അടിയന്തരാവസ്ഥയുടെ ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു
40 വര്‍ഷം മുമ്പ് ഭരണകൂട ഭീകരതയുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ പ്രസ്ഥാന ചരിത്രത്തിലെ സവിശേഷ അനുഭവമായി മാറി. അടിയന്തരാവസ്ഥയുടെ നാല്‍പതാമാണ്ട് അനുസ്മരണങ്ങള്‍ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കെ, സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച 'അടിയന്തരാവസ്ഥയില്‍ തടവിലാക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ സംഗമം' ഭരണകൂട ഭീകരതക്കെതിരായ പ്രതികരണ വേദിയായി. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു.
ദേശീയവും അന്തര്‍ദേശീയവുമായ സവിശേഷ സാഹചര്യം നിലനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് ഈ സംഗമത്തിന് സമകാലിക പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ഫാഷിസ്റ്റുകളാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. സകല അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി. രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് സംഘപരിവാറിന്റെ നേതാക്കള്‍ തന്നെ പരിഭവിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സംസ്‌കാരവും കാഴ്ചപ്പാടും ദേശത്തിന്റെ സംസ്‌കാരമായി അടിച്ചേല്‍പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപ്പോള്‍ ഭരണകൂട നയങ്ങളോട് വിയോജിക്കുന്നവര്‍ ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നു. ഭരണകൂട ഭീകരത ഹിംസാത്മകമായി അഴിഞ്ഞാടിയ കാലത്ത് ദീനീ പ്രബോധന മാര്‍ഗത്തില്‍ ഭയാശങ്കകള്‍ ഇല്ലാതെ അടിയുറച്ച് നിന്നവര്‍ എന്നതാണ് ഇസ്‌ലാമിക പ്രവര്‍ത്തകരായ അടിയന്തരാവസ്ഥ തടവുകാരുടെ പ്രസക്തി എന്നും അമീര്‍ പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. ചരിത്രത്തില്‍ മതിയായ അളവില്‍ അടയാളപ്പെടുത്തിയിട്ടില്ലാത്ത അധ്യായമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അടിയന്തരാവസ്ഥാ അനുഭവം എന്ന് അദ്ദേഹം പറഞ്ഞു. നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ ധാര്‍മികതയുടെ പക്ഷത്ത് നിന്ന് പ്രശ്‌നവത്കരിക്കുന്നു എന്നത് തന്നെയാണ് അധാര്‍മിക ഭരണകൂടങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി അനഭിമതമാകാന്‍ എക്കാലവും കാരണം. അധാര്‍മിക അധികാര ശക്തികളുടെ ശത്രു ആരെന്നും മിത്രം ആരെന്നും തെളിയിക്കപ്പെട്ട ഒരു സന്ദര്‍ഭം കൂടിയായിരുന്നു അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയാണ് വിമത സ്വരങ്ങളെ ഇല്ലാതാക്കിയതെങ്കില്‍, ഭീതിയുടെ അന്തരീക്ഷം വിതച്ച് പ്രതിപക്ഷ സ്വരങ്ങളെ മുളയിലേ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ 40 വര്‍ഷം മുമ്പത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണ്. നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി. ദാവൂദ് വിഷയാവതരണം നടത്തി. അടിയന്തരാവസ്ഥയിലെ നിരോധം ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ നിര്‍ണായക സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇടപെടലുകളെ വിലയിരുത്തേണ്ടത് ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും ഉള്ളടക്കവും മുമ്പില്‍ വെച്ചുകൊണ്ടാണ്. ആ അര്‍ഥത്തില്‍ അടിയന്തരാവസ്ഥയില്‍ ഏറ്റവും സര്‍ഗാത്മകമായി പ്രതികരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തങ്ങളുടെ മുഖപത്രം നിരോധിക്കപ്പെട്ടപ്പോള്‍ പേരില്‍ അല്‍പം തിരുത്തല്‍ വരുത്തി അതിശക്തമായി പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. ഏകാധിപത്യത്തിനും സ്വേഛാധിപത്യത്തിനും എതിരായ ചാട്ടുളികള്‍ അന്ന് ആ പ്രസിദ്ധീകരണത്തിന്റെ പ്രധാന ഉള്ളടക്കമായിരുന്നു. വ്യാവഹാരിക രാഷ്ട്രീയ ലോകത്ത് നിന്ന് പ്രായോഗിക രാഷ്ട്രീയ സമീപനങ്ങളിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ടുവന്നതില്‍ അടിയന്തരാവസ്ഥക്ക് മുഖ്യ പങ്കുണ്ട്. സ്വേഛാധിപത്യത്തിനെതിരെ ജനാധിപത്യം എന്നതാണ് ജമാഅത്തെ ഇസ്‌ലാമി ഈ രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മുദ്രാവാക്യം. ഇസ്‌ലാമിക പ്രവര്‍ത്തന അജണ്ടയെ വിശാലമായ തലങ്ങളിലേക്ക് വികസിപ്പിക്കാന്‍ അടിയന്തരാവസ്ഥാനുഭവം കാരണമായിട്ടുണ്ട്. ആ അര്‍ഥത്തില്‍ നിരോധനം ജമാഅത്തെ ഇസ്‌ലാമിക്ക് അനുകൂല ഘടകമായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത എന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ ജനാധിപത്യ വിരുദ്ധരായി തീരുമോ എന്ന മൂര്‍ച്ചയുള്ള രാഷ്ട്രീയ ചോദ്യമാണ് അടിയന്തരാവസ്ഥയിലെ ഓര്‍മകള്‍ രാജ്യത്തിലെ ഓരോ കക്ഷിയോടും ചോദിക്കുന്നതെന്ന് പ്രമുഖ ആക്ടിവിസ്റ്റും അടിയന്തരാവസ്ഥ തടവുകാരനുമായ നജ്മല്‍ ബാബു പറഞ്ഞു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞുകൊണ്ട് മാത്രമേ ഇന്ത്യയിലെ ഏതൊരാള്‍ക്കും അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയുള്ളൂ. ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്കെതിരെ സകല ജനാധിപത്യവാദികളുടെയും വിശാലമായ കൂട്ടായ്മ രൂപപ്പെടേണ്ടത് ഇന്നത്തെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന ടി.കെ അബ്ദുല്ല ചടങ്ങില്‍ സംസാരിച്ചു. ഹിന്ദുമത സംഘടനകളെ നിരോധിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വൃണപ്പെടാതിരിക്കാന്‍ മുസ്‌ലിം സംഘടനയെ കൂടി നിരോധിക്കുക എന്ന രാജ്യത്ത് നിലനില്‍ക്കുന്ന വഷളന്‍ മതേതര ബാലന്‍സിംഗിന്റെ ഇരയായതാണ് ജമാഅത്തെ ഇസ്‌ലാമി എന്ന് അദ്ദേഹം പറഞ്ഞു. എഴുന്നൂറിലേറെ ജമാഅത്ത് പ്രവര്‍ത്തകര്‍ അന്ന് രാജ്യ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. രണ്ട് പ്രവര്‍ത്തകര്‍ ജയിലില്‍ മരണപ്പെടുകയും ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ കെ.സി അബ്ദുല്ല മൗലവിയോടൊപ്പം ചേര്‍ന്ന് അഖിലേന്ത്യാ അമീര്‍ മൗലാനാ യൂസുഫ് സാഹിബിനെ നേരില്‍ ചെന്നു കാണുകയും പ്രസ്ഥാന മാര്‍ഗത്തില്‍ അദ്ദേഹം ഏല്‍പിച്ച സുപ്രധാനമായ ചില ഉത്തരവാദിത്തങ്ങള്‍ ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് നിര്‍വഹിക്കുകയും ചെയ്തു. അടിയന്തരാവസ്ഥാനന്തര തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണക്കുന്നു എന്നത് ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയായിരുന്നു- അദ്ദേഹം പറഞ്ഞു.
ജമാഅത്ത് നിരോധത്തിനെതിരെ ലോകത്തിലെ വിവിധ മുസ്‌ലിം പണ്ഡിതന്മാരില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഇന്ദിരാഗാന്ധിക്കു മേല്‍ വലിയ സമ്മര്‍ദമുണ്ടായതായി മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മുസ്‌ലിം വിരുദ്ധ നടപടികളുടെ ചീത്തപ്പേര് ഒഴിവാക്കാനായി ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയുടെ ജൂബിലി ആഘോഷം അന്ന് സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ജൂബിലി ആഘോഷത്തിന് എത്തിയ പണ്ഡിതരും മുസ്‌ലിം രാജ്യ പ്രതിനിധികളും ഡോ. യൂസുഫുല്‍ ഖറദാവിയുടെയും അബുല്‍ ഹസന്‍ അലി നദ്‌വിയുടെയും നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയെ സന്ദര്‍ശിച്ച് ജമാഅത്ത് നിരോധം നീക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.
പ്രാദേശിക തലങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥി യുവജനങ്ങളുടെ ധാരാളം കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ സഹായിച്ചു എന്നതാണ് അടിയന്തരാവസ്ഥ കൊണ്ടുണ്ടായ മെച്ചമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. പില്‍ക്കാലത്ത് കരുത്തുറ്റ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ അടിയന്തരാവസ്ഥ ജമാഅത്തെ ഇസ്‌ലാമിക്ക് ഏറെ സഹായകമായിട്ടുണ്ട്.
അടിയന്തരാവസ്ഥ പ്രസ്ഥാന വഴിയിലെ സമര്‍പ്പണത്തിനും ത്യാഗത്തിനുമുള്ള വലിയ സന്ദര്‍ഭമായിട്ടാണ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടിരുന്നതെന്ന് അന്ന് പ്രബോധനം എഡിറ്റര്‍ ആയിരുന്ന കെ. അബ്ദുല്ലാ ഹസന്‍ പറഞ്ഞു. കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വന്ന് തന്നെയും സഹപ്രവര്‍ത്തകരോടൊപ്പം ജയിലിടക്കണമെന്ന് കരഞ്ഞു കേണപേക്ഷിച്ച പ്രവര്‍ത്തകന്‍ അന്നുണ്ടായിരുന്നു.
മിസ നിയമ പ്രകാരമാണ് കേരളത്തിന് പുറത്ത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ജയിലില്‍ അടക്കപ്പെട്ടതെന്ന് ഐ.പി.എച്ച് എഡിറ്റര്‍ വി.എ കബീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ അടിയന്തരാവസ്ഥ അനുഭവങ്ങള്‍ ശരിയാംവിധം രേഖപ്പെടുത്തപ്പെടുകയും ക്രോഡീകരിക്കുകയും ചെയ്യാത്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരായ എന്‍. അബൂബക്കര്‍ ഹാജി കുന്ദമംഗലം, എം.പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മഞ്ചേരി, എ. മുഹമ്മദ് കുഞ്ഞി തിരുവനന്തപുരം, പി.കെ റഹീം, എന്‍.എ മുഹമ്മദ് തൃശൂര്‍, പി.എം.വി അബ്ദുല്‍ ഖാദര്‍ കൊയിലാണ്ടി, ആര്‍.സി മൊയ്തീന്‍ ഹാജി കൊടുവള്ളി, എ. മൊയ്തീന്‍ കുട്ടി മൗലവി ഓമശ്ശേരി, കെ.കെ ഉസ്മാന്‍ വടകര, പി. അബ്ദുല്ല ഹാജി നിലമ്പൂര്‍, ടി. അബ്ദുസ്സലാം മലപ്പുറം, അബ്ദുല്‍ അസീസ് പെരുമ്പാവൂര്‍ എന്നിവര്‍ തങ്ങളുടെ തടവറാനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ. എ.ഐ റഹ്മത്തുല്ല, പ്രഫ. കെ.പി കമാലുദ്ദീന്‍ സംസാരിച്ചു.
Comments