കേരളം- മാലിന്യജന്യ രോഗങ്ങളുടെ ജനറല്‍ വാര്‍ഡ്
കേരളത്തിന്റെ വരദാനമാണ് കാലവര്‍ഷം. അത് സൗന്ദര്യമാണ്. മഴപ്പെയ്ത്തിനെ അതിന്റെ എല്ലാ രസവിസ്മയങ്ങളോടെയും മനസ്സിലാക്കാനും അനുഭവിച്ചറിയാനും ഭാവനയുടെയും എഴുത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ മഴ പ്രതീക്ഷിക്കുകയും കൃഷിയിറക്കുകയും ചെയ്യുന്നു. ഒരു നോക്ക് മഴ കാണാന്‍ വിദേശികള്‍ വരെ ഇവിടെ പറന്നെത്തുന്നു. മഴ കാണാനാവാത്ത മറുനാടന്‍ മലയാളികളുടെ മനം പെയ്യുന്നു.
എന്നാല്‍ മഴക്കാലമിന്ന് പനിക്കാലം കൂടിയായിരിക്കുന്നു. ഒരു പതിറ്റാണ്ടോളമായി ഓരോ വര്‍ഷവും മഴക്കാലമായാല്‍ വ്യത്യസ്ത പേരുകളില്‍ പകര്‍ച്ച വ്യാധികളും പനിയും നാട്ടില്‍ പെയ്തിറങ്ങുകയാണ്. സാധാരണ പനി, എലിപ്പനി, വൈറല്‍ പനി, കുരങ്ങു പനി, ചെള്ളുപനി, എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിങ്ങനെ പല പേരുകളില്‍. ഇത്തവണത്തെ മുഖ്യാതിഥിയും നവാഗതനും സാന്‍ഡ് ഫ്‌ളൈ എന്ന മണലീച്ച പരത്തുന്ന കാലാ അസാര്‍ എന്ന കറുത്ത പനിയാണ്. ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയായിട്ടുണ്ട്. 'കേരളം പനിച്ചു വിറക്കുന്നു', 'കേരളം പനിക്കിടക്കയില്‍' എന്നൊക്കെ പത്രങ്ങളില്‍ ആണ്ടറുതി കുറിപ്പുകളും ദൃശ്യങ്ങളും ഒരു ഉപചാരം പോലെ വന്നു കഴിഞ്ഞു.
കേരളം ഇത്ര പുരോഗമിക്കാതിരുന്ന കാലത്ത് രണ്ട് ദിവസത്തെ ജലദോഷപ്പനിയും വാതപ്പനിയും കാലു ചൊറിച്ചിലും മാത്രമായിരുന്നു മഴക്കാലരോഗം. പനിപിടിച്ച് മരിച്ചു എന്നത് അന്നൊരു അസാധാരണ സംഭവവും വാര്‍ത്തയുമായിരുന്നു. എന്നാലിന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ വിദഗ്ധന് പോലും പിടിച്ചു നിര്‍ത്താനാവാതെയും മനസ്സിലാക്കാനാവാതെയും പനിച്ച് വിറച്ച് മരിക്കുകയാണ് ധാരാളം പേര്‍. രണ്ട് പതിറ്റാണ്ടിനകം 39-ഓളം പകര്‍ച്ച വ്യാധികളാണ് കേരളത്തില്‍ പുതുതായി ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പത്ത് വര്‍ഷത്തിനകം പകര്‍ച്ച വ്യാധികളുടെ വ്യാപനം നാല് മടങ്ങായി വര്‍ധിച്ച് നാം ബഹുദൂരം മുന്നിലെത്തി. മുമ്പ് പൊതുജനാരോഗ്യത്തിന്റെ മേന്മ മൂലം ലോകനിലവാരത്തിലെത്തിയിരുന്ന 'കേരള മോഡല്‍ ഓഫ് ഹെല്‍ത്ത്' ഇന്ന് വെറും മേനി പറച്ചിലായി മാറുകയും മരുന്നിന്റെ ബലത്തില്‍ മാത്രം ജീവിതം തള്ളിനീക്കുന്നവരായി മലയാളി മാറുകയും ചെയ്തു.
രോഗങ്ങളധികവും വരുന്നത് മാലിന്യങ്ങളില്‍ നിന്നാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കേരളം മാലിന്യജന്യ രോഗങ്ങളുടെ ജനറല്‍ വാര്‍ഡാണിന്ന്. വെള്ളം, വായു, ഭക്ഷണം എല്ലാം ഇന്ന് രോഗവാഹകമായി. ആവാസ ഇടങ്ങള്‍ കൈയേറിക്കൊണ്ട് കേരളത്തിന്റെ തെരുവ് ഭരിക്കുന്നത് കൊതുകുകളും എലികളും തെരുവ് നായകളുമൊക്കെയാണ്. ഇവയാണ് നമുക്ക് രോഗങ്ങള്‍ സമ്മാനിക്കുന്നത്. ഇവയെ തുരത്താന്‍ നിലവിലുള്ള സംവിധാനങ്ങളൊന്നും മതിയാവുന്നില്ല.
മഴ പെയ്ത് തുടങ്ങിയാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് രോഗവാഹികള്‍ പെരുകുമ്പോള്‍ പനി വരുന്നേ പനി എന്ന് വിലപിക്കുന്നതിന് പകരം ശാശ്വത പരിഹാരമാണ് തേടേണ്ടത്. അതാവട്ടെ നമ്മുടെ ജീവിത ശൈലിയും നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കൊതുകുകള്‍ ധാരാളമുള്ള ഇടങ്ങളില്‍ ഗുരുതര രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നാം വിസ്മരിക്കുകയാണ് പതിവ്.
ഉപയോഗിച്ച് വലിച്ചെറിയുക എന്ന സംസ്‌കാരം ഇത്രമേല്‍ വ്യാപിച്ചതാണ് മലിനീകരണത്തിന്റെ മുഖ്യകാരണം. ഒരു ചായ കുടിക്കുന്നതു പോലും ഒരു കപ്പ് വലിച്ചെറിയുന്നതിലാണ് കലാശിക്കുന്നത്. തന്റെ മാലിന്യം മറ്റൊരുവന്റെ പറമ്പില്‍ വലിച്ചെറിഞ്ഞ് ദൈവാരാധന നടത്തിയതു കൊണ്ടെന്ത് കാര്യം? നാം പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ജീവിക്കാന്‍ ശീലിച്ചാല്‍ മാലിന്യം ഒരു പ്രശ്‌നമേ ആകുമായിരുന്നില്ല. മാലിന്യങ്ങളെ ലയിപ്പിച്ച് തന്നിലേക്ക് ചേര്‍ക്കലാണ് മണ്ണിന്റെ ദൗത്യം. സ്വാഭാവിക മാലിന്യത്തെ ഏറ്റുവാങ്ങി ശുദ്ധീകരിക്കാന്‍ പാകത്തിലാണ് ജലത്തിന്റെ ജൈവഘടന. ഒന്നിന്റെ വിസര്‍ജ്യം മറ്റൊന്നിന്റെ ആഹാരം എന്ന രീതിയില്‍ സന്തുലിതമായിട്ടാണ് പ്രകൃതി സംവിധാനിക്കപ്പെട്ടിട്ടുള്ളത്. അത് കാത്തുപോരുന്ന ലളിതവും പക്വവുമായ ജീവിത വീക്ഷണമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം.
വൃത്തിയും ശുചിത്വവുമാണ് ദൈവ വിശ്വാസത്തിന്റെ മുഖമുദ്ര. മനസ്സിനും ശരീരത്തിനുമൊപ്പം ചുറ്റുപാടുകളും വൃത്തിയില്‍ സൂക്ഷിക്കുക ആരോഗ്യത്തിന് അനിവാര്യമാണ്. വഴിയില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും പാഴ്‌വസ്തുക്കളും മാലിന്യങ്ങളും നീക്കാനാണ് പ്രവാചകന്‍ അരുളിയത്. അവിടെ കൊണ്ടുപോയി തള്ളാനല്ല. വഴികളിലും വിശ്രമത്തണലുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നതും മലമൂത്രവിസര്‍ജനം ചെയ്യുന്നതും ശാപം കിട്ടുന്ന കാര്യങ്ങളായാണ് എണ്ണുന്നത്. അതിനാല്‍ നമ്മുടെ മനസ്സ് പോലെ പൊതു ഇടങ്ങളും മാലിന്യ മുക്തമാവട്ടെ. സംസ്‌കാരത്തിലും ചിന്തയിലും ജീവിത ശൈലിയിലും സമഗ്രമായ മാറ്റം ഉണ്ടായാലേ പനിക്കിടക്കയില്‍ നിന്ന് നമുക്കെഴുന്നേല്‍ക്കാനാവൂ.
Comments