Prabodhanm Weekly

Pages

Search

2015 ജൂലൈ 10

ബദ്‌റിലെ പ്രവാചക സന്ദേശങ്ങള്‍ എന്തേ ഇന്നിങ്ങനെ അട്ടിമറിക്കപ്പെടുന്നു?

പി.പി അബ്ദുര്‍റസാഖ് /ലേഖനം

ബദ്‌റും സമകാലിക മുസ്‌ലിം ലോകവും-2

         മക്കക്കാര്‍ ആഗ്രഹിച്ച യുദ്ധം നടന്ന് സത്യത്തിനും അസത്യത്തിനുമിടയില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടാക്കണമെന്നു തന്നെയാണ് അല്ലാഹു തീരുമാനിച്ചിരുന്നത്. ആര്‍ദ്രതയും ദയയും കാരുണ്യവും സ്‌നേഹവും പഠിപ്പിക്കപ്പെട്ട മദീനയിലെ സമാധാന പ്രിയരായ ജനങ്ങളില്‍ ഒരു വിഭാഗം യുദ്ധം ഒഴിവാക്കുവാന്‍ ആഗ്രഹിച്ചതും യുദ്ധത്തെ വെറുത്തതും സ്വാഭാവികം മാത്രമായിരുന്നു.  അതാണ് വിശുദ്ധ ഖുര്‍ആന്‍ ''സത്യവിശ്വാസികളില്‍ ഒരു വിഭാഗത്തിന്നു അരോചകമായിരിക്കെ താങ്കളെ സ്വവസതിയില്‍ നിന്ന് ആത്യന്തികമായി മക്കക്കാര്‍ അടിച്ചേല്‍പിക്കുവാന്‍ പോകുന്ന യുദ്ധം നേരിടുന്നതിനു വേണ്ടി പുറപ്പെടുവിച്ചതിനെ'' (8: 5) സംബന്ധിച്ച് പറഞ്ഞത്. ശാമില്‍ നിന്ന് മടങ്ങുന്ന അബൂസുഫ്‌യാന്റെ 50,000 ദീനാര്‍ വിലമതിക്കുന്ന ചരക്കുകളുള്ള കച്ചവട സംഘം ഒരു നിമിത്തം മാത്രമായി മാറുകയായിരുന്നു. തീര്‍ച്ചയായും മദീനയുടെ സാമ്പത്തിക സുരക്ഷിതത്വം അപ്പോഴത്തെ പ്രധാന പ്രശ്‌നം തന്നെ ആയിരുന്നു. മക്കയില്‍ നിന്ന് വന്ന മുഹാജിറുകളുടെ സ്വത്തുക്കള്‍ മുഴുവന്‍ അന്യായമായി കൈവശം വെച്ചിരിക്കുന്ന മക്കക്കാരില്‍ ഏറക്കുറെ എല്ലാവര്‍ക്കും പങ്കുണ്ടായിരുന്ന അബൂസുഫ്‌യാന്റെ ചരക്കുകള്‍ അതുകൊണ്ട് തന്നെ മദീനയിലെ മുഹാജിറുകള്‍ക്ക് പിടിച്ചെടുക്കുവാന്‍ സാധിക്കുമെങ്കില്‍ അതില്‍ അന്യായമായി ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ അബൂസുഫ്‌യാനും സംഘവും മദീന വഴി മടങ്ങുന്നതിന് പകരം മറ്റൊരു വഴിക്ക് തന്റെ കച്ചവട സംഘത്തെ തിരിച്ചു വിടുക സ്വാഭാവികം മാത്രമായിരുന്നു.  അബൂസുഫ്‌യാന്‍ തന്റെ ദൂതനെ അയച്ചു താന്‍ രക്ഷപ്പെട്ട വിവരം മക്കക്കാരെ അറിയിച്ചെങ്കിലും മക്കക്കാര്‍ മദീനക്കെതിരെ യുദ്ധം ചെയ്യുന്നതിന്നുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയായിരുന്നു. 

അബൂസുഫ്‌യാനും സംഘവും രക്ഷപ്പെട്ട ശേഷവും യുദ്ധ തീരുമാനവുമായി മുന്നോട്ടുപോകുവാന്‍ അബൂജഹ്ല്‍ ഏകപക്ഷീയമായി തീരുമാനിച്ചത് മക്കന്‍ സൈന്യത്തില്‍ ഭിന്നതയുണ്ടാക്കി.എന്നാല്‍ പ്രവാചകന്റെ നേതൃത്വത്തിലുള്ള സൈന്യം  എണ്ണത്തിലും വണ്ണത്തിലും തുലോം കുറവായിരുന്നെങ്കിലും പൂര്‍ണ ഐക്യത്തോടെ മുന്നോട്ടുനീങ്ങി. ഒരുപക്ഷെ,  അബൂസുഫ്‌യാന്റെ കച്ചവട സംഘത്തിന്റെ പശ്ചാത്തലത്തിലായിരുന്നില്ല മക്കക്കാര്‍ യുദ്ധം ചെയ്യുവാന്‍ പുറപ്പെട്ടിരുന്നതെങ്കില്‍ അവരില്‍ ഈ അനൈക്യവും അതുമുഖേനയുണ്ടായ വീര്യചോര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. ഇവിടെയാണ് പ്രവാചകന്റെ ഓരോ നീക്കത്തിന്റെയും ടൈമിങ്ങിനെ കുറിച്ച് നാം മനസ്സിലാക്കേണ്ടത്. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ 'തന്റെ പരീക്ഷണങ്ങള്‍ വഴി സത്യത്തെ സത്യമായി കാണിക്കുവാനും നിഷേധികളുടെ വേരറുക്കുവാനും ആയിരുന്നു അല്ലാഹു ഉദ്ദേശിച്ചത്'(8:7) എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കിയത്. പ്രവാചകന്റെ ഈ സെന്‍സ് ഓഫ് ടൈമിങ്ങ് മക്ക കീഴടക്കല്‍, ഹുനൈന്‍, തബൂക് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംരംഭങ്ങളിലും നമുക്ക് കാണാന്‍ കഴിയും.  ശത്രുക്കളെ യുദ്ധത്തിന്റെ കാരണക്കാരായി നിലനിര്‍ത്തി പ്രതിരോധാവശ്യാര്‍ഥം മാത്രമാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ പോലും അത് പ്രവാചകന്‍ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും വെച്ചു തന്നെയായിരിക്കുക എന്നതാണ് യുദ്ധ വിഷയത്തിലെ ഈ സെന്‍സ് ഓഫ് ടൈമിങ്ങിന്റെ പ്രത്യേകത. ആധുനിക കാലത്ത് മുസ്‌ലിംകള്‍ക്കെതിരെ ശത്രുക്കള്‍ ഈ തന്ത്രം ധാരാളമായി പ്രയോഗിക്കുന്നുണ്ട്. യുദ്ധത്തിന്റെ കാരണക്കാരായി അവര്‍ മുസ്‌ലിംകളെ മാറ്റുന്നു. ഇനി മുസ്‌ലിംകള്‍ ഒന്നും ചെയ്തില്ലെങ്കില്‍ പോലും മുസ്‌ലിംകള്‍ക്ക് വേണ്ടി ശത്രുക്കള്‍ തന്നെ ചെയ്ത  പ്രചണ്ഡമായ മീഡിയ പ്രചാരണത്തിലൂടെ മുസ്‌ലിംകളെ കാരണക്കാരായി ചിത്രീകരിക്കുന്നു. യുദ്ധം ചെയ്യുന്നതാകട്ടെ ശത്രുക്കള്‍ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തുമായിരിക്കുകയും ചെയ്യും. 

അബൂസുഫ്‌യാന്‍ രക്ഷപ്പെട്ടു എന്നറിഞ്ഞ ശേഷവും അബൂജഹ്ല്‍ യുദ്ധവുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ നാം കാണുന്നത് പ്രവാചകന്റെ സൈനിക രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള നേതൃപാടവത്തിന്റെ വേറെക്കുറെ പാഠങ്ങളാണ്. തീരുമാനങ്ങള്‍ ഏറ്റവും ജനായത്ത രൂപത്തില്‍ ഏകകണ്ഠമായിരിക്കുവാന്‍ പ്രവാചകന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും യോഗം വിളിക്കുന്നു. അവരെ സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. അവരുമായിഇന്ററാക്ട് ചെയ്യുന്നു. ആശയക്കൈമാറ്റത്തില്‍ ഒരു വീഴ്ചയും ഉണ്ടാവരുത് എന്ന് പ്രവാചകന് നിര്‍ബന്ധമുണ്ട്. അവരുടെ അഭിപ്രായം ആരായുന്നു. അവരുടെ പ്രതിനിധികള്‍ സംസാരിക്കുന്നു. തീരുമാനം ബോട്ടംഅപ്പ് പ്രക്രിയയിലൂടെ ഏകകണ്ഠമായി രൂപപ്പെടുത്തുന്നു. സൈന്യത്തെ പൊസിഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടു തന്റെ അനുചരന്മാരുടെ അഭിപ്രായം മെരിറ്റിന്റെ അടിസ്ഥാനത്തില്‍  സ്വീകരിക്കുന്നു.  ശത്രുക്കളുടെ സൈനിക നീക്കങ്ങളും അവരുടെ ശക്തിദൗര്‍ബൗല്യങ്ങളും അറിയുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ത്വല്‍ഹത്തിബ്‌നു ഉബൈദുല്ലയെയും സഈദ്ബിനു സൈദിനെയും വിവരം സമാഹരിക്കാനായി അയക്കുന്നു. ഹൗറായിലെത്തി ലഭ്യമായ വിവരവുമായി അവര്‍ മദീനയിലേക്ക് തിരിച്ചെത്തുന്നു. ശത്രുക്കളുടെ പൊസിഷനിംഗ് പഠിക്കുവാന്‍ അലിയ്യുബിനു അബീത്വാലിബിനെയും സുബൈര്‍ ഇബ്‌നുല്‍ അവ്വാമിനെയും സഅ്ദ്ബിനു അബീ വഖാസിനെയും അയക്കുന്നു. അവര്‍ ബദറിലെ കിണറ്റില്‍ നിന്ന് മക്കന്‍ സൈന്യത്തിനു വേണ്ടി വെള്ളം ശേഖരിക്കുകയായിരുന്ന രണ്ടു പേരെ പിടികൂടി നബിയുടെ അടുത്തു കൊണ്ടു വരുന്നു. പ്രവാചകന്‍ അവരോടു നേരിട്ട് സംസാരിച്ചു ശത്രുക്കളുടെ പൊസിഷനിംഗ് സംബന്ധമായും, അവരുടെ നേതാക്കളെയും അംഗസംഖ്യയെയും കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നു. അപ്പോഴാണ് നബി പറഞ്ഞത്: 'ഖുറൈശികള്‍ അവരിലെ ഏറ്റവും വിലകൂടിയ ജീവനുകളെയാണ് നിങ്ങളിലേക്ക് അയച്ചിട്ടുള്ളത്' എന്ന്.

ഓരോ അടി മുന്നോട്ടു വെക്കുന്നതിനു മുമ്പും കൂടിയാലോചനകള്‍ നടന്നിരുന്നു. തന്റെ കൈയിലുള്ള പരിമിതമായ വിഭവങ്ങളെ ഏറ്റവും കാര്യക്ഷമവും ഒപ്റ്റിമലും ആയ രൂപത്തില്‍ ഉപയോഗിക്കുന്നു. ഓരോരുത്തരുടെയും കഴിവും യോഗ്യതയും പരിഗണിച്ചു യോജിച്ച ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുന്നു. ശത്രുക്കളില്‍ നിന്ന് സമാഹരിച്ച വിവരങ്ങള്‍ സൈനിക നീക്കത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മരുഭൂയുദ്ധത്തിന് പ്രത്യേക തന്ത്രം ആവിഷ്‌കരിച്ച് ഖുറൈശികളില്‍ നിന്ന് വ്യത്യസ്തമായി താഴ്ന്ന മണല്‍ പ്രദേശത്തു ക്യാമ്പ് ചെയ്യുന്നു. രണ്ടു ബറ്റാലിയനിലായി സഅദുബിനു മുആദിന്റെയും അലിയ്യുബിനു അബീത്വാലിബിന്റെയും നേതൃത്വത്തില്‍ സൈന്യത്തെ അണിനിരത്തുന്നു. വെറും രണ്ടു അശ്വഭടന്മാരേ ഉണ്ടായിരുന്നുള്ളൂ.  സുബൈര്‍ ഇബ്‌നുല്‍ അവ്വാമും മിഖ്ദാദു ബിനു അംറും. അവരെ രണ്ടു പേരെയും ഇടത്തും വലത്തും വിന്യസിക്കുന്നു. പിന്‍ നിരയുടെ ഉത്തരവാദിത്തം ഖൈസ്ബിനു ഉബയ്യിനെ ഏല്‍പ്പിക്കുന്നു. പ്രവാചകന്റെ പൂര്‍ണ മേല്‍നോട്ടത്തില്‍ സൈനികമായ കമ്മാണ്ടും കണ്‍ട്രോളും സ്ഥാപിക്കുന്നു.  

ഇതിനെല്ലാം പുറമെയാണ് പ്രവാചകനും അനുയായികള്‍ക്കുമിടയിലുണ്ടായിരുന്ന വിടവില്ലാത്ത നേതൃ-നീതബന്ധവും സ്‌നേഹപൂര്‍ണമായ അച്ചടക്കവും അനുസരണവും. അതിന്റെ നിരവധി മാതൃകകളും ബദ്ര്‍ യുദ്ധത്തില്‍ കാണുവാന്‍ സാധിക്കും. ഇങ്ങനെ കാര്യകാരണ ബന്ധങ്ങള്‍ക്ക് വിധേയമായി തന്നാലാവുന്നതെല്ലാം ചെയ്യുകയും ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്ത ശേഷം മാത്രമാണ് പ്രവാചകന്‍ ഈ വിഷയത്തില്‍ അവസാനം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത്. 

ഇനി നാം ഒന്ന് ആലോചിക്കുക.   പ്രവാചകന്റെ ഈ നേതൃഗുണങ്ങളും ആസൂത്രണ  പാടവവും കാര്യക്ഷമതയും ദീര്‍ഘദൃഷ്ടിയും ഒക്കെ മുസ്‌ലിം നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഉണ്ടാവുക എന്നത് എന്ത്‌കൊണ്ട് നേതൃലബ്ധിക്ക് ഉപാധിയാകുന്നില്ല? ഇതൊന്നും ഫര്‍ദും സുന്നത്തുമൊന്നുമല്ലേ? ലോകത്തെ ഏറ്റവും വിഭവസമൃദ്ധവും തന്ത്രപ്രാധാനവും ആയ പ്രദേശങ്ങള്‍ മുസ്‌ലിംകളുടെ കൈവശമാണുള്ളത്. വിശ്വാസ പ്രചോദിതരായ ധീരരും ശൂരരുമായ ജന വിഭാഗവും ഒരുപക്ഷേ മുസ്‌ലിംകള്‍ തന്നെയായിരിക്കും. പക്ഷെ നാം അവിടെ കാണുന്നത് സര്‍വ വിഭവങ്ങളുടെയും സര്‍വതലങ്ങളിലുമുള്ള ധൂര്‍ത്താണ്. ഇസ്‌ലാമിന്റെ ശത്രുക്കളായ സാമ്രാജ്യത്വ ശക്തികള്‍ക്ക്, പഴകിയ ആയുധം വില്‍ക്കാനുള്ള കമ്പോളമാണ് മിക്ക മുസ്‌ലിം രാജ്യങ്ങളും. ആ ആയുധങ്ങളാവട്ടെ ഉപയോഗിക്കപ്പെടുന്നത് സ്വന്തം ജനതക്കെതിരിലും! 

ഏകാധിപത്യ, സ്വേച്ഛാധിപത്യ ,രാജാധിപത്യ, പട്ടാളാധിപത്യങ്ങള്‍ തെറ്റായ ഭരണവ്യവസ്ഥ മാത്രമല്ല; അത് സാമൂഹികവും നാഗരികവും സാംസ്‌കാരികവുമായ ജീവിതത്തിലെ മുഴുവന്‍ മേഖലകളിലും മുരടിപ്പുണ്ടാക്കുന്ന ഒരു ദുരന്തമാണ്. അത് ഒരു സമൂഹത്തിന്റെ നാഗരികവും സാംസ്‌കാരികവും ആയ വളര്‍ച്ചയുടെയും, സാങ്കേതികവും ശാസ്ത്രീയവുമായ വികാസത്തിന്റെയും അന്ത്യമാണ്.  കാരണം ഈജിപ്തില്‍ കാണുന്നത് പോലെ അവിടെ അറിവും ചിന്തയും ദര്‍ശനവും തുറുങ്കിലും, ഗുണ്ടകളും ഏറാമൂളികളും അധികാര ഉദ്യോഗസ്ഥ നേതൃ സ്ഥാനങ്ങളിലുമായിരിക്കും.  അവിടെ നിരൂപണവും വിമര്‍ശനവും ഗില്ലെറ്റിന്‍ ചെയ്യപ്പെടുമ്പോള്‍ പുറം ചൊറിയുന്നവരും സ്തുതി പാഠകരും ആനയിച്ചു ആദരിക്കപ്പെടുന്നു. അവിടെ ഉത്തരവാദിത്തങ്ങള്‍ അനര്‍ഹരുടെ കൈകളില്‍ കിടന്നു പിടഞ്ഞു പാഴ് ചെലവുകള്‍ പെരുകുമ്പോള്‍ മറുഭാഗത്ത് അര്‍ഹരും യോഗ്യരുമായ ആളുകളുടെ കഴിവുകളും സിദ്ധികളും ഉപയോഗിക്കപ്പെടാതെ വൃഥാവിലാകുന്നു. സ്വാതന്ത്ര്യം തടവിലിടപ്പെടുന്ന ഒരു സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മസ്തിഷ്‌ക വളര്‍ച്ച നടക്കുകയില്ല എന്ന് മാത്രമല്ല ഉള്ള സ്വതന്ത്ര മസ്തിഷ്‌കങ്ങളുടെ ചോര്‍ച്ചയുടെ വിളനിലമാണ് ഇത്തരത്തിലുള്ള ഭരണക്രമങ്ങള്‍ ഉള്ള നാടുകള്‍. യോഗ്യതയുള്ളവരെ യഥാ സ്ഥാനങ്ങളില്‍ നിയോഗിച്ച് അവരുടെ കഴിവുകള്‍ പൂര്‍ണമായും ഉപയോഗിക്കുക എന്ന ബദ്‌റിലെ പ്രവാചക സന്ദേശമാണ് മുസ്‌ലിം ലോകത്ത് നിരന്തരം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍