അനുസ്മരണം
എല്‍.വി മൊയ്തീന്‍ കുട്ടി മൗലവി
നാലുപതിറ്റാണ്ടിലേറെ എ.ആര്‍ നഗര്‍ ഏരിയയിലെ ധര്‍മഗിരി മഹല്ല് ഖാദിയും, ജമാഅത്ത് ഹല്‍ഖാ നാസിമുമായിരുന്നു പിതാവ് ലാക്കല്‍ മൊയ്തീന്‍ കുട്ടി മൗലവി (എല്‍ വി). സമൂഹത്തിലെ വിവിധ തുറകളിലുള്ള എല്ലാ വിഭാഗം ജനങ്ങളുമായി ഉപ്പയ്ക്ക് ഹൃദ്യമായ ആത്മബന്ധമുണ്ടായിരുന്നു.
പാരമ്പര്യ സുന്നീ കുടുംബത്തില്‍ പിറന്ന ഉപ്പ, വായനയിലൂടെയും പഠനത്തിലൂടെയും പ്രസ്ഥാനത്തിലെത്തുകയായിരുന്നു. പ്രസ്ഥാന മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ സഹിച്ച ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു ഉപ്പ. കരുവാങ്കല്ല് മുടക്കിയില്‍ ജുമാമസ്ജിദ് ദര്‍സില്‍ ഏഴിമല അഹ്മദ് മുസ്‌ല്യാരുടെ ശിഷ്യനായാണ് ഉപ്പ മതപഠനത്തിന് തുടക്കം കുറിച്ചത്. ശേഷം അദ്ദേഹത്തിന്റെ മകന്‍ ഇ എന്‍ മുഹമ്മദ് മൗലവിയുടെ കീഴില്‍ ചെറുവാടി പഴയ ജുമാമസ്ജിദ് ദര്‍സിലും പഠനം തുടര്‍ന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുന്നതും അതിന്റെ തണലില്‍ അഭയം തേടിയതും ഇവിടെ വെച്ചായിരുന്നു. ചേന്ദമംഗല്ലൂര്‍ അല്‍മദ്‌റസതുല്‍ ഇസ്‌ലാഹിയയില്‍ പഠനം തുടര്‍ന്ന ശേഷം ജെ ഡി റ്റി ഇസ്‌ലാം സ്ഥാപനത്തില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.
1970-71 കാലത്ത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിന് കീഴിലുള്ള ഓര്‍ഫനേജില്‍ അദ്ധ്യാപകനും മതിലകം കാതിക്കുളം ജുമാമസ്ജിദില്‍ ഖത്തീബും ആയിരുന്നു. അതിന് ശേഷമാണ് എടക്കാപറമ്പ് സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രധാനാധ്യാപകനായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുപതുകളുടെ അവസാനത്തില്‍ ധര്‍മഗിരി മഹല്ല് സ്ഥാപിതമായതോടെ കെ എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെയും അബ്ദുല്‍ അഹദ് തങ്ങളുടെയും നിര്‍ദേശപ്രകാരം അവിടത്തെ ചുമതല ഏറ്റെടുത്തു. അല്‍ഹുദാ ട്രസ്റ്റിന് കീഴില്‍ ഖത്തീബ്, മഹല്ല് ഖാദി, അദ്ധ്യാപകന്‍, ഹല്‍ഖാനാസിം, ഏരിയാ ദഅ്‌വാ സെല്‍ വിഭാഗം തലവന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് ഉപ്പ അല്ലാഹുവിങ്കലേക്ക് യാത്രയായത്.
വ്യക്തിജീവിതത്തിലും കുടുംബാംഗങ്ങളിലും ഇസ്‌ലാമിക പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കി മറ്റുള്ളവരെ അതിലേക്ക് നയിക്കുകയെന്നതായിരുന്നു ഉപ്പയുടെ ശൈലി. കച്ചവടത്തിലൂടെ ഉപജീവന മാര്‍ഗം തേടിയിരുന്ന ഉപ്പ സുതാര്യമായ ഇടപാടിലൂടെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കി. ഹലാലല്ലാത്ത ഒരു നാണയത്തുട്ട് പോലും തിന്ന് പോവരുത് എന്നായിരുന്നു ദാരിദ്ര്യം കൊണ്ട് പ്രയാസപ്പെട്ടിരുന്ന കാലത്തും മക്കളെ അരികില്‍ വിളിച്ച് വരുത്തി ഉപ്പ ഉപദേശിക്കാറുണ്ടായിരുന്നത്.
പത്താം ക്ലാസിലെ ഔദ്യോഗിക വിദ്യാഭ്യാസത്തിന് ശേഷം എല്ലാ മക്കളെയും ഏതെങ്കിലും മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ക്കുകയായിരുന്നു ഉപ്പയുടെ പതിവ്. മറ്റു വിജ്ഞാനം ആര്‍ജ്ജിക്കുന്നതിന് മുമ്പ് മതവിജ്ഞാനവും, ദൈവബോധവും സന്താനങ്ങളില്‍ ഉണ്ടാവണമെന്ന കാര്‍ക്കശ്യമായിരുന്നു ഈ സമീപനത്തിലേക്ക് ഉപ്പയെ നയിച്ചത്. അങ്ങനെയാണ് എന്നെ ഉപ്പ ശാന്തപുരം അല്‍ജാമിഅയില്‍ ചേര്‍ക്കുന്നത്.
നാല്‍പത് വര്‍ഷത്തോളം ധര്‍മഗിരി മഹല്ലില്‍ ഖുത്വുബ നിര്‍വഹിക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അദ്ധ്യാപനം നിര്‍വഹിക്കുകയും ചെയ്തത് ഒരു നാണയത്തുട്ട് പോലും പ്രതിഫലം പറ്റാതെയായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയെന്ന ഇസ്‌ലാമിക പ്രബോധകന്റെ ഉത്തരവാദിത്തം അതിമനോഹരമായി നിറവേറ്റാന്‍ ഉപ്പയ്ക്ക് സാധിക്കുകയുണ്ടായി. ഈയൊരു സമീപനമാണ് സംഘടനാഭേദമന്യെ നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും, സഹോദര മതസ്ഥര്‍ക്കും ഉപ്പയെ പ്രിയങ്കരനാക്കിയത്.
ഭാര്യ: പി.ഇ ഖദീജ. മക്കള്‍: റഹ്മത്തുല്ല (ഖത്തര്‍), ഹിലാലുദ്ദീന്‍ (ബാംഗ്ലൂര്‍), അബ്ദുല്‍ വാഹിദ്, അബ്ദുല്‍ വാസിഅ് (മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി), സാജിദ.
അബ്ദുല്‍ വാസിഅ് ധര്‍മഗിരി
Comments