Prabodhanm Weekly

Pages

Search

2015 ജൂലൈ 17

പ്രകാശത്തിന്റെ ആയിരം വര്‍ഷങ്ങള്‍ ഒരു മഹാ പൈതൃകത്തിന്റെ ഓര്‍മകള്‍

എ. അബ്ബാസ് റോഡുവിള /പ്രതികരണം

         പ്രബോധനം 2904-ാം ലക്കത്തില്‍ എം. മെഹബൂബ് എഴുതിയ ലേഖനത്തിന്റെ അനുബന്ധമാണിത്. യുനെസ്‌കോ, 2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കുകയാണ്. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്ന ഇബ്‌നു ഹൈത്തം എന്ന പേരിലറിയപ്പെടുന്ന അല്‍ ഹസന്‍ എന്ന മഹാ ശാസ്ത്രപ്രതിഭ രചിച്ച 'കിതാബുല്‍ മനാളിര്‍' (The Book of Optics) വെളിച്ചം കാണുന്നത് 1015 ലാണ്. മനുഷ്യചരിത്രത്തിലെ ഓപ്റ്റികല്‍ സയന്‍സിനെ സംബന്ധിച്ച ആദ്യത്തെ ശാസ്ത്ര കൃതിയാണിത്. സര്‍  ഐസക് ന്യൂട്ടന്റെ ജനനത്തിന് എഴുനൂറ് വര്‍ഷം മുന്‍പാണ് ഇതെന്ന് ഓര്‍ക്കേണ്ടതുണ്ട്. 

ഇസ്‌ലാമിക സംസ്‌കാരവും നാഗരികതയും ലോകത്തിന് നല്‍കിയ സംഭാവനകള്‍ അതിബൃഹത്താണ്. യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ മൂടിവെച്ചതും, ഇന്നും അറിയപ്പെടാതെ കിടക്കുന്നതുമായ ധാരാളം ചരിത്ര സത്യങ്ങളുണ്ട്. 5-ാം നൂറ്റാണ്ട് മുതല്‍ 15-ാം നൂറ്റാണ്ട് വരെയുള്ള കാലയളവിനെ ഇരുണ്ട യുഗം (Dark Age) എന്നാണ് സ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഈ പ്രയോഗം ശരിയായിരുന്നു. എന്നാല്‍ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം തനിമയാര്‍ന്ന ഒരു നാഗരികതയുടെയും പ്രോജ്ജ്വലമായ ഒരു ശാസ്ത്ര വൈജ്ഞാനിക വസന്തത്തിന്റെയും കാലമായിരുന്നു അത്.

'വായിക്കുക' എന്ന ആഹ്വാനം ശിരസാ വഹിച്ച് പൂര്‍വകാല മുസ്‌ലിം സമൂഹം ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പടര്‍ന്നൊഴുകി. വിവിധ നാടുകളിലെ സംസ്‌കാര-നാഗരികതകളെയും കലാ-ശാസ്ത്ര-വൈജ്ഞാനിക നേട്ടങ്ങളെയും അവര്‍ അന്വേഷിച്ച് കണ്ടെത്തുകയും ആവശ്യമായ തിരുത്തലുകളോടെ അവയെ ജനോപകാരപ്രദമായി വളര്‍ത്തിയെടുക്കുകയും ചെയ്തു. അങ്ങനെ ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരു വിസ്മയപ്രപഞ്ചം അവര്‍ സൃഷ്ടിച്ചെടുത്തു. ഈ വിജ്ഞാനമാണ് പില്‍കാലത്ത് യൂറോപ്യന്‍ നവോത്ഥാനത്തിന് അടിത്തറയായി മാറിയത്. 

അബ്ബാസിയ ഖലീഫമാരുടെ നേതൃത്വത്തില്‍ ബഗ്ദാദില്‍ സ്ഥാപിക്കപ്പെട്ട 'ബൈത്തുല്‍ ഹികമഃ' (House of Wisdom) എന്ന സ്ഥാപനമാണ് അറബ് ലോകത്ത് വൈജ്ഞാനിക ശാഖകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രചിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും നിഷ്‌കൃഷ്ടമായ വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കുകയും ചെയ്തത്. അങ്ങനെ അവര്‍ വിവിധ ശാസ്ത്ര ശാഖകളില്‍ നിപുണരായി. അറബ് ലോകത്ത് രചിക്കപ്പെട്ട കൃതികള്‍ ലാറ്റിനിലേക്കും പിന്നീട് ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 10-ാം നൂറ്റാണ്ടോട് കൂടിയാണ് ഈ വിവര്‍ത്തന പ്രക്രിയ ആരംഭിച്ചത്. ഈ രചനകളെ അവലംബമാക്കിയാണ് യൂറോപ്യന്‍ ചിന്തകന്മാര്‍ പുതിയ ബൗദ്ധിക-ശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ചത്. 

അറബ് ഇസ്‌ലാമിക ലോകത്ത് തലയുയര്‍ത്തി നിന്നിരുന്ന അല്‍ കിന്ദി, അല്‍ ഫാറാബി, ഇബ്‌നു സീന, അല്‍ റാസി, അല്‍ ഗസ്സാലി, ഇബ്‌നു ഹൈത്തം, അല്‍ ബിറൂനി, അല്‍ ഖവാരസ്മി, നാസറുദ്ദീന്‍ തൂസി, ഇബ്‌നു ബാജ, ഇബ്‌നു റുഷ്ദ്, ജാബിറുബ്‌നു ഹയ്യാന്‍, ഇബ്‌നു ഖല്‍ദൂന്‍, അല്‍ ഇദ്‌രീസി തുടങ്ങിയ മഹാ പ്രതിഭകളുടെ ഗ്രന്ഥങ്ങളാണ് ഇങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടത്. 

9-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനുമിടയിലുള്ള കാലയളവാണ് അറേബ്യന്‍ ശാസ്ത്രത്തിന്റെ സുവര്‍ണകാലമായി അറിയപ്പെടുന്നത്. ഗണിത ശാസ്ത്രത്തിലും ജ്യോതി ശ്ശാസ്ത്രത്തിലും ഊര്‍ജതന്ത്രത്തിലും തത്വചിന്തയിലുമെല്ലാം ഉന്നതമായ അറിവുകളാണ് അവര്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ഈ അറിവുകളുടെ ക്രോഡീകരണമാണ് പുതിയ പല ചിന്തകള്‍ക്കും വഴി തുറന്നു കൊടുത്തത്. വൈജ്ഞാനിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രതിഭകളുടെ കൂട്ടത്തിലെ പ്രമുഖനായിരുന്നു ഇബ്‌നു ഹൈത്തം. അനുമാനങ്ങള്‍ക്കപ്പുറം പരീക്ഷണ-നിരീക്ഷണങ്ങള്‍ നടത്തി ശാസ്ത്രത്തിന് ഭദ്രമായ അടിത്തറ നല്‍കി അദ്ദേഹം. അദ്ദേഹം ഊര്‍ജ്ജ തന്ത്രജ്ഞന്‍ മാത്രമായിരുന്നില്ല; ഗണിതശാസ്ത്രം, ജ്യോതി ശാസ്ത്രം, ഭൂമിശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം, സംഗീതം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പഠന മേഖലകളായിരുന്നു. 1005-ല്‍ കയ്‌റോയില്‍ സ്ഥാപിക്കപ്പെട്ട 'ദാറുല്‍ ഹിക്മ' എന്ന വിദ്യാപീഠമാണ് തന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നത്.

പ്രകാശ ശാസ്ത്രമാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. കണ്ണാടികളും ലെന്‍സുകളും കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തി ആദ്യമായി ക്യാമറക്ക് രൂപം നല്‍കിയത് അദ്ദേഹമാണ്. ഇന്ന് ഈ രംഗത്തുള്ള ആധുനികമായ പല കണ്ടുപിടുത്തങ്ങള്‍ക്കും അടിത്തറയിട്ടത് അദ്ദേഹമായിരുന്നുവെന്ന് കാണാം. ഓപ്റ്റിക്‌സുമായി ബന്ധപ്പെടുത്തി മനുഷ്യനേത്രത്തെ കുറിച്ച സവിശേഷമായ പഠനവും അദ്ദേഹം നടത്തിയിരുന്നു. ആദ്യ ശാസ്ത്രജ്ഞനായി അറിയപ്പെടുന്ന റോജര്‍ ബേക്കനെയും അതുപോലുള്ള നിരവധി യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാരെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് ഇബ്‌നു ഹൈത്തം. എന്നാല്‍ ശാസ്ത്ര ചരിത്രത്തില്‍ എഴുനൂറോളം വര്‍ഷത്തെ ഇത്തരം സംഭവങ്ങള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍