Prabodhanm Weekly

Pages

Search

2015 ജൂലൈ 10

അഴിമതികളുടെ കാര്‍മേഘങ്ങള്‍ക്ക് കീഴെ മോദിക്കിത് അത്ര നല്ല ദിനങ്ങളല്ല

എ. റശീദുദ്ദീന്‍ /കവര്‍‌സ്റ്റോറി

         'അഴിമതി രഹിത ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി സിംഹാസനത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ 2014 മെയ് മാസത്തില്‍ നിന്ന് അടുത്തതിലേക്കെത്തിയപ്പോഴേക്കും 'തണ്ടിലേറി'യ അവസ്ഥയിലാണ്. അഴിമതിയും തൊഴുത്തില്‍ കുത്തും കോണ്‍ഗ്രസിന് 40 കൊല്ലം കൊണ്ടു സംഭവിച്ച അപചയങ്ങളായിരുന്നുവെങ്കില്‍, വാജ്‌പേയിയുടെ കാലത്തെ പോലും മറികടന്നാണ് മോദി കുതിച്ചു പായുന്നത്. 'അഛെ ദിന്‍' ആഘോഷങ്ങളെക്കുറിച്ച പുതിയ വാര്‍ത്തകളൊന്നും കുറെ ദിവസമായി കേള്‍ക്കാനേയില്ല. കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും അധികാര ദല്ലാളുമാര്‍ക്കുമാണ് ഇന്ത്യയില്‍ ചീത്ത ദിവസങ്ങള്‍ വന്നതെന്ന് മെയ് 25-ന് മഥുരയിലെ റാലിയില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാസനത്തെ കുറിച്ചും രക്ഷാ ബന്ധനത്തെ കുറിച്ചുമാണ് പിന്നീടുള്ള ദിവസങ്ങളില്‍ കൂടുതലും പറഞ്ഞത്. തലക്കു മുകളില്‍ അഴിമതിയുടെ കാര്‍മേഘങ്ങള്‍ തിങ്ങി നിറയുന്നതിനിടെ നടത്തിയ 'മന്‍ കീ ബാത്തി'ല്‍ കാലാവസ്ഥയെയും മണ്‍സൂണിനെയും കുറിച്ചാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം വാചാലനായത്. ലളിത് മോദിയും വസുന്ധര രാജെ സിന്ധ്യയും സുഷമയും പങ്കജ മുണ്ടെയും ശിവ്‌രാജ് സിംഗ് ചൗഹാനുമൊക്കെ കള്ളന്മാരെയും ദല്ലാളുമാരെയും കുറിച്ച വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ണടച്ചിരുട്ടാക്കിയാണ് പ്രധാനമന്ത്രിയുടെ ഈ ഗിരിപ്രഭാഷണം. വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ ബെല്ലാരി രാജമാരുടെ കാലത്ത് സുഷമ സ്വരാജ് നേരത്തെയും പഴി കേട്ടിരുന്നുവെങ്കില്‍ അഴിമതിയുടെ മാനത്ത് വസുന്ധര പുതിയ താരമായി ഉദിച്ചുയരുകയും ന്യൂജനറേഷന്‍ മന്ത്രിമാരില്‍ നിന്ന് പങ്കജ മുണ്ടെയെയും വിനോദ് താവ്‌ഡെയെയും കൂടി പട്ടികയിലേക്ക് ഉള്‍ക്കൊള്ളിക്കാനാവുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാവണം പ്രധാനമന്ത്രി. ഒന്നുകില്‍ അറിഞ്ഞു കൊണ്ടുള്ള ഒതുക്കലിന്റെയും വിരട്ടലിന്റെയും രാഷ്ട്രീയമാണ് ബി.ജെ.പിയില്‍ നടക്കുന്നത്. അല്ലെങ്കില്‍ ഈ അഴിമതിക്കഥകളുടെ സ്വാഭാവിക പരമ്പരയില്‍ 'ചെറിയ മോദി' ഇനി വെളിപ്പെടുത്താനിടയുള്ള പേരുകളില്‍ താനടക്കം ആരൊക്കെ ഉണ്ടാവാമെന്ന ഉള്‍ഭയമാവാം 'വലിയ മോദി'യുടേത്.

കള്ളപ്പണ കേസില്‍ രാജ്യംവിട്ട ലളിത് മോദിയെ വിദേശകാര്യ മന്ത്രി പദവിയിലിരിക്കെ സംരക്ഷിക്കാന്‍ ശ്രമിച്ച സുഷമയും മകന് വേണ്ടി ലളിത് മോദിയുടെ കള്ളപ്പണം വളഞ്ഞ വഴിയിലൂടെ സ്വീകരിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും, അധികാരമേറ്റ് മാസങ്ങള്‍ക്കകം 200 കോടിയുടെ അഴിമതിക്ക് കൂട്ടുനിന്ന മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പങ്കജ മുണ്ടെയും, വ്യാജ ബിരുദങ്ങള്‍ തലയിലേറ്റി കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും, മഹാരാഷ്ട്രാ വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയും പാര്‍ട്ടിക്കും സര്‍ക്കാറിനും തീക്കിടക്കയൊരുക്കുകയാണ്. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ കുടുംബം ഉള്‍പ്പെട്ട അഴിമതിക്കേസിലെ 42 പ്രതികള്‍ മധ്യപ്രദേശില്‍ ജയിലിനകത്തും പുറത്തുമായി മരിച്ചു വീണ, ഇന്ത്യാ ചരിത്രത്തില്‍ മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത സാഹചര്യം രൂപപ്പെട്ടതായാണ് വാര്‍ത്ത. ഗവണ്‍മെന്റിനെതിരെ സാക്ഷി പറയാന്‍ തയാറായ പ്രതികള്‍ റെയില്‍വേ ട്രാക്കിലും ഹോട്ടല്‍ മുറികളിലും 'ആത്മഹത്യ' ചെയ്യുന്ന, 'അസുഖം' ബാധിച്ച് പ്രതികള്‍ കൂട്ടത്തോടെ ജയിലില്‍ മരിച്ചു വീഴുന്ന അപൂര്‍വ സംസ്ഥാനമായി മധ്യപ്രദേശ് മാറിക്കഴിഞ്ഞു. ചത്തീസ്ഗഢിലെ 'ചാവല്‍ബാബ' രമണ്‍ സിംഗിനെതിരെയുമുണ്ട് പൊതുവിതരണ സമ്പ്രദായത്തില്‍ അഴിമതി നടത്തിയെന്ന ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്ന തുക ഒട്ടൊക്കെ അവിശ്വസനീയമാണെങ്കിലും 1,50,000 കോടിയാണ് രമണ്‍ സിംഗ് സര്‍ക്കാര്‍ കഴിഞ്ഞ 11 വര്‍ഷമായി ഈ മേഖലയില്‍ നടത്തിവരുന്ന അഴിമതിയുടെ വ്യാപ്തിയെന്നാണ് ആരോപണമുയരുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലയളവിലാണ് ഈ ആരോപണങ്ങളത്രയും ഉയര്‍ന്നു വന്നതും.

ലളിത് മോദി എന്ന മുന്‍ ഐ.പി.എല്‍ അധ്യക്ഷനുമായി ബി.ജെ.പി നേതാക്കള്‍ക്കുള്ള വഴിവിട്ട ബന്ധം ഒന്നിലേറെ തലങ്ങളിലാണ് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നത്. ലളിത് മോദിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്ന വിഷയത്തില്‍ സുഷമ ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ പാര്‍ട്ടിക്കകത്തെ എതിരാളികളെ ഒതുക്കുന്ന നരേന്ദ്ര മോദിയുടെ പതിവ് കുതന്ത്രമായിരിക്കാം ഇതെന്ന സംശയമാണ് ആദ്യമുയര്‍ന്നത്. ലളിത് മോദിയുടെ തടഞ്ഞുവെച്ച പാസ്‌പോര്‍ട്ട് ഭാര്യയുടെ ചികിത്സാവശ്യാര്‍ഥം ലണ്ടനില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് പോകാനായി വിട്ടു കൊടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് എതിര്‍പ്പില്ല എന്ന് നടപടിച്ചട്ടങ്ങള്‍ മറികടന്നാണ് സുഷമ ബ്രിട്ടനെ അറിയിച്ചത്. വിേദശകാര്യ സെക്രട്ടറി സുജാതാ സിംഗിനെ പോലും അറിയിക്കാതെയായിരുന്നു വിദേശകാര്യമന്ത്രിയുടെ നീക്കം. ഈ ആവശ്യാര്‍ഥം സുഷമ, ലളിതിനെ ലണ്ടനില്‍ കണ്ടുവെന്നും ഇക്കാര്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ കീത്ത് വാസിന്റെ സഹായം തേടി എന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ പുറകെയെത്തി. ഈ വാര്‍ത്തകള്‍ പുറത്തു വരാന്‍ ആരംഭിച്ച ആദ്യദിവസങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പ്രതികരണം സംശയാസ്പദമായിരുന്നു. ആരുമുണ്ടായിരുന്നില്ല സുഷമയെ പിന്തുണക്കാന്‍. മുറ്റത്തെ പാമ്പാണ് സുഷമയെ കടിച്ചതെന്ന് ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം കീര്‍ത്തി ആസാദ് ട്വിറ്ററില്‍ കുറിച്ചത് നരേന്ദ്ര മോദിയുടെ ആത്മാവ് സൂക്ഷിപ്പുകാരനായ അരുണ്‍ ജയ്റ്റ്‌ലിയെ ഉദ്ദേശിച്ചാണെന്ന് ആക്ഷേപമുയര്‍ന്നു. സുഷമക്കു പിന്നാലെ വസുന്ധര കൂടി വിവാദത്തില്‍ അകപ്പെട്ടതോടെ സംശയം ബലപ്പെട്ടു. മോദിയും ജയ്റ്റ്‌ലിയും വിവാദം നോക്കി നില്‍ക്കുക മാത്രമാണ് ആദ്യ ദിവസങ്ങളില്‍ ചെയ്തതും.

ബി.ജെ.പി വൃത്തങ്ങളില്‍ 'ബ്യൂറോ ചീഫ്' എന്നറിയപ്പെടുന്ന, സുഷമയുമായി വൈരാഗ്യമുള്ള ഒരു നേതാവാണ് ഈ വിവാദം ടൈംസ് നൗ ചാനലിലൂടെ കുത്തിപ്പൊക്കിയതെന്നും, അതല്ല ക്രിക്കറ്റ് കുടിപ്പകയുടെ ഭാഗമായി സാക്ഷാല്‍ റൂപര്‍ട്ട് മര്‍ഡോക്ക് തന്നെയാണ് ഇംഗ്ലണ്ടില്‍ ലണ്ടന്‍ ടൈംസിലൂടെ ലളിത് മോദിക്കെതിരെ രംഗത്തെത്തിയതെന്നും രണ്ട് വ്യാഖ്യാനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ശ്രീനിവാസന്‍-ലളിത് മോദി വൈരാഗ്യവും സംഭവത്തിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. വാസ്തവം എന്തായിരുന്നാലും കേന്ദ്രസര്‍ക്കാറിനെയും രാജസ്ഥാന്‍ സര്‍ക്കാറിനെയും ബാധിക്കുന്ന രീതിയിലേക്ക് വിവാദം വികസിക്കുന്നതു വരെ ദൂരവ്യാപകമായ അതിന്റെ പ്രത്യാഘാതം തിരിച്ചറിയാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കഴിഞ്ഞിരുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. മോദിക്കു ശേഷമുള്ള കാലത്ത് പ്രധാനമന്ത്രി കസേര സ്വപ്നം കാണുന്ന, ഇതിനകം തന്നെ ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി ഇംഗ്ലീഷും വിദേശ ഭാഷകളും പഠിക്കാന്‍ ശ്രമം തുടങ്ങിയ അമിത് ഷാ സുഷമയെ ആണ് ഭാവിയില്‍ മുഖ്യ ഭീഷണിയായി കാണുന്നത്. പാര്‍ട്ടിക്കകത്തെ അധികാര സമവാക്യങ്ങളുടെ ഘടനയില്‍ സുഷമയും രാജ്‌നാഥും കോട്ടറിയില്‍ ഉണ്ടാവരുതെന്ന് അമിത് ഷാ ആഗ്രഹിക്കുന്നതായാണ് ചില കിഞ്ചന വര്‍ത്തമാനങ്ങള്‍. കിട്ടിയ ആദ്യത്തെ അവസരം തന്നെ ഷാ മുതലെടുക്കാന്‍ ശ്രമിച്ചു എന്നത് വ്യക്തം. വസുന്ധര രാജി സിന്ധ്യയെ പാര്‍ട്ടിക്കകത്ത് ഏറ്റവുമധികം വെറുക്കുന്ന നേതാവ് കൂടിയാണ് അമിത് ഷാ എന്നതും പരസ്യമായ രഹസ്യങ്ങളിലൊന്നാണ്. ഒരിക്കലും ഇരുവരും പരസ്പരം നല്ല വാക്കുകള്‍ പറഞ്ഞതായി ബി.ജെ.പിയുടെ ചരിത്രത്തിലില്ല. വസുന്ധരക്കെതിരെ ഉയരുന്ന ആരോപണ കൊടുങ്കാറ്റില്‍ ഒരു ചെറിയ പ്രസ്താവന പുറപ്പെടുവിക്കാന്‍ പോലും പാര്‍ട്ടി അധ്യക്ഷന്‍ ഇതെഴുതുന്ന ദിവസം വരെ തയാറായില്ല എന്നതു ശ്രദ്ധിക്കുക.

ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ സുഷമയെ പിന്തുണച്ച് രംഗത്തെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ വെട്ടിലാവുകയാണുണ്ടായത്. സുഷമയെ രാജിയിലേക്ക് ഉന്തിക്കൊണ്ടു പോവുകയായിരുന്ന നരേന്ദ്ര മോദി-ജയ്റ്റ്‌ലി-അമിത് ഷാ സഖ്യം നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത് ഇന്ദ്രേഷിന്റെ ഇടപെടലിനു ശേഷം മാത്രമാണ്. സര്‍ക്കാറില്‍ ഇതിനകം രണ്ടാമനായി മാറിയ അരുണ്‍ ജയ്റ്റ്‌ലിയുമായി കണക്ക് തീര്‍ക്കാന്‍ അവസരം നോക്കി നടന്ന രാജ്‌നാഥ് സിംഗ് സുഷമയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി. ജയ്റ്റ്‌ലി മറുപടി പറയേണ്ടുന്ന ചില മേഖലകള്‍ വിവാദത്തിനുണ്ടെന്ന് ലളിത് മോദി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ വിഷയം സര്‍ക്കാറിനെയും പാര്‍ട്ടിയെയും മൊത്തത്തില്‍ ബാധിക്കുന്നതായി മാറി. പാസ്‌പോര്‍ട്ട് വിഷയത്തില്‍ ലളിത് മോദിയെ സുഷമ സഹായിച്ചു എന്ന ആരോപണം വസ്തുതയാണെങ്കിലും ലളിതുമായി ബന്ധപ്പെട്ട കേസുകള്‍ വഴിതെറ്റുന്നതിലെ പ്രധാന പ്രതി അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഇന്റലിജന്‍സ് ലളിത് മോദിയെ സഹായിച്ചുവെന്ന ആരോപണം പുറകെയെത്തി. പക്ഷേ ജയ്റ്റ്‌ലിയുടെ മൗനം പഴയ കുടിപ്പകയുടെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. വസുന്ധരയുടെ മകനും ബി.ജെ.പി പാര്‍ലമെന്റംഗവുമായ ദുഷ്യന്ത് സിംഗ് ലളിത് മോദിയില്‍ നിന്ന് റോബര്‍ട്ട് വധ്ര മാതൃകയില്‍ 'സഹായം' നേടിയതിന്റെയും നിക്ഷേപം സംഘടിപ്പിച്ചതിന്റെയും തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ ബി.ജെ.പി നാണം കെട്ടു. സുഷമയുടെ കുടുംബവും ലളിത് മോദിയും തമ്മില്‍ ദീര്‍ഘകാലമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. സുഷമയുടെ ഭര്‍ത്താവ് സുവാജ് കൗശലും മകള്‍ ഭാംസുരി കൗശലും ലളിത് മോദിയുടെ അഭിഭാഷകരായിരുന്നു. സുരാജിന്റെ മരുമകന്‍ ജ്യോതിര്‍മയി കൗശലിന് ഇംഗ്ലണ്ടില്‍ യൂനിവേഴ്‌സിറ്റി സീറ്റ് തരപ്പെടുത്തി കൊടുത്തതും ലളിത് മോദിയായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ നിന്ന് കൈകഴുകി മാറിനിന്ന വസുന്ധരക്ക് ഏറെ പിടിച്ചു നില്‍ക്കാനായില്ല. രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ധോല്‍പൂര്‍ കൊട്ടാരം ലളിത് മോദിക്ക് കൈമാറിയതിന്റെയും, പിന്നീട് ഹോട്ടല്‍ സമുച്ചയമായി മാറിയ ഈ കൊട്ടാരത്തില്‍ വസുന്ധര നേരിട്ട് നിക്ഷേപം സ്വീകരിച്ചതിന്റെയുമൊക്കെ സംസാരിക്കുന്ന രേഖകള്‍ കോണ്‍ഗ്രസ് വാരി വിതറി.

മോദിയോളം ജനപ്രീതിക്ക് പേരുകേട്ട ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഊഴമായിരുന്നു മാധ്യമങ്ങളില്‍ അടുത്തത്. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ് കഴിഞ്ഞ എട്ടു വര്‍ഷമായി ബി.ജെ.പിയെ പിടിച്ചുലക്കുന്നുണ്ടെങ്കിലും ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും നയിച്ച സംസ്ഥാന കോണ്‍ഗ്രസിന് കേസില്‍ ചൗഹാന്റെ ഭരണകൂടത്തെ തുറന്നുകാട്ടാന്‍ കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശില്‍ നടക്കുന്ന വിവിധ മത്സര പരീക്ഷകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലര്‍ ഉള്‍പ്പെട്ട റാക്കറ്റ് കോടികള്‍ കൊയ്ത് വ്യാജന്മാരെ തിരുകിക്കയറ്റുന്നു എന്നായിരുന്നു വ്യാപം അഴിമതിയുടെ അടിസ്ഥാനം. സംസ്ഥാനത്തെ മത്സര പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്ഥാപനമാണ് വ്യാപം. മധ്യപ്രദേശില്‍ നിലവില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ നേടിയവരും ഇതിനകം കോഴ്‌സ് പൂര്‍ത്തിയാക്കിയവരുമായി 2000-ത്തിലേറെ പേര്‍ വ്യാപം അഴിമതിയിലൂടെ സീറ്റ് തരപ്പെടുത്തിയവരാണ് എന്ന് 2008 മുതല്‍ക്കുള്ള കണക്കുകള്‍ തെളിയിക്കുന്നു. പക്ഷേ അഴിമതിയുടെ നേരിയ ശതമാനം മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നും ഇതിന്റെ എത്രയോ മടങ്ങ് വ്യാപം അഴിമതിയിലൂടെ പദവികള്‍ കൈപ്പറ്റുകയും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തുവെന്നുമാണ് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി ചൗഹാനും സംസ്ഥാന സര്‍ക്കാറിലെ നിരവധി ഉന്നതരും ഉള്‍പ്പെട്ടതായി കോണ്‍ഗ്രസ് ആരോപിക്കുന്ന ഈ കേസില്‍ 42 സുപ്രധാന സാക്ഷികളും പ്രതികളുമാണ് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചു വീണത്. ഇതില്‍ ജയിലില്‍ കഴിഞ്ഞ രണ്ടു പ്രതികള്‍ 24 മണിക്കൂറിനിടെ 'മരിച്ചു' വീണതോടെ ചൗഹാന്റെ കേസും ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തു. മുഖ്യമന്ത്രി കുടുംബവുമായും ഗവര്‍ണര്‍ കുടുംബവുമായും നീതിപീഠത്തിലെ ചില ഉന്നതരുമായും ബന്ധമുള്ള വിജയ് സിംഗിനെ കഴിഞ്ഞ വര്‍ഷം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആ മരണം നടന്ന ലോഡ്ജിന്റെ ഉടമസ്ഥനാകട്ടെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്നു. എന്നിട്ടും ഈ വിഷയം ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നില്ല. സംഭവം മാധ്യമ ശ്രദ്ധയിലെത്തിയതോടെ ഈ അസ്വാഭാവിക മരണങ്ങളെക്കുറിച്ച അന്വേഷണം സുപ്രീംകോടതിയിലേക്കോ സി.ബി.ഐയിലേക്കോ പോകാതിരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് നിലവില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്‍.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസമേ ആയുള്ളുവെങ്കിലും അമ്പരപ്പിക്കുന്ന വേഗതയിലാണ് അഴിമതിക്കഥകളുടെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നത്. അങ്കന്‍വാടികള്‍ക്ക് വേണ്ടി 206 കോടിയുടെ സാമഗ്രികള്‍ വാങ്ങുന്നതിന് ടെണ്ടര്‍ വിളിക്കാതെ ഒറ്റ ദിവസം കൊണ്ട് തീരുമാനമെടുത്ത വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെയുടെ 'ചിക്കി അഴിമതി'യില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി സഹയാത്രികരായ ചില സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മുഴുവന്‍ ദര്‍ഘാസ് ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഈ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതെങ്കിലും ഈ ഇടപാടിനെ മുഖ്യമന്ത്രി ഫട്‌നാവിസിന് ന്യായീകരിക്കേണ്ടിവന്നു. യു.ജി.സി അംഗീകാരമില്ലാത്ത സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയിറിംഗ് ബിരുദം നേടിയ വിവാദത്തില്‍ നേരത്തെ അകപ്പെട്ട വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ സ്‌കൂളുകളില്‍ 200 കോടിയുടെ അഗ്നിശമന ഉപകരണങ്ങള്‍ വാങ്ങിയത് ക്രമക്കേടിലൂടെയാണെന്ന ആരോപണം പുറകെയെത്തി. ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തിയെങ്കിലും വ്യക്തികള്‍ നേട്ടമുണ്ടാക്കിയില്ലെന്ന ന്യായമായിരുന്നു ബി.ജെ.പി നിരത്തിയത്. കോര്‍പറേറ്റുകളും ബി.ജെ.പി അനുകൂല വ്യവസായികളും കള്ളപ്പണക്കാരുമൊക്കെ നേട്ടമുണ്ടാക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ വരുത്തുന്ന മാറ്റമായി കാണുന്ന ഒരുതരം പുതിയ വികസന സിദ്ധാന്തം കൊണ്ടുവരികയാണ് ബി.ജെ.പി രാജ്യത്തുടനീളം ചെയ്യുന്നത്.

അഴിമതിക്കാര്‍ രാജിവെക്കണമെന്ന ആവശ്യമുയരുമ്പോള്‍ ആളും തരവും നോക്കി ഈ വക കാര്യങ്ങളില്‍ ഒരുതരം ഇരട്ടത്താപ്പും പാര്‍ട്ടി കാണിക്കുന്നുണ്ട്. നിലവില്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട ഏതാണ്ടെല്ലാവരും മോദി വിരുദ്ധ ക്യാമ്പില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. അരുണ്‍ ജയ്റ്റ്‌ലിയെ കുറിച്ചും ഒരുവേള പ്രധാനമന്ത്രിയെ കുറിച്ചു തന്നെയും ലളിത് മോദി ചില വിവരങ്ങള്‍ പുറത്തുവിട്ടേക്കുമെന്ന് ഭയപ്പെട്ട ഘട്ടത്തിലാണ് സുഷമയെയും വസുന്ധരയെയും തല്‍ക്കാലം നിലനിര്‍ത്താന്‍ ആര്‍.എസ്.എസും ബി.ജെ.പിയും തീരുമാനമെടുക്കുന്നത്. അതേസമയം വസുന്ധര ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വിരല്‍ ഞെരുക്കുകയാണ് ചെയ്തത്. വസുന്ധരയുടെ പ്രതിസന്ധി മുതലെടുത്ത് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ഓം പ്രകാശ് മാഥൂര്‍ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ക്രാഷ് ലാന്റിംഗിന് തയാറെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി- അമിത് ഷാ സഖ്യത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഏതു ചുമതലയും വഹിക്കുമെന്ന് മാഥൂര്‍ പ്രസ്താവന ഇറക്കുക പോലുമുണ്ടായി. മാഥൂര്‍ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ ഘട്ടത്തിലാണ് വസുന്ധര നരേന്ദ്ര മോദിയെ ശരിക്കും വിറപ്പിച്ചത്. 110 എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി ബി.ജെ.പിയെ നെടുകെ പിളര്‍ത്താനാണ് വസുന്ധരയുടെ നീക്കമെന്ന് ബോധ്യപ്പെട്ടതോടെയാണ് അമിത്ഷാ-മോദി നീക്കങ്ങള്‍ അയഞ്ഞു തുടങ്ങിയത്. ചുരുക്കത്തില്‍ വെറും അഴിമതി മാത്രമല്ല ആഭ്യന്തരകലഹത്തിന്റെ കൂടി എണ്ണം പറഞ്ഞ നീക്കങ്ങളാണ് പുതിയ സര്‍ക്കാറിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തെ സജീവമാക്കുന്നത്.

മോദി സര്‍ക്കാര്‍ ഇന്നോളം നേരിട്ടതില്‍ ഏറ്റവും പ്രക്ഷുബ്ധമായ പാര്‍ലമെന്റ് സമ്മേളനമാണ് വരാനിരിക്കുന്നത്. അദ്വാനി പ്രവചിച്ചതു പോലെ അടിയന്തരാവസ്ഥ വീണ്ടും പ്രഖ്യാപിക്കില്ലെങ്കില്‍ എങ്ങനെയാണ് മോദി സര്‍ക്കാര്‍ ഈ പ്രതിസന്ധികളെ നേരിടാന്‍ പോകുന്നതെന്ന് കണ്ടു തന്നെ അറിയണം. മുന്‍കാലങ്ങളില്‍ ബോംബുമായി 'ലശ്കറെ ത്വയ്യിബ'ക്കാര്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണമൊത്ത പ്രതിസന്ധി സര്‍ക്കാറിനുണ്ടെങ്കിലും ശ്രദ്ധ തെറ്റിക്കാനുള്ള സമയവും കൈമോശം വന്നു കഴിഞ്ഞു. സന്യാസിമാരും സ്വാമിനിമാരും ഇതിനിടെ ചില കെട്ട പ്രസ്താവനകളുമായി രംഗത്തിറങ്ങിയെങ്കിലും മാധ്യമങ്ങള്‍ അവഗണിച്ചതോടെ മോദി സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലേക്കു തന്നെയാണ് നീങ്ങുന്നത്. ഗുജറാത്ത് അസംബ്ലിയുടെ മാതൃകയില്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിക്കുറക്കുന്ന തന്ത്രം മോദി പയറ്റാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പാസാക്കി കൊടുക്കാനുള്ള ബില്ലുകള്‍ക്കായി കോര്‍പറേറ്റുകള്‍ കാത്തുനില്‍ക്കുമ്പോള്‍ അറ്റകൈ പ്രയോഗങ്ങള്‍ക്കും ധൈര്യമില്ലാതെ നിദ്രാസനത്തില്‍ അഭിരമിക്കുകയാണ് പ്രധാനമന്ത്രി.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍