Prabodhanm Weekly

Pages

Search

2015 ജൂലൈ 17

ഉമര്‍(റ): മലയാള വെളിച്ചത്തിലേക്കൊരു ചരിത്ര സിനിമ

വി. ഹിക്മത്തുല്ല /സിനിമ

        ചരിത്രസംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌കാരം ഒരു പുതുമയുള്ള കാര്യമല്ല. മറ്റ് ദേശങ്ങളെപ്പോലെ അറബ് സമൂഹവും ഇന്ന് ആ മേഖലയില്‍ വളരെ മുന്നിലാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടുമിക്ക സംഭവങ്ങളും ചരിത്രപുരുഷന്‍മാരുടെ ജീവിതവും ഇതിനകം ടി.വി. പരമ്പരകളായും സിനിമകളായും പുറത്തുവന്നു കഴിഞ്ഞു. അതിലൊന്നാണ് അറബി ഭാഷയില്‍ പുറത്തിറങ്ങിയ ഇസ്‌ലാമിക ചരിത്ര സിനിമയായ 'ഉമര്‍(റ)'. ബ്രൃഹത്തായ ഈ ഇസ്‌ലാമിക ചരിത്ര സിനിമ മലയാളം സബ് ടൈറ്റിലുകളോടെ ഇപ്പോള്‍ മലയാളി പ്രേക്ഷക സമൂഹത്തിനു മുന്നില്‍ എത്തിയിരിക്കുകയാണ്. മലയാളിയുടെ സാംസ്‌കാരിക ഭാവുകത്വത്തില്‍ പുതിയ വഴിത്തിരിവായി മാറാവുന്ന ഈ സിനിമ മുപ്പത് എപ്പിസോഡുള്ള വിശദമായ ഒരു ടെലിവിഷന്‍ പരമ്പരയായാണ് തയാറാക്കിയിട്ടുള്ളത്.  സിറിയന്‍ ചലച്ചിത്ര പ്രവര്‍ത്തകനായ ഡോ. വലീദ് സെയ്ഫിന്റെ തിരക്കഥയില്‍ ഹാതിം അലിയാണ് 'ഉമര്‍(റ)' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇസ്‌ലാമിക സ്‌പെയിനിന്റെ ചരിത്രം മുപ്പത് എപ്പിസോഡുകളുള്ള മൂന്ന് പരമ്പരകളായി അവതരിപ്പിച്ച് ലോക പ്രേക്ഷകരെ വിസ്മയിപ്പിച്ച കൂട്ടായ്മയാണിത്.

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ലബ്ധിക്ക് ആറു വര്‍ഷം മുമ്പു മുതല്‍ ഉമര്‍(റ)യുടെ രക്തസാക്ഷിത്വം വരെയുള്ള ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ഉമര്‍ (റ)' പരമ്പരയിലുള്ളത്. പ്രവാചകനെയോ പത്‌നിമാരെയോ ചിത്രീകരിച്ചിട്ടില്ല. എങ്കിലും പ്രവാചകന്റെ അദൃശ്യ സാന്നിധ്യം ഈ പരമ്പരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നാലു ഖലീഫമാരെയും പ്രമുഖ സ്വഹാബിമാരെയും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ യഥാര്‍ഥ രൂപങ്ങള്‍ക്ക് ഈ അഭിനേതാക്കളുമായി സാദൃശ്യമില്ലെന്നും അവ നിഴല്‍ രൂപങ്ങളായി പരിഗണിക്കണമെന്നും തുടക്കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മുപ്പത് എപ്പിസോഡുകളായി ക്രമീകരിച്ചിരിക്കുന്ന ഈ പരമ്പര ഉമറി(റ)ന്റെ ഭരണകാലത്തെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക സംഭവ വികാസങ്ങള്‍ വളരെ വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. ഉമറി(റ)ന്റെ നീതിനിര്‍വഹണങ്ങളും കമ്പോള- വില ക്രമീകരണവും യുദ്ധനീതിയും സഹോദര ബഹുമാനവും വിട്ടുവീഴ്ചയില്ലാത്ത സത്യനിഷ്ഠയും വെളിപ്പെടുത്തുന്ന അനവധി സംഭവങ്ങള്‍ സിനിമയില്‍ ഇതള്‍ വിരിയുന്നു. മരുഭൂമിയുടെ വന്യതയും കച്ചവട കേന്ദ്രങ്ങളും എത്യോപ്യ, പേര്‍ഷ്യ, ഫലസ്ത്വീന്‍, സിറിയ എന്നിവിടങ്ങളിലെ തദ്ദേശീയ സംസ്‌കാരങ്ങളും തന്മയത്വത്തോടെ വരച്ചുകാണിച്ചിരിക്കുന്നു. കോട്ടകളും കിടങ്ങുകളും പടക്കോപ്പുകളും സംഗീതോപകരണങ്ങളും വേഷവിധാനങ്ങളുമെല്ലാം കലാസംവിധാനത്തിന്റെ പ്രാഗത്ഭ്യം വിളിച്ചോതുന്നു. യുദ്ധ ചിത്രീകരണത്തിലെ സാങ്കേതിക മേന്‍മ എടുത്തു പറയേണ്ടതാണ്. ഇസ്‌ലാമിക ആദര്‍ശങ്ങള്‍ക്കു നിരക്കുന്നതും ചരിത്രപരമായി തെളിയിക്കപ്പെട്ടതുമായ സംഭവങ്ങള്‍ മാത്രമേ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഡോ. യൂസുഫുല്‍ ഖറദാവി, ഡോ. അക്‌റം ദിയാ അല്‍ ഉമരി, ഡോ. സല്‍മാനുല്‍ ഔദ തുടങ്ങിയ പണ്ഡിതന്‍മാര്‍ തിരക്കഥ സൂക്ഷ്മമായി പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ട്. 

ആന്തരിക ഭാവത്തെ, ശരീരവിന്യാസവും ചലന-പടുതികളു കൊണ്ട് സൂക്ഷ്മമായി സംവേദനം ചെയ്യുന്ന അഭിനേതാക്കളും തെളിഞ്ഞ സംഭാഷണങ്ങളും ഈ സിനിമയുടെ ആകര്‍ഷണഘടകങ്ങളാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകലോകത്തിനു വേണ്ടി സജ്ജമായിട്ടുള്ള ഈ പരമ്പര, അഞ്ച് ഡി.വി.ഡി.കളിലായി AJN ക്രിയേഷന്‍സ് മലപ്പുറമാണ് പുറത്തിറക്കിയിട്ടുള്ളത്. അറബി സാഹിത്യത്തിന്റെ ഗരിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ, മലയാളഭാഷയുടെ മൗലികതക്കിണങ്ങും വണ്ണം, ആശയച്ചോര്‍ച്ച വരാതെ പദാനുപദമാണ് സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. എറണാകുളം മഹാരാജാസ് കോളേജ് അറബി വിഭാഗം പ്രഫസറായ ഡോ. കെ. ജാബിറാണ് വിവര്‍ത്തകന്‍. മലയാളത്തിലെ മൗലിക വാക്യങ്ങളാണെന്ന് തോന്നിപ്പിക്കുന്ന മനോഹാരിത ചിലയിടങ്ങളില്‍ ഈ വിവര്‍ത്തനത്തെ ഒരു സര്‍ഗാത്മക പുനഃസൃഷ്ടിയായി അനുഭവപ്പെടുത്തുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍