Prabodhanm Weekly

Pages

Search

2015 ജൂലൈ 17

ടി.കെയുടെ പെരുന്നാള്‍ പ്രഭാഷണവും സൂര്യമാര്‍ക്ക് കുടയും

വി.കെ കുട്ടു

ടി.കെയുടെ പെരുന്നാള്‍ പ്രഭാഷണവും 
സൂര്യമാര്‍ക്ക് കുടയും

1959-ല്‍ തലശ്ശേരിയില്‍ മുത്തഫിഖ് ഹല്‍ഖ പോലും ഇല്ലാതിരുന്നതിനാല്‍ തലശ്ശേരിയിലെ കെ.പി അബ്ദുല്‍ ഖാദര്‍ സാഹിബും സി. അബൂബക്കര്‍ മാസ്റ്ററും ഈ കുറിപ്പുകാരനും പെരിങ്ങാടിയില്‍ ഒ.കെ മൊയ്തു സാഹിബിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഹല്‍ഖയുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പെരുന്നാള്‍ തലേ ദിവസം രാവിലെ കെ.പി ഞാന്‍ താമസിച്ചിരുന്ന തലശ്ശേരിയിലെ വീട്ടില്‍ വന്നു എന്നോടായി പറഞ്ഞു: ''ഒരു ഗോള്‍ഡന്‍ ചാന്‍സ് ലഭിച്ചിരിക്കുന്നു. പാഴാക്കരുത്. (അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാരായിരുന്നു). നാളെ വൈകുന്നേരം നടക്കുന്ന ഈദ് സമ്മേളനത്തില്‍ ഒരു പ്രാസംഗികനെ സൗകര്യപ്പെടുത്തിക്കൊടുക്കാനാവുമോയെന്ന് ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹി രജിസ്ട്രാര്‍ മക്കിയാക്ക ചോദിച്ചിരിക്കുന്നു. പ്രസംഗം ഏറ്റെടുത്തിരുന്ന രണ്ട് പ്രഗത്ഭരില്‍ ഒരാള്‍ക്ക് എത്താന്‍ സാധ്യമല്ലെന്ന് ടെലിഗ്രാം വന്നതിനാലാണ്.''

മുസ്‌ലിം ലീഗ് കോട്ടയായിരുന്ന തലശ്ശേരിയില്‍ അതുവരെ ഒരു ജമാഅത്തെ ഇസ്‌ലാമി നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഹാജി സാഹിബ് മരിച്ചിട്ട് അധിക സമയമായിട്ടില്ല. ഇന്ത്യയുടെ പല ഭാഗത്തും സര്‍ക്കാര്‍ ജോലിയും കച്ചവടവുമുള്ള തലശ്ശേരിക്കാരായ മുസ്‌ലിംകള്‍ ശ്രോതാക്കളാകാറുള്ള ഈദ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ കെല്‍പുള്ളവരായി അന്ന് കേരള ജമാഅത്തില്‍ മൂന്ന് പേര്‍ മാത്രമാണുണ്ടായിരുന്നത്. അമീര്‍ കെ.സി അബ്ദുല്ല മൗലവി, ഇസ്സുദ്ദീന്‍ മൗലവി, കെ. മൊയ്തു മൗലവി.

ചേന്ദമംഗല്ലൂരിലായിരുന്ന കെ.സിയുമായി ബന്ധപ്പെടാന്‍ അപ്പോള്‍ ഫോണ്‍ സൗകര്യമുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ ഇസ്സുദ്ദീന്‍ മൗലവി വടക്ക് എങ്ങോ ആണെന്നാണ് അറിഞ്ഞത്. മൊയ്തു മൗലവിയെ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെ  ഞങ്ങള്‍ കുറ്റിയാടിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് മൊയ്തു മൗലവി പഴയങ്ങാടിയിലാണെന്ന്. കേട്ടപ്പോള്‍ തളര്‍ന്ന് തലതാഴ്ത്തി മദ്‌റസയിലിരിക്കുന്നത്  കണ്ട ആള്‍, ഞങ്ങളില്‍ നിന്ന് വിവരം അറിഞ്ഞതിനു ശേഷം പറഞ്ഞു: ടി.കെ അബ്ദുല്ല ആയഞ്ചേരിയില്‍ വീട്ടില്‍ ഉണ്ട്. അയാള്‍ നന്നായി പ്രസംഗിക്കും (ടി.കെയുടെ പ്രസംഗം ഇതിന് മുമ്പ് ഞങ്ങള്‍ രണ്ടുപേരും കേട്ടിരുന്നില്ല. മൂഴിക്കല്‍ സ്റ്റേറ്റ് സമ്മേളനത്തിന് മുമ്പത്തെ കഥയാണിത്).

'നരി ഇല്ലാത്ത കാട്ടില്‍ കുറുക്കന്‍ നരി' എന്ന മൊഴി ഓര്‍ത്തുകൊണ്ട് ഞങ്ങള്‍ ആയഞ്ചേരിയിലേക്ക് ഓടി. തളരും വരെ നടന്നു. രാത്രി ഞങ്ങള്‍ക്ക് ഈദ്ഗാഹ് ഭാരവാഹികള്‍ക്ക് മറുപടി നല്‍കണമായിരുന്നു. ആയഞ്ചേരിയില്‍ ടി.കെയുടെ തറവാട് ഭവനത്തിലെത്തിയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. സംഭവം വിവരിച്ചപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. തലശ്ശേരി ഓടത്തിലെ പള്ളിയില്‍ പെരുന്നാളിന് അസ്വ്ര്‍ നമസ്‌കാരത്തിനെത്തുമെന്നും, ഞങ്ങളവിടെ കാത്തു നില്‍ക്കണമെന്നും ഓര്‍മിപ്പിച്ചു. പെരുന്നാള്‍ ദിവസം അസ്വ്ര്‍ നമസ്‌കാരത്തിനു ശേഷം ഞങ്ങള്‍ അദ്ദേഹത്തെ കാത്തുനിന്നു. അഞ്ചു മിനിറ്റ്-പത്തു മിനിറ്റ്... ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി. മനസ്സ് കൊണ്ട് പ്രാര്‍ഥിച്ചു, അക്കാലത്ത് കുറ്റിയാടിയില്‍ നിന്ന് തലശ്ശേരിയിലേക്ക് രണ്ട് ബസ് മാത്രമാണുണ്ടായിരുന്നത്. ബസ് ട്രിപ്പ് മുടങ്ങിയോ എന്ന ചിന്ത ഞങ്ങളെ പ്രയാസപ്പെടുത്തി. അപ്പോഴേക്കുമതാ ടി.കെ ഓടി വരുന്നു. ബസ് താമസിച്ചതായിരുന്നു വൈകാന്‍ കാരണം.

സ്റ്റേഡിയം മൈതാനിയില്‍ നിറഞ്ഞ സദസ്സ്. ശ്രോതാക്കള്‍ സദസ്സ് വിടാതിരിക്കാന്‍ പ്രഗത്ഭ പ്രാസംഗികന്‍ അവസാനം പ്രസംഗിക്കാറായിരുന്നു പതിവ്. അതിനാല്‍ ടി.കെയായിരുന്നു ആദ്യം പ്രസംഗിച്ചത്

യുവാവായിരുന്ന ടി.കെ മഹാ കവി ഇഖ്ബാലിന്റെ ഉര്‍ദു കവിതകള്‍ ഈണത്തില്‍ പാടി. ഇസ്‌ലാമിന്റെ ആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് തുടങ്ങിയ പ്രസംഗം തുടര്‍ന്നത് സൂര്യ മാര്‍ക്ക് കുടയിലൂടെയായിരുന്നു. ''ഉപ്പൂപ്പ വാങ്ങിയിരുന്ന സൂര്യമാര്‍ക്ക് കുട പിന്തുടര്‍ച്ചയായി മകന് ലഭിച്ചപ്പോള്‍ അതിന്റെ തുണി മുഴുവനും കീറിയതിനാല്‍ മറ്റൊരു കമ്പനിയുടെ തുണി മാറ്റിവെച്ചിരുന്നു. പിന്നീട് ആ കുട പേരക്കുട്ടിക്ക് ലഭിച്ചപ്പോഴേക്കും കുടയുടെ കാലും വില്ലും പൊട്ടിയിരുന്നു. അവയും മാറ്റി ഫിറ്റ് ചെയ്തു. പേരക്കുട്ടി ആ കുട ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അഭിമാനത്തോടെ പറയുന്നത് 'എന്റെ ഉപ്പൂപ്പയില്‍ നിന്ന് പിന്തുടര്‍ച്ചയായി ലഭിച്ച സൂര്യമാര്‍ക്ക് കുട കണ്ടോ' എന്നാണ്. ഇതുപോലെയാണ് ഇപ്പോള്‍ നാമും ഇസ്‌ലാമിനെക്കുറിച്ച് പറയുന്നത്. ഖിലാഫത്തിനു ശേഷം ഇസ്‌ലാമിന്റെ രാഷ്ട്രീയം രാജാധിപത്യവും സ്വേഛാധിപത്യവുമായി. പലിശരഹിതമായ ഇസ്‌ലാമിക സമ്പദ്ഘടന പലിശയിലധിഷ്ഠിതമായ യൂറോപ്യന്‍ സാമ്പത്തിക ശാസ്ത്രത്തിന് വിധേയമായി....'' അങ്ങനെ ഒരു മണിക്കൂര്‍ നീണ്ട ടി.കെയുടെ പ്രസംഗം അവസാനിച്ചപ്പോള്‍ പ്രഗത്ഭ പ്രാസംഗികര്‍ മൈക്കിനു സമീപം വന്നു പറഞ്ഞതിങ്ങനെയായിരുന്നു. ''ഈ യുവാവ് പ്രസംഗിച്ചതിനേക്കാള്‍ കൂടുതല്‍ എനിക്ക് പറയുവാനില്ല.''

ഈ പ്രസംഗത്തിനു ശേഷമായിരുന്നു സ്റ്റേഡിയത്തില്‍ വിപുലമായ രീതിയില്‍ അഖിലേന്ത്യ അമീര്‍ മൗലാനാ അബുല്ലൈസ് സാഹിബിനും ജോ. സെക്രട്ടറി ഹാമിദ് ഹുസൈന്‍ സാഹിബിനും പൗര സ്വീകരണം സംഘടിപ്പിക്കാന്‍ സാധിച്ചത്.

വി.കെ കുട്ടു

ഗഹന ഗംഭീരമായിരുന്നു 
സ്വാമിയുടെ ഖുര്‍ആന്‍ വായനകള്‍

വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ മഹല്‍ കര്‍മത്തിന് കൃതജ്ഞത അര്‍പ്പിക്കാതിരിക്കുന്നത് ഒരു മഹാ അപരാധമായിരിക്കുമെന്ന ഉല്‍ക്കടമായ തോന്നലാണ് ഈ എഴുത്തിന് കാരണം.

2015 ജൂണ്‍ 19 വരെയുള്ള 21 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച സ്വാമിയുടെ 'ഫാതിഹ സൂറ'യിലൂടെയുള്ള ഖുര്‍ആന്‍ വായനാനുഭവം സര്‍വ വായനക്കാര്‍ക്കും സര്‍വേശ്വരന്‍ പ്രദാനം ചെയ്ത മഹത്തായ ഒരു അനുഗ്രഹമായിട്ടാണ് അനുഭവപ്പെടുക.

ഒരു നബിവചനമുണ്ട്: ''നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാകുന്നു''. ഇത് രണ്ടും സ്വാമി അക്ഷരാര്‍ഥത്തില്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു. വര്‍ഷങ്ങളായി ആയിരക്കണക്കിന് തവണ നമസ്‌കാരത്തിലും മറ്റും പതിവായി ഓതിക്കൊണ്ടിരിക്കുന്ന 'ഫാതിഹ സൂറത്ത്' ജീവസ്സുറ്റ ഒരു ആത്മീയാനുഭവമായി മാറിയത് സ്വാമിയിലൂടെയാണ്. ഖുര്‍ആന്റെയും ഈമാന്റെയും ഇസ്‌ലാമിന്റെയും എല്ലാം സത്തയും മര്‍മവുമാണത് എന്ന് സുതരാം വെളിപ്പെട്ടതും ഇപ്പോള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ, പിന്നീട് ഓതുമ്പോഴെല്ലാം ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒരു ഉദ്‌ബോധനം ഉള്ളില്‍ ഉയരുന്നുമുണ്ട്. എങ്ങനെയാണ് ഇത്ര വിശദമായും ഗഹന ഗംഭീരമായും അഗാധമായും ഖുര്‍ആനെ - ഈ സൂറയെ-ചിന്താബന്ധുരമായി അവതരിപ്പിക്കാന്‍ സാധിക്കുന്നതെന്ന് വായനക്കിടയില്‍ പലപ്പോഴും അമ്പരന്ന് പോയിട്ടുണ്ട്. അക്ഷരാര്‍ഥങ്ങളില്‍ നിന്ന് ആന്തരാര്‍ഥങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണ നൈപുണ്യം കടലാഴങ്ങളില്‍ നിന്ന് മുത്ത് വാരിയെടുക്കുന്നവനെയെന്ന പോലെയാണ് നോക്കിനിന്നത്.

ഒരുപാട് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രാസംഗികരും മറ്റും അനേകം തവണ അര്‍ഥം പറഞ്ഞെങ്കിലും 'ഫാതിഹ'യുടെ ബൃഹത്തായ നാനാര്‍ഥങ്ങളിലേക്ക് അവരാരും ഇതുപോലെ സഞ്ചരിച്ചിട്ടില്ലെന്ന് തന്നെയാണ് തോന്നിയത്; ചിലപ്പോള്‍ ഇത് എന്റെ അജ്ഞത കൊണ്ടാവാം. അതല്ലെങ്കില്‍ ഭാരതീയ ഇതിഹാസങ്ങളുടെയും വേദോപനിഷത്തുക്കളുടെയും കൂടി പശ്ചാത്തലത്തില്‍ സ്വാമി പകര്‍ന്നുതന്ന ഉദാരവും വിശാലവുമായ ആശയ ഗാംഭീര്യത്തിന്റെ മാസ്മരികത കൊണ്ടുമാവാം. ഏതായാലും തികച്ചും ആദരണീയമായ ഒരു പുണ്യകര്‍മ്മാണ് അദ്ദേഹം ചെയ്തതെന്നത് നിസ്തര്‍ക്കം. നാം നമ്മുടെ മുറ്റത്ത് നിത്യവും കാണുന്ന ഒരു ചെടിയുടെ മഹിതമായ ഔഷധ മൂല്യങ്ങള്‍ നമുക്ക് തന്നെ വെളിപ്പെടുത്തിത്തരുന്ന 'മുസാഫിറായ' ഒരു യോഗീവര്യനെപ്പോലെയാണ് സ്വാമി നമ്മുടെ മുമ്പില്‍ ഫാതിഹ സൂറത്തുമായി വന്നത്. ദൈവാനുഗ്രഹം തന്നെ.

അബ്ദുര്‍റഹ്മാന്‍ പൂവഞ്ചേരി

ബദ്‌റിനേക്കാള്‍ ഉഹുദാണ് പഠിക്കേണ്ടത്

ബ്ദുല്‍ വാസിഅ് ധര്‍മഗിരിയുടെ 'സമുദായം ബദ്ര്‍ പാടുകയല്ല, ഉഹുദ് പഠിക്കുകയാണ് വേണ്ടത്' (ലക്കം 2908) എന്ന ലേഖനം ശ്രദ്ധേയമായി. വിശ്വാസത്തിന്റെ കരുത്തില്‍ മൂന്നിരട്ടി ആളുകളുള്ള ഇരുട്ടിന്റെ വാഹകരായ അവിശ്വാസികള്‍ക്കെതിരെ വിശ്വാസികള്‍ അല്ലാഹുവിന്റെ ദീനിന്റെ അതിജീവന ശക്തി തെളിയിച്ച സത്യാസത്യ പോരാട്ടമായിരുന്നു ബദ്ര്‍. ഈ പൊരുള്‍ മനസ്സിലാക്കാതെ കേവലം ബദ്ര്‍ മാല പാരായണം ചെയ്ത് സായൂജ്യമടയുന്നവര്‍ ബദ്‌റില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ല.

ഉഹുദില്‍ എന്തുകൊണ്ടാണ് വിജയത്തിന് ശേഷം തിരിച്ചടി നേരിട്ടതെന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേ ഇനിയുള്ള കാലത്തെങ്കിലും വിശ്വാസി സമൂഹത്തിന് മുന്നേറാന്‍ സാധ്യമാവുകയുള്ളൂ. പ്രവാചകന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് ഉഹുദിലെ തിരിച്ചടിക്ക് നിമിത്തമായത്.

വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തിലുടനീളം പാലിക്കാന്‍ നിര്‍ദേശിച്ച വഴിവെളിച്ചം പിന്‍പറ്റാതെ മുന്നോട്ടുപോയതാണ് ആധുനിക മുസ്‌ലിംകള്‍ ഇന്നു അനുഭവിക്കുന്ന ദൈന്യതയുടെയും നിന്ദ്യതയുടെയും കാരണം.

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

മനസ്സലിയിച്ചു ആ 
ഉത്തരേന്ത്യന്‍ നോമ്പനുഭവങ്ങള്‍

ക്കം 2908-ലെ ഉത്തരേന്ത്യന്‍ നോമ്പനുഭവങ്ങളുടെ ഭാവപകര്‍ച്ചകള്‍ മനസ്സലിയിക്കുന്നതായിരുന്നു. ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ സ്വര്‍ഗത്തിലാണ്! ഇന്ന് വ്യാപകമായി മുസ്‌ലിം ഉമ്മത്തിന്റെ തീന്മേശകളില്‍ നോമ്പ്തുറകളുടെ  പേരില്‍ വിളമ്പുന്നത് വിലയേറിയതും അനാവശ്യവുമായ ഭക്ഷണ പദാര്‍ഥങ്ങളാണ്. നമുക്ക് ലാളിത്യത്തിന്റെ ശൈലി സ്വന്തമാക്കി, വലിപ്പത്തരത്തിന്റെയും പ്രകടനാത്മകതയുടെയും ദുരകളില്‍ നിന്ന് മോചനം നേടി നമ്മുടെ പക്കല്‍ ആവശ്യത്തിലേറെയുള്ള വിഭവങ്ങള്‍ നമ്മുടെ ഉത്തരേന്ത്യന്‍ സഹോദരങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചാല്‍ അവരുടെ പട്ടിണിയും പരിവട്ടവും തെല്ലെങ്കിലും പരിഹരിക്കാന്‍ കഴിയും. നമ്മുടെ മനസ്സുകളെ വിശാലമാക്കി അവരെക്കൂടി ഹൃദയങ്ങളിലേക്ക് ചേര്‍ക്കുമ്പോഴേ അവരുടെ കണ്ണുനീര്‍ തുടക്കാനാകൂ.

കെ.സി കരിങ്ങനാട്

ആത്മ മന്ത്രണം

തമസ്സിന്‍ ഏകാന്ത വീഥിയില്‍
തപ്പിത്തടഞ്ഞു നടക്കവേ
ഇരുളില്‍ ഒരു താരകം
തെളിഞ്ഞുവെന്നോ!
അതിനെന്തു പേരിട്ടു വിളിക്കും?
താരക ബ്രഹ്മമെന്നോ?
കോടി സൂര്യ പ്രഭ എന്നോ?
പരമ കാരുണ്യമെന്നോ?
ഉലകിന്‍ ഉയിരെന്നോ?
പരനും പലതും പറയാതരുളും
പറവയും ചിതലും പുഴുവും
പ്രകൃതിയും മണ്ണും മലരും
ഒരുപോല്‍ വണങ്ങിടും
അവനെ ഞാനെന്തു വിളിക്കും?
ഇല്‍മിന്‍ ഒളിയെ!
ഇലാഹെന്ന് വിളിക്കവെ!
തനുവും മനവും മിഴിയും
നിറഞ്ഞു തൂകി ആത്മമന്ത്രണം
ലാ ഇലാഹ ഇല്ലല്ലാഹ്.....

ബിന്ദു പി. ശാസ്ത്രി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍