാലെ മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഇസ്‌ലാമിസ്റ്റുകളെയും രാജ്യത്തിന്റെ മണ്ണില്‍നിന്ന് തുടച്ചുനീക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയിരുന്നു സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസി. ബ്രദര്‍ഹുഡിനെ നിരോധിച്ചായിരുന്നു തുടക്കം. പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടക്കൊല ചെയ്തും, നേതാക്കളെ ജയിലിലടച്ചും, ജുഡീഷ്യറിയെ പരിഹാസപാത്രമാക്കുന്ന കൂട്ട വധശിക്ഷാ പ്രഖ്യാപനങ്ങള്‍ നടത്തിയും തീരുമാനങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കി തുടങ്ങിയ സീസിയും ശിങ്കിടികളും ബ്രദര്‍ഹുഡിനെ കൊടും ഭീകരരായ ഇസ്‌ലാമിക് സ്റ്റേറ്റു (ഐ.എസ്)മായി ബന്ധിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിരിക്കുന്നു.
സീസിയുടെ ഏറ്റവും അടുത്തയാളും പ്രോസിക്യൂട്ടര്‍ ജനറലുമായ ഹിശാം ബറകാത്ത് ജൂണ്‍ 29-ന് കയ്‌റോവില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതാണ് പുതിയ സംഭവങ്ങള്‍ക്ക് തുടക്കം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും കൊല്ലപ്പെട്ടത് സീസിയുടെ അനുയായികള്‍ ആകുമ്പോള്‍ കുറ്റം ബ്രദര്‍ഹുഡിനുമേല്‍ പഴിചാരുക എളുപ്പമാണല്ലോ. ബറകാത്തിന്റെ ഖബ്‌റടക്കച്ചടങ്ങുകള്‍ക്കു ശേഷം ജഡ്ജിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ സീസി കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ ഉത്തരവിടുകയുണ്ടായി. വധശിക്ഷ വിധിക്കപ്പെട്ട ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാക്കളെ തൂക്കിലേറ്റുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേഗത്തിലാക്കാനാണ് ഈ ആഹ്വാനമെന്ന് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലറകള്‍ക്കുള്ളില്‍ കഴിയുന്നവരാണ് ബോംബാക്രമണങ്ങള്‍ക്കു പിന്നിലെന്നും ആര്‍ക്കെങ്കിലും എതിരെ വധശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതു നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പട്ടാള ഭരണാധികാരി ഓര്‍മിപ്പിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 680 പേരെയാണ് സീസിയുടെ കങ്കാരു കോടതികള്‍ വധശിക്ഷക്ക് വിധിച്ചത്. ഇതില്‍ പല വിധികളും പ്രഖ്യാപിക്കാന്‍ അഞ്ചു മിനിറ്റു പോലും സമയമെടുത്തിട്ടില്ല. അതിനാല്‍ തന്നെ കേസുകളില്‍ അതിശീഘ്രം വിധി പ്രഖ്യാപിക്കാന്‍ ജഡ്ജിമാരോട് ആവശ്യപ്പെടുന്നതിലെ പരിഹാസ്യത നിലനില്‍ക്കവെയാണ് പുതിയ പ്രഖ്യാപനം. ആയിരക്കണക്കിന് ഇസ്‌ലാമിസ്റ്റുകളെ ജയിലറകളിലേക്ക് തള്ളിവിട്ട ബറകാത്തിന്റെ ഘാതകരെയും അവരെ പിന്തുണക്കുന്നവരെയും അമര്‍ച്ച ചെയ്യുമെന്നും അതേ വേദിയില്‍വെച്ച് മുഷ്ടി ചുരുട്ടി സീസി പ്രഖ്യാപിക്കുകയുണ്ടായി. ''നിയമങ്ങളുടെ കുരുക്കില്‍പെട്ടിരിക്കുകയാണ് ജുഡീഷ്യറി. അതിവേഗത്തിലുള്ള വിധി പ്രഖ്യാപനങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ പ്രതിബന്ധങ്ങളായി നില്‍ക്കുന്നു. നമുക്ക് അധിക കാലം കാത്തുനില്‍ക്കാനാവില്ല...''”ഒരു ഫാഷിസ്റ്റിന്റെ സ്വരമാണ് സീസിയില്‍നിന്ന് പുറത്തുവന്നത്.
അടുത്ത ദിവസം തന്നെ അതിന്റെ ഫലം കണ്ടുതുടങ്ങി. കയ്‌റോയിലെ ഒരു അപാര്‍ട്ടുമെന്റില്‍ ഇരച്ചുകയറിയ, സീസിയുടെ കിങ്കരന്മാര്‍ 13 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ മുന്‍ പാര്‍ലമെന്റംഗം നാസര്‍ അല്‍ ഹാഫിയും ഉള്‍പ്പെടും. വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടിയ ഇവരെ കയ്‌റോയിലെ സിക്‌സ്ത് ഓഫ് ഒക്‌ടോബര്‍ സ്ട്രീറ്റിലെ ഒരു ഫ്‌ളാറ്റില്‍ എത്തിച്ച് അവിടെവെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കവെ ഒമ്പത് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് ഭരണകൂടത്തിന്റെ കൂലിപ്പണിക്കാരായ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന് ഒരൊറ്റ തെളിവുപോലും ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. 2011 വരെ ഈജിപ്ഷ്യന്‍ പ്രത്യേക സേനയില്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ഹിശാം അശ്മാവിയാണ് സംഭവത്തിനു പിന്നിലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സീസിയുമായി അടുപ്പം പുലര്‍ത്തുന്ന ബ്രോഡ്കാസ്റ്റര്‍ അഹ്മദ് മൂസയാണ് ഈ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ കൊലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മുഴുവന്‍ മാധ്യമങ്ങളെയും വിലക്കുന്ന ഉത്തരവാണ് ഭരണകൂടം പുറപ്പെടുവിച്ചത്.
ബ്രദര്‍ഹുഡ് നേതാക്കളെ പകല്‍വെളിച്ചത്തില്‍ വെടിവെച്ചുകൊന്ന അതേ ദിവസം തന്നെയാണ് പ്രശ്‌നബാധിത പ്രദേശമായ വടക്കന്‍ സീനായില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഐ.എസ് അനുകൂല സീനായ് പ്രോവിന്‍സ് (അന്‍സാര്‍ ബൈത്ത് അല്‍മഖ്ദിസ്) ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഒരു ദിവസം മുഴുവന്‍ നീണ്ട പോരാട്ടത്തില്‍ തീവ്രവാദികളും സൈനികരും ഉള്‍പ്പെടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മുര്‍സിയെ പുറത്താക്കിയ പട്ടാള അട്ടിമറിക്കുശേഷം സീനായില്‍ ശക്തമായ ഭരണകൂട വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറുകയുണ്ടായി. ഒന്നിലേറെ ഗ്രൂപ്പുകളാണ് ഇവിടങ്ങളില്‍ സൈനികര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നത്. എന്നാല്‍ ഈ ഗ്രൂപ്പുകളുമായി ബ്രദര്‍ഹുഡിന് ഒരു നിലയ്ക്കും ബന്ധമില്ലെന്ന് വ്യക്തമായിട്ടും പ്രസ്തുത ആക്രമണങ്ങളെ ബ്രദര്‍ഹുഡുമായി ബന്ധിപ്പിക്കാന്‍ നേരത്തെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സീനായിലെ ഗ്രൂപ്പുകള്‍ സീസി ഭരണകൂടത്തെ താഴെയിറക്കാനാണ് സൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ അതും ബ്രദര്‍ഹുഡിന്റെ ചെലവില്‍ എഴുതപ്പെട്ടു. അന്‍സാര്‍ ബൈത്ത് അല്‍മഖ്ദിസ് കഴിഞ്ഞ നവംബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) അഫിലിയേറ്റ് ചെയ്തതായി പ്രഖ്യാപിച്ചതു മുതല്‍ അവരെയും ബ്രദര്‍ഹുഡിനെയും ബന്ധപ്പെടുത്തി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഭരണകൂടം ശ്രമം തുടങ്ങിയിരുന്നു.
സീനായിലെ പുതിയ ആക്രമണ സംഭവങ്ങളുടെ അന്നു തന്നെ ഇസ്രയേല്‍ നടത്തിയ പ്രസ്താവനയും ഇതോട് ചേര്‍ത്തുവായിക്കണം. ഹമാസിന്റെ പിന്തുണയോടെയാണ് സീനായ് പ്രോവിന്‍സ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രയേല്‍ സൈനിക ജനറല്‍ യുവ് മൊര്‍ദേശായ് അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ നടത്തിയ ആരോപണം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമായിരുന്നു. ആരോപണം ഉന്നയിക്കുകയും യാതൊരു തെളിവും നല്‍കാതിരിക്കുകയും ചെയ്ത ഇസ്രയേലി ജനറലിന്റെ നീക്കം ഈജിപ്തുമായുള്ള ഒരു കോ ഓര്‍ഡിനേറ്റഡ് നീക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. രണ്ട് ഹമാസ് പ്രവര്‍ത്തകര്‍ സീനായി തീവ്രവാദികളെ ഗസ്സയിലേക്ക് കടത്തിക്കൊണ്ട് വന്ന് സൈനിക പരിശീലനം നല്‍കിയെന്നായിരുന്നു ജനറലിന്റെ വാദം. എന്നാല്‍ ഈജിപ്തിന്റെയും ഇസ്രയേലിന്റെയും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് ഇതെങ്ങനെ സാധിച്ചുവെന്നു വിശദീകരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഹമാസ് വക്താവ് സമി അബൂ സുഹ്‌രിയും ഇതു തന്നെയാണ് പറഞ്ഞത്. ഗസ്സയിലേക്കുള്ള ഏതു നീക്കവും ഈജിപ്തിന്റെ സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് നടത്താനാവില്ലെന്നിരിക്കെ ലോകത്തെ വിഡ്ഢികളാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഐ.എസും ഹമാസും തമ്മില്‍ കടുത്ത പോരാട്ടത്തിലാണെന്നതാണ് യാഥാര്‍ഥ്യം. ഗസ്സയില്‍ ഹമാസ് ഭരണത്തില്‍ ഇസ്‌ലാമീകരണം നടപ്പാക്കുന്നില്ലെന്നും ഇസ്രയേലുമായി സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ച് ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനത്തിനെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണ് ഐ.എസ് ചെയ്തത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞയാഴ്ചയാണ് ഐ.എസുമായി അഫിലിയേറ്റ് ചെയ്ത ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ദി ആലെപ്പോ പ്രോവിന്‍സ് എന്ന സംഘടന ഹമാസിനെ ഗസ്സയില്‍നിന്ന് തുടച്ചുനീക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. സംഘടന പുറത്തിറക്കിയ വീഡിയോയില്‍ ഹമാസിനെ മതവിരുദ്ധരായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഐ.എസിനെ ഗസ്സയില്‍നിന്ന് തുടച്ചുനീക്കുകയാണ് ഹമാസിന്റെ ലക്ഷ്യമെന്നും ഇതിനായി ഗസ്സ നഗരത്തിനു ചുറ്റും രാത്രികാല നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് ദിനപത്രം (ജൂണ്‍ 1) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മാത്രമല്ല, ഗസ്സയിലെ പ്രധാന നഗരമായ ഖാന്‍ യൂനിസിലെ ഹമാസ് പരിശീലന കേന്ദ്രത്തിനുനേരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ജറൂസലം എന്ന ഐ.എസ് അനുകൂല ഗ്രൂപ്പ് മോര്‍ട്ടാര്‍ ആക്രമണം നടത്തിയതും ഈയിടെയാണ്.
പുതിയ ഭീകരവിരുദ്ധ കരടുനിയമത്തിന് ഇതെഴുതുമ്പോള്‍ ഈജിപ്ഷ്യന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. കരടുനിയമത്തില്‍ പ്രതിപാദിച്ച 25 കുറ്റങ്ങളില്‍ പന്ത്രണ്ടിലും വധശിക്ഷ ഉറപ്പാണ്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ഭരണകൂടത്തിന്റെ പ്രസ്താവനകള്‍ക്കു വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകരെ അഴിക്കുള്ളിലാക്കാനും പുതിയ നിയമത്തില്‍ വകുപ്പുണ്ട്. ഉദാഹരണത്തിന് ആക്രമണ സംഭവങ്ങളില്‍ മരണസംഖ്യ ഗവണ്‍മെന്റ് നല്‍കുന്നത് മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ. മറിച്ചായാല്‍ ജയില്‍ ഉറപ്പ്. പോലീസിന് എപ്പോഴും എവിടെയും ഒരു അനുവാദവും കൂടാതെ കയറുകയും, അന്വേഷണത്തിന്റെ പേരില്‍ ആളുകളെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യാം. ബലപ്രയോഗം നടത്തേണ്ടിവരികയും ഭീകരരെന്ന് മുദ്രകുത്തി ആളുകളെ കൊല്ലുകയും ചെയ്താലും പോലീസുകാര്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കും. ഇത്തരം കാടന്‍ രീതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ടെങ്കിലും പുതിയ നിയമത്തിലൂടെ അതിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. ക്യാബിനറ്റും സ്റ്റേറ്റ് കൗണ്‍സിലും പാസ്സാക്കിയ നിയമത്തിന് സീസിയുടെ ഒപ്പു മാത്രമേ ഇനി ആവശ്യമുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് ഇല്ലാത്തതിനാല്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നവുമില്ല.
ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് (സി.പി.ജെ) എന്ന സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് വിവിധ കുറ്റങ്ങള്‍ ചുമത്തി 18 പത്രപ്രവര്‍ത്തകരെ സീസി ഭരണകൂടം ജയിലില്‍ അടച്ചിരിക്കുകയാണ്. ജൂണ്‍ ഒന്നിന് സി.പി.ജെ നടത്തിയ ജയില്‍ സെന്‍സസിലാണ് ഇക്കാര്യം വെളിപ്പെട്ടത്. തടവറയില്‍ കഴിയുന്നവരില്‍ ഏറെയും മുസ്‌ലിം ബ്രദര്‍ഹുഡ് അനുഭാവികളായ പത്രപ്രവര്‍ത്തകരാണ്. ഭരണകൂടം പടച്ചുവിടുന്ന പത്രക്കുറിപ്പുകള്‍ റിപ്പോര്‍ട്ടുകളായി പടച്ചുവിട്ടില്ലെന്നതാണ് ഇവരില്‍ മിക്കവരും ചെയ്ത 'കുറ്റം.' അഹ്മദ് അബൂസൈദ് എന്ന ഫോട്ടോഗ്രാഫര്‍ അഴിക്കുള്ളിലായത് സീസി അനുയായികള്‍ നടത്തിയ പ്രകടനത്തിലെ കോപ്രായങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനാണ്. ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലിലും തുര്‍ക്കിയുടെ അനദോലു വാര്‍ത്ത ഏജന്‍സിക്കും പലയിടങ്ങളിലും വിലക്ക് തുടരുകയാണ്.
സൈനിക ഫാഷിസത്തിലേക്ക് ഈജിപ്ത് പൂര്‍ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കിനെ പടിയിറക്കിയ ജനാധിപത്യ പ്രക്ഷോഭം ഈജിപ്തിനു സമ്മാനിച്ച വെളിച്ചം തല്ലിക്കെടുത്തിയ അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കഴുകന്മാര്‍ അറബ് ലോകത്തെ ഏറ്റവും ശക്തമായ ഒരു രാജ്യത്തെ കൊത്തിവലിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്ത് എല്ലായിടത്തും ജനാധിപത്യം വേണമെന്നും എന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്നതിനാല്‍ അറബ് ലോകത്ത് ഏകാധിപതികളും സ്വേഛാധിപതികളും നിലനില്‍ക്കണമെന്നും വാദിക്കുന്ന പടിഞ്ഞാറിന്റെ കാപട്യത്തിന്റെ നേര്‍തെളിവാണ് ഈജിപ്ത് നമുക്ക് പകര്‍ന്നു നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുറത്താക്കി പട്ടാള മേധാവി ജനാധിപത്യക്കുപ്പായം അണിഞ്ഞപ്പോള്‍ അതിനെതിരെ ഉരിയാടാന്‍ ഇവരാരും ഉണ്ടായിരുന്നില്ലല്ലോ. ജനാധിപത്യ ഗവണ്‍മെന്റിനെ അട്ടിമറിച്ച പട്ടാള ഭീകരതയെ തലോടാനാണ് അവര്‍ തയാറായത്. സൈനിക അട്ടിമറിയെ അവ്വിധം വിശേഷിപ്പിക്കാന്‍ തയാറായില്ലെങ്കിലും പ്രതിഷേധം രേഖപ്പെടുത്താനും ഈജിപ്തിനുള്ള 130 കോടി ഡോളറിന്റെ വാര്‍ഷിക സൈനിക സഹായം നിര്‍ത്തിവെക്കാനും തയാറായ അമേരിക്കയാകട്ടെ, ഐ.എസിനെതിരായ പോരാട്ടത്തില്‍ സീസി ഭരണകൂടം വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി ഈയിടെ അത് പുനഃസ്ഥാപിച്ചു.
ജര്‍മനിയെപ്പോലുള്ള രാജ്യങ്ങള്‍ പട്ടാള ഭീകരനായ സീസിക്ക് ചുവന്ന പരവതാനി വിരിച്ച് സ്വീകരണമരുളുന്നതിനും ലോകം സാക്ഷിയായി. സീസിയുടെ വികസന പദ്ധതികള്‍ക്ക് സംഭാവന നല്‍കുക മാത്രമല്ല, അല്‍ ജസീറയുടെ മുതിര്‍ന്ന ലേഖകന്‍ അഹ്മദ് മന്‍സൂറിനെ അറസ്റ്റ് ചെയ്ത് ഈജിപ്തിന് കൈമാറണമെന്ന സീസിയുടെ തിട്ടൂരത്തിന് യെസ് മൂളാന്‍ മാത്രം മെര്‍ക്കല്‍ ഭരണകൂടം അധഃപതിക്കുകയും ചെയ്തു. 2011-ല്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒരു അഭിഭാഷകനെ മന്‍സൂറും രണ്ട് ബ്രദര്‍ഹുഡ് അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്തുവെന്നതായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഈജിപ്തിന് കൈമാറാന്‍ മാത്രം ഗുരുതരമായ കുറ്റം! ഇദ്ദേഹത്തിന്റെ അഭാവത്തില്‍ കയ്‌റോ കോടതി 15 വര്‍ഷം ശിക്ഷിച്ചിട്ടുണ്ടത്രെ. ആരോപണങ്ങള്‍ മന്‍സൂര്‍ അന്നു തന്നെ നിഷേധിച്ചിരുന്നു. ബെര്‍ലിനിലെ ടേഗല്‍ വിമാനത്താവളത്തില്‍നിന്ന് ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് മന്‍സൂര്‍ അറസ്റ്റിലാവുന്നത്. മന്‍സൂറിനെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നുവെന്ന് ജര്‍മന്‍ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. എന്നാല്‍, ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നില്ലെന്നു മാത്രമല്ല, തദാവശ്യാര്‍ഥം കയ്‌റോ നല്‍കിയ അപേക്ഷ 2014 ഒക്‌ടോബറില്‍ തള്ളുകയും ചെയ്തതാണ്. ഇതൊന്നും പരിശോധിക്കാതെ, സീസിയുടെയും കൂട്ടരുടെയും താളത്തിനൊത്ത് തുള്ളിയ ജര്‍മന്‍ അധികൃതര്‍ അപഹാസ്യരായി. മന്‍സൂറിന്റെ കേസ് പരിശോധിച്ച ജഡ്ജിമാര്‍ അദ്ദേഹത്തെ ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.
മുര്‍സിയെ പുറത്താക്കിയ ശേഷം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട നേതാക്കളെയും പട്ടാളഭരണകൂടത്തിന്റെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറംലോകത്ത് എത്തിക്കുന്ന പത്രപ്രവര്‍ത്തകരെയും വേട്ടയാടല്‍ ഈജിപ്ത് പതിവാക്കിയ വിവരം അറിയാഞ്ഞിട്ടൊന്നുമല്ല ജര്‍മനി ഈ അബദ്ധം ചെയ്തത്. പട്ടാള ഭരണത്തെ എതിര്‍ക്കുന്ന പല പ്രമുഖരെയും അറസ്റ്റ് ചെയ്ത് ഈജിപ്തിലേക്ക് വിചാരണക്ക് അയക്കാന്‍ പല തിട്ടൂരങ്ങളും സീസി പുറപ്പെടുവിച്ചിട്ടുണ്ട്. അല്‍ ജസീറ ലേഖകരായ പീറ്റര്‍ ഗ്രെസ്റ്റെ, ബാഹിര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി എന്നിവരെ അറസ്റ്റ് ചെയ്ത് പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. നാനൂറിലേറെ ദിവസങ്ങള്‍ തടവറയില്‍ കഴിഞ്ഞ ശേഷമാണ് വന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഇവരെ മോചിപ്പിച്ചത്. എന്നാല്‍ ബാഹിറും ഫഹ്മിയും ഇപ്പോഴും വിചാരണ നേരിടുകയാണ്.
ബ്രദര്‍ഹൂഡിനെ വേട്ടയാടുമ്പോള്‍ സീസിയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച തീവ്ര സെക്യുലറിസ്റ്റുകളും ജയിലറകളിലാണ്. മുബാറക്ക് ഭരണകൂടത്തെ താഴെയിറക്കാന്‍ ബ്രദര്‍ഹുഡിനൊപ്പം പ്രക്ഷോഭം നയിക്കുകയും ഒടുവില്‍ മുബാറക്ക് അനുകൂലികള്‍ക്കൊപ്പം ചേര്‍ന്ന് മുര്‍സിയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തവരാണ് ഏപ്രില്‍ 6 പ്രസ്ഥാനക്കാര്‍. അതിന്റെ നേതാക്കളാണ് അഴിയെണ്ണുന്നത്. മുര്‍സി പോയാല്‍ നൈല്‍ നദിയിലെ വെള്ളമൊഴുകുന്നതുപോലെ ജനാധിപത്യവും സ്വാതന്ത്ര്യവും ഈജിപ്തിലങ്ങോളമിങ്ങോളം ഒഴുകുമെന്ന് സ്വപ്നം കണ്ടവരാണിവര്‍. എന്നാല്‍ പട്ടാള ഭരണത്തിന്റെ ഭീകരതക്കെതിരെ രംഗത്തിറങ്ങിയതിന് ഇവര്‍ക്ക് കിട്ടിയത് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ. പോലീസിന്റെ അനുമതിയില്ലാതെ പത്തോ അതിലേറെയോ പേര്‍ തെരുവില്‍ ഒത്തുകൂടരുതെന്ന നിയമം ലംഘിച്ചുവെന്നതാണ് കുറ്റം. മുര്‍സി ഭരണത്തില്‍ നിര്‍ബാധം പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഏപ്രില്‍ പ്രസ്ഥാനക്കാര്‍ ഇപ്പോള്‍ പറയുന്നത്. പ്രക്ഷോഭകാലത്ത് ഇവരെ വാഴ്ത്തിയിരുന്ന ഗവണ്‍മെന്റ് അനുകൂല മാധ്യമങ്ങള്‍, ഈജിപ്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്ന് ഭരണകൂടത്തെ അട്ടിമറിക്കുന്നവരായാണ് ഇവരെ മുദ്രയടിച്ചിരിക്കുന്നത്.
മുര്‍സിയെയും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളെയും തൂക്കിലേറ്റാന്‍ ആറ്റുനോറ്റിരിക്കുകയാണ് സീസി. ശഹീദ് സയ്യിദ് ഖുത്വ്ബിനെ കഴുമരത്തിലേക്ക് പറഞ്ഞുവിട്ട ജമാല്‍ അബ്ദുന്നാസറിന്റെ പിന്‍ഗാമിയാവാന്‍ കാത്തിരിക്കുന്ന ഈ പട്ടാള ഭീകരന്‍ അത്തരമൊരു നീചകൃത്യം നടത്തി സമാധാനത്തോടെ ഭരിക്കാമെന്നു കരുതുന്നെങ്കില്‍ അയാള്‍ക്ക് തെറ്റി. വന്‍ ജനകീയ പ്രക്ഷോഭമാണ് സീസിയെ കാത്തിരിക്കുന്നത്. കേണല്‍ ഖദ്ദാഫിയെ കടപുഴക്കിയെറിഞ്ഞ വിപ്ലവം സിസി മറന്നുപോകരുത്; ഒപ്പം, റുമാനിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി ചെസസ്‌ക്യൂവിന് എന്ത് സംഭവിച്ചുവെന്നതും.
Comments