ചില പശ്ചാത്താപങ്ങള്‍ക്ക് നാം പശ്ചാത്തപിക്കേണ്ടിവരും
നന്മ സ്ഥാപിക്കാനും തിന്മ വിപാടനം ചെയ്യാനും വേണ്ടിയാണ് അല്ലാഹു മുഴുവന്‍ പ്രവാചകന്മാരെയും അയച്ചത്. അല്ലാഹുവും പ്രവാചകനും മനുഷ്യനോട് ആവശ്യപ്പെടുന്നത് നന്മ ചെയ്യാനും തിന്മയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുമാണ്. അപ്പോഴും ജീവിതത്തിന്റെ സങ്കീര്‍ണതയെ ഇസ്‌ലാം അംഗീകരിക്കുന്നു. അതുകൊണ്ടാണ് നന്മ-തിന്മകളുടെ വേര്‍തിരിവുകള്‍ക്കും അതിനെക്കുറിച്ച അനുശാസനങ്ങള്‍ക്കുമൊപ്പം പശ്ചാത്താപം എന്നതുകൂടി ദൈവികാധ്യാപനങ്ങളുടെ ഭാഗമായത്. നന്മയുടെ വഴിയില്‍ മാത്രം സഞ്ചരിക്കുന്ന ജീവിതങ്ങള്‍ അപൂര്‍വമോ അസാധ്യമോ ആയിരിക്കും. ഇത് ജീവിതത്തിന്റെ സങ്കീര്‍ണതയുടെ സ്വാഭാവിക ഫലമാണ്. ഇതിനെ പശ്ചാത്താപം കൊണ്ട് പരിഹരിച്ചുകൊണ്ടിരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ രീതി. പശ്ചാത്താപം എന്നത് ജീവിത സങ്കീര്‍ണതകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന അംഗീകാരമാണ്. ജീവിതത്തെ വെറും കറുപ്പും വെളുപ്പുമായി കാണാത്ത പ്രകൃതിമതത്തിന്റെ സ്വാഭാവികതയാണ്.
വിശ്വാസം അല്ലാഹുവുമായുള്ള മനുഷ്യന്റെ കരാറാണ്. പാപം ചെയ്യുമ്പോള്‍, തത്ത്വത്തില്‍ കരാര്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പ്രയോഗത്തില്‍ അത് മുറിഞ്ഞ് പോവുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വിശ്വാസിയായി കൊണ്ട് ആരും വ്യഭിചരിക്കുന്നില്ല, മോഷ്ടിക്കുന്നില്ല എന്ന് പ്രവാചകന്‍ പറഞ്ഞത്. എന്നാല്‍, പശ്ചാത്തപിക്കുമ്പോള്‍ അവന്‍/അവള്‍ ഈ കരാറിലേക്ക് പുനഃപ്രവേശിക്കുകയാണ്. അല്ലാഹുവുമായുള്ള വിച്ഛേദിക്കപ്പെട്ട ബന്ധം വീണ്ടും ചേര്‍ക്കുകയാണ്. വിച്ഛേദിക്കപ്പെട്ട ശേഷമുള്ള ഏത് പുനഃസമാഗമവും നേരത്തെ ഉള്ളതിനേക്കാള്‍ തീവ്രവും വികാരഭരിതവുമായിരിക്കുമല്ലോ. വിശ്വാസി പാപം ചെയ്യുമ്പോള്‍ അല്ലാഹുവിന് തന്റെ സദ്‌വൃത്തനായ ഒരടിമയെ നഷ്ടപ്പെട്ടുപോവുകയാണ്. അവന്‍/അവള്‍ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിന് അവരെ തിരിച്ച് കിട്ടുകയാണ്. മരുഭൂമിയില്‍ യാത്രക്കിടയില്‍ പാഥേയം വഹിച്ച ഒട്ടകത്തെ നഷ്ടപ്പെട്ടുപോയി ഹതാശനായ യാത്രികനു ഒട്ടകം തിരിച്ച് കിട്ടുന്നതുപോലെ. പശ്ചാത്താപത്തെ കുറിച്ച് പ്രവാചകന്‍ പഠിപ്പിച്ച മനോഹരമായ ഉപമയാണിത്.
പശ്ചാത്താപം ഒരു കുമ്പസാരമല്ല. ഇനിയും പാപം ചെയ്യാന്‍ തീരുമാനിച്ചുകൊണ്ടുള്ള പാപങ്ങള്‍ പൊറുപ്പിക്കലുമല്ല. പശ്ചാത്താപത്തിന്റെ ഉപാധികള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ അക്കമിട്ട് വിശദീകരിച്ചിട്ടുണ്ട്. ചെയ്തുപോയ പാപത്തെക്കുറിച്ച അത്യഗാധമായ ഖേദമാണത്. ഹൃദയം പിടയുന്ന ഖേദമനസ്സ്. ഒരിക്കലും അതിലേക്ക് തിരിച്ച് പോവില്ല എന്ന ദൃഢമായ തീരുമാനമാണത്. 'കറന്നെടുത്ത പാല്‍ അകിടിലേക്ക് തിരിച്ച് പോവാത്ത പോലെ'(ഹദീസ്). എന്നിട്ട് ചെയ്തുപോയ തെറ്റ് മാപ്പാക്കി തരണമെന്ന് ആത്മാര്‍ഥമായി അല്ലാഹുവിനോട് അപേക്ഷിക്കലാണത്. ദൈവത്തിന് പുറമെ മനുഷ്യരുടെ അവകാശങ്ങളുമായി കൂടി ബന്ധമുള്ള തെറ്റുകളാണെങ്കില്‍ ഈ മൂന്ന് ഉപാധികള്‍ക്ക് പുറമെ ആ മനുഷ്യരോടും അത് പൊറുപ്പിക്കേണ്ടതുണ്ട്. അവകാശം കവര്‍ന്നെടുക്കപ്പെട്ട മനുഷ്യന്‍ പൊറുത്താലേ അവകാശങ്ങളുടെ ദാതാവായ അല്ലാഹു പൊറുക്കുകയുള്ളൂ. ''രക്തസാക്ഷിയുടെ എല്ലാ തെറ്റുകളും രക്തസാക്ഷ്യംകൊണ്ട് പൊറുക്കപ്പെടും; കടമൊഴിച്ച്'' (ഹദീസ്). ഒരു രക്തസാക്ഷ്യം കൊണ്ടും വീട്ടപ്പെടാത്ത കടമാണ് മനുഷ്യരോടുള്ള കടബാധ്യത. അത് അതായി തന്നെ വീട്ടണം. ഇല്ലെങ്കില്‍ കടം കൊടുത്തവന്‍ പൊറുത്തുകൊടുക്കണം. എങ്കിലേ ഒരു രക്തസാക്ഷിക്കുപോലും അല്ലാഹു അത് പൊറുത്തു കൊടുക്കൂ. അല്ലാഹുവിനോടുള്ള ബാധ്യതകള്‍ പവിത്രവും മനുഷ്യരോടുള്ള ബാധ്യതകള്‍ നിസ്സാരവും എന്ന ജീര്‍ണ മതബോധത്തെ പശ്ചാത്താപത്തിന്റെ ഈ പ്രവാചക പാഠങ്ങള്‍ പ്രഹരിച്ച് ഉടച്ച് കളയുന്നുണ്ട്. മനുഷ്യന്റെ അവകാശങ്ങള്‍ അല്ലാഹുവില്‍ എത്രമേല്‍ പ്രധാനമാണെന്ന് ഇതിലൂടെ പഠിപ്പിക്കപ്പെടുന്നുണ്ട്. അന്യായം ഭക്ഷിക്കുന്നവന്റെ, അന്യായം ഉടുക്കുന്നവന്റെ, അന്യായം കുടിക്കുന്നവന്റെ പശ്ചാത്താപം മാത്രമല്ല, പ്രാര്‍ഥന പോലും സ്വീകരിക്കുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 'യാ റബ്ബീ യാ റബ്ബീ' എന്ന് മേല്‍പ്പോട്ട് കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുന്ന ഇവന്റെ പ്രാര്‍ഥന എങ്ങനെ സ്വീകരിക്കപ്പെടാനാണ് എന്ന് പ്രവാചകന്‍ ചോദിക്കുന്നുണ്ട്. കാരണം, അവന്‍ നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടവനാണ് (ഹദീസ്).
ഇപ്പോള്‍ തെറ്റ് ചെയ്യാം, പിന്നീട് തിരുത്താം, ഇപ്പോള്‍ പശ്ചാത്തപിക്കാം, പിന്നീട് തെറ്റ് ചെയ്യാം ഈ രണ്ട് മനോഭാവങ്ങളെയും ഇസ്‌ലാമിലെ പശ്ചാത്താപം ഉള്‍ക്കൊള്ളുന്നില്ല. ഒന്നും ബാക്കി വെക്കാത്ത തിരുത്തലാണ് പശ്ചാത്താപം. പശ്ചാത്താപത്തിന് ശേഷവും മനുഷ്യന്‍ വഴുതിവീണേക്കാം. അത് ജീവിതത്തിന്റെ സങ്കീര്‍ണതയും മനുഷ്യന്റെ സഹജദൗര്‍ബല്യവുമാണ്. പക്ഷേ, പശ്ചാത്തപിക്കുമ്പോള്‍ അത് സമ്പൂര്‍ണമായ പശ്ചാത്താപമായിരിക്കണം. കലവറയില്ലാത്ത കുറ്റസമ്മതവും തിരിച്ചു പോക്കും. യൂസുഫ് നബിയുടെ സഹോദരന്മാര്‍ കുഞ്ഞു യൂസുഫിനെതിരെ നടത്തിയ ഗൂഢാലോചന ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ''നമുക്കവനെ കൊന്നുകളയാം. അല്ലെങ്കില്‍ നാടുകടത്താം. പിന്നീട് നമുക്ക് നല്ലവരായിത്തീരാം'' (സൂറ യൂസുഫ് 9). നിരൂപണത്തിന് പോലും വിധേയമാക്കാതെ ഈ നിലപാടിനെ അല്ലാഹു അപഹസിക്കുകയാണ് ചെയ്യുന്നത്. കുറ്റം ചെയ്യാം, എന്നിട്ട് നന്നാവാം എന്നത് പശ്ചാത്താപമല്ല. പാപമാണ്. ഇതിന്റെ തന്നെ മറുപുറമാണ് പശ്ചാത്തപിക്കാം, പിന്നീട് പാപം ചെയ്യാം എന്നത്. ഇത്തരം പശ്ചാത്താപത്തെക്കുറിച്ചാണ് ഹസന്‍ ബസ്വരി(റ) പറഞ്ഞത്: 'ചില പശ്ചാത്താപങ്ങള്‍ക്ക് നാം പശ്ചാത്തപിക്കേണ്ടി വരും' എന്ന്. ഇതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: ''നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്‌കളങ്കമായി പശ്ചാത്തപിച്ച് മടങ്ങുക'' (അത്തഹ്‌രീം 8).
നമ്മുടെ പശ്ചാത്താപങ്ങള്‍ സ്വീകരിക്കപ്പെട്ടോ എന്നറിയാന്‍ നാം പരലോകം വരെ കാത്തിരിക്കേണ്ടതില്ല. ആ പശ്ചാത്താപങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി. നാം തിരുത്തിയിട്ടുണ്ടെങ്കില്‍ അല്ലാഹുവും തിരുത്തി. നാം തിരുത്തിയിട്ടില്ലെങ്കില്‍ അല്ലാഹുവും തിരുത്തിയിട്ടില്ല. ജീവിതത്തില്‍ ഒരു തിരുത്തലും വരുത്താത്ത പശ്ചാത്തപത്തിന് അല്ലാഹുവിന്റെ അടുത്ത് ഒരു വിലയുമില്ല. അത് പശ്ചാത്താപമല്ല. ഹൃദയത്തില്‍ വേരുകളില്ലാത്ത വായ് വര്‍ത്തമാനം, തൊള്ള ബഡായി മാത്രമാണ്.
പുണ്യത്തേക്കാള്‍ പാപമോചനമാണ് സ്വര്‍ഗത്തിലേക്കുള്ള വഴി. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ പാപമോചനവും സ്വര്‍ഗവും വാഗ്ദാനം ചെയ്യുന്നത് കാണാന്‍ കഴിയും. കാരണം, നമ്മുടെ ഏത് പുണ്യത്തിലും കലര്‍പ്പുകള്‍ ഉണ്ടാവാനിടയുണ്ട്. വിശ്വാസി പ്രതീക്ഷ അര്‍പ്പിക്കുന്നത് അവന്റെ പുണ്യത്തിന്റെ ബലത്തിലല്ല, അല്ലാഹുവിന്റെ പൊറുക്കലിന്റെ ഔദാര്യത്തിലാണ്. സ്വര്‍ഗം വിശ്വാസിയുടെ അവകാശമല്ല, അല്ലാഹുവിന്റെ ഔദാര്യമാണ്. പക്ഷേ, അല്ലാഹു കാരുണ്യം അവന്റെ മേല്‍ നിയമമായി നിശ്ചയിച്ചവനാണ്.
നമുക്ക് പൊറുത്തുതരാന്‍ അല്ലാഹു നിശ്ചചയിച്ച ഒരു ഉപാധി മനുഷ്യന് പൊറുത്തുകൊടുക്കുക എന്നതാണ്. പൊറുത്തു കൊടുക്കല്‍ ഇസ്‌ലാമില്‍ ഏകപക്ഷീയമായ ഇടപാടല്ല. ദൈവത്തോട് എന്തും ആവശ്യപ്പെടാവുന്നതും ദൈവം ഇങ്ങോട്ട് ഒരു മൂല്യവും ആവശ്യപ്പെടാത്തതുമായ പോക്കറ്റ് ദൈവങ്ങളുടെ വിശ്വസ സങ്കല്‍പ്പം ബഹുദൈവത്വത്തിന്റേതാണ്. നമുക്ക് അല്ലാഹു പൊറുത്തു തരണമെങ്കില്‍ നാം അല്ലാഹുവിന് വേണ്ടിയും പൊറുത്തുകൊടുക്കണം. അല്ലാഹുവിന് പൊറുത്തുകൊടുക്കുക എന്നത് അസംഗതവും അസാധ്യവുമാണ്. പക്ഷേ അല്ലാഹുവിന് വേണ്ടി പൊറുത്തുകൊടുക്കുക എന്നത് അല്ലാഹുതന്നെ മുന്നോട്ടുവെക്കുന്ന ഒരു കാഴ്ചപ്പാടാണ്. അല്ലാഹുവിന്റെ അടിമകള്‍ക്കുവേണ്ടി പൊറുത്തുകൊടുക്കുക, അല്ലാഹു നമ്മുടെ ബന്ധുവായി നിശ്ചയിച്ചവനുവേണ്ടി വിട്ടുവീഴ്ച ചെയ്യുക, അഗതിക്കും ദുര്‍ബലനും ഔദാര്യം ചെയ്യുക, ഇതൊക്കെയും അല്ലാഹുവിനുവേണ്ടിയുള്ള പൊറുക്കലുകളും ഉദാരതകളുമാണ്. അബൂബക്‌റി(റ)ന്റെ മകളും പ്രവാചകന്റെ പ്രിയതമയും വിശ്വാസികളുടെ മാതാവുമായ ആഇശ(റ)യെ കുറിച്ച് അപവാദ പ്രചാരണമുണ്ടായപ്പോള്‍ മിസ്ത്വഹ്ബ്‌നു ഉസാസ എന്ന വ്യക്തിയും അതില്‍ പങ്കുചേര്‍ന്നു. അദ്ദേഹം അബൂബക്‌റി(റ)ന്റെ ബന്ധുവും അദ്ദേഹത്തിന്റെ സാമ്പത്തിക സംരക്ഷണത്തില്‍ കഴിയുന്നവനും മക്കയില്‍ നിന്ന് പലായനം ചെയ്തുവന്ന പലായകനും ദരിദ്രനുമായിരുന്നു. അല്ലാഹു ആകാശ വെളിപാടിലൂടെ ആഇശ(റ)യെ കുറ്റമുക്തയായി പ്രഖ്യാപിച്ചപ്പോള്‍ അബൂബക്ര്‍(റ) ശപഥം ചെയ്തു:’മിസ്ത്വഹിന് ഇനിമേല്‍ ഞാന്‍ ഒന്നും കൊടുക്കില്ല. ആഇശ(റ)യെ കുറ്റമുക്തയാക്കി തിരിച്ചുപോയ ജിബ്‌രീല്‍ അല്ലാഹുവിന്റെ പുതിയ വെളിപാടുമായി മടങ്ങിവരികയാണ്. ''നിങ്ങളുടെ കൂട്ടത്തില്‍ സമ്പന്നതയും അനുഗ്രഹവും ലഭിച്ചവര്‍ നിങ്ങളുടെ ബന്ധുവും അഗതിയും പലായകനുമായ ഒരാള്‍ക്ക് ഒന്നും കൊടുക്കില്ലെന്ന് ശപഥം ചെയ്തുകളയരുത്. നിങ്ങള്‍ പൊറുത്തുകൊടുക്കുകയും വിട്ടുവീഴ്ചകാണിക്കുകയും ചെയ്യുക. അല്ലാഹു പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്'' (അന്നൂര്‍ 22). ഈ ദിവ്യ പാഠങ്ങള്‍ കേട്ടപാടെ അബൂബക്ര്‍(റ) പ്രതിവചിച്ചു. ''ഞാന്‍ ശപഥം പിന്‍വലിച്ചിരിക്കുന്നു. മിസ്ത്വഹിന് ഇന്നലെ വരെ നല്‍കിയതെല്ലാം ഇനിയും ഞാന്‍ നല്‍കും. കാരണം, അല്ലാഹു ഞങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു. അല്ലാഹുവിന്റെ അടിമകളുടെ കാര്യത്തില്‍, അവര്‍ അല്ലാഹുവിന്റെ ബന്ധുക്കളാണ്'' (ഹദീസ്). അല്ലാഹു നമുക്ക് ബന്ധുവായി നിശ്ചയിച്ചു തന്നവരുടെ കാര്യത്തില്‍ നാം എണ്ണിപ്പെറുക്കി കണക്കുപറയുന്നു. ഒന്നുപോലും വിട്ടുപോവാതെ, ഒന്നില്‍പോലും വിട്ടുവിഴ്ച ചെയ്യാതെ നാം നമ്മുടെ ഭാഗം സമര്‍ഥിക്കുന്നു. എന്നാല്‍ ഇതേപോല അല്ലാഹുവും നമ്മുടെ കാര്യത്തില്‍ കണക്കുപറയാന്‍ തുടങ്ങിയാല്‍ ആരാണ് രക്ഷപ്പെടുക? അപ്പോള്‍ പാപമോചനത്തിന്റെ വഴി മനുഷ്യരോടുള്ള വിട്ടുവീഴ്ചയാണ്. പാപമോചനം ഒരു ചടങ്ങല്ല, ഒരു മനോഭാവമാണ്. ആ മനസ്സുള്ളവരുടെ സവിശേഷതകള്‍ ഖുര്‍ആന്‍ എണ്ണിയെണ്ണിപറഞ്ഞിട്ടുണ്ട്. ''നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും പ്രപഞ്ചത്തോളം വിശാലമായ സ്വര്‍ഗവും നേടാനായി നിങ്ങള്‍ മുന്നേറുക. ഭക്തന്മാര്‍ക്കായി തയാറാക്കിയതാണത്. സമ്പന്നതയിലും ദാരിദ്ര്യത്തിലും ചെലവഴിക്കുന്നവര്‍, കോപം വിഴുങ്ങുന്നവര്‍, ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവര്‍, സദ്കര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ അല്ലാഹുവിനെ ഓര്‍ക്കുന്നവര്‍, തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവര്‍, പാപങ്ങള്‍പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്. അവരൊരിക്കലും ചെയ്തുപോയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നവരല്ല'' (ആലു ഇംറാന്‍ 134,135)
അല്ലാഹുവിനെക്കുറിച്ച ഓര്‍മ ജ്വലിച്ചുനില്‍ക്കുമ്പോള്‍ ആര്‍ക്കും പാപം ചെയ്യാന്‍ കഴിയില്ല. ആ ഓര്‍മ മങ്ങലാണ്, നഷ്ടമാണ് പാപത്തിന്റെ പശ്ചാത്തലം. ആ ഓര്‍മ വീണ്ടും വഴിഞ്ഞൊഴുകുമ്പോഴാണ് അവന്‍ പശ്ചാത്താപ വിവശനാകുന്നത്. ഈ ഓര്‍മയില്ലായ്മക്കാണ്-ജഹാലത്ത് -അറിവുകേട് എന്ന് അല്ലാഹു പറഞ്ഞത്. ''അറിവില്ലായ്മ കാരണം തെറ്റുചെയ്യുകയും ഒട്ടും വെകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. തെറ്റില്‍ സ്ഥിരവാസമുറപ്പിക്കുകയും എല്ലാം കഴിഞ്ഞ് മരിക്കുമ്പോള്‍ ഞാനിതാ പശ്ചാതപിച്ചിരിക്കുന്നു എന്നുപറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം'' (അന്നിസാഅ് 17,18). തൗബ ഒരു മനോഭാവമാണ്. അത് അല്ലാഹുവിനോടുള്ള ഹൃദയം നൊന്ത ഏറ്റു പറച്ചിലും പ്രാര്‍ഥനയും, മനുഷ്യരോടുള്ള അതിവിശാലമായ ഔദാര്യവുമായാണ് സാക്ഷാത്കൃതമാവേണ്ടത്.
ചെയ്ത പാപത്തെക്കുറിച്ച ബോധത്തിലും വിശ്വാസത്തിന്റെ ഏറ്റക്കുറവനുസരിച്ച് വ്യത്യാസങ്ങളുണ്ട്. ''വിശ്വാസി തന്റെ തെറ്റുകളെ കാണുന്നത് തലക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്ന, ഏത് നിമിഷവും തന്നിലേക്ക് വന്ന് പതിച്ചേക്കാവുന്ന ഒരു പര്‍വ്വതമായാണ്. കപടവിശ്വാസി തന്റെ പാപത്തെ കാണുന്നത് മൂക്കിന് തുഞ്ചത്ത് വന്നിരിക്കുന്ന ഒരീച്ചയായാണ്'' (ഹദീസ്). ''ആഇശാ, നീ ചെറു പാപങ്ങളെ സൂക്ഷിക്കുക, അല്ലാഹു അതിനെ അന്വേഷിക്കുന്നവനാണ്'' (ഹദീസ്). വന്‍ പാപങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് ചെറു പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും. പക്ഷേ, ചെറുപാപങ്ങള്‍ നിത്യമായി ചെയ്താല്‍ അത് വന്‍പാപമായി തീരും. ഏതുചെറുതും കൂട്ടിവെച്ചാല്‍ വലുതാകുമല്ലോ. തെറ്റിനെ പ്രവാചകന്‍ കറുത്ത കുത്തിനോട് ഉപമിക്കുന്നുണ്ട്. കറുത്ത കുത്തുകള്‍ നിരന്തരം വീണാല്‍ അത് കറുപ്പിന്റെ ചതുരവും വൃത്തവുമൊക്കെയായി മാറും.
Comments