Prabodhanm Weekly

Pages

Search

2015 ജൂലൈ 10

വ്രതശുദ്ധിയുടെ സ്‌നേഹത്തണലില്‍...

ഷബിന്‍രാജ് മട്ടന്നൂര്‍ /അനുഭവം

         ഇരുപത് കൊല്ലം മുമ്പുള്ള റമദാന്‍ മാസത്തിലെ ഒളിമങ്ങാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ നിന്നാണ് ഞാനിതെഴുതുന്നത്. അന്നത്തെ വൈകുന്നേരങ്ങളില്‍ എനിക്ക് സ്‌പെഷല്‍ ഡ്യൂട്ടിയുണ്ടായിരുന്നു. അഞ്ചുമണി കഴിയുമ്പോള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം നടന്ന് അമ്മ ഒരു ചെറിയ കപ്പില്‍ തരുന്ന പാലുമായി ആഇശുമ്മയുടെ വീട്ടിലേക്ക് പോകണം. ആഇശുമ്മക്ക് അവരുടെ വീടിനടുത്തുനിന്ന് പാല് കിട്ടാഞ്ഞിട്ടല്ല, അഛന്റെ നിര്‍ബന്ധമാണ് അതു കൊണ്ടുകൊടുക്കണമെന്ന്. ഞങ്ങളുടെ വീട്ടില്‍ നിന്നുതന്നെ പാലു വേണമെന്നുള്ളത് ഉമ്മയുടെയും ആഗ്രഹമാണ്.

രണ്ടു വീടുകളും തമ്മിലുള്ള ബന്ധം എന്റെ മുത്തഛന്റെ കാലത്ത് തുടങ്ങിയതാണ്. അതുകൊണ്ടുതന്നെ കുട്ടിയായ ഞാന്‍ നടന്നുപോകുന്നതില്‍ എന്റെ വീട്ടുകാര്‍ക്ക് ഒരു പരിഭവവുമില്ല. അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ അടയാളമായിരുന്നു ആ ഉമ്മ. എല്ലാ ദിവസവും എന്തെങ്കിലുമൊരു വിഭവം എനിക്കായി മാറ്റിവെക്കുന്ന ആഇശുമ്മയെ കുഞ്ഞുന്നാളിലേ എനിക്ക് പെരുത്തിഷ്ടമാണ്.

ആറു പെണ്‍മക്കളുടെ ഉമ്മയായ ആഇശുമ്മ വല്ലാതെ കഷ്ടപ്പെട്ടാണ് അവരെ വളര്‍ത്തി വലുതാക്കിയതെന്ന് അഛനെന്നോട് പറഞ്ഞിട്ടുണ്ട്. റമദാന്‍ മാസമാകുമ്പോള്‍ അഛന്‍ ആഇശുമ്മയെ വിളിച്ച് പഴുത്ത വരിക്കച്ചക്കയും കുറുക്കന്‍ മാങ്ങയും നേന്ത്രക്കൊലയും മറ്റു പച്ചക്കറികളും കൊടുത്തയക്കുമായിരുന്നു. അവരുടെ ഭര്‍ത്താവ് എന്നോ നാടുവിട്ട് പോയതാണ്. അതില്‍പിന്നെ ഈ ആറു പെണ്‍മക്കളെയും പോറ്റിവളര്‍ത്തേണ്ട ചുമതല ആഇശുമ്മയിലായി. മിക്കപ്പോഴും പട്ടിണിയായിരുന്നു. എന്നാലും മറ്റുള്ളവരുടെ മുന്നില്‍ വെറുതെ കൈനീട്ടാന്‍ ആ ഉമ്മയുടെ ആത്മാഭിമാനം സമ്മതിച്ചില്ല.

പഴയ ഓട്ടു കിണ്ടിയും പിച്ചള പാത്രങ്ങളുമെടുത്ത് വീട്ടില്‍ വരുമായിരുന്നു. അത് ഒരു പണയം പോലെ വെച്ചിട്ട് അതിന് കണക്കായി പൈസ കടം വാങ്ങാന്‍. എന്റെ മുത്തഛന്‍ അത് സ്‌നേഹപൂര്‍വം നിരസിച്ചിട്ട് പണം കൊടുക്കുമായിരുന്നു. എന്നാലും ആഇശുമ്മക്ക് തൃപ്തിവരില്ലായിരുന്നു. വീട്ടില്‍ എന്തെങ്കിലും പണിയെടുക്കുന്നുണ്ടെങ്കില്‍ അതിന് അമ്മയെ സഹായിക്കും. ഇത്രയൊക്കെ കഷ്ടപ്പാടുകളുടെ നടുവിലും റമദാന്‍ മാസത്തില്‍ ആ ഉമ്മ മക്കളെ വിഷമിപ്പിക്കാതെ വളര്‍ത്തി. നോമ്പുതുറയുടെ നാളുകളില്‍ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. ഞാനും അമ്മയും അഛനും അനിയത്തിയും പോകുന്നത് ഇന്നുമെനിക്ക് മറക്കാനാവാത്ത ഒരനുഭവമാണ്.

നേന്ത്രപ്പഴത്തിനുള്ളില്‍ പഞ്ചസാരയും തേങ്ങയും നിറച്ചുണ്ടാക്കുന്ന പഴംനിറച്ചത് ആഇശുമ്മയുടെ കൈകളില്‍ നിന്ന് വാങ്ങുമ്പോള്‍ എന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും. അത്രയും രുചിയുള്ളതായിരുന്നു അത്. പൊരിച്ച പത്തിരിയും മട്ടന്റെയും ബീഫിന്റെയും രുചിഭേദങ്ങളും നാവിന്‍ തുമ്പിലിന്നും വെള്ളം നിറക്കാറുണ്ട്. അതുകൊണ്ടുതന്നെ അന്ന് അമ്മ തരുന്ന പാല് ആഇശുമ്മയുടെ വീട്ടിലെത്തിക്കാന്‍ എനിക്കൊരു വല്ലാത്ത ഉത്സാഹമായിരുന്നു. റൊട്ടിയും കാജയും സമൂസയും പഴംപൊരിയും പത്തിരിയും ബീഫുമൊക്കെ നിരത്തിവെച്ചിട്ട് എന്നെ അതിന് മുന്നില്‍ പിടിച്ചിരുത്തുമായിരുന്നു ആഇശുമ്മയുടെ മക്കള്‍.

ഒറ്റ നോട്ടത്തില്‍ തന്നെ അതെല്ലാം അകത്താക്കാന്‍ എന്റെ കൈ ശ്രമിക്കുമെങ്കിലും അതിന് മുതിരാന്‍ ഞാനെന്റെ മനസ്സിനെ അനുവദിക്കാറില്ല. നാണം കുണുങ്ങിയ എന്റെ കൈകളില്‍ തിരിച്ചുപോരാന്‍ നേരം ഉമ്മ ഇതൊക്കെ പൊതിഞ്ഞുതരുമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോകാന്‍. വീട്ടിലെത്തിയാല്‍ ആര്‍ക്കും കൊടുക്കാതെ ഞാന്‍തന്നെ അതെല്ലാം അകത്താക്കും.

ഇന്ന് ആ ഉമ്മ അവരുടെ മൂത്ത മകളുടെ കൂടെ നാദാപുരത്ത് വന്ന് താമസിക്കുകയാണ്. എങ്കിലും നാട്ടില്‍ വരുമ്പോള്‍ നമ്മുടെ വീട്ടില്‍ വരാതിരിക്കാന്‍ ആഇശുമ്മക്ക് കഴിയുമായിരുന്നില്ല. ഈ നോമ്പുദിനത്തിന്റെ ഓര്‍മകളില്‍ ആഇശുമ്മയുടെ പഴംനിറച്ചതിന്റെയും ഉന്നക്കായയുടെയും രുചി നാവില്‍ വെള്ളമൂറ്റുന്നു. ഒപ്പം പഴയകാലത്തെ ഓര്‍മകളും. ആ ഉമ്മയുടെ കൈകളിലുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് സ്‌നേഹത്തിന്റെ മാധുര്യമുണ്ടായിരുന്നു. ഇന്ന് നമ്മള്‍ വീടിനു ചുറ്റും മാത്രമല്ല മതിലുകെട്ടി തിരിക്കുന്നത്, മനസ്സില്‍ക്കൂടിയുമാണ്. റമദാന്‍ മാസത്തിന്റെ വിശുദ്ധ ദിനങ്ങളില്‍ നമുക്ക് ആ മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റി പരസ്പരം സ്‌നേഹിക്കാം... ആഇശുമ്മ സ്‌നേഹിച്ചതുപോലെ... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍