Prabodhanm Weekly

Pages

Search

2015 ജൂലൈ 10

വിഭാഗീയതക്ക് അറുതിവരുത്താന്‍

        ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ, ബൊക്കോ ഹറാം, അല്‍ശബാബ്, അല്‍ഖാഇദ, അഫ്ഗാന്‍ താലിബാന്‍, പാക് താലിബാന്‍... ഇത്തരം ഒട്ടേറെ ഭീകരവാദ -തീവ്രവാദ ഗ്രൂപ്പുകള്‍ അടുത്തകാലത്തായി ഉയര്‍ന്നുവരികയുണ്ടായി. ഇവയുടെ ആവിര്‍ഭാവത്തിന് അടിസ്ഥാന കാരണമായി വര്‍ത്തിച്ചത് അമേരിക്കയുടെ ഇറാഖ് അധിനിവേശമായിരുന്നു എന്ന നിരീക്ഷണം ഇന്ന് ഏറക്കുറെ എല്ലാവരും പങ്കുവെക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളുടെ പിന്നില്‍ കളിക്കുന്നത് സയണിസമടക്കമുള്ള ഇസ്‌ലാംവിരുദ്ധ ശക്തികളാണെന്ന വാദം ഇന്ന് മതേതര എഴുത്തുകാര്‍ വരെ ഏറ്റുപിടിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരത്തെയും മൂല്യങ്ങളെയും വികൃതമായി ചിത്രീകരിക്കുന്നതില്‍ അത്തരം സംഘങ്ങളുടെ പേരില്‍ അരങ്ങേറുന്ന ക്രൂരതകളും അതിക്രമങ്ങളും വലിയൊരളവില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന് കടകവിരുദ്ധമായ ആശയങ്ങളാണ് ഇത്തരം സംഘങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

അതിലൊന്നാണ് കടുത്ത അസഹിഷ്ണുത. നേരത്തെ അഫ്ഗാനിലെ ബുദ്ധ സ്മാരകങ്ങള്‍ക്ക് നേരെയും ഇപ്പോള്‍ സിറിയയിലെ പല്‍മിറ റോമന്‍ പൗരാണിക എടുപ്പുകള്‍ക്ക് നേരെയും ഉണ്ടായ ആക്രമണങ്ങള്‍ ഈ അസഹിഷ്ണുതയുടെ നേര്‍ സാക്ഷ്യമാണ്. ഖുലഫാഉര്‍റാശിദുകള്‍ തൊട്ട് ഇങ്ങോട്ടുള്ള മുസ്‌ലിം ഭരണാധികാരികള്‍ യുദ്ധവേളകളില്‍ പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു നിര്‍ത്തിയതാണ് ഈ സ്മാരകങ്ങളെന്ന സത്യം ഭീകര സംഘങ്ങളെ ഒട്ടുമേ അലോസരപ്പെടുത്തുന്നില്ല. ചരിത്രത്തില്‍ കഴിഞ്ഞുപോയ മുസ്‌ലിം സമൂഹങ്ങളും അവരുടെ ഭരണാധികാരികളും ഉയര്‍ത്തിപ്പിടിച്ച സഹിഷ്ണുതയാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ സംസ്‌കാരം. അതിനാണ് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമുള്ളത്. ദര്‍ശനത്തെ ദര്‍ശനം കൊണ്ടും അനുമാനങ്ങളെ തെളിവ് കൊണ്ടും നേരിടുക എന്നതാണ് ഇസ്‌ലാമിന്റെ രീതി. ഇത് സാധ്യമാവണമെങ്കില്‍ ആശയ സംവാദമല്ലാതെ മറ്റൊരു വഴിയില്ല. ആരും ആരെയും ഒന്നും അടിച്ചേല്‍പിക്കാന്‍ പാടില്ല. അടിച്ചേല്‍പിക്കലിന്റെയും ഭീഷണിയുടെയും ഭീകരവാദ ശൈലി ഇസ്‌ലാമിന് സ്വീകാര്യമല്ല. എല്ലാ ആശയക്കാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഈ സ്വതന്ത്ര സംവാദത്തില്‍, 'നിങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ അവരോട് സംവദിക്കണം' (അന്നഹ്ല്‍ 125) എന്ന് ഖുര്‍ആന്‍ അടിവരയിട്ട് പറയുന്നുണ്ട്. ഓരോ മനുഷ്യനെയും അല്ലാഹു സവിശേഷമായ രീതിയില്‍ സൃഷ്ടിച്ചതിനാല്‍ അഭിപ്രായ വ്യത്യാസങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന വ്യത്യസ്ത കൂട്ടായ്മകളും തീര്‍ത്തും സ്വാഭാവികം മാത്രമാണ്. ''താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ മനുഷ്യരെയും അവന്‍ ഒറ്റ സമുദായമാക്കുമായിരുന്നു'' (ഹൂദ് 118).

മുസ്‌ലിം സമുദായത്തിനും ബാധകമാണ് ഈ തത്ത്വങ്ങള്‍. സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് ഖുര്‍ആനും സുന്നത്തും അവലംബമാക്കി ഒട്ടനവധി പഠനങ്ങളും അന്വേഷണങ്ങളും ഓരോ കാലത്തും നടക്കും. പ്രശ്‌നപരിഹാരത്തിനായി ഓരോ വിഭാഗവും എത്തിച്ചേരുന്ന നിഗമനങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. ഖുര്‍ആന്‍ സൂചിപ്പിച്ച സ്വാഭാവികത മാത്രമാണത്. അഭിപ്രായ വ്യത്യാസങ്ങളെ ക്രിയാത്മകമായി സമീപിച്ചാല്‍ അത് മുസ്‌ലിം സമൂഹത്തിന്റെ ചിന്താ ചക്രവാളങ്ങളെ വികസിപ്പിക്കുകയാണ് ചെയ്യുക. അഭിപ്രായ ഭിന്നത അനുഗ്രഹമായിത്തീരും എന്ന് പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തത് അതുകൊണ്ടാണ്. എത്ര വേണമെങ്കിലും ചരിത്രത്തില്‍ നമുക്കിതിന് ഉദാഹരണങ്ങള്‍ കണ്ടെടുക്കാനാവും. ഇമാം ഹസനുല്‍ ബന്ന മുസ്‌ലിം കൂട്ടായ്മകളോട് പറയാറുണ്ടായിരുന്നു: ''നമുക്കിടയില്‍ യോജിപ്പുള്ള ഒട്ടുവളരെ കാര്യങ്ങളുണ്ടല്ലോ. അവിടെ നമുക്ക് ഒന്നിച്ച് നില്‍ക്കാം. വിയോജിപ്പുള്ള കാര്യങ്ങളില്‍ നമുക്ക് പരസ്പരം ഒഴികഴിവ് പറയാമല്ലോ.'' ശൈഖ് യൂസുഫുല്‍ ഖറദാവി നിരീക്ഷിച്ചതുപോലെ, ഒരു പ്രദേശത്ത് ഇസ്‌ലാമിന് വേണ്ടി നിലകൊള്ളുന്ന ഒന്നിലധികം വിഭാഗങ്ങളുണ്ടാകുന്നത് ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തന്നെ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ കഴിയും. പക്ഷേ, ഒരു ഉപാധിയുണ്ട്. സംഘടനകളുടെ ബഹുത്വം അവ തമ്മിലുള്ള പോരിനോ സംഘട്ടനത്തിനോ ഒരിക്കലും വഴിവെച്ചു കൂടാ. കഴിയാവുന്നത്ര പരസ്പരം സഹകരിച്ച് ഓരോ വിഭാഗവും അവരവരുടെ ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിച്ച് ഇസ്‌ലാമിന് സേവനങ്ങള്‍ ചെയ്യട്ടെ. മൊറോക്കോയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തന്നെ ഒന്നിലധികമുണ്ട്. ഓരോന്നും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത് വ്യത്യസ്ത മേഖലകളിലാണ്. അതുകൊണ്ട് തന്നെ അവ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് അപൂര്‍വം. പരസ്പരപൂരകമായാണ് അവയുടെ പ്രവര്‍ത്തനം എന്നു പറയാം. ഇത് നല്ലൊരു മാതൃകയാണ്.

പക്ഷേ, നമ്മുടെ പ്രബുദ്ധ കേരളത്തിന് പോലും ഇത്തരം ഇസ്‌ലാമികമായ തിരിച്ചറിവുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളെ എതിര്‍ക്കുന്നവരെല്ലാം മുര്‍തദ്ദുകളും (മതപരിത്യാഗികള്‍) അതിനാല്‍ തന്നെ വധാര്‍ഹരുമാണ് എന്ന 'ഐസിസ്' തീവ്രവാദത്തിന്റെ ലാഞ്ഛനകള്‍ ചില ഒറ്റപ്പെട്ട വിഭാഗങ്ങളിലെങ്കിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഇതിനെ ഗൗരവത്തോടെ കണ്ട് ജനങ്ങളെ ബോധവത്കരിക്കാന്‍ മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരും രംഗത്തിറങ്ങണം. 'അല്‍ ജമാഅത്തി'നെക്കുറിച്ച, 'ഞങ്ങള്‍ മാത്രം നേര്‍വഴിയില്‍, മറ്റെല്ലാവരും പുറത്ത്' എന്ന തെറ്റായ സങ്കല്‍പമാവാം ഇത്തരം ആത്യന്തിക നിലപാടുകളിലേക്ക് അവരെ എത്തിക്കുന്നത്. പ്രവാചകന്മാര്‍ അവരുടെ ജീവിതകാലത്ത് നേതൃത്വം നല്‍കിയ വിശ്വാസി സമൂഹം മാത്രമാണ് 'അല്‍ ജമാഅ' എന്നും, പ്രവാചകന്മാര്‍ വരാനില്ലാത്ത നമ്മുടെ കാലത്ത് അത്തരമൊരു ഒറ്റ സമൂഹം ഉണ്ടാവുകയില്ലെന്നുമുള്ള വിശാല കാഴ്ചപ്പാടിലേക്ക് എല്ലാവരുമെത്തിയാല്‍ വിഭാഗീയതക്ക് വലിയൊരളവില്‍ ശമനമുണ്ടാക്കാന്‍ കഴിയും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍