Prabodhanm Weekly

Pages

Search

2015 ജൂലൈ 17

ഇസ്‌ലാമിനെ ചരിത്രപരമായും സാമൂഹിക ശാസ്ത്രപരമായും മാത്രം മനസ്സിലാക്കാനാവുമോ?

ടി. മുഹമ്മദ് വേളം /സംവാദം

         ഇത് മഖാസിദു ശരീഅയുടെ കാലമാണ്. ദൈവിക നിയമങ്ങളുടെ ഉദ്ദേശ്യങ്ങള്‍ക്ക് വലിയ പരിഗണന ലഭിക്കുന്ന കാലം. ചെറുപ്പക്കാര്‍ക്കും ഇസ്്‌ലാമിക പ്രവര്‍ത്തകര്‍ക്കുമിടയില്‍ ശരീഅത്തിന്റെ ഉദ്ദേശ്യാധിഷ്ഠിത  വ്യാഖ്യാനങ്ങള്‍ക്ക് ഇന്ന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമുള്ള ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ പ്രയോഗങ്ങളുമായി ഈ സ്വീകാര്യതക്കു നല്ല ബന്ധമുണ്ട്. മതത്തെ പവിത്രമായ ഉയരത്തില്‍ പ്രതിഷ്ഠിക്കുകയും പ്രയാസം വരുമ്പോഴെല്ലാം മതത്തെ ഉപേക്ഷിക്കുകയും ചെയ്യുന്ന യഥാസ്ഥിതിക രീതിക്കു പകരം മതത്തെ ജീവസ്സുറ്റതായി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ഏത് പ്രയാസ ഘട്ടത്തിലും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന രീതി ഇസ്‌ലാമിക പ്രസ്ഥാന  പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ടിട്ടുണ്ട്. യാത്രയില്‍ വലിയ സൂക്ഷ്മതാബോധം കാരണം നമസ്‌കരിക്കാതിരിക്കുകയും പിന്നീട് അത് വീട്ടില്‍ ചെന്ന് അതിന്റെ എല്ലാ സൂക്ഷ്മതയോടെയും നിര്‍വഹിക്കുകയോ അതുമല്ലെങ്കില്‍ സൂക്ഷ്മത കൂടി ഒടുവില്‍ നമസ്‌ക്കാരം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നവരെ കാണാന്‍ കഴിയും. നമസ്‌കാരം സമയബന്ധിതമായ ആരാധനയാണെന്ന അതിന്റെ ആത്മാവാണ് ഈ സൂക്ഷ്മതാ വാദികള്‍ അട്ടിമറിക്കുന്നത്. മതത്തെയും മത നിയമങ്ങളെയും കേവലം അനുഷ്ഠാനമായി കാണുന്നതിനുപകരം ജീവസ്സുറ്റതായി കാണുക എന്ന രീതിയുടെ ഭാഗമായാണ് നിയമത്തിനൊപ്പം അതിന്റെ ഉദ്ദേശ്യങ്ങളെ കൂടി പരിഗണിക്കുന്ന രീതിക്ക് ജനകീയമായ പ്രചാരം സിദ്ധിക്കുന്നത്. മത, ജീവിത വിഭജനത്തിന്റെ സര്‍ഗാത്മക പരിഹാരമാണ് ശരീഅത്തിന്റെ ഉദ്ദേശ്യം വിശകലനം ചെയ്യുന്ന ശാസ്ത്രശാഖ. ഇത് ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തില്‍ വേരുകളാഴ്ത്തി നില്‍ക്കുന്ന ഒന്നാണ്. ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ അത്  ജനകീയമാക്കപ്പെടുക എന്നത് മാത്രമാണ് ഇപ്പോള്‍ സംഭവിച്ചത്. 

മഖാസിദു ശരീഅയുടെ ഈ ജനകീയ കാലത്തിന് ചില മറുവശങ്ങളും പാര്‍ശ്വ ഫലങ്ങളുമുണ്ട്. അതില്‍ ഒന്ന്, ആരാധനാ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ആരാധനാ കര്‍മങ്ങള്‍ക്ക് ജീവിതവുമായുള്ള ബന്ധം അറുത്തുകളഞ്ഞ ജീര്‍ണ മതത്തിനെതിരെ ആരാധനകളുടെ ആത്മാവിനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട പണ്ഡിതന്മാരും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. നമസ്്കാരമുള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍ക്ക് വ്യക്തിപരവും സാമൂഹികവുമായ നിരവധി ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. ആരാധനകളുടെ പരമമായ ലക്ഷ്യം ആരാധനയിലൂടെയുള്ള ദൈവപ്രീതിയാണ്. അതിലെ ദൈവ കല്‍പ്പന അനുസരിക്കലാണ്. മറ്റു സദ്ഫലങ്ങളെല്ലാം അതിന്റെ ഉപലക്ഷ്യങ്ങള്‍ മാത്രമാണ്. ദൈവത്തെ ഓര്‍ക്കാന്‍ വേണ്ടി നമസ്‌കരിക്കുന്നു, നമസ്‌കാരം തെറ്റുകളില്‍ നിന്നും മ്ലേച്ഛതകളില്‍ നിന്നും മനുഷ്യനെ തടയുന്നു എന്നീ ഖുര്‍ആനിക പ്രസ്താവനകളെല്ലാം നമസ്‌കാരത്തിന്റെ ഉപലക്ഷ്യങ്ങളുടെ വിശദീകരണമാണ്. ആത്മസംസ്‌കരണവും ദൈവസ്മരണയും സംഘടിതത്വവുമൊക്കെയാണ് നമസ്‌കാരത്തിന്റെ ലക്ഷ്യങ്ങളെങ്കില്‍ അവ നേടിയെടുക്കുന്നതോടെ നമസ്‌കാരം അവസാനിപ്പിക്കാനാവും. അല്ലെങ്കില്‍ അവ നേടിയെടുക്കാന്‍ വേറെ വഴികള്‍ കണ്ടെത്തിയാലും മതിയാവും. ദൈവ സ്മരണകള്‍ നിറഞ്ഞ കര്‍മങ്ങളും മനുഷ്യസേവന  പ്രവര്‍ത്തനങ്ങളും ധാരാളം ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ പിന്നെയെന്തിന് നമസ്‌കരിക്കണം; അല്ലെങ്കില്‍, നന്നെ ചുരുങ്ങിയത് അവ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തിനു നമസ്‌കരിക്കണം എന്ന യുക്തി സ്വാഭാവികമായും രൂപപ്പെടും. പ്രമുഖ പണ്ഡിതനും ചിന്തകനുമായ അബ്ദുല്‍ ഹഖ് അന്‍സാരി ആരാധനകളുടെ ലക്ഷ്യത്തെക്കുറിച്ച ഈ കാഴ്ചപ്പാട് ആദ്ദേഹത്തിന്റെ 'വിശ്വാസികളുടെ ജീവിതലക്ഷ്യം' എന്ന പുസ്തകത്തിലും പ്രസ്ഥാനപ്രവര്‍ത്തകരോട് ചെയ്ത പ്രഭാഷണത്തിന്റെ ചില പ്രബന്ധരൂപങ്ങളിലും പറയുന്നുണ്ട്. 

അനുഷ്ഠാനങ്ങള്‍ക്കു പുറത്തുള്ള വ്യവഹാര കാര്യങ്ങള്‍ അഥവാ മുആമലാത്തുകള്‍കള്‍ക്കും ഇത് ബാധകമാണ്. അനുഷ്ഠാനങ്ങളേക്കാള്‍ കൃഷി, കച്ചവടം, കുടുംബജീവിതം, രാഷ്ട്രീയം, സംസ്‌കാരം മുതലായ വ്യവഹാരിക കാര്യങ്ങളിലാണ് നിയമത്തിന്റെ ഉദ്ദേശ്യാധിഷ്ഠിത വ്യാഖ്യാനങ്ങള്‍ കൂടുതല്‍ നടക്കുന്നത്. പ്രമാണങ്ങളുടെ സന്ദര്‍ഭങ്ങളും ഉദ്ദേശ്യങ്ങളും പരിഗണിക്കാത്ത അക്ഷരവായനാരീതി ഇസ്‌ലാമിക ലോകത്ത് ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്്ടിക്കുന്ന ഇക്കാലത്ത് ഉദ്ദേശ്യാധിഷ്ഠിതവും സന്ദര്‍ഭത്തെ പരിഗണിക്കുന്നതുമായ പ്രമാണ വായനക്ക് വലിയ ദൗത്യം തന്നെ നിര്‍വഹിക്കാനുണ്ട്. സൂക്ഷ്മതലത്തിലുള്ള ചില ജാഗ്രതകള്‍ ഈ വ്യാഖ്യാന രീതി പിന്തുടരുന്നവര്‍ കൈക്കൊള്ളേണ്ടതുണ്ട്. ഒരു നിയമത്തിന് ഒരു ഉദ്ദേശ്യം അല്ലെങ്കില്‍ ഒന്നിലധികം ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷേ ആ ഉദ്ദേശ്യങ്ങള്‍ ചിലപ്പോഴെങ്കിലും ഈ നിയമം നിര്‍ദേശിക്കുന്നതല്ലാത്ത വഴിയിലൂടെയും സഫലമാക്കാന്‍ കഴിഞ്ഞെന്നിരിക്കും. കട്ടവന്റെ കൈമുറിക്കുക എന്നതല്ലാത്ത നിയമം നടപ്പിലാക്കിയും കളവ് ചിലപ്പോള്‍ തടയാന്‍ കഴിഞ്ഞേക്കാം. കട്ടവന്റെ കാര്യത്തിലെ ദൈവിക നിയമം എന്ന നിലയില്‍ കരച്ഛേദനം അപ്പോഴും പ്രസക്തമായി നിലനില്‍ക്കും. ദൈവികമായ നിയമങ്ങളുടെ സാമൂഹിക മൂല്യത്തോടൊപ്പം അതിന്റെ ദൈവികത എന്നത് വിശ്വാസികളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. പ്രമാണത്തിന്റെ സാന്ദര്‍ഭികതയും ഉദ്ദേശ്യവും നാം ജീവിക്കുന്ന സാഹചര്യവും പരിഗണിക്കുന്നതോടൊപ്പം നിയമത്തിന്റെ ദൈവികത എന്നത് ആത്യന്തികമായ അര്‍ഥത്തില്‍ ഏറെ പ്രധാനമാണ്. ദൈവിക മതത്തെ കേവല സാമൂഹികശാസ്തപരമായും ചരിത്രപരമായും വിലയിരുത്തുന്ന രീതി മതത്തിന്റെ അന്തസ്സത്തയെ മനസ്സിലാക്കുന്നതിലും അനുധാവനം ചെയ്യുന്നതിലും ദയനീയമായി പരാജയപ്പെടും. ഇസ്‌ലാമിലെ ഏത് വ്യാവഹാരിക നിയമത്തിന്റെയും അങ്ങേ അറ്റത്ത് ഒരു അനുഷ്ഠാനപരതയുണ്ട്; ആരാധനാ കര്‍മങ്ങള്‍ക്ക് ലൗകികമായ  സദ്ഫലങ്ങള്‍ ഉള്ളതുപോലെ തന്നെ. ശരീഅത്തിന്റെ ഉദ്ദേശ്യാധിഷ്ഠിത വ്യാഖ്യാന രീതി വളരെ നന്നായി പ്രയോഗിച്ച തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദക്കകത്തുണ്ടായ ഒരു ഗ്രൂപ്പിന്റെ അനുഭവം പ്രസ്ഥാന നായകന്‍ റാശിദുല്‍ ഗനൂശി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്: ''ഞങ്ങളുടെ പ്രസ്ഥാനത്തില്‍ ഉടലെടുത്ത ഈ വിമര്‍ശന ധാര പ്രസ്ഥാനത്തെ തന്നെ പിളര്‍ക്കുന്നതിലാണ് കൊണ്ടെത്തിച്ചത്. അങ്ങനെ പ്രസ്ഥാനത്തിനകത്തുനിന്ന് ഇടതുപക്ഷ ഇസ്്‌ലാം എന്ന പുതിയൊരു സംഘം രൂപം കൊണ്ടു. സയ്യിദ് ഖുത്വ്ബിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ ആ വിമര്‍ശനം ബ്രദര്‍ഹുഡിലേക്കും മൊത്തം സലഫി ചിന്താഗതിയിലേക്ക് തന്നെയും വ്യാപിച്ചു. അവസാനം ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങളുടെ വേദപാഠ(text) ങ്ങളുമായുള്ള ഏറ്റുമുട്ടലിലാണ് അത് കലാശിച്ചത്. വേദപാഠങ്ങള്‍ സ്വീകരിക്കുമ്പോള്‍ കാലോചിതവും കാലോചിതമല്ലാത്തതുമെന്ന വിവേചനം നിര്‍ബന്ധമാണെന്ന് ഇവര്‍ വാദിച്ചു. ഈ വിമര്‍ശക ധാര തങ്ങളുടെ സംഘടനക്കകത്ത് പിളര്‍പ്പുണ്ടാക്കിയെങ്കിലും അതില്‍നിന്ന് ഉരുവം കൊണ്ട ചര്‍ച്ചകള്‍ ബോധനവീകരണത്തിനും, പുറത്തുനിന്നു കടന്നുവന്ന ഇസ്‌ലാമിക ചിന്തകളോട് ശിഷ്യപ്പെടലിന്റെയും വിധേയത്വത്തിന്റെയും സമീപനം സ്വീകരിക്കുന്നതിന് പകരം  അതിന് വിമര്‍ശനാത്മകമായ മാനത്തിന്റെ ചൈതന്യം പകര്‍ന്നുകൊടുക്കുന്നതിനും പ്രയോജനപ്പെട്ടു. ഇടതുപക്ഷ ഇസ്‌ലാം ഗ്രൂപ്പ് അതിരുവിട്ട് മുന്നോട്ടുപോയി. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കാണ് പ്രസക്തി എന്ന ചിന്ത മുന്നോട്ടുവെച്ചപ്പോള്‍ ഫലത്തില്‍ ശരീഅത്തിനോടുള്ള ബുറഖിബിയന്‍ മതേതര നിലപാടുമായി പൊരുത്തപ്പെടുന്നിടത്തോളം അവരുടെ സമീപനം എത്തിപ്പെട്ടു. എന്നാല്‍ പ്രസ്ഥാനത്തിലെ ഭൂരിപക്ഷമാളുകളും പുനരവലോകനത്തിന്റെയും വിമര്‍ശനത്തിന്റെയും വികസനത്തിന്റെയും തത്ത്വം അംഗീകരിച്ചുവെങ്കിലും അവ മതത്തിന്റെ മൂലപാഠങ്ങളുടെയും വെളിപാട് പരമാധികാരത്തിന്റെയും ചട്ടക്കൂട് ഭേദിക്കാത്ത നിലയിലായിരിക്കണം എന്നതില്‍ ഉറച്ചുനിന്നു. ഇതംഗീകരിക്കാത്തവരാകട്ടെ, സംഘടനയില്‍ നിന്ന്  പുറത്തുപോവുകയും ചെയ്തു. അധികം വൈകാതെ ആധുനികതയുടെ ഭരണകൂട സ്ഥാപനങ്ങളുമായി അവയുടെ ഉപാധികള്‍ക്ക് വിധേയരായി അവര്‍ ലയിച്ചുചേരുകയും ചെയ്തു.''

ഇസ്‌ലാമിന്റെയും ശരീഅ നിയമങ്ങളുടെയും അലൗകികപരതകള്‍ മറന്നതിന്റെയും മതത്തെ ചരിത്രപരമായും സാമൂഹികശാസ്ത്രപരമായും മാത്രം സമീപിക്കുന്നതിന്റെയും ഫലമായിരുന്നു ഈ ഗ്രൂപ്പ്. പക്ഷേ ഒടുവില്‍ മതത്തില്‍  മാത്രമല്ല, ചരിത്രപരമായും രാഷ്ട്രീയമായും പോലും അവര്‍ക്ക് ശരിയാവാന്‍ കഴിഞ്ഞില്ല എന്നതാണ് സംഭവിച്ചത്. രാഷ്ട്രീയമായി ആരെ എതിര്‍ക്കാനാണോ അവര്‍ ഒരുമിച്ചുകൂടിയത് അവരുടെ കാല്‍ക്കീഴില്‍ തന്നെ സ്വയം ചെന്ന് സമര്‍പ്പിക്കുന്നവരായി അവര്‍ മാറി. മതത്തിന്റെ അന്തസ്സത്ത അലൗകികതയാണെന്ന് തിരിച്ചറിയാതെ പോയതിന്റെ ദുരന്തമായിരുന്നു അത്. ജീവിത നന്മയെയും അലൗകികതയെയും സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഈ ദൈവികത മാറ്റിവെച്ചാല്‍ ഇസ്‌ലാം പല സംസ്‌കാരങ്ങളില്‍ ഒരു സംസ്‌കാരവും പല ഐഡന്റിറ്റികളില്‍ ഒരു ഐഡന്റിറ്റിയും മാത്രമായി മാറും. ഒരു പക്ഷേ ചരിത്രത്തില്‍ ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ഐഡന്റിറ്റിയായി അത് തിരിച്ചറിയപ്പെട്ടേക്കും. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രസക്തിയും ഈ വാദമുഖത്തിലൂടെ ശക്തമായി അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ ഇസ്്‌ലാം അതിന്റെ പൂര്‍ണതയില്‍ ഒരു ഐഡന്റിറ്റിയോ ഒരു സംസ്‌കാരമോ ഒരു രാഷ്ട്രീയ ശക്തിയോ മാത്രമല്ല. അത് മനുഷ്യനെയും പ്രപഞ്ചത്തെയും പൂര്‍ണമായി ചൂഴ്ന്നുനില്‍ക്കുന്ന ദൈവത്തിന്റെ ആദര്‍ശമാണ്.  

ഇസ്‌ലാം അതിന്റെ  അളവുകോലുകള്‍ക്കു മാത്രം വഴങ്ങിക്കൊടുക്കുന്ന ഒരു 'വഴങ്ങാത്ത' ദര്‍ശനമാണ്. ഈ വഴങ്ങായ്മയാണ് ഇസ്‌ലാമിനെ എക്കാലത്തും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നത്. ഇസ്‌ലാം ഒരു പ്രതിരോധ രാഷ്ട്രീയ ശക്തിയായി മാറുന്നത് അതിന്റെ സ്ഥൂലാര്‍ഥത്തില്‍ മാത്രമല്ല സൂക്ഷ്മാര്‍ഥത്തില്‍ കൂടിയാണ്. പ്രയോഗത്തില്‍ മാത്രമല്ല അതിന്റെ തത്ത്വത്തിന്റെ സത്തയില്‍ തന്നെയാണ്. പല 'ഇസ്‌ലാമുകള്‍' വിപണിയിലിറങ്ങുന്ന ഈ കാലത്ത് ഈ ജാഗ്രതാ ബോധം (തഖ്‌വ) വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ തുനീഷ്യയിലെ വിമത ഗ്രൂപ്പിന് സംഭവിച്ചത് പല രീതികളില്‍ പലേടത്തും ആവര്‍ത്തിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍