Prabodhanm Weekly

Pages

Search

2015 ജൂലൈ 17

ശരീഅത്തിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും മഖാസിദുശ്ശരീഅയുടെ വെളിച്ചത്തില്‍ ചില ചിന്തകള്‍

അബൂയുസ്ര്‍ /സംവാദം

          ശരീഅത്ത് എന്ന് കേട്ടാല്‍ ചുട്ടുകൊല്ലലും തലവെട്ടും കൈവെട്ടും കല്ലേറും ചാട്ടവാറും ഓര്‍മവരുന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കായ്കളും പൂക്കളും നിറഞ്ഞ് നിത്യഹരിതമായ ശരീഅത്തിന്റെ ചിത്രം ഇന്ന് സമൂഹത്തിന് അന്യമാണ്.  അതിനെ വികൃതമാക്കിയതില്‍ ശരീഅത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്കും  വെറുക്കുന്നവര്‍ക്കും പങ്കുണ്ട്. ശരീഅത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളും വിശാലമായ ജനക്ഷേമ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും -മഖാസിദുശ്ശരീഅ- മനസ്സിലാക്കാതെ ശരീഅത്ത് തിരിച്ചറിയാനാകില്ല. മുസ്‌ലിം സമൂഹവും ലോകവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും അലക്ഷ്യമായ അലച്ചിലുകള്‍ക്കുമുള്ള പരിഹാരം അതില്‍ കണ്ടെത്താനാകും. വൈകാരികതക്കപ്പുറം ശരീഅത്തിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും തിരിച്ചറിയണം. നിര്‍ണിത ലക്ഷ്യങ്ങളിലേക്കുള്ള കൃത്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയുടെ സാക്ഷാത്കാരത്തിനായി യത്‌നിക്കണക്കണം.

ശരീഅത്തിന്റെ അധിക ലക്ഷ്യങ്ങളും ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടവയാണ്. ലക്ഷ്യങ്ങളിലേക്കുള്ള കൃത്യമായ കര്‍മമാര്‍ഗങ്ങളാണ് തിരിച്ചറിഞ്ഞ് നടപ്പാക്കേണ്ടത്. ഈ കര്‍മമാര്‍ഗങ്ങളുടെ തിരിച്ചറിവാണ് ഫിഖ്ഹ്. ലക്ഷ്യം നേടുന്ന ശരിയായ കര്‍മമാര്‍ഗം നിര്‍ണയിക്കാന്‍ ശരിയായ  ഫിഖ്ഹും കര്‍മവും അനിവാര്യമാണ്. കാലഘട്ടത്തിനും സമൂഹത്തിനും സാഹചര്യത്തിനും വ്യക്തിക്കും അനുസരിച്ച് ഇസ്‌ലാം ആവശ്യപ്പെടുന്ന അനിവാര്യമായ തിരിച്ചറിവ് മാര്‍ഗത്തിലും കര്‍മത്തിലും ഉണ്ടാകണം. ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ ലക്ഷ്യങ്ങളിലേക്കുള്ള ശരിയായ മാര്‍ഗം കണ്ടെത്താനുള്ള ത്യാഗപരിശ്രമമാണ് ഇജ്തിഹാദ്. മാര്‍ഗത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് തജ്ദീദ്. ജീവിതത്തില്‍ നിരന്തരം  മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍, ഇസ്‌ലാമികമായി ജീവിക്കാന്‍ ഈമാനും ഫിഖ്ഹും ഇജ്തിഹാദും തജ്ദീദും കര്‍മപരിശ്രമവും അനിവാര്യമാണ്. ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വീഴ്ച വന്നാല്‍ മേല്‍പറഞ്ഞ ഏതൊക്കെ തലങ്ങളിലാണ് വീഴ്ച പറ്റിയതെന്ന് വിചിന്തനം നടക്കേണ്ടതുണ്ട്. ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ പോലും ഉമ്മത്ത് നിസ്സഹായാവസ്ഥയിലാണ് ഇന്നുള്ളത്. അതിനാല്‍ എല്ലാ തലങ്ങളും പുനര്‍വിചിന്തനം അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം.

ശരീഅത്തും ഫിഖ്ഹും 

ശരീഅത്തും ഫിഖ്ഹും പറയാതെ മഖാസിദുശ്ശരീഅ ചര്‍ച്ച ചെയ്യാനാകില്ല. ഫിഖ്ഹല്ല ശരീഅത്ത്. ഫിഖ്ഹില്‍ പരിമിതമല്ല ശരീഅത്ത്. ഇസ്‌ലാമിക ശരീഅത്ത് തെളിനീരുറവയാണ്. കലര്‍പ്പില്ലാത്ത, പരിശുദ്ധമായ, പക്ഷപാതിത്വങ്ങളില്ലാത്ത, നീതി നിറഞ്ഞ, നിത്യമായ ജലപ്രവാഹം. അതിനെ ഉള്‍ക്കൊള്ളുന്ന ജനപദങ്ങളില്‍ തോതനുസരിച്ച് കാല-വര്‍ണ-വര്‍ഗ- ജാതി-മത വ്യത്യാസങ്ങളില്ലാതെ പച്ച വിരിക്കാന്‍ അത് ശക്തമാണ്. മുഴുവന്‍ മനുഷ്യര്‍ക്ക് മാത്രമല്ല മുഴുവന്‍ ജീവികള്‍ക്കും പ്രപഞ്ചത്തിനു തന്നെയും അനുഗ്രഹമാണത്. 

ശരീഅത്തിന്റെ പ്രയോഗവത്കരണമാണ് ഫിഖ്ഹ് ചര്‍ച്ച ചെയ്യുന്നത്. ആഴത്തിലുള്ള മനസ്സിലാക്കലാണ് ഫിഖ്ഹ്. നില നില്‍ക്കുന്ന സാഹചര്യങ്ങളും അവസ്ഥകളും പരിമിതികളും പരിഗണിച്ച് ജീവിതത്തിന്റെ ഓരോ മേഖലയിലും ശരീഅത്ത് ഏറ്റവും അനുയോജ്യമായ രീതിയില്‍ എങ്ങനെ നടപ്പാക്കണമെന്ന പഠനവും ചിന്തയും അഭിപ്രായവുമാണ് ഫിഖ്ഹ്; അത് എഴുതപ്പെട്ടാലും ഇല്ലെങ്കിലും ശരി. എഴുതപ്പെട്ടു എന്നതുകൊണ്ട് ഒരു കാലഘട്ടത്തിലെ ഫിഖ്ഹ് എല്ലാ കാലത്തും ഫിഖ്ഹായി തുടരില്ല.

മുഴുവന്‍ മനുഷ്യര്‍ക്കും നന്മയും ഫലങ്ങളും നല്‍കുന്നതാണ് ശരീഅത്ത്. മരണാനന്തര ജീവിതത്തിലെ ശാശ്വത വിജയത്തിന്റെ വഴി പഠിപ്പിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതോടൊപ്പം, ഇഹലോക ജീവിതത്തില്‍ അത് അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരുമായ എല്ലാ മനുഷ്യര്‍ക്കും സമൂഹ സുരക്ഷക്ക് കോട്ടം വരുത്താതെ സ്വന്തം മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അത് ഉറപ്പു വരുത്തുന്നു. കാരണം മത സ്വാതന്ത്ര്യമില്ലാതെ ഇസ്‌ലാമിലെ സ്വര്‍ഗ-നരക വിശ്വാസത്തിനു തന്നെ പ്രസക്തിയില്ല. മതത്തില്‍ നിര്‍ബന്ധമില്ല. മതനിരാസമാണ് തന്റെ മതം എന്ന വിശ്വാസം വെച്ചു പുലര്‍ത്താനും സ്വാതന്ത്ര്യമുണ്ട്.

ദൈവം ഇറക്കിയ ശരീഅത്ത് ദൈവം സൃഷ്ടിച്ച എല്ലാ മനുഷ്യര്‍ക്കും ഭൂമിയില്‍ നീതിയും നന്മയും ലക്ഷ്യം വെക്കുന്നു. മനുഷ്യനിര്‍മിത നിയമവ്യവസ്ഥകള്‍ക്ക് കഴിയാത്ത ഒന്നാണത്. കാരണം വിശ്വാസങ്ങള്‍ക്കും ജീവിത കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യമുണ്ട്. അതിനനുസരിച്ചാണ് നിയമങ്ങളും വ്യവസ്ഥകളും നിലവില്‍ വരുന്നത്. തൊഴിലാളിയും മുതലാളിയും ദേശീയ-പ്രാദേശിക- സാമുദായിക വാദികളും രാജാവും പുരോഹിതനും സ്വന്തത്തിന് അനര്‍ഹമായ സ്ഥാനം നല്‍കുമ്പോള്‍, മുഴുവന്‍ മനുഷ്യര്‍ക്കും അര്‍ഹമായ പരിഗണന സ്രഷ്ടാവിന്റെ നിയമത്തിന് മാത്രമേ നല്‍കാന്‍ കഴിയൂ. ആ നിയമം അംഗീകരിച്ച് സ്രഷ്ടാവിന്റെ താല്‍പര്യങ്ങള്‍ സ്വന്തം താല്‍പര്യങ്ങളാകുമ്പോഴാണ് ഒരാള്‍ വിശ്വാസിയാകുന്നത്. അതാണ് ജീവിത വിജയത്തിലേക്കുള്ള വഴി.

ദൈവിക താല്‍പര്യങ്ങളെ തള്ളിക്കളഞ്ഞ് കിരീടം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്മാരുണ്ട്. മര്‍ദകരും അഴിമതിക്കാരുമായ ഭരണാധികാരികളോട് ചേര്‍ന്ന് നിന്ന് സമ്പത്തും സ്ഥാനമാനങ്ങളും പങ്കിടാനാണ് മതപുരോഹിതന്മാരും മതേതര പുരോഹിതന്മാരും മത്സരിക്കുന്നത്. തൗഹീദും സുന്നത്തും ജിന്നും ഉള്‍പ്പെടെയുള്ള പല മത-മതേതര ചര്‍ച്ചകളും പലപ്പോഴും അവിഹിത സിംഹാസനങ്ങള്‍ ഉറപ്പിക്കാനും യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വഴിതെറ്റിക്കാനുമാണ്. ചിലര്‍ 'ജീവിതലക്ഷ്യം പരലോകമോക്ഷം' എന്ന മുദ്രാവാക്യം മുഴക്കുന്നത് അവിഹിത മാര്‍ഗങ്ങളിലൂടെ നേടുന്ന ദുനിയാവിലെ ലക്ഷ്യങ്ങള്‍ സംരക്ഷിക്കാനാണ്.

ലക്ഷ്യങ്ങളുടെ ലോകം

ലക്ഷ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ജീവിതത്തിനും ജീവനും പ്രപഞ്ചത്തിനും ലക്ഷ്യങ്ങളുണ്ട്. പല അഭിപ്രായങ്ങളും അവയെക്കുറിച്ച് പറയാനാകുമെങ്കിലും അവയുടെ സ്രഷ്ടാവിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ നാം അശക്തരാണ്. ഈ പ്രപഞ്ചം മുഴുവന്‍ വെറുതെ പടച്ചു എന്ന് പറയാനാകില്ല. 'അലക്ഷ്യമായാണ് നിങ്ങളെ നാം സൃഷ്ടിച്ചതെന്നും നിങ്ങള്‍ നമ്മിലേക്ക് മടങ്ങി വരില്ലെന്നും നിങ്ങള്‍ വിചാരിക്കുന്നുണ്ടോ' എന്ന് അല്ലാഹു ചോദിക്കുന്നു.

മനുഷ്യ സൃഷ്ടിപ്പിന്റെ ഭൂമിയിലെ ലക്ഷ്യം സ്രഷ്ടാവിന്റെ പ്രാതിനിധ്യവും (ഖലീഫ) നിര്‍മാണവും (ഇമാറഃ) പരീക്ഷണവും (ഇബ്തിലാഅ്) ആണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യരില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിച്ചത് പരസ്പരം അറിയാനാണ്. പരലോകം, സ്വര്‍ഗം, ഇഖാമത്തുദ്ദീന്‍, ഇബാദത്ത്, തൗഹീദ്, ദഅ്‌വത്ത്, പ്രതിരോധം തുടങ്ങിയ പദങ്ങള്‍ ലക്ഷ്യത്തിന്റെ ഓരോ ഭാഗങ്ങളെയാണ് കുറിക്കുന്നത്. അവയെല്ലാം ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമാണ്.

മനുഷ്യന്റെ ജീവിതവിജയമാണ് ശരീഅത്തിന്റെ ഉന്നതലക്ഷ്യം. ഭൂമിയിലേക്കുള്ള സന്മാര്‍ഗ ദര്‍ശനവും കാരുണ്യവുമാണത്. ദൈവത്തിന് കീഴടങ്ങി മനുഷ്യരോട് സാഹോദര്യവും സൃഷ്ടികളോട് കരുണയും കാണിച്ച് പ്രകൃതിയെ സംരക്ഷിച്ച്, തിന്മയെ ധിക്കരിച്ച്, അക്രമം തടഞ്ഞ്, നന്മ വിതറി ജീവിക്കാന്‍ അത് നിര്‍ദേശിക്കുന്നു. 

ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് തന്നെ നിയോഗിച്ചതെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. വ്യക്തി, കുടുംബം, സമൂഹം, വിശ്വാസം, കര്‍മം, വിജ്ഞാനം, കൃഷി, വ്യവസായം, രാഷ്ട്രീയം, സമാധാനം, പോരാട്ടം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉത്തമ സ്വഭാവഗുണങ്ങളും മൂല്യങ്ങളും അത് ഉയര്‍ത്തിപ്പിടിക്കുന്നു. മുഴുവന്‍ മനുഷ്യര്‍ക്കും നീതിയും, സര്‍വ ലോകര്‍ക്കും കാരുണ്യവുമാണത്.

മനുഷ്യജീവിതത്തിന്റെ അഞ്ച് അനിവാര്യ ഘടകങ്ങളുടെ സംരക്ഷണമാണ് ശരീഅത്തിന്റെ അടിസ്ഥാന താല്‍പര്യവും ഭൂമിയിലെ ലക്ഷ്യവുമെന്ന് പണ്ഡിതന്മാര്‍ പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്. ജീവിതവ്യവസ്ഥ (ദീന്‍), ജീവന്‍ (നഫ്‌സ്), ബുദ്ധി (അഖ്ല്‍), വംശപരമ്പരയും അഭിമാനവും   (നസ്ല്‍, ഇര്‍ദ്), സമ്പത്ത് (മാല്‍) എന്നിവ എല്ലാ തലത്തിലും സംരക്ഷിക്കുന്നതിന് കര്‍മനിരതരാകാന്‍ ശരീഅത്തിന്റെ വക്താക്കള്‍ ബാധ്യസ്ഥരാണ്. 

ആരാധനകളില്‍ പരിമിതമല്ല വിശ്വാസിയുടെ ബാധ്യതകള്‍. ഹറാമാക്കലും പ്രതിക്രിയയും വഴി പ്രതിരോധം തീര്‍ക്കുന്നതിന് മുമ്പ് ഈ അഞ്ച് കാര്യങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും വികസനത്തിനും ആവശ്യമായ നിര്‍മാണാത്മകമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അവയുടെ സംരക്ഷണത്തിന് ചെയ്യേണ്ടത്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം തുടങ്ങി ജീവിതത്തിന്റെ സര്‍വ തലങ്ങളിലും ഈ അടിസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന് അനിവാര്യമായ നടപടികള്‍ മാത്രമല്ല, ആവശ്യവും അലങ്കാരവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ ശരീഅത്ത് ആവശ്യപ്പെടുന്നു.

മഖാസിദുശ്ശരീഅയുടെ വിശദാംശങ്ങളിലേക്ക് വരുമ്പോള്‍ പൊതുവായ ചിലത് അത് ലക്ഷ്യമാക്കുന്നുണ്ട്. എളുപ്പം, ലാളിത്യം, നീതി, നിര്‍ഭയത്വം, ശാന്തി, സ്വാതന്ത്ര്യം, ഐക്യം, ഉപദ്രവം തടയല്‍, സാഹോദര്യം, ചിട്ടയും വ്യവസ്ഥയും, അവകാശവും അഭിമാനവും സംരക്ഷിക്കല്‍, പരസ്പര സഹായം, സഹകരണം, സൂക്ഷ്മത എന്നിവ അതില്‍ പെടുന്നു. ശരീഅത്ത് നിര്‍ണയിച്ച ഓരോ കര്‍മത്തിനും വിധിക്കും നിയമത്തിനും അതിന്റെ ലക്ഷ്യമുണ്ട്. എന്നല്ല നിര്‍ണിതമായ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം മുന്‍നിര്‍ത്തിയാണ് ശരീഅത്ത് കര്‍മങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളത്. ലക്ഷ്യസാക്ഷാത്കാരത്തിന് പറ്റാത്തതാകുമ്പോള്‍ കര്‍മവും നിയമവും ലഘൂകരീക്കലും മാറ്റലും ശരീഅത്തിന്റെ തന്നെ ഭാഗമാണ്. 

ലക്ഷ്യങ്ങളും മാര്‍ഗങ്ങളും 

ലക്ഷ്യവും മാര്‍ഗവും വേര്‍തിരിച്ചറിയണം. കാരണം അടിസ്ഥാന ലക്ഷ്യങ്ങള്‍ മാറ്റമില്ലാത്തവയാണ്. ഒരേ ലക്ഷ്യത്തിലേക്ക് പല മാര്‍ഗങ്ങളുണ്ടാകാം. ഓരോ സന്ദര്‍ഭത്തിലും അനുയോജ്യമായ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. മാറ്റമില്ലാത്ത, അനിവാര്യമായ ചില മാര്‍ഗങ്ങളുണ്ട്. ആരാധനകളില്‍ കൂട്ടിച്ചേര്‍ക്കല്‍ അനുവദനീയമല്ല. പ്രായോഗിക ജീവിതത്തില്‍ വല്ല നല്ല പുതിയ മാര്‍ഗവും കൂട്ടിച്ചേര്‍ക്കുന്നവര്‍ക്ക് അത് പിന്തുടരുന്ന എല്ലാവരുടെയും പ്രതിഫലമുണ്ട്. മാര്‍ഗങ്ങളില്‍ തന്നെ അനിവാര്യവും ആവശ്യവും അലങ്കാരവുമുണ്ട്. നിര്‍മാണത്തിനും സംരക്ഷണത്തിനും വ്യത്യസ്ത മാര്‍ഗങ്ങളുണ്ടാകാം. സംരക്ഷണത്തിനുള്ള മാര്‍ഗം ഊന്നിപ്പറഞ്ഞ് നിര്‍മാണ മാര്‍ഗങ്ങള്‍ തമസ്‌കരിക്കുന്നത് ശരിയല്ല. വിലക്കുകള്‍ പറഞ്ഞ് കുടുസ്സും അസ്വാതന്ത്ര്യവും സൃഷ്ടിക്കലല്ല, തോന്നുന്നതെല്ലാം  ഹറാമാക്കലല്ല, അനുയോജ്യവും ആകര്‍ഷകവും ആസ്വാദ്യകരവുമായ ഹലാലിന്റെ ഒരു ലോകം നിര്‍മിച്ച് ജീവിതം എളുപ്പമാക്കലാണ് ശരീഅത്തിന്റെ താല്‍പര്യം. 

മനുഷ്യജീവന്റെ സംരക്ഷണം ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ്. ഒരാളെ വധിക്കുന്നത് ശരീഅത്തിന്റെ ഭാഷയില്‍ മനുഷ്യകുലത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യുന്നതിന് തുല്യമായ ഭീകരതയാണ്. പ്രതിക്രിയക്ക് മുതിരുന്നതിന് മുമ്പ്, ഭക്ഷണവും വിഭവങ്ങളും ചികിത്സയും സുരക്ഷയും ഒക്കെ പൗരന്മാര്‍ക്ക് ഉറപ്പ് വരുത്തിയിരിക്കണമെന്നാണ് ശരീഅത്ത് താല്‍പര്യപ്പെടുന്നത്. എല്ലാവര്‍ക്കും സുരക്ഷയും സാമ്പത്തിക സുഭിക്ഷതയും കുടുംബഭദ്രതയും വൈജ്ഞാനിക പുരോഗതിയും ആത്മാഭിമാനവും വികസനവും ലഭ്യമാക്കുന്ന ഒരു ലോകത്തിന്റെ നിര്‍മിതിക്ക് വേണ്ടി നിര്‍മാണാത്മകമായി കര്‍മനിരതരാകാനാണ് ശരീഅത്ത് ആവശ്യപ്പെടുന്നത്.

അവ കൈവരിച്ചതിന് ശേഷവും സമൂഹസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരെ നിലക്ക് നിര്‍ത്താനും ജീവിതം സുഗമമാക്കാനുമുള്ള മാര്‍ഗമാണ് ശരീഅത്തിന്റെ ഒരു ഭാഗം മാത്രമായ ശിക്ഷാനിയമങ്ങള്‍. അതുകൊണ്ടുതന്നെ ശിക്ഷാനിയമങ്ങളല്ല, കൃഷിയും വ്യവസായവും വിദ്യാഭ്യാസവും ശാസ്ത്രീയ വികസനവും നിരന്തരമായ സത്കര്‍മങ്ങളുമാണ് ശരീഅത്ത് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ നിറയേണ്ടത്.

ശരീഅത്തിന്റെ ലക്ഷ്യം മനുഷ്യരുടെ നന്മയും സുഭിക്ഷതയും എവിടെയാണോ അത് സാക്ഷാത്കരിക്കലാണ്. അതിന് ആവശ്യമായ മാര്‍ഗങ്ങളെ അനിവാര്യം, ആവശ്യം, അലങ്കാരം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. അലങ്കാരങ്ങളും ശരീഅത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ചിലപ്പോള്‍ നഷ്ടമാകാറുണ്ട്. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ രീതി സ്വീകരിച്ച് സാമൂഹിക തലത്തില്‍ പ്രവര്‍ത്തിക്കേണ്ടത് മഖാസിദുകള്‍ സാക്ഷാത്കരിക്കാന്‍ അനിവാര്യമാണ്. ജീവന്‍ രക്ഷിക്കാനല്ലാതെ ഒളിച്ചോടി ഗുഹയിലിരിക്കുന്നത് ശരീഅത്തിന് വിരുദ്ധമാണ്. 

ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഖുര്‍ആനിലും സുന്നത്തിലും പേരു പറഞ്ഞതും പറയാത്തതുമായ പല മാര്‍ഗങ്ങളും സ്വീകരിക്കേണ്ടി വരും. മുസ്‌ലിമിന് ആരാധനകളില്‍ മാറ്റലോ കൂട്ടിച്ചേര്‍ക്കലോ അനുവദനീയമല്ല. എന്നാല്‍ ഭൗതികമായ മാര്‍ഗങ്ങളില്‍ കാലികമായ മാറ്റം വരുത്താതിരിക്കുന്നതാണ് കുറ്റകരം. അത് തിരിയാത്തത് കൊണ്ടാണ്, യുദ്ധത്തില്‍ തോറ്റപ്പോള്‍ വാളും കുന്തവുമാണ് സുന്നത്ത്, തോക്ക് സുന്നത്തിന് വിരുദ്ധം എന്ന് അഭിമാനം കൊണ്ട രാജാവുണ്ടായത്. പ്രിന്റിംഗ് നിഷിദ്ധമാണെന്ന ഫത്‌വ നൂറ്റാണ്ടുകളോളം ചെലുത്തിയ സ്വാധീനം ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്കും പതനത്തിനും കാരണമായിട്ടുണ്ട്.  അവരുടെ പിന്തുടര്‍ച്ചക്കാരാണ് പുതിയ മാര്‍ഗങ്ങള്‍ പലതും നിഷിദ്ധമാക്കി യാത്രക്ക് ഒട്ടകവും, സംഗീതത്തിന് ദഫ്മുട്ടും, സമയനിര്‍ണയത്തിന് നിഴലും, കാലനിര്‍ണയത്തിന് കാഴ്ചയും, വിവരം കൈമാറാന്‍ കതിന വെടിയും, കുത്തിപ്പിടിക്കാന്‍ വാളും, വര്‍ത്തമാനം പറയാന്‍ അറബിഭാഷയും ഒക്കെ മാറ്റാന്‍ പാടില്ലാത്ത സുന്നത്തുകളാണെന്ന് പറഞ്ഞ് വാശി പിടിക്കുന്നത്. ഒരു മാര്‍ഗം ഖുര്‍ആനിലും സുന്നത്തിലും പറഞ്ഞു  എന്നത് ആധുനികമായ പുതിയ മാര്‍ഗം സ്വീകരിക്കുന്നതിന് തടസ്സമാകരുത്. എളുപ്പമുള്ള മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. പുരോഗതിയോട് പുറം തിരിഞ്ഞ് നില്‍ക്കുകയും കാലഘട്ടത്തിലെ മാര്‍ഗങ്ങളെ നിഷിദ്ധമാക്കുകയും ചെയ്യുന്നവര്‍ ശരീഅത്ത് അനുസരിക്കുകയല്ല, അതിന്റെ ലക്ഷ്യങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് ചെയ്യുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍