Prabodhanm Weekly

Pages

Search

2015 ജൂലൈ 10

ഈത്തപ്പഴം

ഫൈസല്‍ കൊച്ചി /കഥ

         ഉമ്മ അകത്തു നമസ്‌കരിക്കുകയാണ്. ഏതു നേരവും കരഞ്ഞുകൊണ്ടുള്ള പ്രാര്‍ഥനയായിരിക്കും. ഞാന്‍  പതിയെ പുറത്തേക്കിറങ്ങി. തെരുവുകള്‍ വെളിച്ചത്തില്‍ കുളിച്ചു കിടക്കുന്നു. പുട്ടിയിട്ട തടവുകാര്‍ പുറത്തിറങ്ങുമ്പോള്‍ കാണിക്കുന്ന വെപ്രാളത്തോടെ ആളുകള്‍ പരക്കം പായുന്നു. അടുത്തുള്ള കടയില്‍ ഒരു ചെറിയ കുട്ടി ഒച്ച വെക്കുന്നു. 

''ഈത്തപ്പഴം...ഉമ്മാക്ക് നോമ്പു തുറക്കാനാ....''

അവന്റെ തലയില്‍ കൈവെച്ചപ്പോഴേക്കും  ഈത്തപ്പഴവും വാങ്ങി  അവന്‍ ഓടിപ്പോയിരുന്നു. കടയില്‍ നല്ല തിരക്കുണ്ട്. പഴങ്ങളും ഈത്തപ്പഴവുമാണ് അധികമാളുകളും വാങ്ങുന്നത്. തിരക്കുകാരണമാകാം അയാള്‍ ആരോടും ഒന്നും സംസാരിക്കുന്നില്ല. ആളുകളും കണ്ട ഭാവം നടിക്കുന്നില്ല. 

ഇന്നലെ വന്നതേയുള്ളൂ, എവിടെയായിരുന്നു, എന്താണ് വിശേഷം, എന്നാ എത്തിയത് എന്നൊക്കെ ആളുകള്‍ ചോദിക്കുമെന്നു വിചാരിച്ചു. ആരും ചോദിച്ചില്ല. രാത്രിയാകുന്തോറും ജനങ്ങളുടെ പരക്കം പാച്ചിലും തിരക്കും കൂടി വന്നു. 

അടുത്തുള്ള കടത്തിണ്ണയില്‍ കയറി അല്‍പ്പസമയമിരുന്നു. മാനത്ത് മെലിഞ്ഞ  ചന്ദ്രക്കല. നക്ഷത്രങ്ങള്‍ അധികമൊന്നുമില്ല. ആകാശത്തിനു നല്ല ചന്തമുണ്ടായിരുന്നു. കുറേ വര്‍ഷങ്ങളായി നക്ഷത്രങ്ങളെ കാണാറില്ല. ഇന്നലെ  രാത്രിയാണ് എത്തിയത്. പള്ളികളില്‍ അപ്പോള്‍ നമസ്‌കാരം നടക്കുന്നുണ്ടായിരുന്നു. രാത്രിയായതു കൊണ്ട് ആരും കാണാതെ വീട്ടിനകത്തു കയറിപ്പറ്റി. 

''മോനേ  നോമ്പിന്റെ പുണ്യദിനങ്ങളാണ്..''

ഉമ്മ രണ്ടു വാക്കു മാത്രം പറഞ്ഞു. ആ പറച്ചിലില്‍ ഒരു തേങ്ങലടങ്ങിയിരുന്നു. ഉമ്മ അധികമൊന്നും പറയാറില്ല. മഴക്കാറു നിറഞ്ഞ മാനം പോലെ മുഖം എന്നും കറുത്ത് വാടിയിരിക്കും. ഞാന്‍ മുഖത്തേക്കു നോക്കുമ്പോഴേക്കും കരഞ്ഞു തുടങ്ങും. ഉപ്പ മരിച്ചതു മുതല്‍ ഉമ്മ തനിച്ചാണ്. എന്റെ കൈ ഉമ്മയുടെ കൈപ്പത്തിയില്‍ ചേര്‍ത്തു പിടിച്ചാണ് ഉപ്പ യാത്രയായത്. അന്നു മുതല്‍ തന്നെ ഉമ്മയുടെ കണ്ണിലുണ്ണിയാകണമെന്നു കരുതിയതാണ്. കാര്യങ്ങള്‍ മാറിമറിഞ്ഞതാണ് കുഴപ്പമായത്..

നമസ്‌കാരം കഴിഞ്ഞു ആളുകള്‍ പള്ളികളില്‍ നിന്ന് പിരിഞ്ഞു. ഒരു നിമിഷം തിരക്ക് വീണ്ടും വര്‍ധിച്ചു. ഉല്‍സാഹത്തിമിര്‍പ്പോടെ തൊപ്പിയിട്ട കുട്ടികള്‍ നിരനിരയായി സൈക്കിളുകളില്‍ വീട്ടിലേക്കു പോകുന്നു. 

കൈയിലുള്ള പണം കൊടുത്തു ചെറിയ  പൊതി ഈത്തപ്പഴം ഞാനും വാങ്ങി. കടക്കാരന്‍ കണ്ണടകള്‍ക്കിടയിലൂടെ കടുപ്പിച്ച ഒരു നോട്ടം. 

''എന്റെ ഉമ്മയ്ക്കാ....നോമ്പു തുറക്കാന്.....''

അയാള്‍ ചിരിച്ചു. 

ഈത്തപ്പഴം മേശപ്പുറത്ത് വെച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉപ്പ പോയത്. അടുത്ത ആഴ്ച ഉപ്പയുടെ വകയിലെ ഒരു സഹോദരന്‍ വീട്ടില്‍ വന്നു. വീടിന്റെ അവകാശം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിക്കുന്നത്. പതിവായിട്ട് വരുന്ന ആളല്ല. ഉപ്പ മരിച്ചതിന്റെ വിഷമത്തില്‍ ഉമ്മയ്ക്ക് ഒന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവര്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞുവീണു. 

''എന്റുമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെ ഞാന്‍ വെച്ചേക്കില്ല.''

വാരിയെടുത്ത് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാന്‍ ഇത്  പറഞ്ഞുവെന്നുറപ്പാണ്.  അന്നു രാത്രി ആശുപത്രിയില്‍ പോലീസെത്തി.  എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി.  ജീപ്പിലേക്ക് ഞാന്‍ കയറി എന്ന് പറയുന്നതല്ല ശരി. എടുത്തെറിയപ്പെടുകയായിരുന്നു. അതായിരുന്നു ഉപ്പയുടെ വകയിലെ സഹോദരന്റെ സ്വാധീനം. ഗുണ്ടാ ആക്ട് പ്രകാരമാണ് തടവിലാക്കപ്പെട്ടതെന്ന് പീന്നീടാണ് അറിഞ്ഞത്. തടവറയില്‍ ഇരുട്ടായിരുന്നു മുന്നില്‍. കൂരിരുട്ട്. പുറത്തിറങ്ങിയതും ഉപ്പയുടെ വകയിലെ സഹോദരനോട് കണക്ക് തീര്‍ത്തു. നാടുവിട്ടു നഗരങ്ങളിലേക്ക് ചേക്കേറി. തടവുകാലത്തെ സൂഹൃത്തുക്കള്‍ പുറത്തിറങ്ങിയപ്പോഴും ഒപ്പം നിന്നു. 'മിന്നല്‍' എന്ന പേരില്‍ സ്വന്തമായ ഒരു ഗ്രൂപ്പ് ആരംഭിച്ചു. പണത്തിന് യാതൊരു പഞ്ഞവുമുണ്ടായില്ല. അത് ആളുകളുടെ കീശയില്‍ ധാരാളമായുണ്ടായിരുന്നു. ലഹരിയും ലഹളയുമായുള്ള ആഘോഷ തരളിതമായ ജീവിതം. 

മിന്നല്‍ പിണര്‍ പോലെയാണ് ഉമ്മയെ കാണണമെന്ന ചിന്ത വന്നത്.  തപ്പിത്തടഞ്ഞിവിടെ വരേയെത്തി. 

''മോനേ  നീ കൊണ്ടുവന്നു വെച്ച ഈത്തപ്പഴം കഴിച്ചാണ് ഉമ്മ ഇന്ന് നോമ്പെടുത്തത്. ഇന്ന് വെള്ളിയാഴ്ചയാണ്. മോന് എഴുന്നേറ്റ് കൂടേ......മോന് വേണ്ടി ഉമ്മ ഇന്ന് വേറൊരു നോമ്പ് കൂടി നോറ്റിട്ടുണ്ട്. ഈ കുറിപ്പൊന്ന് പള്ളീലെ ഉസ്താദിന് നേരിട്ട് കൊടുക്കണം.''

വേഗം കുളിച്ചൊരുങ്ങി. ഉപ്പയുടെ ഒരു വെള്ള തുണിയും വെള്ള കുപ്പായവും ഉമ്മ മേശപ്പുറത്തു തേച്ചുവെച്ചിട്ടുണ്ടായിരുന്നു. അത് അണിയുന്നത് നിറകണ്ണുകളോടെ നോക്കിനിന്നു. 

പള്ളിയില്‍ നിന്ന് ഒന്നാം ബാങ്ക് വിളിച്ചിരുന്നു. എന്താണ് ആളുകള്‍ എന്നെ ഇങ്ങിനെ തുറിച്ചുനോക്കുന്നത്? ഉപ്പയുടെ കുപ്പായമിട്ടതു കുഴപ്പമായോ?

പമ്മിപ്പമ്മിയാണ് പള്ളിയില്‍  പ്രവേശിച്ചത്. പലരും തല തിരിച്ചുപിടിക്കുകയും  മുഖം ചുളിക്കുകയും ചെയ്യുന്നുണ്ട്.

ഉസ്താദു വന്നതും കുറിപ്പു കൊടുത്തു. വായിച്ചുനോക്കിയതിന് ശേഷം എന്നെ അടിമുടിയൊന്നു നോക്കി. ഞാന്‍ കണ്ണുകള്‍ താഴത്തേക്ക് ചലിപ്പിച്ചു രക്ഷപ്പെട്ടു. മുറിയില്‍ കയറാന്‍ നേരം എന്നോടു പറഞ്ഞു.

''ഇവിടെ കാണണം.''

തെരുവുകളെ ആയുധം കൊണ്ട് വിറപ്പിച്ച ധൈര്യം എവിടെയോ ചോര്‍ന്നുപോയതുപോലെ.... കനപ്പെട്ട വാക്കുകളായിരുന്നു. പള്ളിയില്‍ തന്നെ ഇരുന്നുപോയി.

കുറച്ചു കഴിഞ്ഞതും പ്രസംഗം ആരംഭിച്ചു. കുറേയാളുകളെ  കൊന്ന ഒരു ചെറുപ്പക്കാരന്റെ സംഭവമാണ് ആദ്യം പറഞ്ഞത്. 

ഞാന്‍ കാതോര്‍ത്തിരുന്നു. എനിക്കതത്ര മനസ്സില്‍ പോയില്ല.

''നബിയുടെ അനുചരന്റെ അടുത്ത് ഒരു സ്ത്രീ വന്നുവത്രെ. അവള്‍ പറഞ്ഞു. അന്തകാലത്ത് ഞാനൊരു അരുതായ്മ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയി. അതിലൊരു കുഞ്ഞു പിറന്നു. ആ കുഞ്ഞ് പെണ്‍തരിയായതിനാല്‍ നാട്ടുനടപ്പനുസരിച്ചു കുഴിച്ചുമൂടുകയും ചെയ്തു. പാപമോചനത്തിനായുള്ള വിളിയാളം പ്രവാചകന്‍ മുഖേന ഞാന്‍ കേള്‍ക്കുന്നുണ്ട്. അതിനെനിക്ക് അവസരമുണ്ടാകുമോ?

അനുചരന്റെ കണ്ണുകള്‍ ചുവന്നു. മുഖം തുടുത്തു. 

''ഇല്ല... ഇല്ല.... ഇല്ല... നിനക്ക് പാപമോചനമോ....?''

അദ്ദേഹം തന്റെ ഒട്ടകം എതിര്‍ദിശയിലേക്ക് ധൃതിയില്‍ ചലിപ്പിച്ചു. 

വഴിയില്‍ വെച്ച് കാര്യങ്ങള്‍ നബിയോട് വിശദീകരിച്ചു. നബി അയാളെ ശാസിച്ചു.

''ആരു പറഞ്ഞു? പാപമോചനമുണ്ട് അവള്‍ക്കും; ഹൃദയശുദ്ധിയുണ്ടെങ്കില്‍. ഇനിയൊരു തിരിച്ചുപോക്കില്ലെങ്കില്‍.....''

അനുചരന്‍ തിരിച്ചുപോയി അവളോട് വിവരം പറഞ്ഞു. അവള്‍ നാഥനെ സ്തുതിച്ചു. മരൂഭൂമിയുടെ മടിത്തട്ടില്‍  കിടന്നുകരഞ്ഞു. പ്രസംഗമവസാനിപ്പിച്ചു ഉസ്താദ് ഇപ്രകാരം പറഞ്ഞു:

''വെളുത്ത വസ്ത്രം ധരിച്ചു പള്ളിയില്‍ വിരുന്നെത്തിയ ഒരു പുത്രന്റെ മനസ്സും വെളുത്തതാകണമെന്ന് ഒരു ഉമ്മ പ്രാര്‍ഥിക്കുന്നു.''

പള്ളിപിരിഞ്ഞിട്ടും വീട്ടില്‍ പോകാന്‍ തോന്നിയില്ല. മതിലില്‍ ചാരിയിരുന്നു. 

മെല്ലെ ഒരു ചെറുപ്പക്കാരന്‍ വന്നുണര്‍ത്തുന്നതു വരെ ഉറക്കം തന്നെയായിരുന്നു. അവന്‍ പതിയെ ചെവിയില്‍ പറഞ്ഞു.

''ഒരാളില്‍ അറിവ് മാത്രം ഉണ്ടായിട്ടു കാര്യമില്ല. അറിവും ഈമാനും ഒന്നിച്ചുവേണം. ആ ഗുണങ്ങളുള്ള ഒരു ഗുരുവര്യനെ തിരഞ്ഞു നടക്കുകയായിരുന്നു ഞാന്‍.''

''നൂറു കൊലകളാണ് എന്റെ മേല്‍ എണ്ണപ്പെട്ടത്.. എല്ലാവരും അതര്‍ഹിക്കുന്ന  ക്രൂരന്മാരായിരുന്നു. പാപമോചനം   തേടിയുള്ള എന്റെ അലച്ചിലാണ് എനിക്ക് തുണയായത്.  കാല്‍പാടുകള്‍ അളന്നെടുത്താണ് സ്വര്‍ഗത്തിന്റെ മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോയത്. അവരുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.''

അതിനിടയില്‍ നാലു റക്അത്ത് നമസ്‌കരിച്ചതും സൂര്യനസ്തമിക്കാറായതും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.

പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ നോമ്പ് തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. 

അന്നു ഞാന്‍ മുന്തിയ രണ്ടു ഒമാനി ഈത്തപ്പഴമാണ് വാങ്ങിയത്.

''ഉമ്മാ.....ഇതു നമുക്ക് രണ്ടുപേര്‍ക്കും നോമ്പ് തുറക്കാനുള്ളതാണ്.''

പറഞ്ഞുതീരുന്നതിനു മുമ്പ് തന്നെ അവര്‍ എന്റെ കവിളില്‍ മുത്തം തന്നിരുന്നു. മഴത്തുള്ളികള്‍ പോലെ, ചൂടുള്ള കണ്ണുനീര്‍ കവിളിനെ നനച്ചു. 

അന്നാദ്യമായി എനിക്കു വിധിനിര്‍ണയരാത്രിയുടെ സമാധാനം അനുഭവപ്പെട്ടു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍