Prabodhanm Weekly

Pages

Search

2015 ജൂലൈ 17

ശവ്വാല്‍ പിറ പറയുന്നു, ജീവിതം ഈദാക്കണേ!

വി.പി ശൗക്കത്തലി /കവര്‍‌സ്റ്റോറി

         റമദാനിന്റെ തീഷ്ണമായ മല്‍സര ട്രാക്കില്‍ മുഖ്യശത്രു പിശാചിനോട് ഇഞ്ചോടിഞ്ച് പോരാടി വിശ്വാസി നേടിയ വിജയത്തിന്റെ സമുചിതമായ ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍. പ്രവാചകന്‍(സ) പഠിപ്പിച്ച പോലെ, നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളില്‍ ഒന്ന് 'ഇഫ്ത്വാര്‍' നേരത്താണല്ലോ. ഈദുല്‍ ഫിത്വ്ര്‍ (നോമ്പുമുറിപ്പെരുന്നാള്‍) ഒരു മാസം നീണ്ട വ്രതമാസത്തിന്റെ സമാപനാഘോഷം കൂടിയാണ്. അനുസരണമുള്ള അടിമയായി, മുസ്‌ലിമായി, വിശ്വാസി മാറിയതിനുള്ള ദൈവിക സമ്മാനം കൂടിയാണീ പെരുന്നാള്‍. നീണ്ട വ്രതനാളില്‍ അവര്‍ തെളിയിച്ചത് അല്ലാഹു ഞങ്ങള്‍ക്ക് 'കബീര്‍' (വലിയവന്‍) അല്ല, 'അക്ബര്‍' (ഏറ്റവും വലിയവന്‍) തന്നെയാണ് എന്നാണ്. ജീവിതത്തിലെ പല വലിയതുകളെയും കവച്ചുവെച്ചാണ് അവര്‍ 'അല്ലാഹു അക്ബര്‍' തെളിയിച്ചത്. അതവര്‍ ഒന്നുകൂടി ഉറക്കെപ്പാടുന്ന നാളാണ് പെരുന്നാള്‍. ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഇഛിക്കുന്നത്, ഞെരുക്കം ഇഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്‍മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞത ഉള്ളവരായിരിക്കുന്നതിനും വേണ്ടിയത്രേ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്'' (അല്‍ബഖറ 185) എന്ന ദൈവിക വചനത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ഈദുല്‍ ഫിത്വര്‍. മുമ്പേ സൃഷ്ടിനാഥന്റെ മഹത്വം അംഗീകരിച്ച് പ്രകീര്‍ത്തിച്ചു പാടുന്ന മണ്ണിനോടും വിണ്ണിനോടും ആകാശപ്പറവകളോടും മഴമേഘ-ഇടിനാദങ്ങളോടും ഐക്യദാര്‍ഢ്യപ്പെടുക കൂടിയാണ് പ്രപഞ്ചത്തിന്റെ ഈ സ്വര-രാഗ സങ്കീര്‍ത്തനങ്ങളിലൂടെ വിശ്വാസിക്കൂട്ടം ചെയ്യുന്നത്. അപ്പോള്‍ എത്ര അര്‍ഥവത്താണ് പെരുന്നാളിന്റെ തക്ബീര്‍ ധ്വനികള്‍...!

മനുഷ്യന്‍ റൂഹും കളിമണ്ണും ചേര്‍ന്ന യുഗ്മ സൗഭാഗ്യമാണ്. റൂഹിന്റെ തറവാട് മലഉല്‍ അഅ്‌ലാ (ഉപരിലോകം) ആണ്. അത് പറന്നുയരാന്‍ വെമ്പുന്നതും അങ്ങോട്ടുതന്നെ. ഭൂമിയിലേക്കൊട്ടുന്ന ശരീരത്തില്‍ നിന്ന് മോചനം നേടി, മലക്കിന്റെ വിതാനത്തിലേക്ക് തീര്‍ഥയാത്ര പോകാന്‍ വ്രതത്തിലൂടെ റൂഹിന് സാധിച്ചതിന്റെ സന്തോഷം കൂടിയാണ് ഈദ്. ആത്മീയോല്‍ക്കര്‍ഷത്തിന്റെ വിജയപ്പെരുന്നാള്‍. ഇതു സാധ്യമാക്കിയ നോമ്പുകാരന്റെ ശരീരത്തെ ഈ സന്തോഷത്തില്‍ പങ്ക് ചേര്‍ക്കുകയാണ് പ്രകൃതിമതമായ ഇസ്‌ലാം. 'നിന്റെ ശരീരത്തോട് തീര്‍ച്ചയായും നിനക്ക് കടപ്പാട് ഉണ്ട്.' എന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം, ആനന്ദങ്ങളെ, ആഘോഷങ്ങളെ മതത്തിന്റെ ഭാഗമാക്കുന്നു. അത് കൊണ്ടാണ് ഈദെന്ന ആഘോഷം പുണ്യമുള്ള ഇബാദത്താകുന്നത്; ഈ ദിനം നോമ്പുപാടില്ലെന്ന് അനുശാസിക്കുന്നതും.

സൂര്യന്‍ പുഞ്ചിരിച്ചുയരുന്ന ദിനമാണ് പെരുന്നാള്‍. അന്ന് അകത്ത് സന്തോഷവും, മുഖത്ത് പുഞ്ചിരിയും ചുണ്ടില്‍ തക്ബീറും വിരിയണം. നെഞ്ച് നെഞ്ചോട് ചേര്‍ത്ത് മനുഷ്യര്‍ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യണം. അറ്റുപോയ ബന്ധങ്ങളുടെ കണ്ണികള്‍ ചേര്‍ത്ത് ജീവിതത്തിന്റെ ഇഴയടുപ്പം വര്‍ധിപ്പിക്കണം. അഗതികളെയും അശരണരെയും കരുണയോടെ തലോടണം. ഭൂമിയില്‍ പശിയില്ലാത്ത പെരുന്നാള്‍ ദിനമാണിതെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. അപ്പോഴാണ് ശവ്വാല്‍ പിറ ചിരിക്കുന്നതെന്നറിയുക.

അസ്വസ്ഥപ്പെടുന്ന മനസ്സുകള്‍ തരളിതമാക്കാന്‍ നിഗൂഢ ആത്മീയത പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞ ദൈവിക ദര്‍ശനമാണ് ഇസ്‌ലാം. അത് കൊണ്ടാണ് ശരീരവും മനസ്സും ആനന്ദിക്കുന്ന തുറന്ന ആത്മീയോല്‍ക്കര്‍ഷത്തിന്റെ വഴിയില്‍, ഇസ്‌ലാം മനുഷ്യരെ നടത്തുന്നത്. അത് കൊണ്ട് തന്നെയാണ് ഈദാഘോഷത്തില്‍ തുറസ്സും പുതുമയും ഉള്‍ച്ചേര്‍ക്കപ്പെട്ടത്. ഈദു നമസ്‌കാരം തുറന്ന മൈതാനത്ത് നടത്തണമെന്നാണ് നബിയുടെ നിര്‍ദ്ദേശം. സംഗമസ്ഥലത്തേക്കുള്ള പോക്കുവരവുകള്‍ വ്യത്യസ്ത വഴികളിലൂടെ ആകണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും പുതുക്കാനുമുള്ള അവസരമൊരുക്കല്‍ എന്നതാണ് അതിന്റെ യുക്തി. കുളിക്കാനും പുതുവസ്ത്രമണിയാനും സുഗന്ധങ്ങളുപയോഗിക്കാനുമുള്ള നിര്‍ദേശം വിശ്വാസികളില്‍ നവോന്മേഷം നിറക്കാനാണ്.  സ്ത്രീകളും കുട്ടികളും ആര്‍ത്തവകാരികളും വരെ ഈ സുദിനത്തിലെ സംഗമത്തിന് സാക്ഷികളാകണം. വിശ്വാസി സംഘത്തിന്റെ പൂര്‍ണസാന്നിധ്യമാണത് തേടുന്നത്. തക്ബീറിന്റെ സംഗീതാത്മകത കൂടി ചേര്‍ത്ത് ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു. പതിവുരീതികള്‍ തെറ്റിച്ച് പെരുന്നാള്‍ അനുഷ്ഠാനങ്ങളില്‍ സുന്നത്ത് നമസ്‌കാരവും ബാങ്കും ഇഖാമത്തുമില്ല. ആദ്യം നമസ്‌കാരം നിര്‍വഹിച്ച് പിന്നെ ഖുത്വുബ നടത്തുന്ന പുതുമയും ഈദുകള്‍ക്ക് സ്വന്തം. 'തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും.' (ഞങ്ങളില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സല്‍കര്‍മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ) എന്ന ആശംസാ പ്രാര്‍ഥനകളും ആശ്ലേഷങ്ങളും കൂടിയാകുമ്പോള്‍ പെരുന്നാള്‍ സന്തോഷോല്‍സവമാകുന്നു. 

'ചിരിക്കാന്‍ മറന്ന സമുദായം' എന്ന് ഇസ്‌ലാമിക സമൂഹത്തെ നോക്കി പറഞ്ഞതാരായാലും, അതില്‍ ഇസ്‌ലാമിന് പങ്കില്ലെന്ന് തെളിയിക്കുന്ന ദിനം കൂടിയാണ് ഈദ്. പെരുന്നാളിന്റെ 'ഈദിയ്യ'യായി മദീനാപള്ളി മുറ്റത്ത് കലാ കായിക വിനോദമൊരുക്കിയ ഹബ്ശ ട്രൂപ്പിനോട് 'അംനന്‍ ബനീ അര്‍ഫിദ' (ബനൂ അര്‍ഫിദക്കാരേ നിര്‍ഭയം കളി തൂടരൂ...) എന്ന പ്രവാചകപ്രോത്സാഹനം എത്ര ആവേശകരമാണ്! ഈദ് ദിനത്തില്‍ കുടുംബ സമേതം ഇങ്ങനെ കലാസ്വാദനം നടത്തിയ പ്രവാചകന്‍ നമുക്ക് എന്നാണ് മാതൃകയല്ലാതായത്? ''വിനോദിക്കൂ, കളിക്കൂ. നിങ്ങളുടെ ദീനില്‍ പാരുഷ്യം കാണുന്നതിനെ ഞാന്‍ തീര്‍ച്ചയായും വെറുക്കുന്നു'' എന്ന തിരുമൊഴിയില്‍ ആശങ്കപ്പെട്ട പാരുഷ്യം ആരാണ് ഈ പ്രകൃതിമതത്തിലേക്ക് കൊണ്ടുവന്നത്? ഈദിന്റെ ആഘോഷ പശ്ചാത്തലത്തില്‍ അല്‍പം പ്രദര്‍ശനവാശിയോടെ, 'യഹൂദികള്‍ അറിയട്ടെ നമ്മുടെ ദീന്‍ പരുഷമല്ലെന്ന്' എന്നു പറഞ്ഞ പ്രവാചകന്റെ മനോഗതത്തിലേക്ക് ഈ ഉമ്മത്തിന് വളരാന്‍ കഴിയില്ലേ?

അതിനാല്‍ അറിയുക, കുട്ടികള്‍ക്ക് മാത്രമുള്ളതല്ല പെരുന്നാള്‍. നമുക്ക് വേണ്ടി ചാനലുകള്‍ ആഘോഷിക്കേണ്ടതുമല്ല പെരുന്നാള്‍. അത്യന്തം അന്തഃസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും മനഃക്ലേശങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന വിശ്വാസികള്‍ക്ക് ആനന്ദിക്കാനും ആസ്വദിക്കാനും ഉള്ളതാണ് ഈദു വേളകള്‍. അതാണ് നബിചര്യയും. ആഘോഷങ്ങള്‍ നിര്‍ദേശിക്കപ്പെട്ട നാളുകളില്‍ അതുമാറ്റിവെച്ച്, വേറെ ചില ചരിത്രദിനങ്ങളില്‍ കൊടിതോരണങ്ങളും ഘോഷയാത്രകളും കലാപരിപാടികളും കെങ്കേമമാക്കി മല്‍സരിക്കുന്ന നമ്മുടെ സമൂഹം ഏത് സുന്നത്തിനാണ് പുനര്‍ജീവനം നല്‍കുന്നത്? വ്രതമാസപ്പിറ്റേന്ന്, ആഘോഷത്തിന്റെ ക്ലൈമാക്‌സില്‍ നമ്മുടെ 'ന്യൂജെന്‍' വഴിതെറ്റി ആഘോഷിക്കാന്‍ മുഖ്യകാരണം, ആനന്ദത്തിന്റെ ഹലാല്‍ വഴികള്‍ തുറക്കാത്തതും ബന്ധപ്പെട്ടവര്‍ ആ രംഗം വിട്ടതുമാണ്. 'മനഃശാന്തി കുടിലിനെ കൊട്ടാരമാക്കുന്നു, അതില്ലെങ്കില്‍ ഏത് കൊട്ടാരവും തടവറ' എന്ന കവിമൊഴിയും ഇതിലേക്ക് ചേര്‍ത്ത് വായിക്കുക. സാംസ്‌കാരിക വികാസം സര്‍ഗശക്തിയിലൂടെയാണ് സംഭവിക്കുക എന്ന സത്യം തിരിച്ചറിയേണ്ട ഏറ്റവും നല്ല സന്ദര്‍ഭം കൂടിയാണ് ഈദ്. 

നാഥനെ മറക്കുക എന്നതല്ല, ഓര്‍ക്കുക എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ അന്തഃസത്ത. തക്ബീര്‍ ധ്വനികള്‍ ഉല്ലേഖനം ചെയ്ത പെരുന്നാള്‍ പട്ടങ്ങള്‍ പറത്തേണ്ടത് ഭൂമിയില്‍ നിന്ന് കയര്‍ പിടിക്കുന്ന വിനയാന്വിതനായ വിശ്വാസിയാണ്. ആ പെരുന്നാള്‍ വിനയത്തില്‍ ഭൂമിയിലെ പാവങ്ങളുടെ കണ്ണീരിന്റെ ഉപ്പുരസം കൂടി ഉണ്ടാവണം. അപ്പോഴാണ് ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നത്. വ്രതമാസത്തിന്റെ പരിശീലനപ്പിറ്റേന്ന് ഈമാന്‍ ഊതിക്കാച്ചുന്ന പുതിയ പ്രതിജ്ഞയില്‍ അശരണരെക്കൂടി പങ്ക് ചേര്‍ക്കണമെന്ന ഈദിന്റെ സന്ദേശം നാം ഉള്‍ക്കൊള്ളണം. അങ്ങനെ എല്ലാ അര്‍ഥത്തിലും ആത്മാവിന്റെയും ശരീരത്തിന്റെയും ഉല്‍സവമായി 'ആവര്‍ത്തിച്ചു' ജീവിതത്തില്‍ വന്നുകൊണ്ടേയിരിക്കേണ്ട സുദിനമാണ് ഈദ്. 'ജീവിതം തന്നെ ഈദാക്കണേ'- അതാണ് ശവ്വാല്‍ പിറ നമ്മോട് വിളിച്ചു പറയുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍