Prabodhanm Weekly

Pages

Search

2015 ജൂലൈ 17

കുട്ടിക്കാലത്തെ പെരുന്നാളിന് മൈലാഞ്ചിയുടെ മൊഞ്ചായിരുന്നു

മലികാ മര്‍യം /കവര്‍‌സ്റ്റോറി

         കുട്ടിക്കാലത്തെ പെരുന്നാളിനും ഇപ്പോഴത്തെ പെരുന്നാളിനും വ്യത്യാസങ്ങളേറെയുണ്ട്. അന്നു ചെറുതും ആവേശപൂര്‍ണവും ആയിരുന്നു പെരുന്നാള്‍. ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ. പക്ഷേ അന്നു പള്ളിയില്‍ പോയി വന്നാല്‍ വീട്ടില്‍ ചൂടുള്ള ബിരിയാണിയും പായസവും ഉണ്ടാവും. ഇന്ന് പള്ളിയില്‍ നിന്ന് വന്നാല്‍ ബിരിയാണിയും പായസവും  ഉണ്ടാക്കണം. അന്നു ഈദ്ഗാഹിലിരിക്കുമ്പോള്‍ മൂത്തവരോട് കെഞ്ചി തലേന്ന് ഒത്തിരി കൊതിയോടെ ഇട്ട മൈലാഞ്ചിയും (നമ്മള്‍ പറഞ്ഞ പാറ്റേണിലൊന്നും കൈയിനു വലുപ്പം പോരാ എന്നു പറഞ്ഞു അവര്‍ തികച്ചു ഇട്ടു തന്നിട്ടുണ്ടാവില്ല) വസ്ത്രത്തിനു 'മാച്ചൊപ്പിച്ച' ഫാന്‍സി വളകളും കൂട്ടുകാരെ കാണിച്ചു കുശു കുശുക്കുമ്പോള്‍ മുതിര്‍ന്നവരാരെങ്കിലും തിരിഞ്ഞു നോക്കി മിണ്ടാതിരിക്കാന്‍ കണ്ണുരുട്ടും. ഇപ്പോള്‍ പിറകിലെ കുട്ടികളുടെ വരിയിലേക്ക് കുശുകുശുപ്പ് കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍, ചൊകചൊകന്ന മൈലാഞ്ചിയും വളകളും കാണുമ്പോള്‍ മൈലാഞ്ചി ഇടാന്‍ മറന്നു പോയല്ലോ എന്നോര്‍ക്കും.

ചെറുപ്പത്തില്‍ പെരുന്നാളിന് രണ്ടു  ദിവസം മുന്‍പേ കുയില്‍ മുട്ടയിടാന്‍ കൂട് തിരയുന്നത് പോലെ ഞങ്ങള്‍ നാട്ടില്‍ മറ്റു പലരും കുഴിച്ചിട്ട മൈലാഞ്ചി കൊമ്പുകള്‍ തേടി ഇറങ്ങും. അങ്ങനെ കേള്‍വികളുടെയും ശ്രുതികളുടെയും പിന്നാലെ പാറി ചുറ്റുവട്ടത്ത്  തോനെ ചോക്കുന്ന മൈലാഞ്ചി കൊമ്പിന്റെ  ഇല  എങ്ങനേലും ഒപ്പിക്കും. ഞങ്ങള്‍ എന്നാല്‍ ഞാനും ഉമ്മ പറയും പോലെ എന്നെപ്പോലത്തെ രണ്ടോ മൂന്നോ 'തന്ത്രംചാടി'കളായ സുഹൃത്തുകളും.ഇത്തരം കാര്യങ്ങളില്‍ എനിക്ക് വീട്ടില്‍ ഗ്യാലറി സപ്പോര്‍ട്ട് ഒട്ടും ഉണ്ടായിരുന്നില്ല. അടക്കവും ഒതുക്കവുമുള്ള അകത്തമ്മമാരായ സഹോദരിമാരുടെ ഉപകാരം ഏഷണിയില്‍ ഒതുങ്ങി നിന്നു. തെണ്ടിപ്പോയതിനു കൊണ്ട തല്ലുകള്‍ എത്ര! 

അങ്ങനെ ഞാനായിട്ട് കൊണ്ടു വന്നും  താത്ത കുഴിച്ചിട്ടിട്ട് ശെരിക്കു പിടിക്കാത്ത, ഇത്തിരിമാത്രം ഇലച്ചു തുടങ്ങിയ ഇലകള്‍ നുള്ളിയെടുത്തും കിട്ടിയ മൈലാഞ്ചി ഇലകള്‍ അമ്മിയിലിട്ടു അരച്ച് തരിക ഉമ്മയാണ്. ഉമ്മയുടെ കയ്യില്‍ മൈലാഞ്ചിചോപ്പു പടര്‍ന്നു വൃത്തികേടായാലെന്താ? ഉമ്മാക്കെന്തിനാ മൈലാഞ്ചി?

ഈദ്ഗാഹുകളായിരുന്നു പെരുന്നാളിന്റെ പ്രധാന ആകര്‍ഷണം. പിന്നെ നിത്യകാമുകനായ   ബിരിയാണിയും, രാവിലെ മുതലേ വരുന്ന വിരുന്നുകാരും, വൈകുന്നേരം അടുത്ത ബന്ധു വീടുകളിലേക്ക് പോവാനുള്ള വിരുന്നൊരുക്കവും. രാവിലെ തൊട്ടടുത്ത വീടുകളിലെല്ലാം നടന്ന് കൂട്ടുകാരുടെ മൈലാഞ്ചി കാണുക, കൂട്ടത്തില്‍ നമ്മളുടെതും കാണിക്കുക എന്നതാണ് പുണ്യമാക്കപ്പെട്ട ആദ്യത്തെ ചടങ്ങ്. പെരുന്നാളായതിനാല്‍ അല്‍പ നേരം വൈകിയാലും മയപ്പെട്ടേ ഉമ്മ വിളിക്കൂ എന്നതും മറ്റൊരു സന്തോഷം. അത് കഴിഞ്ഞു പുതുവസ്ത്രങ്ങളണിഞ്ഞ് ഒരു ഓട്ടോ വിളിച്ചു ഈദ് ഗാഹിലേക്ക്. ബാക്കിയുള്ള കൂട്ടുകാരെ ഒക്കെ കാണല്‍ അവിടുന്നാണ്. പെരുന്നാള്‍ ഖുത്വ്ബയുടെ ഇടയില്‍ പിന്നെ പണ്ടുതൊട്ടേ വര്‍ത്താനം പറയല്‍ 'സുന്നത്താ'ണല്ലോ!  നോറ്റ നോമ്പുകളുടെ വലുപ്പത്തരം പറച്ചിലും മറ്റും അവിടന്നാണ്.

പിന്നെ തിരിച്ചു പോരുന്ന വഴിക്ക് ഞങ്ങള്‍ സഹോദരങ്ങള്‍ ബാപ്പയടക്കം എട്ടാങ്ങളമാരുടെ  ഒറ്റ പെങ്ങളായ അമ്മായിയുടെ വീട്ടിലേക്കു നടക്കും. അമ്മായിക്ക് സ്വന്തമായി മക്കളില്ല. എന്നാലോ ഈ കണ്ടുകാണപ്പെട്ട ആങ്ങളമാരുടെ മക്കള്‍ ആ വീട്ടില്‍ നിന്ന് ഒഴിയാറുമില്ല. അത് കൊണ്ടു ഒരു വലിയ കലം പായസവും പാത്രക്കണക്കിനു തികച്ച് ഹോംമേഡ് കേക്കുകളും മറ്റുമായി അമ്മായി അന്നും അതിനെക്കാളേറെ ഇന്നും ഞങ്ങളെ എല്ലാവരെയും കാത്തിരിക്കുന്നുണ്ടാകും. ചെന്നില്ലെങ്കില്‍ അമ്മായിയുടെ വളര്‍ത്തു കോഴികള്‍ക്കും താറാവുകള്‍ക്കും കിട്ടുന്ന അതേ മേത്തരം ചീത്തകള്‍ ഞങ്ങള്‍ക്കും കിട്ടുന്നതിനാല്‍ ആ ചടങ്ങ് ഒരു പെരുന്നാള്‍ക്കും ആര്‍ക്കും തെറ്റിപ്പോയിട്ടുണ്ടാവില്ല. അവിടെ ചെറുപയര്‍ പായസമാണെങ്കില്‍ വീട്ടില്‍ സേമിയ ആകണേ എന്നു മനസ്സില്‍ ധ്യാനിക്കും. പിന്നെ വീട്ടിലേക്ക്.

വീട്ടില്‍ ഭക്ഷണം കഴിഞ്ഞാല്‍ പിന്നീട് അതിഥികള്‍ക്കുള്ള കാത്തിരിപ്പാണ്. പലരും വരും. ബാപ്പയുടെ പരിചയക്കാരും കുടുംബക്കാരും ഒക്കെ. പിന്നെ വൈകുന്നേരമാവാനുള്ള ധൃതിയായി. അപ്പോഴാണ്  സഹോദരങ്ങള്‍ക്കൊപ്പം നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബാപ്പയുടെ വീട്ടിലേക്കു നടന്നു പോവുക. വഴിയിലുള്ള  ബന്ധു വീടുകളിലൊക്കെ കയറി സാവകാശമാണ് പോക്ക്. ഈ പോക്ക് രസകരമായിരുന്നെങ്കിലും  ചിലപ്പോഴൊക്കെ അവിടെ എത്തുമ്പോള്‍ അവിടുത്തോരൊക്കെ വീടും പൂട്ടി ഏതെങ്കിലും വഴിക്ക് ഞങ്ങളെപ്പോലെ ചുറ്റിതിരിയാന്‍  പുറപ്പെട്ടിട്ടുണ്ടാകും. ആറ്റുനോറ്റ് ഒത്തുകിട്ടുന്ന ഒരേ ഒരു പെരുന്നാള്‍ ടൂറായിരുന്നു ഞങ്ങള്‍ക്ക് അത്. അത് കലങ്ങിപ്പോവുന്നതിന്റെ വേദന അന്നു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പക്ഷേ ആ യാത്രാമാര്‍ഗത്തിനും അനിഷേധ്യമായ സൗന്ദര്യം ഉണ്ടായിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. ഉമ്മവീട് ഒരുപാട് അകലെയായതിനാല്‍ എല്ലാ പെരുന്നാള്‍ക്കും അവിടെ പോകാറുണ്ടായിരുന്നില്ല. അത് കൊണ്ടു ഈ സഫലമല്ലാത്ത യാത്രയോട് കൂടി പലപ്പോഴും പെരുന്നാള്‍ അവസാനിക്കാറായിരുന്നു പതിവ്. ഏതാണ്ട് എന്റെ ഏഴു വയസ്സ് വരെ.

ഏഴാം വയസ്സിലാണ് ഇങ്ങനെയൊക്കെ നിശ്ചലമായ ഞങ്ങളുടെ പെരുന്നാളുകളിലേക്ക് ഒരു വിസ്മയം വന്നു പതിച്ചത്. വല്യ താത്തയുടെ വിവാഹം. വിരുന്നൊരുക്കാനും വരവുകാക്കാനും അങ്ങനെ ഞങ്ങള്‍ക്ക് ഒരു ഔദ്യോഗിക അതിഥിയായി അളിയനെത്തി. പെരുന്നാളിന് ഉച്ചയായാല്‍ അവര്‍ വരുന്നതും കാത്തു ഉമ്മറപ്പടിയിലിരുത്തം തുടങ്ങും. പിന്നെ മടുക്കുമ്പോള്‍ അകത്തു പത്തായത്തിന്മേലിരുന്നു ജനല്‍ വഴി നോക്കും. പിന്നേം കുറച്ചു കഴിഞ്ഞു വഴിക്ക് പുറം തിരിഞ്ഞു ജനല്‍ ചില്ലിലെ പ്രതിബിംബങ്ങളിലൂടെ നോക്കും. പിന്നെ പത്തു വരെ എണ്ണി കണ്ണ് ചിമ്മി തുറക്കുമ്പോള്‍ അവരുണ്ടാകും എന്നു ഉറപ്പിച്ചു കണ്ണ് തുറന്നു നിരാശപ്പെടും. നേരം പോകാന്‍ ടി.വി. ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ബാപ്പ ഞങ്ങള്‍ മക്കള്‍ക്കായി ഒരുക്കി വെച്ച ഒരായിരം പുസ്തകങ്ങളായിരുന്നു. പക്ഷേ പല ആവൃത്തി വായിച്ച കഥാപുസ്തകങ്ങള്‍ അവര്‍ പടികടന്നു വരുന്ന കാഴ്ച്ചയെക്കാള്‍ കണ്ണുകള്‍ക്ക് പ്രിയപ്പെട്ടതുമായിരുന്നില്ല. അളിയന്‍ എന്ന വിസ്മയ വസ്തു അത്തര്‍ മണവുമായി പടി കടക്കുമ്പോള്‍ ഉമ്മ പറയും പോലെ  സന്തോഷം കൊണ്ടു എനിക്ക് 'മദംപൊട്ടല്‍' തുടങ്ങും. കാണാന്‍ മോഹിച്ച താത്തയും അളിയനും വീട്ടിലേക്കു കയറുമ്പോഴേക്കും പക്ഷേ അവരെ നോക്കാന്‍ കഴിയാത്ത വിധം കണ്ണ് കോങ്കണ്ണായി പോയിട്ടുണ്ടാവും. കാരണം താത്താന്റെ കൈയിലെ കവര്‍ തന്നെ! പിന്നെ അതിനെ ചുറ്റിപ്പറ്റിയാണ് കണ്ണും ഖല്‍ബും.  അതിഥികളുടെ സമ്മാനങ്ങള്‍ അവരുള്ളപ്പോള്‍ നോക്കുന്നത് ഉമ്മയുടെ കൈയില്‍ നിന്ന് നടുപ്പുറം കായുന്ന കേസ് ആയതിനാല്‍ നമ്മള്‍ ആതിഥ്യമര്യാദകള്‍ കാണിച്ചു വിജ്രംഭിച്ചു നില്‍ക്കും. എന്നാലും അറിയാം അതിലുള്ള ഒന്നും ചില്ലറ സാധനങ്ങളാവില്ല എന്ന്. ആദ്യമായി അമ്പതിന്റെയും അഞ്ഞൂറിന്റെയും പിന്നീട് ആയിരത്തിന്റെയും പിടക്കുന്ന പച്ച നോട്ടു എനിക്ക് സ്വന്തമായി സമ്മാനമായി തന്നത് അളിയനാണ്. ആദ്യായിട്ട് കളിക്കുടുക്കക്ക് വരി ചേര്‍ത്തതും ഹീറോ പെന്‍ തന്നതും അളിയന്‍ തന്നെ. ഐസ്‌ക്രീമുകള്‍ ശീലമാക്കിയതും, റോഡരികില്‍ കാണുന്നതൊക്കെ വാങ്ങാമെന്നു മനസ്സിലാക്കിതന്നതും അളിയന്‍ തന്നെ. അതിനൊക്കെ മുന്‍പ് റോഡരികിലേതെല്ലാം ഹറാമെന്നായിരുന്നുവെന്നല്ലോ വീട്ടുകാരുടെ ഒക്കെ വെപ്പ്. ഹ.. ഏത്?

അങ്ങനെ അക്കൊല്ലത്തോടു കൂടി ദൂര യാത്രകളും പെരുന്നാളിലിടം പിടിച്ചു. അളിയന്റെ കാറില്‍ എവിടേലുമൊക്കെ  പതുങ്ങിക്കൂടി ഒരുപാട് യാത്രകള്‍ ഞങ്ങളൊക്കെ  തരമാക്കി. 

പിന്നീടിങ്ങോട്ട് പലതരം നിറങ്ങള്‍ കൂടിക്കൊണ്ടേ ഇരുന്നു. ഇടക്ക്ചന്ദ്രക്കല മായും പോലെ പ്രിയപ്പെട്ട പലരും ഒരുമിച്ചു നടക്കുന്ന വഴിയില്‍ നിന്ന് മാഞ്ഞുപോയി. കുറഞ്ഞ സമയത്തെ കറുത്തവാവിന് ശേഷം പുതിയ ദിവസവും മാസവും മാസങ്ങളും വന്നു. സന്ദേഹങ്ങളില്ലാതെ ഓരോരുത്തരും അതില്‍ പ്രവേശിച്ചു. വലുതാവും തോറും ഉത്തരവാദിത്തങ്ങളും അംഗീകാരങ്ങളും വര്‍ധിച്ചു. തല്ലു കിട്ടാതായി. ചീത്ത കേള്‍ക്കാതായി. ഒരു കുട്ടിയുടെ ഉമ്മയായി വലിയ ആളായി. ഇപ്പോഴും പെരുന്നാളുകള്‍ തന്നെയാണ് വര്‍ഷത്തിലേറ്റവും പ്രിയപ്പെട്ട ദിനങ്ങള്‍. പൊതുവേ പിറകോട്ട് വണ്ടി പോകണമെന്നാഗ്രഹിക്കാറില്ല. എന്നാലും പെരുന്നാള്‍ ദിനത്തിലെങ്കിലും ഒരു കുട്ടിയായാല്‍ മതിയെന്ന് തോന്നാറുണ്ട്. ഒന്നുമില്ലെങ്കിലും ഉള്ളിയും ഇഞ്ചിയും അരിഞ്ഞു മൂക്കൊലിപ്പിക്കാതെ ബിരിയാണി കഴിക്കാമല്ലോ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍