കപട രാഷ്ട്രീയക്കാര്‍ 'ഹാമീം സജദ' വായിക്കട്ടെ
രാഷ്ട്രീയ പ്രവര്‍ത്തനത്തെ രാജ്യം നന്നാക്കാനുള്ള കര്‍മമണ്ഡലമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാണേണ്ടത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം സ്വന്തം കാര്യം നേടുക എന്ന ലക്ഷ്യത്തിലേക്ക് അധഃപതിച്ചിരിക്കുന്നു. പണക്കാരെയും അധികാരമുള്ളവരെയും സംരക്ഷിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥ വൃന്ദവും ഒന്നായി നീങ്ങുന്ന കാഴ്ച നാള്‍തോറും കൂടി വരികയാണ്. അഴിമതി നടത്തിയവരും വഴിവിട്ട് അധികാരത്തിലും ഉന്നതിയിലും എത്തിയവരുമാണ് ഇന്ന് രാജ്യത്തിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഭൂരിപക്ഷത്തിന് മേല്‍ പലപ്പോഴും ഇത്തരം അശുദ്ധ കൂട്ടുകെട്ടുകള്‍ ജയിച്ച് കയറുന്ന കാഴ്ചയും കാണേണ്ടിവരുന്നു.
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കൊല്ലും കൊലയും അഴിമതിയും നടത്തി രാജ്യം ഭരിക്കാനെത്തുന്ന കപട രാഷ്ട്രീയക്കാര്‍ ഒരു വട്ടമെങ്കിലും ഖുര്‍ആനിലെ ഹാമീം സജദ അധ്യായം വായിക്കുന്നത് നല്ലതാണ്. പ്രലോഭനങ്ങളാണ് രാഷ്ട്രീയ പ്രവര്‍ത്തകരെ വഴിതെറ്റിക്കുന്നത്. പ്രലോഭനങ്ങളില്‍ വീഴാതെ ജീവിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഒരു അധ്യായമാണിത്. ഇതിന്റെ അവതരണ പശ്ചാത്തലമായി ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട് പ്രവാചക ജീവിതത്തിന്റെ ആദ്യഘട്ടം. നിരവധിയാളുകള്‍ പ്രവാചകന്റെ പിന്നില്‍ അണിനിരക്കാന്‍ മുന്നോട്ടുവരുന്നു. ഇത് മക്കയിലെ ഖുറൈശികളെ തളര്‍ത്തിക്കൊണ്ടിരുന്നു. പകരമെന്നോണം ഖുറൈശികള്‍ കൊടിയ അക്രമങ്ങളും മര്‍ദനങ്ങളും പ്രവാചകന്നും അനുയായികള്‍ക്കും നേരെ അഴിച്ചുവിട്ടു. ഇതുകൊണ്ടൊന്നും പ്രവാചകനെ പിന്തിരിപ്പിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായ മക്കയിലെ ശത്രുക്കള്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രവാചകനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഖുറൈശികളെ പ്രതിനിധീകരിച്ച് റബീഅയുടെ മകന്‍ ഉത്ബ, നബി(സ)യെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''സഹോദര പുത്രാ, താങ്കള്‍ ഞങ്ങളിലെ മാന്യനാണ്. കുലീന കുടുംബത്തിലെ അംഗമാണ്. എന്നാല്‍ താങ്കളിപ്പോള്‍ രംഗത്തിറങ്ങിയത് തങ്ങളുടെ തന്നെ ആള്‍ക്കാര്‍ക്ക് അപകടം വരുത്തുന്ന കാര്യവുമായാണ്. അത് അവരുടെ കെട്ടുറപ്പ് തകര്‍ത്തിരിക്കുന്നു. കൂട്ടായ്മക്ക് കോട്ടം വരുത്തിയിരിക്കുന്നു. അതിനാല്‍ ഇതൊന്നു കേള്‍ക്കൂ.
ഏറെ ഗുണകരവും സ്വീകാര്യവുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാം. നിന്റെ ഈ പുതിയ മതം കൊണ്ട് പണം നേടലാണ് ലക്ഷ്യമെങ്കില്‍ അറേബ്യയിലെ ഏറ്റവും വലിയ സമ്പന്നനാകാനാവശ്യമായ സ്വത്ത് ഞങ്ങള്‍ തരാം. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ താങ്കളെ ഞങ്ങളുടെ നേതാവാക്കാം. താങ്കളുടെ ഇഷ്ടത്തിനെതിരായി ഞങ്ങളൊന്നും ചെയ്യുകയില്ല. ഭരണമാണ് വേണ്ടതെങ്കില്‍ താങ്കളെ ഞങ്ങളുടെ രാജാവാക്കാം.
ഏതെങ്കിലും പെണ്ണിനെ സ്വന്തമാക്കലാണ് ലക്ഷ്യമെങ്കില്‍ അറേബ്യയിലെ ഏറ്റവും സുന്ദരിയെ താങ്കള്‍ക്ക് വിവാഹം ചെയ്തുതരാം. ഇനി ഇതൊന്നുമല്ലാത്ത, താങ്കള്‍ക്കു തന്നെ തടുക്കാനാവാത്ത വല്ല ജിന്നുബാധയുമാണ് ഇതൊക്കെ വിളിച്ചു പറയാന്‍ കാരണമെങ്കില്‍ താങ്കളെ ഞങ്ങള്‍ വേണ്ടവിധം ചികിത്സിക്കാം. അതിനാവശ്യമായ സമ്പത്ത് ഞങ്ങള്‍ ചെലവഴിച്ചുകൊള്ളാം.''
ഉത്ബയുടെ ഈ വാക്കുകള്‍ കേട്ട നബി(സ) ഇതിന് മറുപടിയായാണ് ഖുര്‍ആനിലെ നാല്‍പ്പത്തിയൊന്നാം അധ്യായമായ 'ഹാമീം സജദ' (ഫുസ്സ്വിലത്ത്) ഓതിക്കേള്‍പ്പിക്കുന്നത്. അതില്‍ പ്രവാചകന്റെ ലക്ഷ്യം പണമോ പെണ്ണോ പദവിയോ ഒന്നുമല്ലെന്ന് ഉത്ബക്ക് ബോധ്യമായി. ഉത്ബയെ പോലെ സത്യം മനസ്സിലാക്കാത്തവരും, തന്‍കാര്യം നേടുന്നവരും കേരള രാഷ്ട്രീയത്തില്‍ നിറയുമ്പോള്‍ ഇതിനെതിരായി ചിന്തിക്കാന്‍ കൂടി ഖുര്‍ആനിലെ ഈ അധ്യായം വഴിയൊരുക്കുന്നു.
Comments